Wednesday, July 9, 2008
ബ്രഹ്മപുത്രയിലെ വീട്
ബീന കണ്ട റഷ്യ ' എന്ന കൃതിയിലൂടെ കെ.എ.ബീന വായനക്കര്‍ക്ക് സുപരിചിതയാണ്.സ്കൂള്വിദ്യാര്‍ഥിയായിരിക്കെ ബിനോയ് വിശ്വം നയിച്ച ഒരു സംഘത്തില്‍ അംഗമായി നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തിന്റെ കഥയായിരുന്നു 'ബീന കണ്ട റഷ്യ.' അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തായിരുന്നു.സോവിയറ്റ് യൂനിയന്‍ അപ്രത്യക്ഷമായതിനുശേഷവും പുസ്തകത്തിന് പതിപ്പുകളിറങ്ങി.വീണ്ടും ഒരു യാത്രാവിവരണവുമായി ബീന വായനക്കാരുടെ അടുത്തെത്തുന്നു. കത്തിയെരിയുന്ന അസമിലേക്ക് ഭര്‍ത്താവിന് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ കൂടെ സ്ഥലം മാറിപ്പോയതാണ് ആകാശവാണി ഉദ്യോഗസ്ഥയായ ബീന.കൂടെ മകന്‍ അപ്പുവും ഉണ്ടായിരുന്നു. അവിടുത്തെ കാഴ്‌ച്ചകള്‍ മനോഹരമായി ബീന നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.ഇതൊരു യാത്രാവിവരണമല്ല,യാത്രാനുഭവമാണെന്ന് ബീന ആമുഖത്തില്‍ നമ്മോട് പറയുന്നു.വായിച്ചു കഴിയുമ്പോള്‍ ഇത് നമ്മുടെയും അനുഭവമായി മാറുകയാണ്. ഹിന്ദു പുരാണപ്രകാരം ലോകത്തെ അപൂര്‍വം പുരുഷനദികളിലൊന്നായ ബ്രഹ്മപുത്രയുടെ തീരത്ത് ബീന താമസിച്ചത് രണ്ട് വര്‍ഷത്തോളമാണ്. ഗൗഹട്ടിയിലേക്കുള്ള തീവണ്ടിയാത്രയിലാണ് യാത്രയുടെ തുടക്കം.തീവണ്ടി ബ്രഹ്മപുത്രയുടെ മുകളിലൂടെ ഗൗഹട്ടിയിലേക്ക് പ്രവേശിക്കുന്നത് സരയ്‌ഘട്ട് പാലത്തിലൂടെയാണ്.നഗരത്തിന്റെ ഭാഗമായി നില്‍ക്കുന്ന ബ്രഹ്മപുത്രയിലിറങ്ങി തൊട്ടു വന്ദിച്ചാണ് ബീനയും,ബൈജുവും ,അപ്പുവും ഗൗഹട്ടിയില്‍ താമസമുറപ്പിക്കുന്നത്. കള്ളന്‍മാരെ പേടിച്ച് ,അതിലുപരി കള്ളന്‍മാരെ വല്ലാതെ ഭയക്കുകയും ,താമസക്കാരെ ഭീതിയിലാഴ്‌ത്തുകയും ചെയ്യുന്ന വീട്ടുടമസ്ഥരെ പേടിച്ച് രണ്ട് തവണ അവര്‍ക്ക് വീട് മാറേണ്ടി വരുന്നു. പുസ്തകത്തില്‍ 'വെള്ളപ്പൊക്കത്തില്‍' എന്നൊരു അധ്യായമുണ്ട്.നിരന്തരമുള്ള വെള്ളപ്പൊക്കമാണ് അസമിലെ ഒരു പ്രധാനപ്രശ്‌നം.അസം വെള്ളപ്പൊക്കത്തിന്റെ നാടാണ്.അസമിലെ മഴ രൗദ്രവും വന്യവുമാണ്.ഏതാനും മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന മഴപോലും നാടിനെ വിഴുങ്ങുന്നു. വെള്ളം വീടുകളെ ,വാഹനങ്ങളെ,സസ്യലതാദികളെ ഒക്കെ കീഴ്‌പ്പെടുത്തുന്നു.