Wednesday, December 31, 2008

2010 പോസ്റ്റല്‍ സ്റ്റാമ്പുകള്‍


തപാല്‍ വകുപ്പ് രണ്ടായിരത്തിപത്ത് വര്‍ഷത്തില്‍ പുറത്തിറക്കുന്ന തപാല്‍ സ്റ്റാമ്പുകള്‍.മുസ്ലിം ആത്മീയ നേതാവായ പാണക്കാട് സയദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അനുസ്മരണ സ്റ്റാമ്പ് ഇതില്‍ പെടുന്നു.സി.വി രാമന്‍ പിള്ള,വേലുത്തമ്പി ദളവ എന്നിവരുടെ സ്റ്റാമ്പുകളുമുണ്ട്.


20th Conference of Speakers & Presiding Officers of the Commonwealth

Reserve Bank of India


Election Commission of India


Bible Society of India


P.C.Sorcar


Punjab (2nd Patiala)


Muthuramalinga Sethupathi

Special Protection Group

Vallal Pachaiyappa

Sant Kanwar Ram Sahib



Astrological signs


Chandra Shekhar


Velu Thampi Dalawa



Bishop Robert Caldwell



Prof.G.V.Chalam


Curtain raisers to Delhi 2011 (World Philatelic Exhibition 2011),Postal Heritage Buildings (4)


C.V.Raman Pillai


Deshbandhu Gupta


World Classical Tamil Conference-Kovai 2010



Commonwealth Games Stamps on Baton & Mascot (2)



Common birds-Ordinary Sparrow,Pigeon



Rath Yatra



Kumargurupar Swamigal



Syed Mohammed Ali Shihab Thangal



Commonwealth Games-Set of Stamps on Stadium (2)



P.Jeevanandam



O.P.Ramaswami Reddiyar


G.K.Moopanar


India - Mexico Joint issue


National day


Lalitkala Akademi

Commonwealth Games-Set of Inaugural stamps (4)

Curtain raisers to Delhi 2011-Princely States (4)


C.Subramaniam


Immanuel Sekaranar


K.A.P.Viswanatham


Cathedral & John Connon School, Mumbai


Children’s Day (2)


Comptroller of Auditor General


Season’s Greetings (2)-(Wall paintings) Worli, Shekhawati


Brahmagana Sabha (3)


1.Thiruvaduthurai T.N. Rajarathinam Pillai

2.Smt.Veenai Dhanammal

3.Smt.Thanjavur Balasaraswati

Crafts Museum (2)


Dr.Trigunachandra Sen



Legendary Heroines of Indian Cinema (6)


1.Kanan Devi

2.Devika Rani

3.Savitri

4.Meena Kumari

5.Leela Naidu

6.Nutan

Prafulla Chandra Chaki

Tuesday, December 30, 2008

യുക്തിവാതം-ജബ്ബാര്‍ മാഷ്

ഇ.എ.ജബ്ബാറിന്റെ ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗാണ്‌.ആ ബ്ലോഗിനെ വിശകലനം ചെയ്യാനൊന്നും ഞാന്‍ മുതിരുന്നില്ല.

വ്യക്തികളുടെ ധാര്‍‌മികനിലവാരവും മതവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നതാണല്ലോ യുക്തിവാദികളുടെ നിലപാട്.ആ ചിന്താഗതി തന്നെയാണ്‌ എനിക്കുമുള്ളത്.പക്ഷെ ചില അനുഭവങ്ങള്‍ എതിരായ തെളിവുകളാണ്‌ തരുന്നത്.

ഒരേ ലക്ഷ്യത്തിനു വേണ്ടി,ഒരേ ആശയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന യുക്തിവാദ സംഘടനകള്‍ പലതാണ്‌.വളരാതെ തന്നെ പിളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംഭവമാണ്‌ യുക്തിവാദ പ്രസ്ഥാനം.വ്യക്തികളുടെ അഹംഭാവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാണ്‌ പലപ്പോഴും വിവിധ സംഘടനകളുടെ രൂപീകരണത്തിലെത്തിയത്.ഇക്കാര്യത്തില്‍ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്ന് യുക്തിവാദ പ്രസ്ഥാനങ്ങളും വ്യത്യസ്തരാകുന്നില്ല.ഇക്കാര്യം വിശകലനം ചെയ്യാനുമല്ല ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്.

യുക്തിവാദ ഗ്രന്ഥങ്ങളുടെ പ്രചരണത്തിനായി ഈ സംഘടനകള്‍ ബുക് ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്.അത്തരമൊരു ക്ലബ്ബിന്റെ പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടു.സംഗതി ഇതാണ്‌..നിങ്ങള്‍ ബുക് ക്ലബ്ബിന്റെ മെമ്പറാകാന്‍ മൂവായിരം രൂപ അടക്കുന്നു.മാസം തോറും അമൂല്യമായ ഒരു പുസ്തകം അവര്‍ അയച്ചു തരും.ആള്‍‌ദൈവങ്ങളുടെയും ആള്‍ക്കൂട്ടങ്ങളുടെയും അടിവേര് വിശകലം ചെയ്യുന്ന ചില പുസ്തകങ്ങള്‍ വായിച്ച ശേഷം മൂവായിരം രൂപ അടച്ച് ബുക് ക്ലബ്ബില്‍ ചേര്‍ന്നു.രസീറ്റ് അവര്‍ കൃത്യമായി അയച്ചു തന്നു.പക്ഷെ എനിക്ക് പുസ്തകങ്ങളൊന്നും അയച്ചു കിട്ടിയില്ല.മാസങ്ങള്‍ക്ക് ശേഷം ഇക്കാര്യം സൂചിപ്പിച്ച് ഞാന്‍ ഒരു കത്തയച്ചു.ഉടനെ അവര്‍ എനിക്ക് ഒരു പുസ്തകം അയച്ചു തന്നു.പക്ഷെ,അതിനു ശേഷം നാളിതു വരെ പുസ്തകമൊന്നും അയച്ചു കിട്ടിയിട്ടില്ല.തട്ടിപ്പിനിരയായവന്റെ ഒരു രോഷമെന്ന നിലയില്‍ ഈ അനുഭവം ഇവിടെ എഴുതിയെന്നു മാത്രം.

യുക്തിവാദ സംഘടനകളുടെ പ്രവര്‍ത്തകര്‍ വ്യത്യസ്തമായതൊന്നും നമുക്ക് തരുന്നില്ല.മറ്റുള്ളവരെപ്പോലെ അവരും പണമെന്ന പ്രലോഭനത്തില്‍ വീഴുന്നു.മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നു.കനകം മൂലവും കാമിനി മൂലവും ഉള്ള ദുരന്തങ്ങളിലെല്ലാം അവരും ചെന്നു ചാടുന്നു.സ്വന്തം ശരീരത്തിന്റെ പ്രലോഭനങ്ങളൊന്നും അതിജീവിക്കാത്തവര്‍ ലോകത്തിനെ മാറ്റി മറിക്കാന്‍ എന്താണ്‌ ചെയ്യാന്‍ പോകുന്നത് എന്ന് മനസ്സിലാകുന്നില്ല.അതിതീവ്ര യുക്തിവാദിയായ ഒരു സുഹൃത്ത് എനിക്കുണ്ട്.ഒരു ഡോക്റ്റര്‍ കൂടിയായ അദ്ദേഹം നിരന്തരം പുക വലിക്കുന്ന വ്യക്തിയാണ്‌.മകരജ്യോതിയുടെ തട്ടിപ്പ് പുറത്താക്കാന്‍ ശബരിമലക്ക് ചാടിപ്പുറപ്പെടാന്‍ വരെ തയ്യാറാകുന്ന അദ്ദേഹത്തിന്‌ പക്ഷെ പുകവലി നിര്‍‌ത്താന്‍ ഒരിക്കലും സാധിക്കുന്നില്ല.ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ,'സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തവരുടെ ഒരു പ്രകടനമാണ്‌ പുകവലി' എന്നാണ്‌.ഇതാണോ യുക്തിവാദം!

ജബാര്‍ മാഷുടെ ബ്ലോഗിനെപ്പറ്റി എനിക്കുള്ള സംശയം ഇത്തരമൊരു ബ്ലോഗില്‍ അനോണിമസ് കമന്റുകള്‍ അനുവദിക്കേണ്ടതുണ്ടോ എന്നാണ്‌.സ്വന്തം അഭിപ്രായം,സ്വന്തം പേരില്‍ എഴുതാനുള്ള ധൈര്യമില്ലാത്തവര്‍ക്ക് ഒരു ചുവരു കൊടുക്കേണ്ടതുണ്ടോ?

Sunday, December 14, 2008

ചില പടങ്ങള്‍ കാണുന്നില്ല..

എനിക്ക് വളരെ പ്രിയപ്പെട്ട ചില ബ്ലോഗുകള്‍ ഉണ്ട്.അവയെപ്പറ്റിയല്ല ഈ പോസ്റ്റ്.അതില്‍ വളരെയേറെ ഇഷ്‌ടപ്പെട്ട ഒന്നാണ്‌ ഐവറുടെ ബ്ലോഗ്.ഞാന്‍ എല്ലാ ദിവസവും വായിക്കുന്ന ഒരു ബ്ലോഗ്.നല്ല പടങ്ങള്‍ ഉള്ള ഒരു അപൂര്‍‌വബ്ലോഗ്.കഴിഞ്ഞ ദിവസത്തെ പോസ്റ്റ് ഒരു പടമായിരുന്നു.പക്ഷെ എന്റെ കമ്പൂട്ടറില്‍ ഈ പടം കാണാന്‍ സാധിക്കുന്നില്ല.മറ്റു പടങ്ങള്‍ എല്ലാം കാണുന്നുമുണ്ട്.ഇതിനു കാരണം മനസ്സിലാകുന്നില്ല.അറിയാവുന്നവരുണ്ടെങ്കില്‍ കാരണം വിശദമാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുന്നു.മുമ്പ് ശിവയുടെ ബ്ലോഗിലെ ഒരു പടവും പ്രത്യക്ഷമാകാതിരുന്നിട്ടുണ്ട്.
ഐവറുടെ ബ്ലോഗ് കാണുക..www.ivarsbirds.blogspot.com

Thursday, December 11, 2008

കഥ ഇതു വരെ























ഐ.എ.എസുകാര്‍ പാര വെക്കുന്നത് ഐ.എ.എസ് നിലവാരത്തിലാണ്‌.'കഥ ഇതുവരെ' വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായതിതാണ്‌.
മലയാളം പല നല്ല സര്‍‌വീസ് സ്റ്റോറികളും കണ്ടിട്ടുണ്ട്.സാഹിത്യകാരന്‍‌മാരായ മലയാറ്റൂര്‍ രാമകൃഷ്ണന്റേയും തോട്ടം രാജശേഖരന്റെയും അടക്കം.അത്ര നിലവാരമൊന്നും ഡി.ബാബുപോളിന്റെ സര്‍‌വീസ് സ്റ്റോറി പുലര്‍‌ത്തുന്നില്ല.
നര്‍‌മ്മത്തില്‍ പൊതിഞ്ഞ ഭാഷയിലാണ്‌ ബാബു പോള്‍ ഇത് എഴുതിയിട്ടുള്ളത്.അതിനാല്‍ തന്നെ ആത്മപ്രശംസ നടത്തുന്നതും പരദൂഷണം ചെയ്യുന്നതുമൊന്നും അത്ര അരോചകമാകുന്നില്ല.
1964-ല്‍ സര്‍‌വീസില്‍ പ്രവേശിച്ച ബാബു പോള്‍ 2001-ല്‍ ആണ്‌ ഐ.എ.എസ്സില്‍ നിന്ന് വിരമിക്കുന്നത്.പിന്നീട് ഓംബുഡ്‌സ്‌മാനായും പ്രവര്‍‌ത്തിച്ചു.
തന്റെ നീണ്ട ഐ.എ.എസ് ജീവിതത്തിനിടയില്‍ ബാബു പോള്‍ പല തസ്തികകളിലും പ്രവര്‍‌ത്തിച്ചു.പല മന്ത്രിമാരുടേയും കീഴില്‍ പ്രവര്‍‌ത്തിച്ചു.അതില്‍ പ്രിയപ്പെട്ടവരും അല്ലാത്തവരുമൊക്കെ ഉണ്ടായിരുന്നു.പല പ്രധാനസ്ഥാനങ്ങളും ബാബു പോള്‍ വഹിച്ചു.സുപ്രധാനമായ പല സംഭാവനകളും കേരളത്തിനു നല്‍‌കി.അതിന്റെയെല്ലാം കഥ വിശദമായി പറയുന്നുണ്ട് ബാബു പോള്‍.
ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മുടെ ഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഡി.സി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം അഞ്ഞൂറ്റിമുപ്പത് പേജുകളുള്ളതാണ്‌.വില 225 രൂപ.

Tuesday, November 11, 2008

കുറുവ ദ്വീപ്



സംഗീതക്കനവുകള്‍
























ഡാനിയേല്‍ രാജയ്യ ജനിച്ചത് തമിള്‍‌നാട്ടിലെ ഒരു ഉള്‍‌ഗ്രാമത്തിലാണ്‌.കഠിനതപസ്യയിലൂടെയും നിരന്തരധ്യാനത്തിലൂടെയും അദ്ദേഹം ഇളയരാജയായി മാറി.സംഗീതജ്ഞനെന്ന നിലയില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഇളയരാജയുടെ ഓ‌ര്‍‌മക്കുറിപ്പുകളാണ്‌ 'സംഗീതക്കനവുകള്‍'.ഇത് ഒരു ആത്മകഥയല്ല,സംഗീതമയമായ ഒരു വിദേശയാത്രയുടെ കാവ്യാത്മകമായ വിവരണമാണ്‌.യാത്രയിലുടനീളം ഇളയരാജ കണ്ടതും കേട്ടതും ഉപാസിച്ചതുമെല്ലാം സംഗീതം മാത്രം.ലളിതവും ഹൃദയത്തില്‍ തട്ടുന്നതുമായ ഈ ഗ്രന്ഥം തമിഴില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത് പ്രശസ്തകവി എസ്.രമേശന്‍ നായര്‍.കലര്‍‌പ്പില്ലാത്ത സത്യമാണ്‌ ഇതില്‍ താന്‍ അവതരിപ്പിക്കുന്നത് എന്ന് ഇളയരാജ പറയുന്നു.

തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച ഇളയരാജയില്‍ സംഗീതവാസന ജ്വലിപ്പിച്ചത് ജ്യേഷ്ടന്‍ വരദരാജനാണ്‌.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു വിദ്വാന്‍ വരദരാജന്‍.അദ്ദേഹം പാര്‍ട്ടിയുടെ പ്രചാരഗായകനെന്ന നിലയില്‍ പ്രശസ്തനായിരുന്നു.ചേട്ടന് അസുഖമായപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനാണ്‌ ഇളയരാജ ആദ്യമായി വേദിയിലെത്തുന്നത്.ദാരിദ്ര്യം കാരണം ഇളയരാജയ്ക്ക് എട്ടാം ക്ലാസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.'എട്ടാം തരത്തിനു മേല്‍ ഇവന്‌ പഠിപ്പില്ല' എന്നായിരുന്നു ജ്യോല്‍സ്യന്‍‌മാരുടെ പ്രവചനം.അത് തെറ്റെന്ന് തെളിയിക്കാന്‍ ഇളയരാജ തീവ്രമായി ശ്രമിച്ചു.പക്ഷെ ശരിയായത് ജ്യോല്‍സ്യന്‍‌മാരുടെ പ്രവചനമായിരുന്നു.ജാതകം ഒരു യാഥാര്‍ഥ്യം തന്നെ എന്ന് ഇളയരാജ അംഗീകരിച്ചു.പിന്നീട് ഇളയരാജ സംഗീതത്തിനു വേണ്ടി പൂര്‍‌ണമായി സമര്‍പ്പിക്കുകയായിരുന്നു.ഇളയരാജയും അനുജനും കൂടി ചെന്നൈയില്‍ എത്തി.വളരെയധികം കഷ്ടപ്പാടുകള്‍ അവര്‍ക്ക് അനുഭവിച്ചു തീര്‍ക്കേണ്ടി വന്നു.സംഗീതത്തിനു വേണ്ടി ഇരുപത്തിനാലു മണിക്കൂറും സമര്‍പ്പിച്ച ഇളയരാജയുടെ ആദ്യഗുരു മാസ്റ്റര്‍ ധന്‍‌രാജ് എന്ന സംഗീതജ്ഞനായിരുന്നു.ഒരു പൈസപോലും വരുമാനമില്ലാത്ത രാജയോട് ഗുരു ഒരിക്കല്‍ പോലും പണത്തിന്റെ കാര്യം പറഞ്ഞില്ല.ഇളയരാജയുമായി ഹൃദയബന്ധം പുലര്‍‌ത്തിയ ഗുരു,ലോകത്തിലെ സംഗീതപ്രതിഭകളെ രാജയ്ക്ക് പരിചിതരാക്കി.ആ പുണ്യസ്ഥലങ്ങള്‍ നേരില്‍ കാണണം എന്ന ആഗ്രഹം ഇളയരാജയ്ക്കുണ്ടായി.അത് സാധിക്കുന്ന കാര്യമല്ലെന്ന് ഇളയരാജയ്ക്ക് ബോധ്യമുണ്ടായിരുന്നതിനാല്‍ അദ്ദേഹം സങ്കല്‍‌പ്പത്തിലൂടെ അവിടെയെല്ലാം യാത്ര ചെയ്തു.ഇളയരാജ പിന്നീട് വലിയ സംഗീതജ്ഞനായി മാറി.താന്‍ സ്വപ്നം കണ്ട യാത്ര അദ്ദേഹം സഫലമാക്കി. ഒരു വിദേശ യാത്രയില്‍ ലോകത്തിലെ വലിയ സംഗീതകാരന്‍‌മാരെ പരിചയപ്പെടാനും സംഗീതജ്ഞരുടെ സ്മാരകങ്ങള്‍ സന്ദര്‍‌ശിക്കാനും അദ്ദേഹത്തിനു സാധിച്ചു.ആ യാത്രയുടെ ഹൃദ്യമായ വിവരണമാണ്‌ 'സംഗീതക്കനവുകള്‍'.

