Saturday, June 28, 2008

പോസ്‌റ്റ് മോര്‍‌ട്ടം
പ്രശസ്ത പഞ്ചാബി എഴുത്തുകാരി അജിത് കൗറിന്റെ നോവല്‍.ആത്മനിന്ദയാല്‍ നയിക്കപ്പെടുന്ന ,തന്നെക്കാള്‍ രണ്ട് വയസ്സ് ഇളയ ,വിവാഹിതനായ പത്രപ്രവര്‍‌ത്തകനോട് ഒരു യുവതിക്ക് തോന്നിയ അദമ്യമായ ആസക്തിയാണ്‌ കഥയുടെ കേന്ദ്രബിന്ദു.ആധുനികജീവിതത്തിലെ സ്ത്രീ പുരുഷബന്ധങ്ങളിലെ പൊരുത്തക്കേടുകളുടെ ഒരു സ്ത്രീപക്ഷവായന നമുക്കിവിടെ കാണാം.ശ്രീ.വി.ഡി.കൃഷ്ണന്‍ നമ്പ്യാര്‍ വിവര്‍‌ത്തനം ചെയ്ത ഈ നോവല്‍ പുറത്തിറക്കിയത് ഡി.സി.ബുക്സ്. വില നാല്‍‌പത് രൂപ.

മരണം ദുര്‍‌ബലം


കെ.സുരേന്ദ്രന്റെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിലൊന്ന്.
വില 180 രൂപ.പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സ്.

ബാവലി

Wednesday, June 25, 2008

രതിയും എയിഡ്‌സും ഒരു പിടി നുണകളും
എയി‌ഡ്‌സ് ഇന്ത്യയെ അതിവേഗം കീഴടക്കിക്കൊണ്ടിരിക്കുന്നു.ഈ ദുരവസ്ഥയില്‍ നിന്ന് നമ്മുടെ രാജ്യത്തെ എങ്ങനെ രക്ഷിക്കാമെന്നുള്ള ഒരു പഠനമാണ്‌ SEX,LIES AND AIDS എന്ന പുസ്തകം.
പത്രപ്രവര്‍ത്തകനും വികസനകാര്യവിദഗ്ദനുമായ സിദ്ധാര്‍ഥ് ദുബേ ആണ്‌ ഈ പഠനം നടത്തിയിട്ടുള്ളത്. ഡി.സി.ബുക്സിനു വേണ്ടി ഹര്‍‌ഷവര്‍ദ്ധനാണ്‌ ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
നമ്മുടെ ഭരണകൂടത്തിന്റെ യുക്തിവിരുദ്ധവും അശാസ്‌ത്രീയവുമായ നയങ്ങളാണ്‌ ഈ രോഗം ഇത്ര വ്യാപകമായി പടരാനിടയാക്കിയത് എന്നാണ്‌ ദുബെ വിശദീകരിക്കുന്നത്.
എയ്‌ഡ്‌സ് രോഗം ഇന്ത്യയില്‍ പടരാന്‍ തുടങ്ങിയപ്പോള്‍ ഒരു ക്രമസമാധാനപ്രശ്നമഅയാണ്‌ ഭരണാധികാരികള്‍ അതിനെ കണ്ടത്.രോഗത്തെക്കുറിച്ച് അകാരണമായ ഭീതി ഉണ്ടാക്കി.വിവേചനത്തിന് വഴി വെച്ചു.ഡോക്‌ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പോലും എയ്‌ഡ്‌സ് രോഗികളോട് വിവേചനം കാണിച്ചു.ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്നുപയോഗിക്കുന്നവരെയും ബലം പ്രയോഗിച്ച് പരിശോധനക്ക് വിധേയരാക്കി.എയിഡ്‌സ് രോഗികളാണെന്ന് കാണപ്പെട്ടവരെ കുറ്റവാളികളെപ്പോലെ ജയിലിലടച്ചു.

