Wednesday, June 25, 2008

രതിയും എയിഡ്‌സും ഒരു പിടി നുണകളും
























എയി‌ഡ്‌സ് ഇന്ത്യയെ അതിവേഗം കീഴടക്കിക്കൊണ്ടിരിക്കുന്നു.ഈ ദുരവസ്ഥയില്‍ നിന്ന് നമ്മുടെ രാജ്യത്തെ എങ്ങനെ രക്ഷിക്കാമെന്നുള്ള ഒരു പഠനമാണ്‌ SEX,LIES AND AIDS എന്ന പുസ്തകം.
പത്രപ്രവര്‍ത്തകനും വികസനകാര്യവിദഗ്ദനുമായ സിദ്ധാര്‍ഥ് ദുബേ ആണ്‌ ഈ പഠനം നടത്തിയിട്ടുള്ളത്. ഡി.സി.ബുക്സിനു വേണ്ടി ഹര്‍‌ഷവര്‍ദ്ധനാണ്‌ ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
നമ്മുടെ ഭരണകൂടത്തിന്റെ യുക്തിവിരുദ്ധവും അശാസ്‌ത്രീയവുമായ നയങ്ങളാണ്‌ ഈ രോഗം ഇത്ര വ്യാപകമായി പടരാനിടയാക്കിയത് എന്നാണ്‌ ദുബെ വിശദീകരിക്കുന്നത്.
എയ്‌ഡ്‌സ് രോഗം ഇന്ത്യയില്‍ പടരാന്‍ തുടങ്ങിയപ്പോള്‍ ഒരു ക്രമസമാധാനപ്രശ്നമഅയാണ്‌ ഭരണാധികാരികള്‍ അതിനെ കണ്ടത്.രോഗത്തെക്കുറിച്ച് അകാരണമായ ഭീതി ഉണ്ടാക്കി.വിവേചനത്തിന് വഴി വെച്ചു.ഡോക്‌ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പോലും എയ്‌ഡ്‌സ് രോഗികളോട് വിവേചനം കാണിച്ചു.ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്നുപയോഗിക്കുന്നവരെയും ബലം പ്രയോഗിച്ച് പരിശോധനക്ക് വിധേയരാക്കി.എയിഡ്‌സ് രോഗികളാണെന്ന് കാണപ്പെട്ടവരെ കുറ്റവാളികളെപ്പോലെ ജയിലിലടച്ചു.