Thursday, September 4, 2008

എന്റെ വഴിത്തിരിവ്






















മലയാളത്തിലെ ശ്രദ്ധേയമായ ആത്മകഥകളില്‍ ഒന്നാണ്‌ യശ:ശരീരനായ പൊന്‍‌കുന്നം വര്‍ക്കിയുടെ 'എന്റെ വഴിത്തിരിവ് '.വിവാദം സൃഷ്ടിച്ച ഈ കൃതി ഏറെക്കാലം ലഭ്യമായിരുന്നില്ല.1961-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പിറങ്ങുന്നത് 2008-ല്‍ ആണ്‌.
ഭക്തി നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന പൊന്‍‌കുന്നം വര്‍ക്കി പിന്നീട് പുരോഹിതന്‍‌മാരുടെയും പള്ളിമതത്തിന്റെയും എതിരാളിയായി മാറി.ചൂഷണത്തിന്റേയും സ്വാര്‍ഥതയുടേയും കേന്ദ്രമായ പള്ളിമതത്തിന്‌ യേശുകൃസ്തുവുമായി ബന്ധമൊന്നുമില്ലെന്ന് പൊന്‍‌കുന്നം വര്‍‌ക്കി കരുതി.തന്റെ സാഹിത്യജീവിതത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും മതപൗരോഹിത്യത്തിനെതിരെ നിരന്തരം പോരാടിയ വര്‍ക്കിയെ മതമേധാവികള്‍ നിരന്തരം ദ്രോഹിച്ചു.സ്വതന്ത്രചിന്തയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടത്തിലെ വഴിത്തിരിവുകളും അതിന്റെ പശ്ചാത്തലവും നമുക്കു വേണ്ടി വര്‍‌ക്കി വിവരിക്കുന്നു.
വര്‍ക്കിക്ക് ആറു വയസ്സു മാത്രമുള്ളപ്പോള്‍ വര്‍ക്കിയുടെ അമ്മ വിധവയായി.വര്‍ക്കിയേയും മൂന്നു വയസ്സു മാത്രമുണ്ടായിരുന്ന അനുജനേയും വളര്‍ത്തേണ്ട ചുമതല അമ്മയുടേതായി.കടുത്ത മതവിശ്വാസിയായിരുന്നു അമ്മ.മതപരമായ കാര്യങ്ങളെല്ലാം അനുഷ്ടിച്ചിരുന്നു അവര്‍.കുട്ടികളെക്കൊണ്ടും അവ അനുഷ്ടിപ്പിക്കുകയും ചെയ്തു.
പള്ളിമുറികളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ഇടവകയിലെ എല്ലാ കുട്ടികളും നിര്‍ബന്ധിതരായിരുന്നു.ഒരിക്കല്‍ ക്ലാസ്സില്‍ സംശയം ചോദിച്ച വര്‍ക്കിയോട് വികാരിയച്ചന്‍ വല്ലാതെ ക്ഷോഭിച്ചു.പക്ഷെ തന്റെ തെറ്റെന്തെന്ന് വര്‍ക്കിക്ക് മനസ്സിലായതുമില്ല.
ക്രിസ്തുമസ് ദിവസം കൃസ്തീയകുടുംബത്തിന്‌ ആഹ്ലാദത്തിന്റെ ദിവസമാണ്‌.വെളുപ്പാന്‍ കാലത്ത് പള്ളിയില്‍ പോകണം.പള്ളിയില്‍ നിന്ന് വന്നു കഴിഞ്ഞ് ആഘോഷങ്ങള്‍ തുടങ്ങുന്നു.വര്‍ക്കിയെ അമ്മ പള്ളിയിലേക്ക് പറഞ്ഞയച്ചു.വര്‍ക്കി പള്ളിയിലെത്തിയപ്പോഴേക്കും പുരോഹിതന്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു.മേശപ്പുറത്ത് ഒരു പശുത്തൊഴുത്തിന്റെ മാതൃക ഉണ്ടാക്കിയിരുന്നു.അതിനുള്ളില്‍ ഉണ്ണി‌യേശുവിന്റെ രൂപവും.പുല്‍‌ക്കൂട്ടിലെ ശിശുവിനെ കാണിച്ച് അച്ചന്‍ പ്രസംഗിക്കുന്നു.പ്രസംഗത്തിന്റെ സ്വാധീനശക്തി വഴി പുല്‍‌ത്തൊഴുത്തില്‍ കിടന്ന പാവ ഉണ്ണി യേശുവാണെന്നും കന്യകാമറിയം പ്രസവിച്ചതാണെന്നും വര്‍ക്കി വിശ്വസിച്ചു.ദൈവം ആണോ പെണ്ണോ എന്ന് വര്‍ക്കിക്ക് കലശലായ സംശയമായി.ആ സംശയം മുമ്പു തന്നെ ഉള്ളതാണ്‌.മറ്റുള്ളവര്‍ കുമ്പസരിക്കാനിരിക്കുമ്പോള്‍,അച്ചന്‍ കുമ്പസാരക്കൂട്ടിലുമിരിക്കുമ്പോള്‍ കുട്ടിയായ വര്‍ക്കി സംശയം തീര്‍ത്തു കളയാമെന്നു കരുതി.ബാലനായ വര്‍ക്കി യേശുവിന്റെ മേലുണ്ടായിരുന്ന പട്ടു കഷണം നീക്കി നോക്കി.വര്‍ക്കിയുടെ കഷ്ടകാലത്തിന്‌ കുമ്പസാരക്കൂട്ടിലിരുന്ന കത്തനാര്‍ ഇതു കണ്ടു.വര്‍ക്കിയെ ശിക്ഷിക്കുകയും വാതില്‍ക്കലേക്ക് പിടിച്ചെറിയുകയും അപമാനിക്കുകയുമൊക്കെ ചെയ്തു.വര്‍ക്കിയുടെ ഹൃദയത്തില്‍ പുരോഹിതനെതിരെ ധാരണയുയര്‍ന്ന ആദ്യസംഭവം അതായിരുന്നു.

പിന്നീട് നാട്ടില്‍ ഒരു നാടകസംഘം വന്നു.നാട്ടില്‍ നാടകം കളിക്കാന്‍ തുടങ്ങി.നാടകം കൃസ്ത്യാനികള്‍ കാണരുതെന്ന് വികാരി വിലക്കു കല്‍‌പ്പിച്ചു.സംഗീതവും നാടകവുമൊക്കെ തീവ്രമായി ഇഷ്ടപ്പെട്ടിരുന്ന വര്‍ക്കി രഹസ്യമായി നാടകത്തിനു പോയി.പക്ഷെ ചാരന്‍‌മാര്‍ വഴി അച്ചന്‍ ഇതറിഞ്ഞു.വര്‍ക്കിയെ പള്ളിമുറിയിലേക്ക് വിളിപ്പിച്ചു.കഠിനമായി ശകാരിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു.കുരിശ് പിടിച്ച് കുര്‍ബാന കാണുക,ഇതാണ്‌ ശിക്ഷ.അവജ്ഞ,വിവരക്കേട്,കോപം,ധിക്കാരം മുതലായവയുടെയൊക്കെ സംഗമമാണ്‌ വൈദികരെന്ന ധാരണ വര്‍ക്കിക്കുണ്ടായി.

വര്‍ക്കി പള്ളിയില്‍ പോകുന്നതിന്‌ മടി കാണിക്കാന്‍ തുടങ്ങി.അന്ധമായ ഭക്തി സ്വതന്ത്ര ചിന്തയ്ക്കെതിരാണെന്ന് വര്‍ക്കി മനസ്സിലാക്കി.തീവ്രവിശ്വാസിയായിരുന്ന അമ്മയ്ക്ക് സങ്കടമായെങ്കിലും വര്‍ക്കി യുക്തിയുടെ മാര്‍ഗത്തില്‍ ചരിക്കാന്‍ തുടങ്ങി.വൃത്തി കെട്ട ആചാരങ്ങളേയും ചൂഷണത്തേയും വര്‍ക്കി എതിര്‍ക്കാന്‍ തുടങ്ങി.നാട്ടില്‍ വസൂരി പടര്‍ന്നു പിടിക്കവെ,നാട്ടിലെ കത്തോലിക്കരെല്ലാം പൂജ നടത്താന്‍ പോയപ്പോള്‍ വര്‍ക്കി പോയത് വാക്സിനേറ്റ് ചെയ്യിക്കാനാണ്‌.
പുരോഹിതന്‍‌മാരെ കൂടുതല്‍ അടുത്തറിയാനിടയായത് ഒരു മാനേജ്‌മെന്റ് സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോഴാണ്‌.വൈദികരുടെ അധികാരപ്രമത്തത,പണക്കൊതി,അറിവു കുറവ്,സുഖാസക്തി മുതലായ കാര്യങ്ങളെപ്പറ്റി അടുത്തറിയാന്‍ വര്‍ക്കിക്ക് അവസരം കിട്ടിയത് അപ്പോഴാണ്‌.തങ്ങളുടെ വഴിയില്‍ നിന്ന് അകന്നു പോയിക്കൊണ്ടിരുന്ന കുഞ്ഞാടിനെ പിരിച്ചു വിടാന്‍ തന്നെ മാനേജരച്ചന്‍ തീരുമാനിച്ചു.പക്ഷെ,അതു നടപ്പാക്കാന്‍ പറ്റുന്നതിനു മുമ്പു തന്നെ അച്ചന്‍ സ്ഥലം മാറ്റമായിപ്പോയി.പുതുതായി വന്ന അച്ചന്‍ പണത്തെ മാത്രം ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്നു.പണപ്പെട്ടിയില്‍ പണം കൂട്ടി വെക്കുകയായിരുന്നു അച്ചന്റെ ഹോബി.ഒരിക്കല്‍ അച്ചന്‍ കൂട്ടി വെച്ച പണം കളവു പോയി.അച്ചന്‍ ഇതറിഞ്ഞ് ബോധരഹിതനായി വീണു.നെടിയില്‍ ഒരു മുറിവു പറ്റി.അനുയായികള്‍ ചേര്‍ന്ന് അച്ചനെ ശുശ്രൂഷിച്ചു.
ഇതിനെ ആധാരമാക്കി പൊന്‍‌കുന്നം വര്‍ക്കിയായി മാറിയ വര്‍ക്കി ഒരു കഥയെഴുതി..ശത്രുക്കള്‍ മുള്‍‌മൂടി തറക്കയാല്‍ രക്തമൊഴുകുന്ന നെറ്റിച്ചെരിവോടു കൂടിയ ക്രിസ്തുവും,പണം കള്ളന്‍ കൊണ്ടു പോയതറിഞ്ഞ് ബോധം കെട്ടു വീണ്‌ നെറ്റിയില്‍ കൂടി ചോരയൊലിപ്പിച്ചു കിടക്കുന്ന പുരോഹിതനും.കഥ കോളിളക്കമുണ്ടാക്കി.
വര്‍ക്കിയുടെ കഥകളിലും ചിന്താഗതികളിലുമൊക്കെ കൃസ്ത്യാനിക്ക് ചേരാത്ത ഭാവങ്ങള്‍ തിങ്ങി നില്‍ക്കുന്നതു കണ്ട് പുരോഹിതന്‍‌മാര്‍ വര്‍ക്കിക്കെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു.പള്ളിമതത്തെ വര്‍ക്കി ശക്തമായി ചോദ്യം ചെയ്യാന്‍ തുടങ്ങി.കൃസ്തുവില്‍ നിന്ന് നമുക്ക് കൃസ്തുമതം മനസ്സിലാക്കാം.പക്ഷെ പുരോഹിതന്‍‌മാര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പണത്തിന്റെ മതമാണ്‌.പണമില്ലാത്തവന്‌ അവിടെ സ്ഥാനമില്ല..മറ്റുള്ളവര്‍ക്ക് സ്വര്‍ഗരാജ്യം വാഗ്‌ദാനം ചെയ്യുന്ന അച്ചന്‍‌മാര്‍ സുഖഭോഗങ്ങളില്‍ മുഴുകി ജീവിക്കുന്നു.
വര്‍ക്കിക്ക് പക്ഷെ,അധികകാലം സ്കൂളില്‍ തുടരേണ്ടി വന്നില്ല.പുരോഹിതനും കന്യാസ്ത്രീയുമായുള്ള അവിഹിതബന്ധം നേരിട്ടു കാണേണ്ടി വന്ന വര്‍ക്കിക്ക് ഉദ്യോഗമുപേക്ഷിച്ച് സ്ഥലം വിടേണ്ടി വന്നു.
പക്ഷെ,പുരോഹിതന്റെ കാലടികള്‍ ഇടറുന്നതില്‍ അത്‌ഭുതത്തിന്‌ വകയില്ലെന്ന് വര്‍ക്കി പറയുന്നു.ഇടറത്തക്ക ഒരു സാഹചര്യത്തില്‍ നിര്‍‌ത്തിയ ശേഷം ഇടര്‍ച്ചയെപ്പറ്റി അത്‌ഭുതപ്പെടുന്നതില്‍ കാര്യമൊന്നുമില്ല.
മാന്യമായ സ്ഥാനം,ഇടവകയിലെ ആത്മീയകാര്യത്തിന്റെ പരമാധികാരി,നല്ല വരുമാനം,എന്തു കൊണ്ടും മെച്ചപ്പെട്ട ആഹാരരീതി‌-വര്‍ക്കി പറയുന്നു,"കുര്‍ബാന കഴിഞ്ഞു വന്നാലുടനെ പാല്,മുട്ട,തിന്നാന്‍ കൊള്ളാവുന്ന ഒന്നു രണ്ടു തരം പലഹാരം,ഏത്തപ്പഴം ഇങ്ങനെയാണ്‌ ആദ്യാഹാരം.അതിനു മുമ്പ് കുര്‍ബാനയുടെ സമയത്ത് ക്രിസ്തുവിന്റെ രക്തം എന്നു സങ്കല്‍‌പ്പിച്ച് ഒന്നാം തരം കുറെ വീഞ്ഞും കുടിക്കാന്‍ സാധിക്കുന്നു.ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയ്ക്ക് വിസ്തരിച്ചുള്ള ഊണായി.ഒന്നുകില്‍ കോഴി,അഥവാ താറാവ്.ഇതു രണ്ടുമല്ലെങ്കില്‍ ഏതെങ്കിലും ഇറച്ചി,മീന്‍,മുട്ട ഇതൊക്കെ അതിന്റെ മാറാത്ത ഘടകങ്ങളായിരിക്കും.കോഴിയെ ഒരു പ്രത്യേകതരത്തില്‍ പുഴുങ്ങിത്തിന്നുന്നതാണ്‌ കൂടുതല്‍ ഇഷ്ടം.നാലു മണിക്ക് ലഘുതരം പലഹാരങ്ങള്‍,പഴവര്‍ഗങ്ങള്‍ ഇവയോടുകൂടിയ ചായ,വൈകീട്ട് സുഭിക്ഷമായ അത്താഴം.കിടക്കാന്‍ നേരത്ത് ചൂടുപാലും.ചിലര്‍ക്ക് പാലു നിര്‍ബന്ധമില്ല.അവര്‍ അത്താഴത്തിനു മുമ്പ് ഗൗരവമായ വല്ലതും കുടിക്കുകയായി".
ഇത്തരം വികാരജനകമായ ആഹാരരീതിയും സുഖകരമായ ജീവിതവും ശീലിക്കുന്ന വൈദികന്‍ സ്ത്രീകളെ കൂടുതല്‍ സമയം പള്ളിയിലേക്ക് ക്ഷണിക്കുന്നതില്‍ അദ്‌ഭുതമൊന്നുമില്ലെന്നാണ്‌ പൊന്‍‌കുന്നം വര്‍ക്കി പറയുന്നത്.

ഉദ്യോഗം വിട്ടതിനു ശേഷം വര്‍ക്കി ക്രിസ്തുമതത്തെപ്പറ്റിയും പുരോഹിതന്‍‌മാരുടെ ജീവിതത്തെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു.പള്ളിമതത്തെ കൂടുതല്‍ കൂടുതല്‍ വര്‍ക്കി എതിര്‍ക്കാന്‍ തുടങ്ങി.കത്തോലിക്കാ മതവിശ്വാസത്തില്‍ നിന്നും വര്‍ക്കി അകന്നകന്ന് പോയി.വര്‍ക്കിയെ തിരുത്തുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായി.തീവ്രവിശ്വാസിയായിരുന്ന അമ്മ വര്‍ക്കിയെയോര്‍ത്ത് ദു:ഖിച്ചു.പക്ഷെ,പുരോഹിത മേധാവിത്വത്തെ അംഗീകരിക്കാന്‍ വര്‍ക്കി തയ്യാറായിരുന്നില്ല.വഴിപാടുകള്‍,നേര്‍ച്ചകള്‍ തുടങ്ങിയ സാമ്പത്തിക ചൂഷണങ്ങളെ അദ്ദേഹം നിരുല്‍‌സാഹപ്പെടുത്തി.പണം ദൈവത്തിന്റെ ഏറ്റവും വലിയ അയോഗ്യതയാണെന്ന് വര്‍ക്കി പ്രചരിപ്പിച്ചു.പുരോഹിതമതത്തിന്റെ ചൂഷണങ്ങള്‍ തുറന്നു കാണിച്ചു കൊണ്ട് പൊന്‍‌കുന്നം വര്‍ക്കി കൂടുതല്‍ കൂടുതല്‍ കഥകളെഴുതിയപ്പോള്‍,തങ്ങളുടെ ഉറച്ച സംഘടനാസം‌വിധാനമുപയോഗിച്ച് പള്ളിക്കാര്‍ അദ്ദേഹത്തെ പല വിധത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി.
പൊന്‍‌കുന്നം വര്‍ക്കിയെ സഭ ദൈവവിരോധിയായി പ്രഖ്യാപിച്ചു.മകന്‍ ദൈവനിഷേധം കാണിച്ചതിന്‌ വര്‍ക്കിയുടെ അമ്മയെ പള്ളിക്കുറ്റത്തില്‍ നിര്‍ത്തി.വര്‍ക്കിയുടെ പ്രണയത്തെപ്പോലും വൈദികര്‍ തകര്‍ത്തിട്ടു.വര്‍ക്കിയുടെ കൃതികള്‍ വായിക്കരുതെന്ന് കല്‍‌പ്പിച്ചു.ഒരു പാഠപുസ്തകമാക്കിയിരുന്ന 'തിരുമുല്‍‌ക്കാഴ്‌ച' എന്ന ഗ്രന്ഥത്തിനു നേരെ അവര്‍ ഉറഞ്ഞു തുള്ളി.അത് പിന്‍‌വലിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി.പുസ്തകത്തിലെ വിവാദ വിഷയങ്ങള്‍ തിരുത്തണമെന്നൊക്കെ ആവശ്യപ്പെട്ട് ചില മതേതരക്കാരും രംഗത്തു വന്നു.മുന്‍ പിന്‍ ബന്ധമില്ലാതെ കൃതിയില്‍ നിന്നും കുറേ വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ,അവ പൊക്കിക്കാണിച്ച് ശക്തമായ പ്രചരണമാണ്‌ നടത്തിയത്.അവസാനം ആ പാഠപുസ്തകം നിര്‍ബന്ധിതമല്ലാതാക്കി ഗവണ്‍‌മെന്റ് തലയൂരി.വര്‍ക്കിയെ പിരിച്ചു വിടാന്‍ തീരുമാനിച്ചത് മഹാകവി ഉള്ളൂര്‍ ഇടപെട്ട് ഒഴിവാക്കി.
പള്ളിയുടെ ആള്‍ക്കാരും പൊന്‍‌കുന്നം വര്‍ക്കിയുമായുള്ള നിരന്തരപോരാട്ടത്തിന്റെ കഥയാണ്‌ പുസ്തകത്തിന്റെ മുഖ്യഭാഗം.ശാരീരികവും മാനസികവുമായ വളരെയധികം ആക്രമണങ്ങള്‍ വര്‍ക്കിക്ക് നേരിടേണ്ടി വന്നു.ജയില്‍‌വാസമുള്‍പ്പെടെയനുഭവിച്ചപ്പോഴും തന്റെ ആശയങ്ങളില്‍ തെല്ലിട വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.
സംഭവബഹുലവും ദീര്‍ഘവുമായ ജീവിതത്തിനു ശേഷം 2004 ല്‍ പൊന്‍‌കുന്നം വര്‍ക്കി ഈ ലോകത്തോട് വിട വാങ്ങി.പള്ളിയുടെ യുദ്ധം പൊന്‍‌കുന്നം വര്‍ക്കിയുടെ മൃതദേഹത്തോടു വരെയുണ്ടായി.കോട്ടയത്തെ നവലോകം പ്രവര്‍ത്തകരും മുന്‍‌മന്ത്രി ടി.കെ.രാമകൃഷ്ണനുമൊക്കെ ചേര്‍ന്ന് അവിടെ വൈദികരെ നേരിട്ട കഥ പുസ്തകത്തിന്റെ വിപുലമായ അനുബന്ധത്തില്‍..
പൊന്‍‌കുന്നം വര്‍ക്കിയുമായുള്ള ഒരു അഭിമുഖം ഉള്‍പ്പെടെ ദീര്‍ഘമായ ഒരു അനുബന്ധവും ഈ പുസ്തകത്തിനുണ്ട്..

