Friday, June 13, 2008

നാലാം ലോകം-സ്വപ്നവും യാഥാര്‍ഥ്യവും




















സോഷ്യലിസം എന്നും നമ്മുടെ ആവേശമായിരുന്നു,സ്വപ്നവും.ആ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവര്‍‌ത്തിച്ചവര്‍ ഒരുപാടുണ്ട്‌.മുതലാളിത്തം ലോകത്തെ അടക്കി ഭരിക്കുന്ന ഇക്കാലത്തുപോലും സമത്വസുന്ദരലോകം കെട്ടിപ്പടുക്കല്‍ ലക്ഷ്യമാക്കിയവര്‍ ധാരാളമാണ്‌.
മുതലാളിത്തവും ആഗോളവല്‍‌ക്കരണവും തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിന്‌ സ്തുതി പാടിക്കൊണ്ടിരിക്കുന്നവരേയാണ്‌ നമുക്ക് ചുറ്റും കാണുന്നത്.പണത്തെ ഏറ്റവും മുകളില്‍ പ്രതിഷ്‌ടിച്ചിരിക്കുന്നു.
പ്രധാനസ്ഥാനങ്ങളിലെല്ലാം മുതലാളിത്തത്തിന്റെ സ്തുതിപാഠകരാണ്‌.നമ്മുടെ എഴുത്തുകാരും മാധ്യമങ്ങളുമെല്ലാം മുതലാളിത്തത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു.മുതലാളിത്തത്തിന്റെ മൂടുതാങ്ങുന്ന വിധികളാണ്‌ നമ്മുടെ നീതിപീഠങ്ങള്‍ പോലും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്.അതിനെ എതിര്‍‌ത്താല്‍ വികസനവിരോധികളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
ദരിദ്രനാരായണന്‍‌മാര്‍ക്കു വേണ്ടി സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ പരിഹസിക്കപ്പെടുന്നു.സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്നവരുടെ വിമോചനത്തിനുള്ള ചിന്തകള്‍ക്ക് പ്രാധാന്യം നല്‍‌കിക്കൊണ്ടുള്ള ആശയങ്ങളാണ്‌ 'നാലാം ലോകം' എന്ന പുസ്തകം മുന്നോട്ടു വെക്കുന്നത്.മറ്റൊരു ലോകം സാധ്യമാണ്‌ എന്നു തന്നെയാണ്‌ ഗ്രന്ഥകാരന്‍ പറയുന്നത്.വെറുതെ പറയുകയല്ല,യുക്തിഭദ്രമായി വിശകലനം ചെയ്യുകയാണ്‌ ചെയ്യുന്നത്.
ശ്രീ എം.പി.പരമേശ്വരന്‍ ശാസ്‌ത്രജ്ഞനും ശാസ്‌ത്രപ്രചാരകനുമായിരുന്നു.വൈജ്ഞാനികസാഹിത്യരംഗത്ത് ഒട്ടനവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്‌.കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്‌ ജനകീയാടിത്തറ നല്‍‌കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്‌.
തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് ഇലക്‌ട്രികല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പരമേശ്വരന്‍ ബോംബെ അണുശക്‌തിഗവേഷണകേന്ദ്രത്തില്‍ ഗവേഷകനായിരുന്നു.അദ്ദേഹം നാലു വര്‍ഷം റഷ്യയില്‍ ഉപരിപഠനം നടത്തി ഡോക്റ്ററേറ്റ് ബിരുദം നേടി.
