ഡാനിയേല്‍ രാജയ്യ ജനിച്ചത് തമിള്‍നാട്ടിലെ ഒരു ഉള്‍ഗ്രാമത്തിലാണ്.കഠിനതപസ്യയിലൂടെയും നിരന്തരധ്യാനത്തിലൂടെയും അദ്ദേഹം ഇളയരാജയായി മാറി.സംഗീതജ്ഞനെന്ന നിലയില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഇളയരാജയുടെ ഓര്‍മക്കുറിപ്പുകളാണ് 'സംഗീതക്കനവുകള്‍'.ഇത് ഒരു ആത്മകഥയല്ല,സംഗീതമയമായ ഒരു വിദേശയാത്രയുടെ കാവ്യാത്മകമായ വിവരണമാണ്.യാത്രയിലുടനീളം ഇളയരാജ കണ്ടതും കേട്ടതും ഉപാസിച്ചതുമെല്ലാം സംഗീതം മാത്രം.ലളിതവും ഹൃദയത്തില്‍ തട്ടുന്നതുമായ ഈ ഗ്രന്ഥം തമിഴില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത് പ്രശസ്തകവി എസ്.രമേശന്‍ നായര്‍.കലര്‍പ്പില്ലാത്ത സത്യമാണ് ഇതില്‍ താന്‍ അവതരിപ്പിക്കുന്നത് എന്ന് ഇളയരാജ പറയുന്നു.
തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച ഇളയരാജയില്‍ സംഗീതവാസന ജ്വലിപ്പിച്ചത് ജ്യേഷ്ടന്‍ വരദരാജനാണ്.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു വിദ്വാന്‍ വരദരാജന്‍.അദ്ദേഹം പാര്‍ട്ടിയുടെ പ്രചാരഗായകനെന്ന നിലയില്‍ പ്രശസ്തനായിരുന്നു.ചേട്ടന് അസുഖമായപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനാണ് ഇളയരാജ ആദ്യമായി വേദിയിലെത്തുന്നത്.ദാരിദ്ര്യം കാരണം ഇളയരാജയ്ക്ക് എട്ടാം ക്ലാസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.'എട്ടാം തരത്തിനു മേല്‍ ഇവന് പഠിപ്പില്ല' എന്നായിരുന്നു ജ്യോല്‍സ്യന്‍മാരുടെ പ്രവചനം.അത് തെറ്റെന്ന് തെളിയിക്കാന്‍ ഇളയരാജ തീവ്രമായി ശ്രമിച്ചു.പക്ഷെ ശരിയായത് ജ്യോല്‍സ്യന്‍മാരുടെ പ്രവചനമായിരുന്നു.ജാതകം ഒരു യാഥാര്‍ഥ്യം തന്നെ എന്ന് ഇളയരാജ അംഗീകരിച്ചു.പിന്നീട് ഇളയരാജ സംഗീതത്തിനു വേണ്ടി പൂര്‍ണമായി സമര്‍പ്പിക്കുകയായിരുന്നു.ഇളയരാജയും അനുജനും കൂടി ചെന്നൈയില്‍ എത്തി.വളരെയധികം കഷ്ടപ്പാടുകള്‍ അവര്‍ക്ക് അനുഭവിച്ചു തീര്‍ക്കേണ്ടി വന്നു.സംഗീതത്തിനു വേണ്ടി ഇരുപത്തിനാലു മണിക്കൂറും സമര്‍പ്പിച്ച ഇളയരാജയുടെ ആദ്യഗുരു മാസ്റ്റര്‍ ധന്‍രാജ് എന്ന സംഗീതജ്ഞനായിരുന്നു.ഒരു പൈസപോലും വരുമാനമില്ലാത്ത രാജയോട് ഗുരു ഒരിക്കല്‍ പോലും പണത്തിന്റെ കാര്യം പറഞ്ഞില്ല.ഇളയരാജയുമായി ഹൃദയബന്ധം പുലര്‍ത്തിയ ഗുരു,ലോകത്തിലെ സംഗീതപ്രതിഭകളെ രാജയ്ക്ക് പരിചിതരാക്കി.ആ പുണ്യസ്ഥലങ്ങള്‍ നേരില്‍ കാണണം എന്ന ആഗ്രഹം ഇളയരാജയ്ക്കുണ്ടായി.അത് സാധിക്കുന്ന കാര്യമല്ലെന്ന് ഇളയരാജയ്ക്ക് ബോധ്യമുണ്ടായിരുന്നതിനാല്‍ അദ്ദേഹം സങ്കല്‍പ്പത്തിലൂടെ അവിടെയെല്ലാം യാത്ര ചെയ്തു.ഇളയരാജ പിന്നീട് വലിയ സംഗീതജ്ഞനായി മാറി.താന്‍ സ്വപ്നം കണ്ട യാത്ര അദ്ദേഹം സഫലമാക്കി. ഒരു വിദേശ യാത്രയില്‍ ലോകത്തിലെ വലിയ സംഗീതകാരന്‍മാരെ പരിചയപ്പെടാനും സംഗീതജ്ഞരുടെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനും അദ്ദേഹത്തിനു സാധിച്ചു.ആ യാത്രയുടെ ഹൃദ്യമായ വിവരണമാണ് 'സംഗീതക്കനവുകള്‍'.
No comments:
Post a Comment