Tuesday, September 2, 2008

പാമ്പുകള്‍-രണ്ടാം കഷണം

മൂര്‍‌ഖന്‍‌‌--ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂര്‍‌ഖന്‍.അതിനാല്‍ തന്നെ ഈ പാമ്പിനെ ഭയപ്പെടാത്തവരില്ല.മൂര്‍‌ഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ക്കു പോലും മാരകമായ വിഷമുണ്ട്.കൊത്താനും മിടുക്കനാണ്‌.ജനിച്ചയുടനെയുള്ള മനുഷ്യക്കുഞ്ഞുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കുക.

ഉരുണ്ട വാലും വൃത്താകൃതിയിലുള്ള കൃഷ്ണമണിയുമുള്ള പാമ്പാണ്‌ മൂര്‍‌ഖന്‍.കഴുത്തില്‍ പത്തിയുണ്ട്.പത്തിയില്‍ കണ്ണട പോലുള്ള അടയാളം കണ്ടു വരുന്നു.പക്ഷെ ഈ അടയാളം ഇല്ലാത്തവയുമുണ്ട്.പുറത്തെ ചെതുമ്പലുകള്‍ ഒരേ ക്രമത്തില്‍ ചെരിഞ്ഞു നീണ്ടു കാണപ്പെടുന്നു.അടിവയര്‍ ഭാഗത്തെ ചെതുമ്പലുകള്‍ വീതിയുള്ളതാണ്‌.വാല്‍ ചെതുമ്പലുകള്‍ രണ്ടു വരിയായി കാണപ്പെടുന്നു.തലയുടെ മേലുള്ള മൂന്നാമത്തെ ചെതുമ്പല്‍ വലുതും കണ്ണിന്റേയും മൂക്കിന്റേയും അടുത്തെത്തുന്നതുമാണ്‌.

ഉച്ചത്തില്‍ ചീറ്റുന്ന പാമ്പാണ്‌ മൂര്‍‌ഖന്‍.ആളുകള്‍ ഈ പാമ്പിനെ വല്ലാതെ ഭയപ്പെടുന്നതിന്റെ ഒരു കാര്യവും ഇതാണ്‌.ഭയപ്പെടുമ്പോഴാണ്‌ മൂര്‍‌ഖന്‍ ചീറ്റുന്നത്.

തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂര്‍‌ഖന്‍ കടിക്കാറുള്ളൂ.ഏകദേശം ഉയര്‍ന്നു നിന്ന് പത്തി ഉയര്‍ത്തി കടിക്കാന്‍ സാധിക്കുന്നവയെ മാത്രം.,ഒരു മുക്കാല്‍ മീറ്ററിനുള്ളില്‍ ഉള്ളവയെ മാത്രമേ മൂര്‍‌ഖന്‍ കടിക്കാറുള്ളൂ.ശത്രു കുറച്ചകലെയാണെങ്കില്‍ മൂര്‍‌ഖന്‍ രക്ഷപ്പെടാന്‍ ആണ്‌ ശ്രമിക്കുക.
മൂര്‍‌ഖന്‍ പാമ്പ് മുട്ടയിടുന്ന ജീവിയാണ്‌.മുട്ടകളെ സുരക്ഷിത സ്ഥനങ്ങളില്‍ നിക്ഷേപിച്ച് അമ്മ അതിനു മുകളില്‍ ചുരുണ്ടു കിടക്കുന്നു.അമ്പത്തിയെട്ടു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞു തുടങ്ങും.
മൂര്‍‌ഖനെപ്പറ്റി മറ്റൊരു തെറ്റിദ്ധാരണയുള്ളത് അത് ചേരയുമായി ഇണ ചേരും എന്നതാണ്‌.ചില ചേരകളെ മൂര്‍‌ഖനായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ്‌ ഈ ധാരണ പകര്‍ന്നത്.അല്ലാതെ അതിന്‌ മറ്റടിസ്ഥാനമൊന്നുമില്ല.നിര്‍‌ഭാഗ്യവശാല്‍ ആളുകള്‍ ചേരയെ അടിച്ചു കൊല്ലാനുള്ള ഒരു കാരണം ഇതാണ്‌.
...ബാക്കി അടുത്ത പോസ്റ്റില്‍





Monday, August 25, 2008

പാമ്പുകള്‍

പാമ്പുകള്‍ നമ്മുടെ പേടി സ്വപ്‌നമാണ്‌.പാമ്പുകടി മരണവാറന്റായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്.അനേകം പേര്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്ന കേരളത്തില്‍ വിഷവൈദ്യന്‍‌മാര്‍ പാമ്പുകളേക്കാള്‍ അധികമുണ്ട്.എവിടെക്കണ്ടാലും അടിച്ചു കൊല്ലേണ്ട ജീവികളായി പാമ്പുകള്‍ കണക്കാക്കപ്പെടുന്നു.നാഗാരാധനയുടേയും അടിസ്ഥാന ചോദന ഭയം തന്നെ.
എന്നാല്‍ പാമ്പുകളെപ്പറ്റി പഠിച്ചാല്‍ അവ നമ്മുടെ ശത്രുക്കളല്ല,മിത്രമാണ്‌ എന്ന് മനസ്സിലാകും.അവ കടിക്കുന്നത് ശത്രുവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ്‌,അഥവാ ശത്രുവായി കണക്കാക്കുമ്പോള്‍ മാത്രമാണ്‌.പക വെച്ചു കടിക്കുന്ന സ്വഭാവമൊന്നും പാമ്പിനില്ല.ഭയപ്പെടുമ്പോഴാണ്‌ പാമ്പ് കടിക്കുന്നത്.ദുര്‍ബലമായ ഓര്‍മ്മ ശക്തിയാണ്‌ പാമ്പുകള്‍‌ക്കുള്ളത്.ചെവിയില്ലാത്ത ഈ ജീവികള്‍ക്ക് കേള്‍ക്കാനുള്ള കഴിവില്ല,പക്ഷെ ഭൂമിയിലുണ്ടാകുന്ന തരംഗങ്ങള്‍ പിടിച്ചെടുക്കാനുള്ള അസാധാരമായ കഴിവുണ്ട്.

കര്‍‌ഷകന്റെ ഉറ്റ മിത്രമാണ്‌ പാമ്പുകള്‍.കര്‍ഷകന്റെ ഏറ്റവും വലിയ ശത്രുവായ എലികളെ തിന്നൊടുക്കുന്നത് പാമ്പുകളാണ്‌.പാമ്പുകള്‍ കുറവുള്ള സ്ഥലങ്ങളിലാണ്‌ എലികള്‍ പെരുകുന്നത്.കൃഷിയെ നശിപ്പിക്കുന്ന മറ്റു ജീവികളുടെയും ശത്രുവാണ്‌ പാമ്പുകള്‍.

ഭൂലോകത്തുള്ള പാമ്പുകളില്‍ മഹാഭൂരിപക്ഷവും വിഷമില്ലാത്തവയാണ്‌.ഇന്ത്യയില്‍ കാണപ്പെടുന്ന 220 ഇനം പാമ്പുകളില്‍ 52 എണ്ണത്തിനു മാത്രമേ വിഷമുള്ളൂ.അതില്‍ തന്നെ മാരകമായ വിഷമുള്ളവ വളരെ കുറവാണ്‌.ലോകത്ത് രണ്ടായിരത്തിഅഞ്ഞൂറോളം ഇനം പാമ്പുകള്‍ ഉണ്ട്.

വിഷപ്പാമ്പൂകള്‍ പ്രധാനമായി മൂന്നു കുടുംബങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു.ഇലാപിഡെ,ഹൈ‌ഡ്രോപിഡെ,വൈപറിഡെ എന്നിങ്ങനെയാണ്‌ ഇത്.രാജവെമ്പാല,മൂര്‍‌ഖന്‍,വെള്ളിക്കെട്ടന്‍ തുടങ്ങിയവ ഇലാപിഡയില്‍ പെടുന്നു.അണലികള്‍ ആണ്‌ വൈപ്പറിഡെയില്‍ ഉള്‍പ്പെടുന്നത്.ഹൈഡ്രോപിഡെയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് കടല്‍‌പാമ്പുകളാണ്‌.

വിവിധതരം പാമ്പുകളെപ്പറ്റിയും,വിഷബാധയെപ്പറ്റിയും ചികില്‍‌സയെപ്പറ്റിയും മറ്റു കഷ്‌ണങ്ങളില്‍....

Wednesday, August 20, 2008

അസ്‌ട്രോണമി ക്ലബ്ബ് വാര്‍‌ഷികം,കോഴിക്കോട്ട്




വാനനിരീക്ഷണത്തിനും പഠനത്തിനും വേണ്ടി കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം ആസ്ഥാനമായി പ്രവര്‍‌ത്തിക്കുന്ന ക്ലബ്ബ് ആണ്‌ കോഴിക്കോട് അസ്ട്രോണമി ക്ലബ്ബ്.ക്ലബ്ബ് അതിന്റെ ആറു വര്‍‌ഷം പൂര്‍‌ത്തിയാക്കി.വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ദ്രാവക രൂപത്തിലുള്ള നൈട്രജന്റെ പ്രദര്‍‌ശനമാണ്‌ വീഡിയോയില്‍ കാണുന്നത്.
അസ്‌ട്രോണമി ക്ലബ്ബ് കുറച്ചു വര്‍‌ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള പഠനക്ലാസ്സുകളും വാനനിരീക്ഷണക്ലാസ്സുകളും നിരന്തരമായി നടത്തുന്നു.ക്ലബ്ബ് അംഗങ്ങള്‍ക്കായി പഠനയാത്രകളും ഈ മേഖലയിലെ പ്രമുഖശാസ്ത്രജ്ഞന്‍‌മാരുമായുള്ള ചര്‍‌ച്ചകളും സംഘടിപ്പിക്കാറുണ്ട്.ആധുനിക ടെലിസ്കോപ്പുകള്‍ ,ക്യാമറകള്‍ തുടങ്ങിയവ ക്ലബ്ബിന്‌ സ്വന്തമായുണ്ട്.
ക്ലബ്ബില്‍ ചേരാന്‍ താല്‍‌പര്യമുള്ളവര്‍ കോഴിക്കോട്ട് ജാഫര്‍ ഖാന്‍ കോളണിയില്‍ ഉള്ള റീജ്യനല്‍ സയന്‍‌സ് സെന്ററിലെ ശാസ്ത്രജ്ഞന്‍ ജയന്ത് ഗാംഗുലിയുമായി ബന്ധപ്പെടുക.

Monday, August 11, 2008

മഴക്കാലം

വയനാട്ടിലെ മഴയിലും പ്രളയത്തിലും കുടുങ്ങിയപ്പോള്‍ എടുത്തത്.