കണ്ടും വായിച്ചും താന്‍ മനസ്സിലാക്കിയ കാര്യങ്ങളെ സത്യസന്ധമായി അദ്ദേഹം വിശകലനം ചെയ്യുകയാണ്‌ ഈ പുസ്തകത്തില്‍.ഒപ്പം താന്‍ വിഭാവനം ചെയ്യുന്ന സോഷ്യലിസ്‌റ്റ് സമൂഹത്തിന്റെ സൃഷ്‌ടിയെപ്പറ്റിയുള്ള പദ്ധതികള്‍മുന്നോട്ട് വെക്കുകയും ചെയ്യുന്നു. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ഒന്നും നിഷ്‌പക്ഷമായി വിലയിരുത്തപ്പെടാറില്ല.ഒന്നുകില്‍ കമ്മ്യൂണീസ്‌റ്റ് വിരോധത്തിന്റെ തിമിരം ബാധിച്ചവരായിരിക്കും.അല്ലെങ്കില്‍ തീവ്രകമ്മ്യൂണിസ്റ്റ് ഭക്തന്‍‌മാരായിരിക്കും.ഒരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും ലേഖകന്‍ വിമര്‍‌ശനപരമായി കാര്യങ്ങളെ വിലയിരുത്തുന്നു.നല്ലൊരു പഠനമാണ്‌ പരമേശ്വരന്‍ നടത്തുന്നത്.
ഗ്രന്ഥകര്‍ത്താവ് 1962 മുതല്‍ 1965 വരെ മോസ്‌കോ പവര്‍ ഇന്‍‌സ്‌റ്റിറ്റൂട്ടില്‍ പി.എച്.ഡി വിദ്യാര്‍ഥിയായിരുന്നു.അക്കാലത്തെ അനുഭവങ്ങള്‍ ഉല്‍‌സാഹമുണ്ടാക്കുന്നവയും അതേ സമയം ഉല്‍‌കണ്ഠ ജനിപ്പിക്കുന്നതുമായിരുന്നു.തൊഴിലില്ലായ്മയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യുന്നതിലും എല്ലാവര്‍ക്കും ആഹാരവസ്ത്ര,പാര്‍‌പിടാദികളും ആരോഗ്യ വിദ്യാഭ്യാസ വിനോദ വിശ്രമസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സോവിയറ്റ് റഷ്യ അദ്‌ഭുതകരമായ വിജയം കൈവരിച്ചിരുന്നു.ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിരുന്നു.തന്റേയും കുട്ടികളുടേയും ഭാവിയെക്കുറിച്ച് ഒരു സോവിയറ്റ് പൗരന്‌ ഉല്‍‌കണ്ഠപ്പെടേണ്ടതായുണ്ടായിരുന്നില്ല.ഭരണകൂടം തന്നെ സം‌രക്ഷിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു.സ്വത്ത് സമ്പാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.പലനിലക്കും മാതൃകാപരമായ കാര്യങ്ങള്‍ അവിടെ കണ്ടിരുന്നു.ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നിരുന്നു.രണ്ട് ലോകമഹായുദ്ധങ്ങളിലായി കനത്ത നാശം നേരിടേണ്ടി വന്ന ഒരു സമൂഹമായിരുന്നു അത്.‌
ലേഖകന്റെ അവിടെയുള്ള പഠനകാലത്ത് ഉല്‍‌കണ്ഠയുണ്ടാക്കുന്ന പലതും അവിടെ കണ്ടിരുന്നു.മറ്റൊരു സോഷ്യലിസ്‌റ്റ് രാജ്യമായ ചൈനയുമായുള്ള സം‌ഘര്‍‌ഷം വിശദീകരിക്കാന്‍ പ്രയാസമുള്ളതായിരുന്നു.ഭരണതലത്തില്‍ ചുവപ്പുനാടയുടെ അതിപ്രസരമുണ്ടായിരുന്നു.കമ്യൂണിസ്‌റ്റ് പാര്‍ടിയും ജനങ്ങളും തമ്മില്‍ കൂടുതല്‍ കൂടുതല്‍ അകല്‍‌ച്ച ഉണ്ടായിക്കൊണ്ടിരുന്നു.പാര്‍ട്ടി നേതാക്കള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സവിശേഷ ആനുകൂല്യങ്ങള്‍ ഈ അകല്‍ച്ച വര്‍‌ദ്ധിപ്പിച്ചു.അത് അനര്‍‌ഹമാണെന്ന് ജനങ്ങള്‍ കരുതി.