'എയിഡ്‌സ് മരണത്തിന്‌ തുല്യം' എന്നും 'പതിതകളായ സ്ത്രീകളാണ്‌ എയിഡ്‌സിന്‌ കാരണക്കാരെന്നും' പ്രഖ്യാപിക്കുന്നതായിരുന്നു സര്‍‌ക്കാറിന്റെ ബോധവല്‍‌ക്കരണനടപടികള്‍.തല്‍‌ഫലമായി ജനങ്ങളില്‍ ഭീതി വളര്‍‌ത്തപ്പെട്ടു.മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച വാര്‍‌ത്തകളും വിവരണങ്ങളും നല്‍‌കി സ്ഥിതി കൂടുതല്‍ മോശമാക്കി.ക്രൂരമായ വിവേചനമുണ്ടായി.
ഡോക്‌റ്റര്‍‌മാരും നഴ്‌സുമാരും പോലും എയിഡ്‌സ് രോഗികളെ പരിചരിക്കാന്‍ വിസമ്മതിച്ചു.ഇത് ജനങ്ങള്‍‌ക്കിടയില്‍ ആശങ്കകള്‍ അധികരിപ്പിച്ചു.
എയിഡ്‌സിനെതിരെയുള്ള യുദ്ധം ലൈംഗികത്തൊഴിലാളികളിലും മയക്കുമരുന്നുപയോഗിക്കുന്നവരിലും കേന്ദ്രീകരിച്ചു.ലൈഗികത്തൊഴിലാളികളെ സമീപിക്കുന്നവരെ ഒഴിവാക്കി.
സ്വവര്‍‌ഗരതി ഇന്ത്യയെ ബാധിക്കുന്ന ഒരു പ്രശ്‌നമേയല്ലെന്ന തെറ്റായ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ പ്രവര്‍‌ത്തനങ്ങള്‍ സ്ഥിതി കൂടുതല്‍ മോശമാക്കി.
നിര്‍‌ബന്ധപരിശോധനയെന്നത് അസാധ്യമാണെന്ന് ഗവണ്‍‌മെന്റ് കണക്കിലെടുത്തില്ല.എച്.ഐ.വി.ബാധയുള്ളവരും സാധ്യതയുള്ളവരും പോലീസിന്റെയും അധികൃതരുടെയും കണ്ണ് വെട്ടിച്ചു കഴിഞ്ഞു.അവര്‍ ആശുപത്രികളില്‍നിന്ന് വിട്ടു നിന്നു.കുറ്റവാളി എന്ന് മുദ്ര കുത്തപ്പെടുന്ന അവസ്ഥയാണ്‌ ഉണ്ടായിരുന്നത്.
ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു രോഗത്തെ ബലപ്രയോഗത്തിലൂന്നിയ പരുക്കന്‍ നയങ്ങള്‍ കൊണ്ട് നിയന്ത്രണാധീനമാക്കാന്‍ പറ്റുമെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.
എയിഡ്‌സ് ദരിദ്രരും അപഥസഞ്ചാരികളുമായ ഒരു ന്യൂനപക്ഷത്തിനു മാത്രം വരുന്ന ഒരു രോഗമാണെന്ന ധാരണയാണ്‌ മിക്കപേര്‍‌ക്കും ഉണ്ടായിരുന്നത്.ഇന്ത്യക്കാരുടെ ലൈംഗികസ്വഭാവങ്ങളെക്കുറിച്ച് ഒദ്യോഗസ്ഥര്‍ അജ്ഞരായിരുന്നു.ദരിദ്രജനവിഭാഗങ്ങളില്പെട്ടവര്‍ മാത്രമാണ്‌ ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു.
ഇന്ത്യയില്‍ എല്ലാ വരുമാനതലങ്ങളിലും പെട്ട കൗമാരപ്രായക്കാരും പുരുഷന്‍‌മാരും ലൈംഗികത്തൊഴിലാളികളെ പ്രാപിക്കുന്നുവെന്ന സത്യത്തിനു നേരെ ഭരണാധികാരികള്‍ കണ്ണടച്ചു.
ഇങ്ങനെ ഭരണാധികാരികളുടെ അപക്വനയങ്ങള്‍ മൂലം എയിഡ്‌സ് ഇന്ത്യയെ വിഴുങ്ങുന്ന പശ്ചാത്തലത്തില്‍ സിദ്ധാര്‍ഥ ദുബെ നടത്തിയ പഠനമാണ്‌ ഈ പുസ്തകം.
ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ആഴത്തില്‍ ഗവേഷണം നടത്തി തയ്യാറാക്കിയ ഈ പുസ്തകം വളരെ വിജ്ഞാനപ്രദമാണ്‌.
ഒട്ടനവധി കാര്‍‌ട്ടൂണുകള്‍ ചേര്‍‌ത്തിട്ടുള്ള ഈ പുസ്തകം ലളിതമായ ഭാഷയില്‍ ആണ്‌ എഴുതിയിട്ടുള്ളത്.പുസ്തകത്തിന്‌ രണ്ട് അനുബന്ധങ്ങള്‍ കൊടുതിട്ടുണ്ട്‌--'എയിഡ്‌സ് യുഗത്തിന്‌ ഒരു കാമശാസ്ത്രം,സുരക്ഷിതമായ രതി എങ്ങനെ സാധ്യമാക്കാം ' 'എച്.ഐ.വി. എയിഡ്‌സിനെ അറിയുക ' എന്നിങ്ങനെ.
വൈറസ്സുകള്‍ക്കെതിരെ മരുന്നകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്ന് പുസ്തകത്തില്‍ പറയുന്നത് വസ്‌തുതാപരമായി ശരിയല്ല.

അരവിന്ദാശ്രമത്തിലെ അമ്മ
മിറ അല്‍‌ഫസ പാരീസിലെ ഒരു സമ്പന്നകുടുംബത്തിലാണ്‌ ജനിച്ചത്.പിതാവ് ഒരു ബാങ്കുടമയായിരുന്നു.ആനന്ദപൂര്‍ണമായ ഒരു ജീവിതമാണ്‌ ശൈശവത്തില്‍ അവള്‍ക്ക് ലഭിച്ചത്.
അവരുടെ ആധ്യത്മികത്വര അവരെ പിന്നീട് ഇന്ത്യയില്‍ എത്തിക്കുകയും ശ്രീ അരവിന്ദന്റെ ശിഷ്യയാക്കുകയും ചെയ്തു.പോണ്ടിചേരിയിലെ അരവിന്ദാശ്രമം സ്ഥാപിക്കുന്നതിനു പുറകിലുണ്ടായിരുന്ന ചാലകശക്തി അവരായിരുന്നു.
ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ശ്രീ അരവിന്ദന്‍ 'ഗുരു'വും മിറ 'അമ്മ'യും ആയിരുന്നു.ആധ്യാത്മികതയെക്കുറിച്ച് അവര്‍ക്ക് വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.അവരുടെ വ്യക്തിത്വം തെളിമയോടുകൂടി ആവിഷ്‌ക്കരിക്കുന്നതാണ്‌ ഈ ജീവചരിത്രം.
പ്രേമാ നന്ദകുമാര്‍ ആണ്‌ ഇതെഴുതിയിരിക്കുന്നത്.അമ്മയുടെ സജീവസാന്നിധ്യത്തിലാണ്‌ പ്രേമ വളര്‍ന്നത്.വിവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ അവര്‍ ലളിതമായ ഭാഷയില്‍ ആണ്‌ ഇതെഴുതിയിട്ടുള്ളത്.

Monday, June 23, 2008

ആജീവിക മതം

ഇന്ത്യന്‍ അതീസ്റ്റ് പബ്ലിഷേഴ്സ് ലോകമതങ്ങള്‍ എന്ന ഒരു പരമ്പര പുറത്തിറക്കുകയുണ്ടായി.വിവിധമതങ്ങളുടെ ഉല്‍‌ഭവത്തെപ്പറ്റിയും വികാസത്തെപറ്റിയും ഉള്ള പുസ്തകങ്ങള്‍ ആണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇടമറുക് ആണ്‌ പരമ്പരയിലെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളത്. ബുദ്ധ,ജൈനമതങ്ങളോടൊപ്പം ഭാരതത്തില്‍ ഉല്‍‌ഭവിക്കുകയും വലിയ ചലനമൊന്നുമുണ്ടാക്കാതെ അപ്രത്യക്ഷമാകുകയും ചെയ്ത മതമാണ്‌ ആജീവികമതം.ഈ മതത്തെപറ്റിയുള്ള പഠനമാണ്‌ ഇതില്‍.
....post to be continued.

Friday, June 20, 2008

സര്‍‌വീസ് സ്റ്റോറി-എന്റെ ഐ.എ.എസ് ദിനങ്ങള്‍
സാഹിത്യകാരനെന്ന നിലയില്‍ മലയാളിയുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ മികച്ച സിവില്‍ സര്‍‌വീസ് ഉദ്യോഗസ്ഥനുമായിരുന്നു.ഐ.എ.എസ് ജീവിതത്തെക്കുറിച്ചുള്ള ഓര്‍‌മ്മക്കുറിപ്പുകളാണ്‌ ഇത്.
ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ അതേ സമയം സത്യസന്ധമായി എഴുതപ്പെട്ടിട്ടുള്ള ഈ കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍‌ശിക്കുന്നവയാണ്‌.നര്‍മ്മമധുരമായ ഭാഷയില്‍ ഒട്ടനവധി അനുഭവങ്ങള്‍ മലയാറ്റൂര്‍ വിവരിക്കുന്നു.