Saturday, August 9, 2008

ഹൃദയത്തിന്റെ സ്വരം‌-മൃണാളിനി സാരാഭായ്


മൃണാളിനി സാരാഭായ് ഭാരതത്തിന്റെ നര്‍‌ത്തകിയായിരുന്നു.നമ്മുടെ കലകളുടെ യശസ്സ് അവര്‍ ലോകം മുഴുവന്‍ പരത്തി.പ്രശസ്‌തനായ അമ്മയുടേയോ,പ്രശസ്തയായ അമ്മയുടേയോ തണലില്ല അവര്‍ ലോകം കീഴടക്കിയത്.പദ്മശ്രീയടക്കം അനവധി ബഹുമതികള്‍ നേടിയിട്ടുള്ള മൃണാളിനി സാരാഭായി എഴുത്തുകാരി,നൃത്തസം‌വിധായക,സം‌ഘാടക എന്നീ രീതിയിലും പ്രശസ്തയാണ്‌.നര്‍‌ത്തകിയും നടിയുമായ മല്ലികാ സാരാഭായി അവരുടെ മകളാണ്‌.
ഹൃദയത്തിന്റെ സ്വരം എന്ന ഈ പുസ്തകത്തിലൂടെ തന്റെ ജീവിതവൃത്തം വരച്ചുകാട്ടുകയാണ്‌ മൃണാളിനി.പ്രശസ്ത അഭിഭാഷകനായിരുന്ന സുബ്ബരാമസ്വാമിനാഥന്‍ ആയിരുന്നു മൃണാളിനിയുടെ അച്ഛന്‍.നാലു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മൃണാളിനി.
പുസ്തകത്തിലെ ആദ്യഅധ്യായം തന്നെ അച്ഛനെക്കുറിച്ചാണ്‌.ചെറിയ നിലയില്‍ നിന്ന് അദ്ദേഹം എങ്ങിനെ ഉയരത്തിലെത്തി എന്ന് മൃണാളിനി വിശദീകരിക്കുന്നു.മൃണാളിനിയുടെ കുട്ടിക്കാലത്തുതന്നെ സ്വാമിനാഥന്‍ ഈ ലോകം വിട്ടു പോയി.1930-ല്‍ ആയിരുന്നു അത്.
രാജ്യത്തു നടന്നുവന്ന സമരങ്ങളും ,സ്ത്രീകളും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനവും മൃണാളിനിയുടെ അമ്മയായ അമ്മു സ്വാമിനാഥനെ ആകര്‍‌ഷിച്ചു.അവര്‍ കോണ്‍‌ഗ്രസില്‍ ചേരുകയും നിയമനിര്‍‌മ്മാണസഭാംഗമാകുകയുമൊക്കെ ചെയ്‌തു.പക്ഷെ,അമ്മയെന്ന നിലയില്‍ അവര്‍ ഒരു പരാജയമായിരുന്നെന്ന് മൃണാളിനി പറയുന്നു.അമ്മ തങ്ങളെ അധികമൊന്നും ശ്രദ്ധിച്ചില്ലെന്നുമാത്രമല്ല ,എപ്പോഴും പരുഷമായി പെരുമാറുകയും ചെയ്തുവെന്ന് മൃണാളിനി ഓര്‍‌ക്കുന്നു.ഒറ്റക്ക് ബാത്‌റൂമില്‍ പൂട്ടിയിടുന്നതുപോലുള്ള കഠിനശിക്ഷകളില്‍ നിന്നാണ്‌ ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയം തന്നില്‍ വളര്‍‌ന്നു വന്നതെന്ന് മൃണാളിനി കരുതുന്നു.
അതോടൊപ്പം തന്റെ ബാല്യകാലത്തെ അനവധി ആഹ്ലാദനിമിഷങ്ങള്‍ മൃണാളിനി ഓര്‍‌ക്കുന്നു.സഹോദരിയോടൊപ്പം മറീനാബീച്ചില്‍ കുളിച്ചിരുന്നത്,ടെന്നീസ് കളി പഠിച്ചത്,ദീപാവലി ആഘോഷിക്കുന്നത്, വേനലവധിക്ക് അമ്മൂമ്മയുടെ തറവാട്ടില്‍ പോകുന്നത് ,സരോജിനി നായിഡു,രാജകുമാരി അമൃത് കൗര്‍ തുടങ്ങി പല മഹാത്മാക്കളുമായുള്ള ബന്ധങ്ങള്‍,അമ്മയോടൊപ്പം നടത്തിയ വിദേശയാത്ര എന്നിങ്ങനെ ഒട്ടനവധി സന്ദര്‍‌ഭങ്ങള്‍.
കുട്ടിക്കാലം മുതല്‍‌ക്കുതന്നെ മൃണാളിനിക്ക് നൃത്തം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.മൃണാളീനിയുടെ കുടുംബത്തില്‍ നൃത്തത്തിന്റേയോ,സംഗീതത്തിന്റെയോ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല.എങ്കിലും താനൊരു നര്‍‌ത്തകിയാണെന്ന ഉറച്ച വിശ്വാസം മൃണാളിനിക്കുണ്ടായിരുന്നു.നൃത്തം പഠിക്കാന്‍ പല സ്ഥലങ്ങളും അന്വേഷിച്ച ശേഷം മൃണാളിനി ,രുഗ്‌മിണീദേവി അരുണ്‍‌ഡേലിന്റെ ഡാന്‍‌സ് അകാദമിയായ കലാക്ഷേത്രത്തില്‍ ചേര്‍‌ന്നു.പിന്നീട് മൃണാളിനി ,കത്തുമന്നാര്‍ കോവിലിലെ മുത്തുകുമാരപിള്ളയുടെ കീഴില്‍ പഠിച്ചു.അദ്ദേഹമാണ്‌ ഭരതനാട്യത്തിന്റെ യഥാര്‍ഥ പാരമ്പര്യത്തിലേക്ക് മൃണാളിനിയെ ഉയര്‍ത്തി വിട്ടത്.മികച്ച അധ്യാപകനായിരുന്നു അദ്ദേഹം.അഗാധമായ ഒരു ഗുരുശിഷ്യബന്ധമായിരുന്നു അത്.മൃണാളിനി നൃത്തത്തിനു വേണ്ടി പൂര്‍‌ണമായി സമര്‍‌പ്പിച്ചു.മൃണാളിനി പറയുന്നു:"ചെന്നൈയിലെ ഇരമ്പുന്ന കടല്‍ എനിക്കുവേണ്ടി നൃത്തം വെച്ചു,എന്റെ ഉദ്യാനത്തിലെ തെങ്ങോലകളും എനിക്കായി നൃത്തം വെച്ചു.ചൂളമരത്തിന്റെ മര്‍‌മരശബ്ദം,കണറിനുകുറുകെ കെട്ടിയിരിക്കുന്ന മരത്തിന്റെ വള്ളികളില്‍ വെള്ളമെടുക്കാന്‍ കയറുന്ന തോട്ടക്കാരന്റെ മൂളല്‍ എന്നിവയൊക്കെ എന്റെ ആദ്യസംഗീതമായി.എന്റെ ശരീരം നൃത്തം ചെയ്യുന്നതിനു മുമ്പു തന്നെ എന്റെ ആത്മാവ് നൃത്തം ചെയ്‌തു കഴിഞ്ഞിരുന്നു."
ഊട്ടിയില്‍ വേനലവധി ചെലവഴിക്കുമ്പോള്‍ വിക്രം സാരാഭായിയെ ആദ്യമായി കണ്ടതിനെപ്പറ്റി മൃണാളിനി രസകരമായി എഴുതുന്നു.സാരാഭായി കുടുംബത്തെ മൃണാളിനി പരിചയപ്പെടുകയും അവരുമായി നല്ല അടുപ്പമുണ്ടാകുകയും ചെയ്തു.ഊട്ടിയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ സാരാഭായി കുടുംബത്തെ ഇനിയൊരിക്കലും കാണുകയില്ലെന്നാണ്‌ മൃണാളിനി കരുതിയിരുന്നത്.
ശാന്തിനികേതനവും ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറുമായും ഉള്ള ബന്ധമാണ്‌ അടുത്തതായി മൃണാളിനി വിവരിക്കുന്നത്.ശാന്തിനികേതനത്തില്‍ ചേര്‍ന്ന മൃണാളിനിക്ക് അവിടം ഒരു മാതൃകാപരമായ അന്തരീക്ഷമായി തോന്നി.ടാഗോറിന്‌ പ്രിയങ്കരിയായിരുന്ന മൃണാളിനി ,ഗുരുദേവിന്റെ നാടകങ്ങളില്‍ പ്രധാനവേഷം ചെയ്യാന്‍ നിയോഗിക്കപ്പെടുകയും ചെയ്തു.ബംഗാളി ഭാഷയുടെ സൗന്ദര്യം മൃണാളിനി അറിഞ്ഞത് ഗുരുദേവ് ടാഗോറില്‍ നിന്നാണ്‌.
ശാന്തിനികേതനില്‍ ഗ്രാമങ്ങളിലേക്കുള്ള വിനോദയാത്ര പതിവായിരുന്നു.ചിലപ്പോള്‍ ശാന്തിനികേതന്‍ നൃത്തസംഘം ബംഗാളിലുടനീളം പര്യടനം നടത്തുകയും ചെയ്തു.
ഇടയ്ക്ക് അമേരിക്കയില്‍ പ്രസംഗപര്യടനം നടത്തിയ അമ്മയോടൊപ്പം യാത്ര ചെയ്യാന്‍ മൃണാളിനിക്ക് അവസരം കിട്ടി.യാത്രയിലെ ഓരോ അനുഭവവും തനിക്ക് വിദ്യാഭ്യാസത്തിന്റെ ഓരോ അധ്യായങ്ങളായിരുന്നെന്ന് മൃണാളിനി എഴുതുന്നു.അവിടെ തന്നെ സ്വാധീനിച്ച അനവധി സംഭവങ്ങള്‍ മൃണാളിനി വിവരിക്കുന്നു.
മൃണാളിനി ശാന്തിനികേതനിലായിരിക്കുമ്പോള്‍ പ്രസിദ്ധനര്‍‌ത്തകനായിരുന്ന രാം ഗോപാല്‍ അദ്ദേഹത്തോടൊപ്പം നൃത്താവതരണം നടത്താന്‍ അവരെ ക്ഷണിക്കുകയും മൃണാളിനി അത് സ്വീകരിക്കുകയും ചെയ്തു.ബാംഗ്ലൂരിലായിരുന്നു അത്.
അന്ന് ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്ന വിക്രം സാരാഭായിയുമായി വീണ്ടും കണ്ടുമുട്ടാനിടവരികയും അവര്‍ തമ്മില്‍ അടുത്ത സൗഹൃദം വളര്‍‌ന്ന് വരികയും ചെയ്തു.സൗഹൃദം പ്രണയമായി മാറി.സമ്മാനമായി വിക്രം പട്ടിക്കുട്ടിയെ കൊടുത്തയച്ച കഥയും, പ്രണയം വിവാഹത്തില്‍ ചെന്നെത്തിയ കഥയുമെല്ലാം മൃണാളിനി സരസമായി വിവരിക്കുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ്‌ വിവാഹം നടന്നത്.വിക്രം സാരാഭായി പൂര്‍ണമായും വ്യവസായത്തിലും ലബോറട്ടറി ജോലികളിലും മുഴുകിയിരിക്കെ മൃണാളിനിക്ക് കടുത്ത ഏകാന്തതയാണ്‌ അനുഭവപ്പെട്ടത്.
ക്വിറ്റ്-ഇന്ത്യാ സമരത്തില്‍ പങ്കെടുക്കെ പോലീസിന്റെ വെടി കൊണ്ടതാണ്‌ മറ്റൊരു പ്രധാനസംഭവം.
പ്രകടനത്തിന്റെ പുറകിലത്തെ നിരയില്‍ വിക്രമിന്റെ കൂടെ നീങ്ങിക്കൊണ്ടിരിക്കെ ഒരു വെടിയുണ്ട മൃണാളിനിയുടെ മുഖത്തു വന്നു പൊട്ടി.മൃണാളിനിയുടെ കണ്ണിന്‌ ഗുരുതരമായ പരിക്കുപറ്റി.ദീര്‍‌ഘവും യാതനാഭരിതവുമായ രോഗചികില്‍‌സയുടെ ആരംഭമായിരുന്നു അത്.വീണ്ടും നൃത്തം ചെയ്യാനാകുമോയെന്നൊക്കെ ആശങ്ക തോന്നി.മൃണാളിനി തന്റെ മനോബലത്താല്‍ അതിനേയും അതിജീവിച്ചു.നൃത്തത്തിലേക്ക് തിരിച്ചു വരാന്‍ അവര്‍ക്ക് കഠിനമായ വേദനകള്‍ അനുഭവിക്കേണ്ടി വന്നു.
യുദ്ധം കഴിഞ്ഞപ്പോള്‍ വിക്രം കേംബ്രിഡ്‌ജിലേക്ക് തിരികെ പോയി.മൃണാളിനി അദ്ദേഹത്തെ അനുഗമിച്ചു.കേംബ്രിഡ്ജിലെ അവരുടെ ജീവിതം ആഹ്ലാദഭരിതമായിരുന്നു.അവിടെ നൃത്തപരിപാടികള്‍ അവതരിപ്പിക്കാനും അവര്‍ക്ക് പറ്റി.
ബാംഗ്ലൂരില്‍ തിരിച്ചെത്തിയതിനു ശേഷം മൃണാളിനി സാരാഭായി ദര്‍‌പണ അകാദമി രൂപീകരിച്ചു.പുസ്തകത്തിന്റെ തുടര്‍‌ന്നുള്ള ഭാഗം ദര്‍‌പ്പണയുടെ കൂടെ കഥയാണ്‌.നൃത്തത്തിനായി ജീവിതം സമര്‍‌പ്പിച്ച ഒരു കൂട്ടം കലാകാരന്‍‌മാരുടെ കഥ കൂടിയാണ്‌ അത്.യാതനാപൂര്‍ണ്ണമായ വിദേശയാത്രകളുടെ കഥകള്‍ നമ്മുടെ പല ധാരണകളെയും മാറ്റി മറിക്കും.അതിനിടക്ക് മൃണാളിനി രണ്ടു കുട്ടികളുടെ അമ്മയായി മാറിയിരുന്നു.വിക്രമിന്റെ കഥ പറയുമ്പോഴും,കാര്‍‌ത്തികേയ,മല്ലിക എന്നീ രണ്ട് കുട്ടികളുടെ കഥ പറയുമ്പോഴുമൊന്നും അവരുടെ നൃത്തജീവിതവും വ്യക്തിജീവിതവും തമ്മില്‍ വലിയ വേര്‍‌തിരിവൊന്നും കാണുന്നില്ല.പൂച്ചയ്ക്ക് അഹമ്മദ് എന്ന പേരിട്ടപ്പോളുണ്ടായ കോലാഹലത്തെപ്പറ്റി വായിക്കുമ്പോള്‍ നമുക്ക് തമാശ തോന്നും ,ലോകം ഇന്നും വളരെയൊന്നും മുന്നോട്ട് പോയില്ലെന്ന് നമുക്കറിയാമെങ്കിലും.അഹമ്മദാബാദ് നഗരത്തെ ഓര്‍മ്മിക്കാന്‍ പൂച്ചക്ക് ആ പേരിട്ട മൃണാളിനിക്ക് അവസാനം ക്ഷമ ചോദിച്ച് രക്ഷപ്പെടേണ്ടി വന്നു.
മകന്‍ കാര്‍‌ത്തികേയയുടെ പ്രണയവും വിവാഹവും ,മകള്‍ മല്ലികയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അവര്‍ വിശദമായി വിവരിക്കുന്നു.രാഷ്ട്രത്തിനു വേണ്ടി കഠിനമായി ജോലി ചെയ്യേണ്ടി വന്ന വിക്രം സാരാഭായിയുടെ പെട്ടെന്നുള്ള മരണം നമ്മെയും ദു:ഖിപ്പിക്കുന്നു.ഇത് മൃണാളിനി സാരാഭായിയുടെ ആത്മകഥയായിരുന്നെങ്കിലും ഇതില്‍ ഉയര്‍‌ന്നു കാണുന്ന വ്യക്തിത്വം ഇന്ത്യയുടെ മഹാനായ ആ ശാസ്‌ത്രജ്ഞന്റേതാണ്‌.



Friday, July 25, 2008

ബ്ലോഗര്‍ ആയി ആറു മാസം

ഞാന്‍ ഒരു ബ്ലോഗര്‍ ആയിട്ട് ആറ് മാസം കഴിഞ്ഞു.ഒരു ബ്ലോഗര്‍ ഒന്നാം വാര്‍‌ഷികം ആഘോഷിക്കുന്നത് കണ്ടപ്പോഴാണ്‌ ഇതെഴുതാന്‍ തോന്നിയത്.ബ്ലോഗ് എന്ന് ആദ്യമായി കേള്‍‌ക്കുന്നത് രണ്ട് വര്‍‌ഷം മുമ്പാണ്‌.ഒരു പുസ്തകത്തില്‍ നിന്നാണ്‌ ഈ വാക്ക് കേള്‍‌ക്കുന്നത്. 'എന്റെ യൂറോപ്പ് സ്വപ്‌നങ്ങള്‍' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്‍.ഇത് ബ്ലോഗ് സാഹിത്യമാണ്‌ എന്ന് ആ പുസ്തകത്തിന്റെ ആമുഖത്തില്‍ കണ്ടതായി ഓര്‍‌ക്കുന്നു. ഞാന്‍ കരുതിയത് സാഹിത്യത്തിന്റെ പുതിയ രൂപമെന്തോ ആണ്‌ ബ്ലോഗ് എന്നാണ്‌.എന്തായാലും ബ്ലോഗറായ കുറുമാന്‍ എഴുതിയ ആ പുസ്തകം വളരെ ഇഷ്ടപ്പെട്ടു. കുളൂസ് പറയുന്നതിനെയാണോ ബ്ലോഗ് എന്ന് പറയുന്നത് എന്നും തോന്നാതിരുന്നില്ല. നാലു കൊല്ലമായി ഒരു കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും അതിന്റെ പ്രവര്‍‌ത്തനത്തില്‍ വലിയ പരിജ്ഞാനമൊന്നുമില്ലാത്ത വ്യക്തിയാണ്‌ ഞാന്‍.സിനിമ കാണാനും സി.ഡി. കോപി ചെയ്യാനും മാത്രമാണ്‌ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാറുള്ളത്. കഴ്‌സര്‍ എന്തിന്റെയുമൊക്കെ നേരെ പിടിച്ച് രണ്ട് പ്രാവശ്യം ക്ലിക്ക് ചെയ്‌താല്‍ എന്തെങ്കിലുമൊക്കെ ചാടി വരുമെന്നത് ആസ്വദിച്ചിരിക്കലായിരുന്നു പണി.അങ്ങനെയിരിക്കെയാണ്‌ ഇന്റെര്‍‌നെറ്റിനെക്കുറിച്ച് മലയാളത്തില്‍ ഒരു ചെറുപുസ്തകം ലഭിച്ചത്.ഏതോ ഒരു തൊടുപുഴക്കാരന്‍ ബ്ലോഗര്‍ ആണ്‌ അത് രചിച്ചത് എന്ന് മാത്രമേ ഇപ്പോള്‍ ഓര്‍‌ക്കുന്നുള്ളൂ. ബ്ലോഗിങ്ങിനെക്കുറിച്ച് അതില്‍ ഒരധ്യായമുണ്ടായിരുന്നു.നിങ്ങള്‍‌ക്കും ബ്ലോഗര്‍ ആകാമെന്നൊരു കുറിപ്പും.അപ്പോഴാണ്‌ ബ്ലോഗ് എന്താണെന്ന് മനസ്സിലായത്.വേണമെങ്കില്‍ മലയാളത്തിലും ചെയ്യാമെന്നും മനസ്സിലായി. ഞാന്‍ ഒരു ബ്ലോഗര്‍ ആകാന്‍ തീരുമാനിച്ചു.എന്റെ കുറച്ച് അനുഭവങ്ങളും നിരീക്ഷണങ്ങളും എഴുതണമെന്നായിരുന്നു ഉദ്ദേശ്യം.ഞാന്‍ എഴുതുന്നത് ഒരു സ്ഥലത്തും അച്ചടിച്ച് വരില്ലെന്ന് പൂര്‍‌ണബോധ്യമുള്ളതിനാല്‍ ബ്ലോഗ് എന്ന സ്വന്തം പത്രം തുടങ്ങാന്‍ തീരുമാനിച്ചു.
ആദ്യത്തെ പ്രശ്‌നം-ഇന്റര്‍‌നെറ്റ് കണക്ഷനില്ല.ഒരു ഡയല്‍ അപ് കണക്ഷന്‍ ശരിയാക്കി.ആദ്യത്തെ ദിവസം തന്നെ മനസ്സിലായി-ഇതു കൊണ്ട് കാര്യം നടക്കില്ല. പിറ്റേ ദിവസം തന്നെ ബ്രോ‌ഡ്‌ബാന്റിന് അപേക്‌ഷിച്ചു.നാലഞ്ച് മാസം കാത്തിരിപ്പ്.ഒരു ദിവസം എക്സ്‌ചേഞ്ചില്‍ നിന്ന് വിളിച്ചു‌‌ ‌- നാളെ നിങ്ങള്‍‌ക്ക് കണക്‌ഷന്‍ തരാം.പിറ്റേന്ന് അവര്‍ വന്ന് കണക്‌ഷന്‍ തന്നു.പക്ഷെ ഞാന്‍ നോക്കിയിട്ട് കിട്ടുന്നില്ല.ഒരാഴ്ച വീണ്ടും കാത്തിരുന്നു. എക്സ്‌ചേഞ്ചുകാര്‍ വന്ന് ചില സാങ്കേതികതടസങ്ങള്‍ ശരിയാക്കി.നല്ല പറക്കുന്ന സ്പീഡില്‍ ഇന്റര്‍‌നെറ്റ് .. അപ്പോള്‍ തന്നെ ബ്ലോഗര്‍ തുറന്നു.ഒരു ബ്ലോഗ് ഉണ്ടാക്കി.ബ്ലോഗ് എങ്ങിനെയിരിക്കുമെന്ന് മനസ്സിലാക്കണമല്ലോ.ഒരു ബ്ലോഗ് കാണാന്‍ തീരുമാനിച്ചു.അതാ വരുന്നു, ഒരു മനോഹരമായ ബ്ലോഗ്.വായിച്ചു നോക്കി.മനോഹരമായ ലേ ഔട് ,മാത്രമല്ല നല്ല ഉള്ളടക്കവും. ആ ബ്ലോഗ് ഇന്നും എന്റെ പ്രിയപ്പെട്ട ബ്ലോഗ് ആണ്‌. BOTTLE BARBIES AND BOYS ആണ്‌ ആ ബ്ലോഗ്.ഇന്നും ഞാന്‍ അത് വായിക്കാറുണ്ട്. പിറ്റേന്ന് ഞാന്‍ ബ്ലോഗ് തുറന്ന് എന്തെങ്കിലും പോസ്‌റ്റ് ചെയ്യാന്‍ തീരുമാനിച്ചു.പക്ഷെ അഡ്രസ് മറന്നിരിക്കുന്നു.പുതിയ ബ്ലോഗ് ഉണ്ടാക്കാന്‍ തുടങ്ങി.അപ്പോള്‍ മെമ്മറിയില്‍ നിന്ന് പഴയ ഐ.ഡി. തെളിഞ്ഞു വന്നു. അടുത്ത പ്രശ്നം,മലയാളം എങ്ങനെ എഴുതും?ആദ്യം ആരെങ്കിലും എഴുതിയത് വായിച്ചു നോക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌ മനസ്സിലായത് ,മലയാളം അക്ഷരങ്ങള്‍‌ക്ക് പകരം ചതുരക്കട്ടകള്‍ ആണ്‌ കാണുന്നത്.ചതുരക്കട്ടകള്‍ക്കു പകരം മലയാളം വരണമല്ലോ.അന്ന് ബ്ലോഗ് അക്കാദമിയൊന്നുമില്ല.നേരെ ഗൂഗിളില്‍ പോയി സെര്‍‌ച് ചെയ്തു.എന്തൊക്കെയോ ചെയ്തു.അവസാനം സംഗതി ശരിയായി.,ഭാഗ്യത്തിന്‌.അതൊക്കെ വീണ്ടും ചെയ്യാന്‍ പറഞ്ഞാല്‍ പറ്റുമെന്നു തോന്നുന്നില്ല. മലയാളം എഴുതണമല്ലോ.പല കളികളും കളിച്ചു നോക്കി.വീണ്ടും സെര്‍‌ച്ച് എഞ്ചിന്‍.മലയാളം ഓണ്‍ ലൈനില്‍ എത്തിപ്പെട്ടു.അതു തന്നെയാണ്‌ ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.അതു മാത്രമേ അറിയുകയുള്ളൂ.അതെങ്ങാന്‍ പണിമുടക്കിയാല്‍ എന്റെ മലയാളം ബ്ലോഗിങ്ങ് നിലക്കും. പ്രാഥമികപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.അടുത്ത പ്രശ്നം.എഴുതിത്തുടങ്ങിയപ്പോള്‍ മനസ്സിലായി,എനിക്ക് എഴുതാനൊന്നുമറിയില്ല.നല്ല ഭാഷയില്ല,എഴുതുന്നത് ശക്തമായി എഴുതാനും അറിയില്ല.എഴുതിപഠിക്കുന്നതിന്‌ ഞാന്‍ അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തെപറ്റി എഴുതാന്‍ തീരുമാനിച്ചു.അങ്ങനെയാണ്‌ ഞാന്‍ ബ്ലോഗിങ് തുടങ്ങിയത്. ഒരു ആവേശത്തിനു മുകളിലാണ്‌ ബ്ലോഗിങ്ങ് തുടങ്ങിയത്.ആറ് മാസത്തിനു ശേഷം ആവേശം കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു.ഇനി നിര്‍‌ത്താം. ആറ് മാസത്തിനിടയില്‍ ഒരുപാട് നല്ല പോസ്റ്റുകള്‍ കണ്ടു.പക്ഷെ മിക്ക ബ്ലോഗുകളും ഉപരിപ്ലവമായിരുന്നു.കന്യാസ്ത്രീയും ഡ്രൈവറുമൊക്കെയായിരുന്നു ബ്ലോഗിലെ പ്രധാനപ്രശ്‌നങ്ങള്‍.വര്‍‌ഗീയതയ്ക്കും ബ്ലോഗ് നല്ല ആയുധമാണെന്ന് മനസ്സിലായി. ഇടക്ക് ഒരു കരിവാരം വന്നിരുന്നു,അതെന്തിനെന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാനായില്ല.ഞാന്‍ കരിയാക്കാതിരുന്നത് അതുകൊണ്ടൊന്നുമായിരുന്നില്ല,എനിക്ക് കരിയാക്കാന്‍ അറിയുമായിരുന്നില്ല.അഥവാ കഷ്ടപ്പെട്ട് കരിയാക്കിയാല്‍ ,കരി കഴുകിക്കളയാന്‍ പറ്റാതിരുന്നാലോ എന്ന പേടിയുമുണ്ടായിരുന്നു.എന്റെ മോളുടെ പേരിലുള്ള എന്റെ ബ്ലോഗ് സ്ഥിരമായി കരിപിടിച്ചു കിടന്നാലോ...