വിദേശനിര്‍‌മ്മിത വസ്‌തുക്കളോടുള്ള കമ്പം വര്‍ദ്ധിച്ചു വരികയായിരുന്നു.ഡോളര്‍ കരിഞ്ചന്ത വ്യാപകമായി.സങ്കുചിത റഷ്യന്‍ ദേശീയബോധത്തോട് മറ്റ് ദേശീയജനവിഭാഗങ്ങള്‍ക്ക് ശക്തമായ അമര്‍ഷം ഉണ്ടായിരുന്നു.സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്‌റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ സാര്‍‌വദേശീയകാഴ്‌ചപ്പാടിന്റെ അഭാവമുണ്ടായിരുന്നു. ഇത് മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അമര്‍ത്തി വെച്ച അമര്‍ഷത്തിന്‌ കാരണമായി.പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവ തിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.നിര്‍‌ഭാഗ്യവശാല്‍ അത്തരം ശ്രമങ്ങള്‍ വിജയിച്ചില്ല.

ഭാവിലോകത്തെക്കുറിച്ചും ഭാവിഭാരതത്തെക്കുറിച്ചുമുള്ള ചിന്തയുടെ പ്രാഗ്‌രൂപങ്ങള്‍ ശ്രീ പരമെശ്വരന്റെ മനസ്സില്‍ രൂപം കൊണ്ടത് അവിടെ വെച്ചാണ്‌.അതിന്റെ മൂന്നു പ്രധാനഘടകങ്ങള്‍ ഇവയായിരുന്നു.
1...പങ്കാളിത്തജനാധിപത്യം.
2....വികസനത്തെക്കുറിച്ചുള്ള വികല്പവീക്ഷണം.
3....ശാസ്‌ത്രസാങ്കേതികവിദ്യകളടക്കമുള്ള ഉദ്‌പാദനശക്‌തികളുടെ വികാസത്തോടുള്ള ഒരു വ്യത്യസ്‌ത സമീപനം.
ഈ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍.

ചരക്കുകള്‍ക്ക് ഉപയോഗമൂല്യം,വിനിമയമൂല്യം എന്നിവക്കു പുറമെ ക്ഷേമമൂല്യം എന്നൊന്നു കൂടിയുണ്ടെന്ന് പരമേശ്വരന്‍ വിശദീകരിക്കുന്നു.ഇന്ന് മുതലാളിത്തലോകം ഉല്‍‌പാദിപ്പിക്കുന്ന ചരക്കുകളിലും സേവനങ്ങളിലും ഒരു തരത്തിലുള്ള ക്ഷേമമൂല്യവും ഇല്ലാത്തതാണ്‌ കൂടുതല്‍.ഇത് തിരിച്ചറിയാത്തതാണ്‌ കമ്യൂണിസ്‌റ്റ്കാര്‍ക്ക് പറ്റിയ ഒരു തെറ്റ്.മനുഷ്യന്റെ യഥാര്‍‌ഥആവശ്യങ്ങളും മുതലാളിത്തം സൃഷ്‌ടിക്കുന്ന കപട ആവശ്യങ്ങളും തമ്മില്‍ വേര്‍ തിരിവ് ഉണ്ടായില്ല.സമൂഹത്തില്‍ ആ തിരിച്ചറിവ് ഉണ്ടാക്കാനായില്ല.ഉപഭോഗചരക്കുകളുടെ ലഭ്യത അനന്തമായി വര്‍‌ദ്ധിപ്പിക്കുകയല്ല,ചരക്കുല്‍‌പാദനം യഥാര്‍ഥ ആവശ്യങ്ങളില്‍ പരിമിതപ്പെടുത്തുകയാണ്‌ കമ്യൂണിസ്‌റ്റ് സമൂഹം ലക്ഷ്യമാക്കേണ്ടത്.ഇത് വഴി അധ്വാനസമയം കുറക്കാനും ഒഴിവുസമയം വര്‍‌ദ്ധിപ്പിക്കാനും കഴിയും.പക്ഷെ ഈ വഴി സ്വീകരിക്കുന്നതില്‍ മുഖ്യധാരാമാര്‍‌ക്സി‌സ്‌റ്റുകാര്‍ പരാജയപ്പെട്ടു.       continued here

No comments: