Monday, August 25, 2008

പാമ്പുകള്‍

പാമ്പുകള്‍ നമ്മുടെ പേടി സ്വപ്‌നമാണ്‌.പാമ്പുകടി മരണവാറന്റായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്.അനേകം പേര്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്ന കേരളത്തില്‍ വിഷവൈദ്യന്‍‌മാര്‍ പാമ്പുകളേക്കാള്‍ അധികമുണ്ട്.എവിടെക്കണ്ടാലും അടിച്ചു കൊല്ലേണ്ട ജീവികളായി പാമ്പുകള്‍ കണക്കാക്കപ്പെടുന്നു.നാഗാരാധനയുടേയും അടിസ്ഥാന ചോദന ഭയം തന്നെ.
എന്നാല്‍ പാമ്പുകളെപ്പറ്റി പഠിച്ചാല്‍ അവ നമ്മുടെ ശത്രുക്കളല്ല,മിത്രമാണ്‌ എന്ന് മനസ്സിലാകും.അവ കടിക്കുന്നത് ശത്രുവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ്‌,അഥവാ ശത്രുവായി കണക്കാക്കുമ്പോള്‍ മാത്രമാണ്‌.പക വെച്ചു കടിക്കുന്ന സ്വഭാവമൊന്നും പാമ്പിനില്ല.ഭയപ്പെടുമ്പോഴാണ്‌ പാമ്പ് കടിക്കുന്നത്.ദുര്‍ബലമായ ഓര്‍മ്മ ശക്തിയാണ്‌ പാമ്പുകള്‍‌ക്കുള്ളത്.ചെവിയില്ലാത്ത ഈ ജീവികള്‍ക്ക് കേള്‍ക്കാനുള്ള കഴിവില്ല,പക്ഷെ ഭൂമിയിലുണ്ടാകുന്ന തരംഗങ്ങള്‍ പിടിച്ചെടുക്കാനുള്ള അസാധാരമായ കഴിവുണ്ട്.

കര്‍‌ഷകന്റെ ഉറ്റ മിത്രമാണ്‌ പാമ്പുകള്‍.കര്‍ഷകന്റെ ഏറ്റവും വലിയ ശത്രുവായ എലികളെ തിന്നൊടുക്കുന്നത് പാമ്പുകളാണ്‌.പാമ്പുകള്‍ കുറവുള്ള സ്ഥലങ്ങളിലാണ്‌ എലികള്‍ പെരുകുന്നത്.കൃഷിയെ നശിപ്പിക്കുന്ന മറ്റു ജീവികളുടെയും ശത്രുവാണ്‌ പാമ്പുകള്‍.

ഭൂലോകത്തുള്ള പാമ്പുകളില്‍ മഹാഭൂരിപക്ഷവും വിഷമില്ലാത്തവയാണ്‌.ഇന്ത്യയില്‍ കാണപ്പെടുന്ന 220 ഇനം പാമ്പുകളില്‍ 52 എണ്ണത്തിനു മാത്രമേ വിഷമുള്ളൂ.അതില്‍ തന്നെ മാരകമായ വിഷമുള്ളവ വളരെ കുറവാണ്‌.ലോകത്ത് രണ്ടായിരത്തിഅഞ്ഞൂറോളം ഇനം പാമ്പുകള്‍ ഉണ്ട്.

വിഷപ്പാമ്പൂകള്‍ പ്രധാനമായി മൂന്നു കുടുംബങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു.ഇലാപിഡെ,ഹൈ‌ഡ്രോപിഡെ,വൈപറിഡെ എന്നിങ്ങനെയാണ്‌ ഇത്.രാജവെമ്പാല,മൂര്‍‌ഖന്‍,വെള്ളിക്കെട്ടന്‍ തുടങ്ങിയവ ഇലാപിഡയില്‍ പെടുന്നു.അണലികള്‍ ആണ്‌ വൈപ്പറിഡെയില്‍ ഉള്‍പ്പെടുന്നത്.ഹൈഡ്രോപിഡെയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് കടല്‍‌പാമ്പുകളാണ്‌.

വിവിധതരം പാമ്പുകളെപ്പറ്റിയും,വിഷബാധയെപ്പറ്റിയും ചികില്‍‌സയെപ്പറ്റിയും മറ്റു കഷ്‌ണങ്ങളില്‍....

2 comments:

ശ്രീ said...

പാമ്പുകളെ പറ്റിയുള്ള ഈ ലേഖനം നന്നായി, മാഷേ

Sreekumar B said...

എനിക്കിഷ്ടമല്ല പാമ്പുകളെ.
പേടിയും ആണ്..