Friday, July 18, 2008

സ്വാശ്രയ മെഡിക്കല്‍കോളേജുകളും പോസ്‌റ്റ്മോര്‍ട്ടവും

രണ്ട് സ്വാശ്രയമെഡിക്കല്‍കോളേജുകളില്‍ പോസ്‌റ്റ്മോര്‍ട്ടം പരിശോധന നടത്താന്‍ ഗവണ്‍‌മെന്റ് അനുവാദം നല്‍കുന്നു.ഈ തീരുമാനം പ്രതിഷേധാര്‍‌ഹമാണ്‌. നിഷ്‌പക്ഷവും നീതിപൂര്‍‌വവുമായി നടത്തേണ്ടതാണ്‌ പോസ്റ്റ്മോര്‍ട്ടം പരിശോധന.അത് ഒരു ശാസ്‌ത്രീയപരിശോധനയാണ്‌.അത് സ്വകാര്യമെഡിക്കല്‍കോളേജുകളില്‍ നടത്തുന്നത് അതിന്റെ വിശ്വാസ്യത നഷ്‌ടപ്പെടുത്തും. സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ കുട്ടികള്‍‌ക്ക് പഠിക്കാന്‍ വേണ്ടിയാണ്‌ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്നത്.മെഡിക്കല്‍ കൗണ്‍‌സിലിന്റെ അംഗീകാരം നിലനിര്‍‌ത്തുന്നതിനു വേണ്ടിയാണ്‌ ഇത്. മെ‌ഡിക്കല്‍കൗണ്‍‌സിലിന്റെ വ്യവസ്ഥകള്‍ പാലിക്കാതെ അംഗീകാരം നേടിയെടുക്കുന്നത് എങ്ങിനെയെന്ന് അധികം ആലോചിക്കാതെ നമുക്ക് മനസ്സിലാക്കാം.പക്ഷെ, സര്‍‌ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവയാണ്‌ സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍.ഒരു തരത്തിലും ഗവണ്‍മെന്റിനു വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുന്നവയാണ്‌ അവ.അത്തരം സ്ഥാപനങ്ങളെ സര്‍‌ക്കാര്‍ സഹായിക്കുന്നത് ദുരൂഹമാണ്‌.

കുറുമാന്‍ ദി ഗ്രേറ്റ്

Friday, July 11, 2008

GOOGLE DOCTOR

ഗൂഗ്‌ള്‍ ഡോക്‌റ്റര്‍ എന്ന പേരില്‍ ഒരു ബ്ലോഗിനെപറ്റി ഒരു നിരൂപണം കണ്ടിരുന്നു.ഗൂഗിളിന്റെ കുഴപ്പങ്ങള്‍ പരിഹരിക്കാനുള്ള ഒരു ബ്ലോഗാണെന്നാണ്‌ ആദ്യം കരുതിയത്. വായിച്ചു നോക്കിയപ്പോള്‍ ആണ്‌ മനസ്സിലായത് അതല്ല ,ശരിക്കുള്ള ഡോക്‌റ്റര്‍ തന്നെയാണെന്ന്‌. ആരോഗ്യത്തെയും വൈദ്യശാസ്‌ത്രത്തെയും പറ്റിയുള്ള ഒരു നല്ല ബ്ലോഗാണ്‌ ഇത്.വളരെ വിജ്ഞാനപ്രദമാണ്‌.ഏറ്റവും പ്രധാനം ആധികാരികതയുള്ള പഠനങ്ങളെ അടിസ്ഥാനമാകിയാണ്‌ ഇതിലെ ലേഖനങ്ങള്‍ എന്നതാണ്‌.
ആ നിലക്ക് ഇത് നമ്മുടെ ആരോഗ്യമാസികകളില്‍ നിന്ന് വ്യത്യസ്തമാണ്‌.ഇത്തരം വിഷയങ്ങളെപറ്റി പഠിക്കാന്‍ ശ്രമിക്കുന്നവര്‍‌ക്ക് ഉപയോഗപ്രദമായതാണ്‌ ഈ ബ്ലോഗ്. ...Dr.Razavi's Good To Know Info.

Wednesday, July 9, 2008

ബ്രഹ്മപുത്രയിലെ വീട്
























ബീന കണ്ട റഷ്യ ' എന്ന കൃതിയിലൂടെ കെ.എ.ബീന വായനക്കര്‍‌ക്ക് സുപരിചിതയാണ്‌.സ്കൂള്വിദ്യാര്‍‌ഥിയായിരിക്കെ ബിനോയ് വിശ്വം നയിച്ച ഒരു സംഘത്തില്‍ അംഗമായി നടത്തിയ റഷ്യന്‍ സന്ദര്‍‌ശനത്തിന്റെ കഥയായിരുന്നു 'ബീന കണ്ട റഷ്യ.' അത് വര്‍‌ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തായിരുന്നു.സോവിയറ്റ് യൂനിയന്‍ അപ്രത്യക്ഷമായതിനുശേഷവും പുസ്തകത്തിന്‌ പതിപ്പുകളിറങ്ങി.വീണ്ടും ഒരു യാത്രാവിവരണവുമായി ബീന വായനക്കാരുടെ അടുത്തെത്തുന്നു. കത്തിയെരിയുന്ന അസമിലേക്ക് ഭര്‍‌ത്താവിന്‌ സ്ഥലം‌മാറ്റം കിട്ടിയപ്പോള്‍ കൂടെ സ്ഥലം മാറിപ്പോയതാണ്‌ ആകാശവാണി ഉദ്യോഗസ്ഥയായ ബീന.കൂടെ മകന്‍ അപ്പുവും ഉണ്ടായിരുന്നു. അവിടുത്തെ കാഴ്‌ച്ചകള്‍ മനോഹരമായി ബീന നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.ഇതൊരു യാത്രാവിവരണമല്ല,യാത്രാനുഭവമാണെന്ന് ബീന ആമുഖത്തില്‍ നമ്മോട് പറയുന്നു.വായിച്ചു കഴിയുമ്പോള്‍ ഇത് നമ്മുടെയും അനുഭവമായി മാറുകയാണ്‌. ഹിന്ദു പുരാണപ്രകാരം ലോകത്തെ അപൂര്‍‌വം പുരുഷനദികളിലൊന്നായ ബ്രഹ്മപുത്രയുടെ തീരത്ത് ബീന താമസിച്ചത് രണ്ട് വര്‍‌ഷത്തോളമാണ്‌. ഗൗഹട്ടിയിലേക്കുള്ള തീവണ്ടിയാത്രയിലാണ്‌ യാത്രയുടെ തുടക്കം.തീവണ്ടി ബ്രഹ്മപുത്രയുടെ മുകളിലൂടെ ഗൗഹട്ടിയിലേക്ക് പ്രവേശിക്കുന്നത് സരയ്‌ഘട്ട് പാലത്തിലൂടെയാണ്‌.നഗരത്തിന്റെ ഭാഗമായി നില്‍‌ക്കുന്ന ബ്രഹ്മപുത്രയിലിറങ്ങി തൊട്ടു വന്ദിച്ചാണ്‌ ബീനയും,ബൈജുവും ,അപ്പുവും ഗൗഹട്ടിയില്‍ താമസമുറപ്പിക്കുന്നത്. കള്ളന്‍‌മാരെ പേടിച്ച് ,അതിലുപരി കള്ളന്‍‌മാരെ വല്ലാതെ ഭയക്കുകയും ,താമസക്കാരെ ഭീതിയിലാഴ്‌ത്തുകയും ചെയ്യുന്ന വീട്ടുടമസ്ഥരെ പേടിച്ച് രണ്ട് തവണ അവര്‍‌ക്ക് വീട് മാറേണ്ടി വരുന്നു. പുസ്തകത്തില്‍ 'വെള്ളപ്പൊക്കത്തില്‍' എന്നൊരു അധ്യായമുണ്ട്.നിരന്തരമുള്ള വെള്ളപ്പൊക്കമാണ്‌ അസമിലെ ഒരു പ്രധാനപ്രശ്‌നം.അസം വെള്ളപ്പൊക്കത്തിന്റെ നാടാണ്‌.അസമിലെ മഴ രൗദ്രവും വന്യവുമാണ്‌.ഏതാനും മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന മഴപോലും നാടിനെ വിഴുങ്ങുന്നു. വെള്ളം വീടുകളെ ,വാഹനങ്ങളെ,സസ്യലതാദികളെ ഒക്കെ കീഴ്‌പ്പെടുത്തുന്നു.റോഡാകെ നദിയാകുന്നു.ബ്രഹ്മപുത്ര നഗരത്തെ വിഴുങ്ങും.അശാസ്‌ത്രീയമായ ആസൂത്രണവും കനത്ത വനനശീകരണവുമാണ്‌ സ്ഥിതി ഇത്ര വഷളാക്കിയതെന്ന് ബീന പറയുന്നു.വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്നവര്‍ അസമില്‍ ഏറെയാണ്‌.അസമിന്റെ ഉല്‍‌സവമായ മാഘബിഹുവിനെപറ്റിയാണ്‌ പിന്നീട് ബീന വിവരിക്കുന്നത്.ബിഹു അസമിന്റെ ജീവിതതാളമാണ്‌.വിളവെടുപ്പുല്‍സവമായ മാഘബിഹുവും,നവവല്‍സരബിഹുവായ റൊംഗാലി ബിഹുവും,പിന്നെ പാവങ്ങളുടെ ബിഹുവായ കാത്തിബിഹുവും ഉണ്ട്. അസമിയ സംഗീതം ബിഹു സംഗീതമാണ്‌.നൃത്തം ബിഹുനൃത്തവും.മാഘബിഹു ആഘോഷിക്കുന്നത് തിന്നു കൊണ്ടാണ്‌.പുതിയ വിളവുകള്‍ കിട്ടിയ സന്തോഷം മതിവരുവോളം തിന്നു മദിച്ച് കൊണ്ടാടുകയാണ്‌. ഇതേവരെ തന്നതിനൊക്കെ നന്ദിപറയുന്ന ആഘോഷമാണ്‌ ബിഹു.ബിഹുവിന്‌ ജാതിമതഭേദങ്ങളില്ല.പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തെപറ്റിയാണ്‌ അടുത്ത അധ്യായം.ഗൗഹാട്ടിയില്‍നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്ത് നീലാചല്‍ എന്നറിയപ്പെടുന്ന നീലപര്‍‌വതത്തിലാണ്‌ കാമാഖ്യ ദേവിയുടെ ഇരിപ്പിടം.അവിടുത്തെ അനുഭവങ്ങള്‍ രസകരമായി ബീന വിവരിക്കുന്നു. അസമീസ് ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെപറ്റിയും ബീന എഴുതുന്നു.അസമീസ് പാചകരീതിയെക്കുറിച്ചും ഒരു കുറിപ്പുണ്ട്‌.ലാളിത്യമാണ്‌ അസമീസ് പാചകരീതിയുടെ മുഖമുദ്ര.കടുകെണ്ണയിലാണ്‌ അസമീസ് പാചകം.വെളിച്ചെണ്ണയുടെ മണം പോലും ഓക്കാനം വരുത്തുമത്രെ! കൂടാതെ നമുക്ക് പരീക്ഷിക്കാന്‍ ഒരു അസമീസ് കറിയുടെ പാചകരീതിയും കൊടുത്തിരിക്കുന്നു..കടുകെണ്ണക്ക് പകരം വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ഒന്നു പരീക്ഷിച്ചു നോക്കാമെന്നാണ്‌ എനിക്ക് തോന്നുന്നത്. അസമീസ് കലാപത്തിനു പുറകിലുള്ള കാരണങ്ങളെക്കുറിച്ച് ഒരു വിശകലനമുണ്ട്‌.'അയല്‍ രാജ്യത്തിലെ പ്രധാനമന്ത്രി വാജ്‌പേയ് 'എന്ന അധ്യായത്തിലാണ്‌ ഇത്.പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് കൊഹീമ സന്ദര്‍‌ശിച്ചപ്പോള്‍ ഒരു പത്രത്തില്‍ വന്ന തലക്കെട്ട് ഇങ്ങനെയായിരുന്നത്രെ:PRIME MINISTER FROM OUR NEIGHBOURING COUNTRY VISITS NAGALAND.അസമിലെ തീവ്രവാദികള്‍ സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവുമൊക്കെ ആഘോഷിക്കാറുള്ളത് അക്രമപരമ്പരകളിലൂടെയാണ്‌. ഒരു കാലത്ത് വീരനായകനായി ആരാധിക്കപ്പെട്ടിരുന്ന വിദ്യാര്‍‌ഥിനേതാവ് പ്രഫുല്ലകുമാര്‍ മൊഹന്തയെപറ്റി പറയുന്നു.മൊഹന്ത ഒരു കാലത്ത് നാടിന്റെ പ്രതീക്ഷയായിരുന്നു,അസമിനു പുറത്തുള്ളവര്‍‌ക്കുപോലും.ഒരു ദീര്‍‌ഘകാലസമരത്തില്‍ അദ്ദേഹം തന്റെ ജനതയെ നയിച്ചു.തങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ നിര്‍‌ദാക്ഷിണ്യം പൊരുതി. പിന്നീട് മൊഹന്ത തെരഞ്ഞെടുപ്പില്‍ വന്‍‌ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.പ്രതീക്ഷകള്‍ ആകെ അസ്‌തമിക്കുന്ന കാഴ്‌ചയാണ്‌ പിന്നീട് കണ്ടത്.ആദര്‍‌ശധീരന്‍‌മാര്‍ അഴിമതിവീരന്‍‌മാരായി.ഭരണകൂടം അഴിമതിയില്‍ മുങ്ങി. മാനത്തെ താരങ്ങള്‍ മണ്ണിലെ കരിക്കട്ടകളായി മാറിയെന്ന് ബീന പറയുന്നു.മൊഹന്തയുമായി ഒരു കൂടിക്കാഴ്‌ച്ചക്ക് ബീന ശ്രമിച്ചുവെങ്കിലും നടന്നില്ല. അസമിനെപ്പറ്റി പറയുന്നവര്‍ കാസിരംഗയെ വിസ്മരിക്കില്ല.ആനപ്പുറത്തിരുന്ന് കാസിരംഗ കണ്ട കഥ കേള്‍‌ക്കുമ്പോള്‍ വായനകാരിലും ആവേശം നിറയുന്നു. ഷില്ലോങ് യാത്ര,മഴ മറന്നുപോയ ചിറാപുഞ്ചിയിലേക്കുള്ള യാത്ര ,നാഥുലാപാസ്സിലേക്കുള്ള സാഹസികയാത്ര,കാഞ്ചന്‍‌ജംഗ,അരുണാചല്‍‌പ്രദേശ് യാത്രകള്‍ ഇവയെല്ലാം വായനക്കാരെ കൂടെ കൊണ്ട് പോകുന്നതാണ്‌. ധാരാളം മനോഹരചിത്രങ്ങളും കൊടുത്തിട്ടുള്ള ഈ പുസ്തകം കറന്റ് ബുക്സ് ആണ്‌ പുറത്തിറക്കിയിരിക്കുന്നത്.

Monday, July 7, 2008

RED RIBBON EXPRESS

RED RIBBON EXPRESS നാളെ കോഴിക്കോട്ട് എത്തുന്നു.എച്.ഐ.വി-എയിഡ്‌സ് ബോധവല്‍‌ക്കരണമാണ്‌ ലക്ഷ്യം.കോഴിക്കോട്ട് റെയില്‍‌വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ്‌ഫോമില്‍ ആണ്‌ വണ്ടി എത്തുന്നത്.പ്രവേശനം സൗജന്യമാണ്‌.പ്ലാറ്റ് ഫോം ടികറ്റ് എടുക്കേണ്ടതില്ല.ക്ലാസ്സുകള്‍,സ്ലൈഡ് -വീഡിയോ പ്രദര്‍‌ശനങ്ങള്‍ ,ചര്‍‌ച്ചകള്‍,രക്തപരിശോധന ,കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.രണ്ട് ദിവസം സം‌ഘം ജില്ലയില്‍ ഉണ്ടായിരിക്കും.
RED RIBBON EXPRESS-നെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.

Thursday, July 3, 2008

ആലാഹയുടെ പെണ്‍‌മക്കള്‍

സാറാ ജോസഫ് എഴുതിയ ' ആലാഹയുടെ പെണ്‍‌മക്കള്‍ ' എന്ന നോവലിന്റെ നല്ലൊരു പഠനം 'ലളിതം 'എന്ന നല്ലൊരു ബ്ലോഗില്‍.വായിക്കുക..

മരുന്നുകള്‍‌ക്കപ്പുറം
























ഡോ.പി.എ.ലളിത എഴുതിയ പുസ്തകമാണ്‌ മരുന്നുകള്‍‌ക്കപ്പുറം.ഐ.എം.എ വനിതാവിഭാഗത്തിന്റെ നേതാവും കോഴിക്കോട്ടെ പ്രസിദ്ധമായ ഒരു ആശുപത്രിയുടെ ഡയറക്റ്ററുമായ ഡോക്‌റ്ററുടെ അനുഭവക്കുറിപ്പുകള്‍ ആണ്‌ ഇതില്‍.ഡോക്‌റ്റര്‍ എന്ന നിലയില്‍ തന്നെ സ്പര്‍‌ശിച്ച അനുഭവങ്ങളെപ്പറ്റി അവര്‍ ഹൃദയസ്പര്‍‌ശിയായ രീതിയില്‍ എഴുതുന്നു.ചികില്‍‌സക്ക് മരുന്നുകള്‍‌ക്കപ്പുറം ഒരു മാനമുണ്ടെന്ന് അവര്‍ കാണിച്ചു തരുന്നു.കോഴിക്കോട്ടെ വൃക്കവിവാദത്തെപ്പറ്റിയും അതിന്റെ പ്രത്യാഘാതങ്ങളെപറ്റിയും അവര്‍ വിശദമായി എഴുതുന്നു.വിവാദത്തില്‍ നമ്മുടെ മാധ്യമങ്ങളും ,സം‌ഘടനകളുമൊന്നും യുക്‌തിഭദ്രമായോ സത്യസന്ധമായോ അല്ല കാര്യങ്ങളെ കണ്ടതെന്ന് പറയുമ്പോള്‍ തന്നെ ഡോ.ലളിതയും പല സത്യങ്ങളും കാണാതിരിക്കുന്നുണ്ട്.

Tuesday, July 1, 2008

SEVEN SINS OF MEDICINE

Dear all,

The Seven Sins of Medicine, by Richard Asher, are a perspective on Medical Ethics first published in The Lancet in 1949.[1]
Considered as poor personal conduct by Doctors (or more typically, medical students) The Seven Sins describes behavior that in itself might not be grounds for professional complaint or discipline but would be considered discourteous, especially in any situation outside of the pompous doctor - sick patient scenario.
Still very relevant in medical study and practice, they are:

1. Obscurity: Asher endorses the use of clear communication and plain language whether writing or speaking. Obscurity may be used to cloak one's own ignorance, or due to an inability to communicate with those outside of the medical profession. "If you don't know, don't admit it. Instead, try to confuse your listeners." is not uncommon.
Regardless of the intention, whether to misdirect from incompetence or to foster a feeling of superiority, the patient and those surrounding them are often left confused and uncertain.

2. Cruelty: This sin is perhaps one of the most common perpetrations committed by doctors and medical students. Whether it be the physical thoughtlessness of a half-dozen students palpating a painful tumor mass, or loudly taking (or presenting) a patient's history in a crowded room, one of the first things that is unlearnt by a medical professional is to treat the patient as they themselves would like to be treated.

3. Bad Manners: Often overlooked, rudeness or poor taste in humor is condoned within the hospital setting. At the end of the day, many Doctors and students are simply rude to patients that do not suit them. Whether it is a snapping at an uncooperative patient or making a cruel joke about them after leaving the room, the impact of these "coping mechanisms" (as they are considered to be by many) must be taken into account.

4. Over Specialisation: In a growing trend by the medical establishment, over-specialisation and under-generalisation is a growing problem in the wider medical community. Ignoring aspects of one's education in favor of more interesting aspects is a behaviour that is pathological and outright negligent in a student. Failure to diagnose or to treat a patient because "their signs and differential fall outside of my field, let's turf them to another service" ought be a seriously considered Supervisory & Training issue.

5. Love of the Rare: (aka "If you hear hoof-beats, think horses. Not zebras") The desire for rare and interesting diseases causes many medical students and young doctors to seek the bizarre rather than seeing a mundane diagnosis.

6. Common Stupidity: As well as the standard definition for this sin, the specific example of "using empirical procedures rather than tailoring for the patient" or the young doctor "flying on autopilot" must be mentioned. Ordering another test that is redundant, and for which the results may already be interpreted from the history, before starting treatment is such a situation. For example: requesting a haemoglobin count before beginning transfusion, despite the fact that the patient appears obviously anaemic.

7. Sloth: Laziness. Also includes ordering excessive numbers of tests, rather than simply taking the time to take an adequate history.

(Article Courtesy - Wikipedia)

HAPPY DOCTORS DAY

നാര്‍‌കോ അനാലിസിസ്

നുണപരിശോധന അഥവാ നാര്‍കോ അനാലിസിസ് ആണ്‌ ഇപ്പോള്‍ നമ്മുടെ നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയം.എപ്പോഴും സത്യം കണ്ടെത്താവുന്ന ഒരു അത്‌ഭുതവിദ്യയായി നാര്‍ക്കോ അനാലിസിസ് കാണപ്പെടുന്നു.ഇതൊരു ശാസ്ത്രീയപരിശോധന ആണെന്നുള്ള കാര്യം പോലും മറന്നുകൊണ്ടാണ്‌ പലപ്പോഴും പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.

ചില മരുന്നുകളുടെ സഹായത്തോടെ വ്യക്തിയെ ഉറക്കം പോലുള്ള അവസ്ഥയിലാക്കി വസ്തുതകള്‍ കണ്ടു പിടിക്കുന്ന വിശകലനരീതിയാണ്‌ നാര്‍കോ അനാലിസിസ്.ഫിനോബാര്‍ബിറ്റോണ്‍ ഒക്കെ ഉള്‍പ്പെടുന്ന ബാര്‍ബിറ്റുറേറ്റ് വര്‍ഗത്തില്‍ പെടുന്ന മരുന്നുകളാണ്‌ നാര്‍കോ അനാലിസിസിന്‌ സാധാരണ ഉപയോഗിക്കുന്നത്.ബെന്‍‌സോഡയാസപിന്‍ വിഭാഗത്തില്‍ പെടുന്ന മരുന്നുകളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.വിധേയനാക്കപ്പെടുന്ന വ്യക്തി മയക്കത്തിലാകുമ്പോള്‍,ബോധപൂര്‍‌വമോ അല്ലാതെയോ അടക്കി വെച്ചിരിക്കുന്ന ഓര്‍‌മകളും ചിന്തകളും വികാരങ്ങളുമെല്ലാം പുറത്തു കൊണ്ടു വരുന്ന വിദ്യയാണ്‌ നാര്‍‌കോ അനാലിസിസ്.മാനസികരോഗചികില്‍‌സയിലും ഇതേ തന്ത്രം ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.

നാര്‍‌കോ അനാലിസിസ് നടത്തുമ്പോള്‍ ചെറുഡോസുകളില്‍ ആണ്‌ ഈ മരുന്നുകള്‍ നല്‍‌കുന്നത്.ഇത്തരം മാത്രകളില്‍ ഈ പ്രക്രിയക്ക് വിധേയനാക്കപ്പെടുന്ന വ്യക്തി മയക്കത്തിലെത്തുകയും അതേ സമയം പ്രതിരോധം കുറഞ്ഞ് കൂടുതല്‍ ആശയവിനിമയത്തിന്‌ സന്നദ്ധനാകുകയും ചെയ്യുന്നു.അതിനാല്‍ തന്നെ സത്യം പുറത്തു വരാനുള്ള സാധ്യത കൂടുന്നു എന്നാണ്‌ സിദ്ധാന്തം.

ലോകത്ത് മനുഷ്യരാശി ഉണ്ടായതു മുതല്‍ കുറ്റകൃത്യങ്ങളുണ്ട്.കുറ്റാന്വേഷണത്തിനും അത്ര തന്നെ പഴക്കമുണ്ട്.കുറ്റാന്വേഷണത്തിനു കുറുക്കു വഴികള്‍ പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നു.അന്വേഷണവുമായി ആരോപണവിധേയന്‍ നിസ്സഹകരിക്കുന്നു എന്നു തോന്നുമ്പോഴാണ്‌ കുറുക്കു വഴികള്‍ കൂടുതലായി പ്രയോഗിക്കപ്പെട്ടത്.നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടു വന്നിരുന്ന മൂന്നാം മുറ ഇതിന്‌ ഒരു ഉദാഹരണമാണ്‌.വ്യാപകമായും ആഴത്തിലും അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരുന്നതിനു പകരമുള്ള ഒരു എളുപ്പവഴിയായാണ്‌ ഇത് പ്രയോഗിക്കപ്പെടുന്നത്.അതായത് തന്റെ കസേരയിലിരുന്ന് സത്യം കണ്ടു പിടിക്കാനുള്ള കുറ്റാന്വേഷകന്റെ ശ്രമം.അതിനാല്‍ തന്നെ പലപ്പോഴും തെറ്റുകള്‍ പറ്റാറുമുണ്ടായിരുന്നു.

കുറ്റാന്വേഷണത്തിന്‌ ശാസ്ത്രത്തിന്റെ സഹായം തേടാനുള്ള ശ്രമം പുതിയതൊന്നുമല്ല.നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുടെ കുറ്റാന്വേഷണരീതികള്‍ വളരെയധികം ശാസ്ത്രീയമായിക്കഴിഞ്ഞിരിക്കുന്നു.ഇതില്‍ വൈദ്യശാസ്ത്രവും വളരെക്കാലമായി പ്രയോഗിക്കപ്പെട്ടിരുന്നു.അത്തരം ഒരു പ്രയോഗമാണ്‌ നാര്‍കോ അനാലിസിസ്.പക്ഷെ ഇതിന്റെ ധാര്‍‌മിക,മാനുഷിക വശങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.


നാര്‍കോ അനാലിസിസ് അത്ര പുതിയതൊന്നുമല്ല.മാനസികരോഗവിദഗ്ദര്‍ അവരുടെ ചികില്‍സയുടെ ഭാഗമായി ഇത് ഉപയോഗിച്ചു വന്നിരുന്നു.രോഗനിര്‍ണ്ണയത്തിനും ചികില്‍സയ്ക്കും ഇത് പ്രയോജനകരമായി കണ്ടിട്ടുണ്ട്.

കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കാന്‍ നാര്‍കോ അനാലിസിസ് ഉപയോഗിക്കുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങളില്‍ മാത്രമാണ്‌ മാറ്റമുള്ളത്.മാനസികരോഗത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ മിഥ്യാഭ്രമങ്ങളും സങ്കല്‍‌പങ്ങളും വളരെ പ്രാധാന്യമുള്ളതാണെങ്കില്‍ ,നാര്‍കോ അനാലിസിസില്‍ വസ്തുനിഷ്ടയാഥാര്‍ഥ്യത്തിനാണ്‌ പ്രാധാന്യം.

നാര്‍കോ അനാലിസിസിന്റെ ആദ്യത്തെ പ്രയോഗം കുറ്റവാളിയെ ശിക്ഷിക്കുന്നതിനല്ല,കുറ്റാരോപിതനെ കുറ്റവിമുക്തനാക്കുന്നതിനാണ്‌ ഉപകരിച്ചത്.റോബര്‍ട്ട് ഹൗസ് എന്ന ഡോക്റ്റര്‍ ആണ്‌ ഇത് ആദ്യമായി പരീക്ഷിച്ചത്.അദ്ദേഹം ഡള്ളാസിലെ ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു.പ്രസവസമയത്ത് അക്കാലത്ത് ഉപയോഗിച്ചിരുന്ന 'സ്കോപ്പോളമിന്‍' ആണ്‌ ആദ്യം ഉപയോഗിക്കപ്പെട്ടത്.ഈ മരുന്നിന്റെ ഫലങ്ങള്‍ നിരീക്ഷിച്ച ഡോക്‌ടര്‍ ഹൗസ് ,ഇത് നുണപരിശോധനയ്ക്കും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചു.ആദ്യമായി പ്രയോഗിക്കപ്പെട്ടത് ഡള്ളാസ് ജയിലിലെ രണ്ട് തടവുപുള്ളികളിലായിരുന്നു.അവരാകട്ടെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടവരും ആയിരുന്നു.പക്ഷെ,'സ്കോപ്പോളമീന്‍' മയക്കത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ആരോപിതമായ കുറ്റകൃത്യങ്ങള്‍ നിഷേധിച്ചു.വിചാരണയില്‍ അവര്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു.മരുന്നിന്റെ സ്വാധീനത്തില്‍ യുക്തിഭദ്രമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്നതിനാല്‍ കളവു പറയാന്‍ സാധിക്കുന്നില്ല എന്ന ലളിതമായ നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തി.ഈ നിരീക്ഷണം വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.പിന്നീട് പല വട്ടം സ്കോപോളമീന്‍ ഈ ആവശ്യത്തിനുപയോഗിച്ചു.
പക്ഷെ ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന സ്കോപോളമിന്‍ ഈ ഉപയോഗത്തിനു യോഗ്യമല്ലെന്ന് വിധിയെഴുതപ്പെട്ടു.മനോവിഭ്രമങ്ങളും മിഥ്യാഭ്രമങ്ങളും അടക്കമുള്ള ധാരാളം പാര്‍ശ്വഫലങ്ങള്‍ സ്കോപോളമീന്‌ ഉണ്ടായിരുന്നു.

അപസ്മാരത്തിനും നിദ്രാരാഹിത്യത്തിനും ഉപയോഗിക്കുന്ന ബാര്‍ബിറ്റുറേറ്റ് വിഭാഗത്തില്‍ പെട്ട ഔഷധങ്ങളാണ്‌ പിന്നീട് ഈ ആവശ്യത്തിനുപയോഗിച്ചത്.ഫിനോബാര്‍ബിറ്റോണിന്റെയൊക്കെ അടുത്ത ബന്ധുവായ തയോപെന്റോണ്‍ ആണ്‌ കൂടുതല്‍ ഉപയോഗിച്ചത്.എങ്കിലും ഇതിന്‌ അധികം പ്രചാരമൊന്നും ലഭിച്ചില്ല.ഔഷധങ്ങളുടെ സ്വാധീനത്തിലുള്ള കുറ്റസമ്മതം തെളിവായെടുക്കാന്‍ കോടതികള്‍ പൊതുവെ വിമുഖരായിരുന്നു.ഈ പ്രക്രിയയുടെ ധാര്‍മികവശങ്ങളും ചോദ്യം ചെയ്യപ്പെട്ടു.
പിന്നീട് ധാരാളം പഠനങ്ങളും നിരീക്ഷണങ്ങളും നാര്‍കോ അനാലിസിസിനെപ്പറ്റി നടക്കുകയുണ്ടായി.കുറ്റാന്വേഷണത്തിന്‌ അത്ര സഹായകരമായ ഒന്നല്ല നാര്‍കോ അനാലിസിസ് എന്നായിരുന്നു ശാസ്ത്രജ്ഞന്‍‌മാരുടെ പൊതുവേയുള്ള അഭിപ്രായം.നാര്‍കോ അനാലിസിസിന്‌ വിധേയരാക്കപ്പെട്ട വ്യക്തികള്‍ സത്യം പറയാതിരിക്കുന്നതും കള്ളം പറയുന്നതും ധാരാളം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തുവെന്ന് സമ്മതിക്കുന്നവരുമുണ്ടായിരുന്നു.

നാര്‍കോ അനാലിസിസ് ഗൗരവമുള്ള ഒരു കാര്യമാണ്‌.രാജ്യത്ത് ധാരാളം നുണപരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഒരു മന്ത്രി കുറച്ചു കാലം മുമ്പ് പറയുകയുണ്ടായി.ഒരു വിദഗ്ദസംഘത്തിന്റെ മേല്‍‌നോട്ടത്തിലാണ്‌ ഈ പരിശോധന നടത്തുന്നത്.ഒരു സൈക്യാട്രിസ്റ്റ്,ഒരു അനസ്തേഷ്യോളജിസ്റ്റ്,ഒരു ഫോറന്‍‌സിക് സൈക്കോളജിസ്റ്റ്,നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘം ജീവന്‍ രക്ഷാസജ്ജീകരണങ്ങളെല്ലാമുള്ള തിയേറ്ററില്‍ ആണ്‌ ടെസ്റ്റ് നടത്തുന്നത്.
സാധാരണ ഉപയോഗിക്കുന്ന പെന്റോത്താല്‍ പാര്‍‌ശ്വഫലങ്ങള്‍ ഉള്ള ഒന്നാണ്‌.ചില രോഗങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്‌.പാര്‍ശ്വഫലങ്ങളില്‍ മരണവും ഉള്‍‌പ്പെടുന്നു,അത്തരം ദുരന്തങ്ങള്‍ അത്യപൂര്‍‌വമാണെങ്കിലും.അത്ര ലളിതമായി കാണേണ്ട ഒന്നല്ല നാര്‍കോ അനാലിസിസ് എന്നാണ്‌ പറയുന്നത്.വെടിയുണ്ട വിവാദത്തില്‍ പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നൊക്കെ ഒരു നേതാവ് പ്രസംഗിക്കുന്നത് കേട്ടിരുന്നു.

ഈ കുറിപ്പ് എഴുതിയിരിക്കുന്നത് ചില ഫാര്‍‌മകോളജി പുസ്തകങ്ങളും സൈബര്‍ ക്രൈം വിദഗ്ദനായ എം.ശിവാനന്ദറെഡ്ഡി എഴുതിയ ലേഖനങ്ങളും അടിസ്ഥാനമാക്കിയാണ്‌.നാര്‍കോ അനാലിസിസിനെപ്പറ്റി എഴുതുകയായിരുന്നില്ല ഉദ്ദേശ്യം.അഭയ കേസിനെപ്പറ്റി എഴുതാനായിരുന്നു ഉദ്ദേശിച്ചത്.നാര്‍കോ അനാലിസിസിന്റെ ധാര്‍മികവശങ്ങളെപ്പറ്റിയും എഴുതണമെന്നുണ്ടായിരുന്നു.അത് തല്‍ക്കാലം മാറ്റി വെക്കുന്നു.

നാര്‍കോ അനാലിസിസ് പരിശോധനയുടെ പേരില്‍ സി.ബി.ഐ യെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ്‌ തോന്നുന്നത്.കാരണം അവര്‍ക്കതില്‍ വലിയ റോളൊന്നുമില്ല.





Saturday, June 28, 2008

പോസ്‌റ്റ് മോര്‍‌ട്ടം
























പ്രശസ്ത പഞ്ചാബി എഴുത്തുകാരി അജിത് കൗറിന്റെ നോവല്‍.ആത്മനിന്ദയാല്‍ നയിക്കപ്പെടുന്ന ,തന്നെക്കാള്‍ രണ്ട് വയസ്സ് ഇളയ ,വിവാഹിതനായ പത്രപ്രവര്‍‌ത്തകനോട് ഒരു യുവതിക്ക് തോന്നിയ അദമ്യമായ ആസക്തിയാണ്‌ കഥയുടെ കേന്ദ്രബിന്ദു.ആധുനികജീവിതത്തിലെ സ്ത്രീ പുരുഷബന്ധങ്ങളിലെ പൊരുത്തക്കേടുകളുടെ ഒരു സ്ത്രീപക്ഷവായന നമുക്കിവിടെ കാണാം.ശ്രീ.വി.ഡി.കൃഷ്ണന്‍ നമ്പ്യാര്‍ വിവര്‍‌ത്തനം ചെയ്ത ഈ നോവല്‍ പുറത്തിറക്കിയത് ഡി.സി.ബുക്സ്. വില നാല്‍‌പത് രൂപ.

മരണം ദുര്‍‌ബലം


കെ.സുരേന്ദ്രന്റെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിലൊന്ന്.
വില 180 രൂപ.പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സ്.

ബാവലി

Wednesday, June 25, 2008

രതിയും എയിഡ്‌സും ഒരു പിടി നുണകളും
























എയി‌ഡ്‌സ് ഇന്ത്യയെ അതിവേഗം കീഴടക്കിക്കൊണ്ടിരിക്കുന്നു.ഈ ദുരവസ്ഥയില്‍ നിന്ന് നമ്മുടെ രാജ്യത്തെ എങ്ങനെ രക്ഷിക്കാമെന്നുള്ള ഒരു പഠനമാണ്‌ SEX,LIES AND AIDS എന്ന പുസ്തകം.
പത്രപ്രവര്‍ത്തകനും വികസനകാര്യവിദഗ്ദനുമായ സിദ്ധാര്‍ഥ് ദുബേ ആണ്‌ ഈ പഠനം നടത്തിയിട്ടുള്ളത്. ഡി.സി.ബുക്സിനു വേണ്ടി ഹര്‍‌ഷവര്‍ദ്ധനാണ്‌ ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
നമ്മുടെ ഭരണകൂടത്തിന്റെ യുക്തിവിരുദ്ധവും അശാസ്‌ത്രീയവുമായ നയങ്ങളാണ്‌ ഈ രോഗം ഇത്ര വ്യാപകമായി പടരാനിടയാക്കിയത് എന്നാണ്‌ ദുബെ വിശദീകരിക്കുന്നത്.
എയ്‌ഡ്‌സ് രോഗം ഇന്ത്യയില്‍ പടരാന്‍ തുടങ്ങിയപ്പോള്‍ ഒരു ക്രമസമാധാനപ്രശ്നമഅയാണ്‌ ഭരണാധികാരികള്‍ അതിനെ കണ്ടത്.രോഗത്തെക്കുറിച്ച് അകാരണമായ ഭീതി ഉണ്ടാക്കി.വിവേചനത്തിന് വഴി വെച്ചു.ഡോക്‌ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പോലും എയ്‌ഡ്‌സ് രോഗികളോട് വിവേചനം കാണിച്ചു.ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്നുപയോഗിക്കുന്നവരെയും ബലം പ്രയോഗിച്ച് പരിശോധനക്ക് വിധേയരാക്കി.എയിഡ്‌സ് രോഗികളാണെന്ന് കാണപ്പെട്ടവരെ കുറ്റവാളികളെപ്പോലെ ജയിലിലടച്ചു.

'എയിഡ്‌സ് മരണത്തിന്‌ തുല്യം' എന്നും 'പതിതകളായ സ്ത്രീകളാണ്‌ എയിഡ്‌സിന്‌ കാരണക്കാരെന്നും' പ്രഖ്യാപിക്കുന്നതായിരുന്നു സര്‍‌ക്കാറിന്റെ ബോധവല്‍‌ക്കരണനടപടികള്‍.തല്‍‌ഫലമായി ജനങ്ങളില്‍ ഭീതി വളര്‍‌ത്തപ്പെട്ടു.മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച വാര്‍‌ത്തകളും വിവരണങ്ങളും നല്‍‌കി സ്ഥിതി കൂടുതല്‍ മോശമാക്കി.ക്രൂരമായ വിവേചനമുണ്ടായി.
ഡോക്‌റ്റര്‍‌മാരും നഴ്‌സുമാരും പോലും എയിഡ്‌സ് രോഗികളെ പരിചരിക്കാന്‍ വിസമ്മതിച്ചു.ഇത് ജനങ്ങള്‍‌ക്കിടയില്‍ ആശങ്കകള്‍ അധികരിപ്പിച്ചു.
എയിഡ്‌സിനെതിരെയുള്ള യുദ്ധം ലൈംഗികത്തൊഴിലാളികളിലും മയക്കുമരുന്നുപയോഗിക്കുന്നവരിലും കേന്ദ്രീകരിച്ചു.ലൈഗികത്തൊഴിലാളികളെ സമീപിക്കുന്നവരെ ഒഴിവാക്കി.
സ്വവര്‍‌ഗരതി ഇന്ത്യയെ ബാധിക്കുന്ന ഒരു പ്രശ്‌നമേയല്ലെന്ന തെറ്റായ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ പ്രവര്‍‌ത്തനങ്ങള്‍ സ്ഥിതി കൂടുതല്‍ മോശമാക്കി.
നിര്‍‌ബന്ധപരിശോധനയെന്നത് അസാധ്യമാണെന്ന് ഗവണ്‍‌മെന്റ് കണക്കിലെടുത്തില്ല.എച്.ഐ.വി.ബാധയുള്ളവരും സാധ്യതയുള്ളവരും പോലീസിന്റെയും അധികൃതരുടെയും കണ്ണ് വെട്ടിച്ചു കഴിഞ്ഞു.അവര്‍ ആശുപത്രികളില്‍നിന്ന് വിട്ടു നിന്നു.കുറ്റവാളി എന്ന് മുദ്ര കുത്തപ്പെടുന്ന അവസ്ഥയാണ്‌ ഉണ്ടായിരുന്നത്.
ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു രോഗത്തെ ബലപ്രയോഗത്തിലൂന്നിയ പരുക്കന്‍ നയങ്ങള്‍ കൊണ്ട് നിയന്ത്രണാധീനമാക്കാന്‍ പറ്റുമെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.
എയിഡ്‌സ് ദരിദ്രരും അപഥസഞ്ചാരികളുമായ ഒരു ന്യൂനപക്ഷത്തിനു മാത്രം വരുന്ന ഒരു രോഗമാണെന്ന ധാരണയാണ്‌ മിക്കപേര്‍‌ക്കും ഉണ്ടായിരുന്നത്.ഇന്ത്യക്കാരുടെ ലൈംഗികസ്വഭാവങ്ങളെക്കുറിച്ച് ഒദ്യോഗസ്ഥര്‍ അജ്ഞരായിരുന്നു.ദരിദ്രജനവിഭാഗങ്ങളില്പെട്ടവര്‍ മാത്രമാണ്‌ ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു.
ഇന്ത്യയില്‍ എല്ലാ വരുമാനതലങ്ങളിലും പെട്ട കൗമാരപ്രായക്കാരും പുരുഷന്‍‌മാരും ലൈംഗികത്തൊഴിലാളികളെ പ്രാപിക്കുന്നുവെന്ന സത്യത്തിനു നേരെ ഭരണാധികാരികള്‍ കണ്ണടച്ചു.
ഇങ്ങനെ ഭരണാധികാരികളുടെ അപക്വനയങ്ങള്‍ മൂലം എയിഡ്‌സ് ഇന്ത്യയെ വിഴുങ്ങുന്ന പശ്ചാത്തലത്തില്‍ സിദ്ധാര്‍ഥ ദുബെ നടത്തിയ പഠനമാണ്‌ ഈ പുസ്തകം.
ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ആഴത്തില്‍ ഗവേഷണം നടത്തി തയ്യാറാക്കിയ ഈ പുസ്തകം വളരെ വിജ്ഞാനപ്രദമാണ്‌.
ഒട്ടനവധി കാര്‍‌ട്ടൂണുകള്‍ ചേര്‍‌ത്തിട്ടുള്ള ഈ പുസ്തകം ലളിതമായ ഭാഷയില്‍ ആണ്‌ എഴുതിയിട്ടുള്ളത്.പുസ്തകത്തിന്‌ രണ്ട് അനുബന്ധങ്ങള്‍ കൊടുതിട്ടുണ്ട്‌--'എയിഡ്‌സ് യുഗത്തിന്‌ ഒരു കാമശാസ്ത്രം,സുരക്ഷിതമായ രതി എങ്ങനെ സാധ്യമാക്കാം ' 'എച്.ഐ.വി. എയിഡ്‌സിനെ അറിയുക ' എന്നിങ്ങനെ.
വൈറസ്സുകള്‍ക്കെതിരെ മരുന്നകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്ന് പുസ്തകത്തില്‍ പറയുന്നത് വസ്‌തുതാപരമായി ശരിയല്ല.

അരവിന്ദാശ്രമത്തിലെ അമ്മ
























മിറ അല്‍‌ഫസ പാരീസിലെ ഒരു സമ്പന്നകുടുംബത്തിലാണ്‌ ജനിച്ചത്.പിതാവ് ഒരു ബാങ്കുടമയായിരുന്നു.ആനന്ദപൂര്‍ണമായ ഒരു ജീവിതമാണ്‌ ശൈശവത്തില്‍ അവള്‍ക്ക് ലഭിച്ചത്.
അവരുടെ ആധ്യത്മികത്വര അവരെ പിന്നീട് ഇന്ത്യയില്‍ എത്തിക്കുകയും ശ്രീ അരവിന്ദന്റെ ശിഷ്യയാക്കുകയും ചെയ്തു.പോണ്ടിചേരിയിലെ അരവിന്ദാശ്രമം സ്ഥാപിക്കുന്നതിനു പുറകിലുണ്ടായിരുന്ന ചാലകശക്തി അവരായിരുന്നു.
ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ശ്രീ അരവിന്ദന്‍ 'ഗുരു'വും മിറ 'അമ്മ'യും ആയിരുന്നു.ആധ്യാത്മികതയെക്കുറിച്ച് അവര്‍ക്ക് വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.അവരുടെ വ്യക്തിത്വം തെളിമയോടുകൂടി ആവിഷ്‌ക്കരിക്കുന്നതാണ്‌ ഈ ജീവചരിത്രം.
പ്രേമാ നന്ദകുമാര്‍ ആണ്‌ ഇതെഴുതിയിരിക്കുന്നത്.അമ്മയുടെ സജീവസാന്നിധ്യത്തിലാണ്‌ പ്രേമ വളര്‍ന്നത്.വിവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ അവര്‍ ലളിതമായ ഭാഷയില്‍ ആണ്‌ ഇതെഴുതിയിട്ടുള്ളത്.

Monday, June 23, 2008

ആജീവിക മതം

ഇന്ത്യന്‍ അതീസ്റ്റ് പബ്ലിഷേഴ്സ് ലോകമതങ്ങള്‍ എന്ന ഒരു പരമ്പര പുറത്തിറക്കുകയുണ്ടായി.വിവിധമതങ്ങളുടെ ഉല്‍‌ഭവത്തെപ്പറ്റിയും വികാസത്തെപറ്റിയും ഉള്ള പുസ്തകങ്ങള്‍ ആണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇടമറുക് ആണ്‌ പരമ്പരയിലെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളത്. ബുദ്ധ,ജൈനമതങ്ങളോടൊപ്പം ഭാരതത്തില്‍ ഉല്‍‌ഭവിക്കുകയും വലിയ ചലനമൊന്നുമുണ്ടാക്കാതെ അപ്രത്യക്ഷമാകുകയും ചെയ്ത മതമാണ്‌ ആജീവികമതം.ഈ മതത്തെപറ്റിയുള്ള പഠനമാണ്‌ ഇതില്‍.
....post to be continued.

Friday, June 20, 2008

സര്‍‌വീസ് സ്റ്റോറി-എന്റെ ഐ.എ.എസ് ദിനങ്ങള്‍
























സാഹിത്യകാരനെന്ന നിലയില്‍ മലയാളിയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ മികച്ച സിവില്‍ സര്‍‌വീസ് ഉദ്യോഗസ്ഥനുമായിരുന്നു.ഐ.എ.എസ് ജീവിതത്തെക്കുറിച്ചുള്ള ഓര്‍‌മ്മക്കുറിപ്പുകളാണ്‌ ഇത്.
ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ അതേ സമയം സത്യസന്ധമായി എഴുതപ്പെട്ടിട്ടുള്ള ഈ കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍‌ശിക്കുന്നവയാണ്‌.നര്‍മ്മമധുരമായ ഭാഷയില്‍ ഒട്ടനവധി അനുഭവങ്ങള്‍ മലയാറ്റൂര്‍ വിവരിക്കുന്നു.

MARRIAGE AND FAMILY-The Missing Dimension
























വിവാഹവും കുടുംബജീവിതവുമാണ്‌ ഈ പുസ്തകത്തിന്റെ വിഷയം.
ഈ പുസ്തകം ക്രൈസ്‌തവദര്‍‌ശനത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്‌.
ആധുനികശാസ്‌ത്രവുമായി ഈ പുസ്തകം യോജിച്ചു പോകുന്നില്ല.
UNITED CHURCH OF GODആണ്‌ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Wednesday, June 18, 2008

മതവും മനുഷ്യനും


പ്രശസ്‌ത മാനസികരോഗവിദഗ്‌ദനായ ഡോ.എന്‍.എം.മുഹമ്മദ് അലിയാണ്‌ 'മതവും മനുഷ്യനും' രചിച്ചത്.
ചിന്ത പബ്ലിഷേര്‍‌സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ വില എഴുപത് രൂപ.
എന്താണ്‌ മതമെന്നും മതങ്ങള്‍ എങ്ങനെ ഉണ്ടായെന്നും പരിശോധിക്കുന്നതോടൊപ്പം ,കൃസ്‌തുമതം,ഇസ്ലാം മതം,ബഹായ് മതം,സിഖ് മതം,ബുദ്ധമതം,ജൈനമതം,ഹിന്ദുമതം എന്നിവയുടെ ഉല്‍‌ഭവവും പരിണാമദശകളും സം‌ക്ഷിപ്തമായും ആധികാരികമായും ഇതില്‍ പ്രതിപാദിക്കുന്നു.