റോഡാകെ നദിയാകുന്നു.ബ്രഹ്മപുത്ര നഗരത്തെ വിഴുങ്ങും.അശാസ്‌ത്രീയമായ ആസൂത്രണവും കനത്ത വനനശീകരണവുമാണ് സ്ഥിതി ഇത്ര വഷളാക്കിയതെന്ന് ബീന പറയുന്നു.വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്നവര്‍ അസമില്‍ ഏറെയാണ്.അസമിന്റെ ഉല്‍സവമായ മാഘബിഹുവിനെപറ്റിയാണ് പിന്നീട് ബീന വിവരിക്കുന്നത്.ബിഹു അസമിന്റെ ജീവിതതാളമാണ്.വിളവെടുപ്പുല്‍സവമായ മാഘബിഹുവും,നവവല്‍സരബിഹുവായ റൊംഗാലി ബിഹുവും,പിന്നെ പാവങ്ങളുടെ ബിഹുവായ കാത്തിബിഹുവും ഉണ്ട്. അസമിയ സംഗീതം ബിഹു സംഗീതമാണ്.നൃത്തം ബിഹുനൃത്തവും.മാഘബിഹു ആഘോഷിക്കുന്നത് തിന്നു കൊണ്ടാണ്.പുതിയ വിളവുകള്‍ കിട്ടിയ സന്തോഷം മതിവരുവോളം തിന്നു മദിച്ച് കൊണ്ടാടുകയാണ്. ഇതേവരെ തന്നതിനൊക്കെ നന്ദിപറയുന്ന ആഘോഷമാണ് ബിഹു.ബിഹുവിന് ജാതിമതഭേദങ്ങളില്ല.പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തെപറ്റിയാണ് അടുത്ത അധ്യായം.ഗൗഹാട്ടിയില്‍നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്ത് നീലാചല്‍ എന്നറിയപ്പെടുന്ന നീലപര്‍വതത്തിലാണ് കാമാഖ്യ ദേവിയുടെ ഇരിപ്പിടം.അവിടുത്തെ അനുഭവങ്ങള്‍ രസകരമായി ബീന വിവരിക്കുന്നു. അസമീസ് ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെപറ്റിയും ബീന എഴുതുന്നു.അസമീസ് പാചകരീതിയെക്കുറിച്ചും ഒരു കുറിപ്പുണ്ട്.ലാളിത്യമാണ് അസമീസ് പാചകരീതിയുടെ മുഖമുദ്ര.കടുകെണ്ണയിലാണ് അസമീസ് പാചകം.വെളിച്ചെണ്ണയുടെ മണം പോലും ഓക്കാനം വരുത്തുമത്രെ! കൂടാതെ നമുക്ക് പരീക്ഷിക്കാന്‍ ഒരു അസമീസ് കറിയുടെ പാചകരീതിയും കൊടുത്തിരിക്കുന്നു..കടുകെണ്ണക്ക് പകരം വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ഒന്നു പരീക്ഷിച്ചു നോക്കാമെന്നാണ് എനിക്ക് തോന്നുന്നത്. അസമീസ് കലാപത്തിനു പുറകിലുള്ള കാരണങ്ങളെക്കുറിച്ച് ഒരു വിശകലനമുണ്ട്.'അയല്‍ രാജ്യത്തിലെ പ്രധാനമന്ത്രി വാജ്‌പേയ് 'എന്ന അധ്യായത്തിലാണ് ഇത്.പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് കൊഹീമ സന്ദര്‍ശിച്ചപ്പോള്‍ ഒരു പത്രത്തില്‍ വന്ന തലക്കെട്ട് ഇങ്ങനെയായിരുന്നത്രെ:PRIME MINISTER FROM OUR NEIGHBOURING COUNTRY VISITS NAGALAND.അസമിലെ തീവ്രവാദികള്‍ സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവുമൊക്കെ ആഘോഷിക്കാറുള്ളത് അക്രമപരമ്പരകളിലൂടെയാണ്. ഒരു കാലത്ത് വീരനായകനായി ആരാധിക്കപ്പെട്ടിരുന്ന വിദ്യാര്‍ഥിനേതാവ് പ്രഫുല്ലകുമാര്‍ മൊഹന്തയെപറ്റി പറയുന്നു.മൊഹന്ത ഒരു കാലത്ത് നാടിന്റെ പ്രതീക്ഷയായിരുന്നു,അസമിനു പുറത്തുള്ളവര്‍ക്കുപോലും.ഒരു ദീര്‍ഘകാലസമരത്തില്‍ അദ്ദേഹം തന്റെ ജനതയെ നയിച്ചു.തങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ നിര്‍ദാക്ഷിണ്യം പൊരുതി. പിന്നീട് മൊഹന്ത തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.പ്രതീക്ഷകള്‍ ആകെ അസ്‌തമിക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്.ആദര്‍ശധീരന്‍മാര്‍ അഴിമതിവീരന്‍മാരായി.ഭരണകൂടം അഴിമതിയില്‍ മുങ്ങി. മാനത്തെ താരങ്ങള്‍ മണ്ണിലെ കരിക്കട്ടകളായി മാറിയെന്ന് ബീന പറയുന്നു.മൊഹന്തയുമായി ഒരു കൂടിക്കാഴ്‌ച്ചക്ക് ബീന ശ്രമിച്ചുവെങ്കിലും നടന്നില്ല. അസമിനെപ്പറ്റി പറയുന്നവര്‍ കാസിരംഗയെ വിസ്മരിക്കില്ല.ആനപ്പുറത്തിരുന്ന് കാസിരംഗ കണ്ട കഥ കേള്‍ക്കുമ്പോള്‍ വായനകാരിലും ആവേശം നിറയുന്നു. ഷില്ലോങ് യാത്ര,മഴ മറന്നുപോയ ചിറാപുഞ്ചിയിലേക്കുള്ള യാത്ര ,നാഥുലാപാസ്സിലേക്കുള്ള സാഹസികയാത്ര,കാഞ്ചന്‍ജംഗ,അരുണാചല്‍പ്രദേശ് യാത്രകള്‍ ഇവയെല്ലാം വായനക്കാരെ കൂടെ കൊണ്ട് പോകുന്നതാണ്. ധാരാളം മനോഹരചിത്രങ്ങളും കൊടുത്തിട്ടുള്ള ഈ പുസ്തകം കറന്റ് ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
Subscribe to:
Post Comments (Atom)
5 comments:
ഈ ചുരുങ്ങിയ വിവരണത്തില്‍ നിന്നു തന്നെ മനസ്സില്ലാക്കാം ബീനയുടെ യാത്രാനുഭവങ്ങള്‍ എത്ര മാത്രം യാഥാര്‍ത്തമാണെന്ന്.
വിവരണം തന്നെ കൊതിപ്പിക്കുന്നു.
അപ്പോള്‍ പിന്നെ പൂറ്ണ്ണ വായനയുടെ കാര്യം
പറയേണ്ടി വരില്ലല്ലോ..
വായിക്കാന്‍ സാധിക്കുന്ന മുഹൂറ്ത്തത്തിനായി കാത്തിരിക്കുന്നു.
ഈ നീക്കം നേരത്തേ ആവണമായിരുന്നു; ഇനി തിരികെപ്പോയി പഴയ ബ്ലോഗുകളെല്ലാം തിരുത്തണമെന്നു പറയുകയല്ല.
വായിക്കുക, വലിച്ചെറിയുക എന്നതിലേക്ക് പാരായണങ്ങള്‍ ചുരുങ്ങിപ്പോവുന്ന ഇക്കാലത്ത് വായന എന്തനുഭവമാണു തരുന്നതെന്ന് പറയുക ഇത്തരം ബ്ലോഗുകളില്‍ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.
നിനക്കു നല്ല ഭാവി ഞാന്‍ കാണുന്നു.
Post a Comment