'എയിഡ്‌സ് മരണത്തിന്‌ തുല്യം' എന്നും 'പതിതകളായ സ്ത്രീകളാണ്‌ എയിഡ്‌സിന്‌ കാരണക്കാരെന്നും' പ്രഖ്യാപിക്കുന്നതായിരുന്നു സര്‍‌ക്കാറിന്റെ ബോധവല്‍‌ക്കരണനടപടികള്‍.തല്‍‌ഫലമായി ജനങ്ങളില്‍ ഭീതി വളര്‍‌ത്തപ്പെട്ടു.മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച വാര്‍‌ത്തകളും വിവരണങ്ങളും നല്‍‌കി സ്ഥിതി കൂടുതല്‍ മോശമാക്കി.ക്രൂരമായ വിവേചനമുണ്ടായി.
ഡോക്‌റ്റര്‍‌മാരും നഴ്‌സുമാരും പോലും എയിഡ്‌സ് രോഗികളെ പരിചരിക്കാന്‍ വിസമ്മതിച്ചു.ഇത് ജനങ്ങള്‍‌ക്കിടയില്‍ ആശങ്കകള്‍ അധികരിപ്പിച്ചു.
എയിഡ്‌സിനെതിരെയുള്ള യുദ്ധം ലൈംഗികത്തൊഴിലാളികളിലും മയക്കുമരുന്നുപയോഗിക്കുന്നവരിലും കേന്ദ്രീകരിച്ചു.ലൈഗികത്തൊഴിലാളികളെ സമീപിക്കുന്നവരെ ഒഴിവാക്കി.
സ്വവര്‍‌ഗരതി ഇന്ത്യയെ ബാധിക്കുന്ന ഒരു പ്രശ്‌നമേയല്ലെന്ന തെറ്റായ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ പ്രവര്‍‌ത്തനങ്ങള്‍ സ്ഥിതി കൂടുതല്‍ മോശമാക്കി.
നിര്‍‌ബന്ധപരിശോധനയെന്നത് അസാധ്യമാണെന്ന് ഗവണ്‍‌മെന്റ് കണക്കിലെടുത്തില്ല.എച്.ഐ.വി.ബാധയുള്ളവരും സാധ്യതയുള്ളവരും പോലീസിന്റെയും അധികൃതരുടെയും കണ്ണ് വെട്ടിച്ചു കഴിഞ്ഞു.അവര്‍ ആശുപത്രികളില്‍നിന്ന് വിട്ടു നിന്നു.കുറ്റവാളി എന്ന് മുദ്ര കുത്തപ്പെടുന്ന അവസ്ഥയാണ്‌ ഉണ്ടായിരുന്നത്.
ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു രോഗത്തെ ബലപ്രയോഗത്തിലൂന്നിയ പരുക്കന്‍ നയങ്ങള്‍ കൊണ്ട് നിയന്ത്രണാധീനമാക്കാന്‍ പറ്റുമെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.
എയിഡ്‌സ് ദരിദ്രരും അപഥസഞ്ചാരികളുമായ ഒരു ന്യൂനപക്ഷത്തിനു മാത്രം വരുന്ന ഒരു രോഗമാണെന്ന ധാരണയാണ്‌ മിക്കപേര്‍‌ക്കും ഉണ്ടായിരുന്നത്.ഇന്ത്യക്കാരുടെ ലൈംഗികസ്വഭാവങ്ങളെക്കുറിച്ച് ഒദ്യോഗസ്ഥര്‍ അജ്ഞരായിരുന്നു.ദരിദ്രജനവിഭാഗങ്ങളില്പെട്ടവര്‍ മാത്രമാണ്‌ ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു.
ഇന്ത്യയില്‍ എല്ലാ വരുമാനതലങ്ങളിലും പെട്ട കൗമാരപ്രായക്കാരും പുരുഷന്‍‌മാരും ലൈംഗികത്തൊഴിലാളികളെ പ്രാപിക്കുന്നുവെന്ന സത്യത്തിനു നേരെ ഭരണാധികാരികള്‍ കണ്ണടച്ചു.
ഇങ്ങനെ ഭരണാധികാരികളുടെ അപക്വനയങ്ങള്‍ മൂലം എയിഡ്‌സ് ഇന്ത്യയെ വിഴുങ്ങുന്ന പശ്ചാത്തലത്തില്‍ സിദ്ധാര്‍ഥ ദുബെ നടത്തിയ പഠനമാണ്‌ ഈ പുസ്തകം.
ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ആഴത്തില്‍ ഗവേഷണം നടത്തി തയ്യാറാക്കിയ ഈ പുസ്തകം വളരെ വിജ്ഞാനപ്രദമാണ്‌.
ഒട്ടനവധി കാര്‍‌ട്ടൂണുകള്‍ ചേര്‍‌ത്തിട്ടുള്ള ഈ പുസ്തകം ലളിതമായ ഭാഷയില്‍ ആണ്‌ എഴുതിയിട്ടുള്ളത്.പുസ്തകത്തിന്‌ രണ്ട് അനുബന്ധങ്ങള്‍ കൊടുതിട്ടുണ്ട്‌--'എയിഡ്‌സ് യുഗത്തിന്‌ ഒരു കാമശാസ്ത്രം,സുരക്ഷിതമായ രതി എങ്ങനെ സാധ്യമാക്കാം ' 'എച്.ഐ.വി. എയിഡ്‌സിനെ അറിയുക ' എന്നിങ്ങനെ.
വൈറസ്സുകള്‍ക്കെതിരെ മരുന്നകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്ന് പുസ്തകത്തില്‍ പറയുന്നത് വസ്‌തുതാപരമായി ശരിയല്ല.

3 comments:

NITHYAN said...

നല്ല നിരീക്ഷണങ്ങള്‍. പഠനാര്‍ഹമായത്‌.

ശ്രീവല്ലഭന്‍. said...

നന്ദി, ഈ അറിവിന്‌. ഇംഗ്ലിഷ് പതിപ്പ് കുറെ നാള്‍ മുന്‍പ് വായിച്ചിരുന്നു.

കണ്ണൂരാന്‍ - KANNURAN said...

നല്ല ലേഖനം, ഇതു വായിക്കുന്നതിനു തൊട്ടു മുന്‍പാണ് ചിത്രം കണ്ടത്.