Monday, June 16, 2008

ജ്വാലാകലാപം

























അഞ്ചു ലഘുനോവലുകളുടെ സമാഹാരം.എഴുതിയത് സി.വി.ബാലകൃഷ്‌ണന്‍.വില നാല്‍‌പത്തിനാല്‌ രൂപ.പുറത്തിറക്കിയത് ഡി.സി.ബുക്സ്.
ജ്വാലാകലാപം,ഇരട്ടക്കുട്ടികളുടെ അച്‌ഛന്‍,മനസ്സിന്‌ എത്ര തിരശീലകള്‍,ഈന്തപ്പനയുടെ തോട്ടം,സാന്ദ്രസൗഹൃദം,അരശ് എന്നിവയാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Friday, June 13, 2008

നാലാം ലോകം-സ്വപ്‌നവും യാഥാര്‍ഥ്യവും {തുടര്‍ച്ച}

നാലാം ലോകത്തെപറ്റിയുള്ള പോസ്റ്റിന്റെ തുടര്‍ച്ച.
മുതലാളിത്തസാമ്പത്തികശാസ്‌ത്രത്തിന്റെ വലുതിന്റെ സാമ്പത്തികമേന്‍‌മ എന്ന സങ്കല്‍‌പം ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കുക സോഷ്യലിസ്‌റ്റ് സമൂഹത്തിന്റെ ലക്‌ഷ്യമായിരിക്കണം.സമ്പത്തിന്റെ കേന്ദ്രീകരണം ,വര്‍ദ്ധിച്ചു വരുന്ന അസമത്വം ,വര്‍ധമാനമായ പരസ്പരബന്ധങ്ങളും ആശ്രിതത്വങ്ങളും ,ഭീമവല്‍‌ക്കരണം എന്നിവ ചരിത്രപരമായ പ്രവണതകളാണ്‌.ആഗോളവല്‍‌ക്കരണവും ഉദാരവല്‍‌ക്കരണവും ഈ പ്രവണതകളെ ശക്തിപ്പെടുത്തുകയേ ചെയ്യുള്ളൂ.അബോധപൂര്‍‌വമായി നടക്കുന്ന ഈ പ്രക്രിയയില്‍ ഇടപെട്ട് ദിശ തിരിക്കേണ്ടതുണ്ട്.
ധനികരുടെയും മധ്യവര്‍ഗത്തിന്റേയും ധൂര്‍‌ത്തോപയോഗം നിയന്ത്രിക്കുക ,നിലവിലുള്ള ഉല്‍‌പാദനക്ഷമത പൂര്‍‌ണമായി ഉപയോഗിക്കുക ,വിട്ടുവീഴ്ചകള്‍ ചെയ്തും അതിര്‍ത്തിത്തര്‍‌ക്കങ്ങള്‍ പരിഹരിക്കുകയും സൈനികച്ചെലവ് കുറക്കുകയും ചെയ്യുക ,പബ്ലിക് ട്റാന്‍‌സ്‌പോര്‍‌ട്ട് മെച്ചപ്പെടുത്തി പെട്രോളിയം ഉപഭോഗം കുറക്കുക,ഭരണത്തിലെ വൃഥാവ്യയം കുറക്കുക ,കീഴ് മേല്‍ ബന്ധങ്ങളെ പരമാവധി ഇടം വലം ബന്ധങ്ങളാക്കി മാറ്റുക ഉടമാവകാശം എന്ന സങ്കല്‍‌പത്തിന്‌ മൗലികമായ മാറ്റം വരുത്തുക ,ആവശ്യങ്ങളെ ആര്‍ത്തിയില്‍ നിന്ന് വേര്‍ തിരിക്കുക,അഴിമതി നിര്‍‌മാര്‍ജനം ചെയ്യുക , ജാതി,മതം,രാഷ്‌ട്രീയം എന്നിവയുടെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക ,ചെറിയ സംഘങ്ങളുടെ പോലും ദേശീയതാവികാരങ്ങള്‍ മാനിക്കുക ,16 വയസ്സു വരെ നിര്‍‌ബന്ധസൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുക ,പരമാവധി സ്വാശ്രയത്ത്വം കൈവരിക്കുക ഇതൊക്കെ ചെയ്യേണ്‍റ്റതുണ്ട്എന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്‌.
ഇതിന്‌ ഒരു സമഗ്രലോകവീക്ഷണം ആവശ്യമായി വരുന്നു.ഇതിന്റെ സാരാംശം താഴെ പറയുന്നതാണ്‌.1..ഭൗതിക ഉപഭോഗത്തിന്‌ പരിമിതികളുണ്ട് എന്ന് മനസ്സിലാക്കുക.2..ചെറുതിനെ ശക്തമാക്കുകയും വന്‍‌സ്ഥാപനങ്ങളെ കഴിയുന്നത്ര ചെറുതാക്കുകയും ചെയ്യുക.3.. അനിയന്ത്രിതമായ നഗരവല്‍‌ക്കരണം തടയുക.3...തദ്ദേശ സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും ആഗോളസമ്പദ്വ്യവസ്ഥയുടെ ആക്രമണങ്ങള്‍ ചെറുത്ത് നില്‍ക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുക .4..അന്യരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തി യുദ്ധവും സൈനികചെലവും ഒഴിവാക്കുക.കൂടുതല്‍ ആഴത്തിലുള്ള പങ്കാളിത്തത്തോടെ സമൂഹത്തിന്റെ ജനാധിപത്യപരമായ അടിത്തറ ശക്തിപ്പെടുത്തുക.സുസ്ഥിരത ഉറപ്പുവരുത്തുക.മല്‍‌സരാത്മകസമൂഹത്തില്‍ നിന്ന് സഹരണാത്മകസമൂഹത്തിലേക്ക് മാറുക. ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ പരമാവധിപേരെ അണിനിരത്തുക.ഒരു വിമോചകനുവേണ്ടി കാത്തു നില്‍ക്കാതെ ചൂഷിതവര്‍‌ഗങ്ങളുടെ കൂട്ടായ്മയിലൂടെ ആവശ്യമായ നേതൃത്വം വളര്‍ത്തിയെടുക്കുക.ഏകാധിപത്യപരമായ സമരത്തിലൂടെ ജനാധിപത്യം സ്ഥാപിക്കാനാകില്ലെന്ന് മനസ്സിലാക്കുക.തുടര്‍‌ച്ചയായി ദരിദ്രവല്‍ക്കരിക്കപ്പെടുന്നവര്‍ പരസ്പരം പോരടിക്കുന്നതിനു പകരം ഒന്നിച്ചു ചേരണം.അധികാരഘടന കീഴ് മേല്‍ മറിയണം.പൗരന്‍‌മാര്‍ക്കായിരിക്കണം പരമാധികാരം.അടിസ്ഥാനഘടകങ്ങള്‍ക്ക് കൂടുതല്‍ വലിയ ഘടകങ്ങളെ എപ്പോള്‍ വേണമെങ്കിലും പുന:സംഘടിപ്പിക്കാന്‍ അധികാരമുണ്ടായിരിക്കും.കീഴ്ഘടകങ്ങളെ പിരിച്ചു വിടാനോ നിയന്ത്രിക്കാനോ വലിയ ഘടകങ്ങള്‍‌ക്ക് അധികാരമുണ്ടായിരിക്കില്ല.പൗരന്‍‌മാരുടെ അറിയാനുള്ള അവകാശവും പഠിക്കാനുള്ള ഉത്തരവാദിത്വവും മൗലികമായിരിക്കും.തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും തെരഞ്ഞെടുത്തവര്‍‌ക്ക് തിരിച്ചു വിളിക്കാന്‍ അവകാശമുണ്ടായിരിക്കും.ഭൗതികജീവിതഗുണത ,ഭൗതികേതരജീവിതഗുണത എന്നിവ തുടര്‍‌ച്ചയായി വര്‍‌ദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്‌ഷ്യം.അതിനാവശ്യമായ തോതില്‍ മാത്രമേ ഭൗതികോല്‍‌പ്പാദനം വര്‍ദ്ധിക്കേണ്ടതുള്ളു.

ഇപ്രകാരം ആധുനികസമൂഹനിര്‍‌മ്മാണത്തിനുള്ള പദ്ധതികളാണ്‌ ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.നിര്‍‌ഭാഗ്യവശാല്‍ വേണ്ട രീതിയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടില്ല.

നാലാം ലോകം-സ്വപ്നവും യാഥാര്‍ഥ്യവും




















സോഷ്യലിസം എന്നും നമ്മുടെ ആവേശമായിരുന്നു,സ്വപ്നവും.ആ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവര്‍‌ത്തിച്ചവര്‍ ഒരുപാടുണ്ട്‌.മുതലാളിത്തം ലോകത്തെ അടക്കി ഭരിക്കുന്ന ഇക്കാലത്തുപോലും സമത്വസുന്ദരലോകം കെട്ടിപ്പടുക്കല്‍ ലക്ഷ്യമാക്കിയവര്‍ ധാരാളമാണ്‌.
മുതലാളിത്തവും ആഗോളവല്‍‌ക്കരണവും തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിന്‌ സ്തുതി പാടിക്കൊണ്ടിരിക്കുന്നവരേയാണ്‌ നമുക്ക് ചുറ്റും കാണുന്നത്.പണത്തെ ഏറ്റവും മുകളില്‍ പ്രതിഷ്‌ടിച്ചിരിക്കുന്നു.
പ്രധാനസ്ഥാനങ്ങളിലെല്ലാം മുതലാളിത്തത്തിന്റെ സ്തുതിപാഠകരാണ്‌.നമ്മുടെ എഴുത്തുകാരും മാധ്യമങ്ങളുമെല്ലാം മുതലാളിത്തത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു.മുതലാളിത്തത്തിന്റെ മൂടുതാങ്ങുന്ന വിധികളാണ്‌ നമ്മുടെ നീതിപീഠങ്ങള്‍ പോലും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്.അതിനെ എതിര്‍‌ത്താല്‍ വികസനവിരോധികളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
ദരിദ്രനാരായണന്‍‌മാര്‍ക്കു വേണ്ടി സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ പരിഹസിക്കപ്പെടുന്നു.സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്നവരുടെ വിമോചനത്തിനുള്ള ചിന്തകള്‍ക്ക് പ്രാധാന്യം നല്‍‌കിക്കൊണ്ടുള്ള ആശയങ്ങളാണ്‌ 'നാലാം ലോകം' എന്ന പുസ്തകം മുന്നോട്ടു വെക്കുന്നത്.മറ്റൊരു ലോകം സാധ്യമാണ്‌ എന്നു തന്നെയാണ്‌ ഗ്രന്ഥകാരന്‍ പറയുന്നത്.വെറുതെ പറയുകയല്ല,യുക്തിഭദ്രമായി വിശകലനം ചെയ്യുകയാണ്‌ ചെയ്യുന്നത്.
ശ്രീ എം.പി.പരമേശ്വരന്‍ ശാസ്‌ത്രജ്ഞനും ശാസ്‌ത്രപ്രചാരകനുമായിരുന്നു.വൈജ്ഞാനികസാഹിത്യരംഗത്ത് ഒട്ടനവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്‌.കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്‌ ജനകീയാടിത്തറ നല്‍‌കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്‌.
തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് ഇലക്‌ട്രികല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പരമേശ്വരന്‍ ബോംബെ അണുശക്‌തിഗവേഷണകേന്ദ്രത്തില്‍ ഗവേഷകനായിരുന്നു.അദ്ദേഹം നാലു വര്‍ഷം റഷ്യയില്‍ ഉപരിപഠനം നടത്തി ഡോക്റ്ററേറ്റ് ബിരുദം നേടി.
കണ്ടും വായിച്ചും താന്‍ മനസ്സിലാക്കിയ കാര്യങ്ങളെ സത്യസന്ധമായി അദ്ദേഹം വിശകലനം ചെയ്യുകയാണ്‌ ഈ പുസ്തകത്തില്‍.ഒപ്പം താന്‍ വിഭാവനം ചെയ്യുന്ന സോഷ്യലിസ്‌റ്റ് സമൂഹത്തിന്റെ സൃഷ്‌ടിയെപ്പറ്റിയുള്ള പദ്ധതികള്‍മുന്നോട്ട് വെക്കുകയും ചെയ്യുന്നു. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ഒന്നും നിഷ്‌പക്ഷമായി വിലയിരുത്തപ്പെടാറില്ല.ഒന്നുകില്‍ കമ്മ്യൂണീസ്‌റ്റ് വിരോധത്തിന്റെ തിമിരം ബാധിച്ചവരായിരിക്കും.അല്ലെങ്കില്‍ തീവ്രകമ്മ്യൂണിസ്റ്റ് ഭക്തന്‍‌മാരായിരിക്കും.ഒരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും ലേഖകന്‍ വിമര്‍‌ശനപരമായി കാര്യങ്ങളെ വിലയിരുത്തുന്നു.നല്ലൊരു പഠനമാണ്‌ പരമേശ്വരന്‍ നടത്തുന്നത്.
ഗ്രന്ഥകര്‍ത്താവ് 1962 മുതല്‍ 1965 വരെ മോസ്‌കോ പവര്‍ ഇന്‍‌സ്‌റ്റിറ്റൂട്ടില്‍ പി.എച്.ഡി വിദ്യാര്‍ഥിയായിരുന്നു.അക്കാലത്തെ അനുഭവങ്ങള്‍ ഉല്‍‌സാഹമുണ്ടാക്കുന്നവയും അതേ സമയം ഉല്‍‌കണ്ഠ ജനിപ്പിക്കുന്നതുമായിരുന്നു.തൊഴിലില്ലായ്മയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യുന്നതിലും എല്ലാവര്‍ക്കും ആഹാരവസ്ത്ര,പാര്‍‌പിടാദികളും ആരോഗ്യ വിദ്യാഭ്യാസ വിനോദ വിശ്രമസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സോവിയറ്റ് റഷ്യ അദ്‌ഭുതകരമായ വിജയം കൈവരിച്ചിരുന്നു.ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിരുന്നു.തന്റേയും കുട്ടികളുടേയും ഭാവിയെക്കുറിച്ച് ഒരു സോവിയറ്റ് പൗരന്‌ ഉല്‍‌കണ്ഠപ്പെടേണ്ടതായുണ്ടായിരുന്നില്ല.ഭരണകൂടം തന്നെ സം‌രക്ഷിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു.സ്വത്ത് സമ്പാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.പലനിലക്കും മാതൃകാപരമായ കാര്യങ്ങള്‍ അവിടെ കണ്ടിരുന്നു.ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നിരുന്നു.രണ്ട് ലോകമഹായുദ്ധങ്ങളിലായി കനത്ത നാശം നേരിടേണ്ടി വന്ന ഒരു സമൂഹമായിരുന്നു അത്.‌
ലേഖകന്റെ അവിടെയുള്ള പഠനകാലത്ത് ഉല്‍‌കണ്ഠയുണ്ടാക്കുന്ന പലതും അവിടെ കണ്ടിരുന്നു.മറ്റൊരു സോഷ്യലിസ്‌റ്റ് രാജ്യമായ ചൈനയുമായുള്ള സം‌ഘര്‍‌ഷം വിശദീകരിക്കാന്‍ പ്രയാസമുള്ളതായിരുന്നു.ഭരണതലത്തില്‍ ചുവപ്പുനാടയുടെ അതിപ്രസരമുണ്ടായിരുന്നു.കമ്യൂണിസ്‌റ്റ് പാര്‍ടിയും ജനങ്ങളും തമ്മില്‍ കൂടുതല്‍ കൂടുതല്‍ അകല്‍‌ച്ച ഉണ്ടായിക്കൊണ്ടിരുന്നു.പാര്‍ട്ടി നേതാക്കള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സവിശേഷ ആനുകൂല്യങ്ങള്‍ ഈ അകല്‍ച്ച വര്‍‌ദ്ധിപ്പിച്ചു.അത് അനര്‍‌ഹമാണെന്ന് ജനങ്ങള്‍ കരുതി.

വിദേശനിര്‍‌മ്മിത വസ്‌തുക്കളോടുള്ള കമ്പം വര്‍ദ്ധിച്ചു വരികയായിരുന്നു.ഡോളര്‍ കരിഞ്ചന്ത വ്യാപകമായി.സങ്കുചിത റഷ്യന്‍ ദേശീയബോധത്തോട് മറ്റ് ദേശീയജനവിഭാഗങ്ങള്‍ക്ക് ശക്തമായ അമര്‍ഷം ഉണ്ടായിരുന്നു.സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്‌റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ സാര്‍‌വദേശീയകാഴ്‌ചപ്പാടിന്റെ അഭാവമുണ്ടായിരുന്നു. ഇത് മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അമര്‍ത്തി വെച്ച അമര്‍ഷത്തിന്‌ കാരണമായി.പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവ തിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.നിര്‍‌ഭാഗ്യവശാല്‍ അത്തരം ശ്രമങ്ങള്‍ വിജയിച്ചില്ല.

ഭാവിലോകത്തെക്കുറിച്ചും ഭാവിഭാരതത്തെക്കുറിച്ചുമുള്ള ചിന്തയുടെ പ്രാഗ്‌രൂപങ്ങള്‍ ശ്രീ പരമെശ്വരന്റെ മനസ്സില്‍ രൂപം കൊണ്ടത് അവിടെ വെച്ചാണ്‌.അതിന്റെ മൂന്നു പ്രധാനഘടകങ്ങള്‍ ഇവയായിരുന്നു.
1...പങ്കാളിത്തജനാധിപത്യം.
2....വികസനത്തെക്കുറിച്ചുള്ള വികല്പവീക്ഷണം.
3....ശാസ്‌ത്രസാങ്കേതികവിദ്യകളടക്കമുള്ള ഉദ്‌പാദനശക്‌തികളുടെ വികാസത്തോടുള്ള ഒരു വ്യത്യസ്‌ത സമീപനം.
ഈ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍.

ചരക്കുകള്‍ക്ക് ഉപയോഗമൂല്യം,വിനിമയമൂല്യം എന്നിവക്കു പുറമെ ക്ഷേമമൂല്യം എന്നൊന്നു കൂടിയുണ്ടെന്ന് പരമേശ്വരന്‍ വിശദീകരിക്കുന്നു.ഇന്ന് മുതലാളിത്തലോകം ഉല്‍‌പാദിപ്പിക്കുന്ന ചരക്കുകളിലും സേവനങ്ങളിലും ഒരു തരത്തിലുള്ള ക്ഷേമമൂല്യവും ഇല്ലാത്തതാണ്‌ കൂടുതല്‍.ഇത് തിരിച്ചറിയാത്തതാണ്‌ കമ്യൂണിസ്‌റ്റ്കാര്‍ക്ക് പറ്റിയ ഒരു തെറ്റ്.മനുഷ്യന്റെ യഥാര്‍‌ഥആവശ്യങ്ങളും മുതലാളിത്തം സൃഷ്‌ടിക്കുന്ന കപട ആവശ്യങ്ങളും തമ്മില്‍ വേര്‍ തിരിവ് ഉണ്ടായില്ല.സമൂഹത്തില്‍ ആ തിരിച്ചറിവ് ഉണ്ടാക്കാനായില്ല.ഉപഭോഗചരക്കുകളുടെ ലഭ്യത അനന്തമായി വര്‍‌ദ്ധിപ്പിക്കുകയല്ല,ചരക്കുല്‍‌പാദനം യഥാര്‍ഥ ആവശ്യങ്ങളില്‍ പരിമിതപ്പെടുത്തുകയാണ്‌ കമ്യൂണിസ്‌റ്റ് സമൂഹം ലക്ഷ്യമാക്കേണ്ടത്.ഇത് വഴി അധ്വാനസമയം കുറക്കാനും ഒഴിവുസമയം വര്‍‌ദ്ധിപ്പിക്കാനും കഴിയും.പക്ഷെ ഈ വഴി സ്വീകരിക്കുന്നതില്‍ മുഖ്യധാരാമാര്‍‌ക്സി‌സ്‌റ്റുകാര്‍ പരാജയപ്പെട്ടു.       continued here