MARRIAGE AND FAMILY-The Missing Dimension
വിവാഹവും കുടുംബജീവിതവുമാണ്‌ ഈ പുസ്തകത്തിന്റെ വിഷയം.
ഈ പുസ്തകം ക്രൈസ്‌തവദര്‍‌ശനത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്‌.
ആധുനികശാസ്‌ത്രവുമായി ഈ പുസ്തകം യോജിച്ചു പോകുന്നില്ല.
UNITED CHURCH OF GODആണ്‌ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Wednesday, June 18, 2008

മതവും മനുഷ്യനും


പ്രശസ്‌ത മാനസികരോഗവിദഗ്‌ദനായ ഡോ.എന്‍.എം.മുഹമ്മദ് അലിയാണ്‌ 'മതവും മനുഷ്യനും' രചിച്ചത്.
ചിന്ത പബ്ലിഷേര്‍‌സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ വില എഴുപത് രൂപ.
എന്താണ്‌ മതമെന്നും മതങ്ങള്‍ എങ്ങനെ ഉണ്ടായെന്നും പരിശോധിക്കുന്നതോടൊപ്പം ,കൃസ്‌തുമതം,ഇസ്ലാം മതം,ബഹായ് മതം,സിഖ് മതം,ബുദ്ധമതം,ജൈനമതം,ഹിന്ദുമതം എന്നിവയുടെ ഉല്‍‌ഭവവും പരിണാമദശകളും സം‌ക്ഷിപ്തമായും ആധികാരികമായും ഇതില്‍ പ്രതിപാദിക്കുന്നു.

Monday, June 16, 2008

ജ്വാലാകലാപം

അഞ്ചു ലഘുനോവലുകളുടെ സമാഹാരം.എഴുതിയത് സി.വി.ബാലകൃഷ്‌ണന്‍.വില നാല്‍‌പത്തിനാല്‌ രൂപ.പുറത്തിറക്കിയത് ഡി.സി.ബുക്സ്.
ജ്വാലാകലാപം,ഇരട്ടക്കുട്ടികളുടെ അച്‌ഛന്‍,മനസ്സിന്‌ എത്ര തിരശീലകള്‍,ഈന്തപ്പനയുടെ തോട്ടം,സാന്ദ്രസൗഹൃദം,അരശ് എന്നിവയാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Friday, June 13, 2008

നാലാം ലോകം-സ്വപ്‌നവും യാഥാര്‍ഥ്യവും {തുടര്‍ച്ച}

നാലാം ലോകത്തെപറ്റിയുള്ള പോസ്റ്റിന്റെ തുടര്‍ച്ച.
മുതലാളിത്തസാമ്പത്തികശാസ്‌ത്രത്തിന്റെ വലുതിന്റെ സാമ്പത്തികമേന്‍‌മ എന്ന സങ്കല്‍‌പം ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കുക സോഷ്യലിസ്‌റ്റ് സമൂഹത്തിന്റെ ലക്‌ഷ്യമായിരിക്കണം.സമ്പത്തിന്റെ കേന്ദ്രീകരണം ,വര്‍ദ്ധിച്ചു വരുന്ന അസമത്വം ,വര്‍ധമാനമായ പരസ്പരബന്ധങ്ങളും ആശ്രിതത്വങ്ങളും ,ഭീമവല്‍‌ക്കരണം എന്നിവ ചരിത്രപരമായ പ്രവണതകളാണ്‌.ആഗോളവല്‍‌ക്കരണവും ഉദാരവല്‍‌ക്കരണവും ഈ പ്രവണതകളെ ശക്തിപ്പെടുത്തുകയേ ചെയ്യുള്ളൂ.അബോധപൂര്‍‌വമായി നടക്കുന്ന ഈ പ്രക്രിയയില്‍ ഇടപെട്ട് ദിശ തിരിക്കേണ്ടതുണ്ട്.
ധനികരുടെയും മധ്യവര്‍ഗത്തിന്റേയും ധൂര്‍‌ത്തോപയോഗം നിയന്ത്രിക്കുക ,നിലവിലുള്ള ഉല്‍‌പാദനക്ഷമത പൂര്‍‌ണമായി ഉപയോഗിക്കുക ,വിട്ടുവീഴ്ചകള്‍ ചെയ്തും അതിര്‍ത്തിത്തര്‍‌ക്കങ്ങള്‍ പരിഹരിക്കുകയും സൈനികച്ചെലവ് കുറക്കുകയും ചെയ്യുക ,പബ്ലിക് ട്റാന്‍‌സ്‌പോര്‍‌ട്ട് മെച്ചപ്പെടുത്തി പെട്രോളിയം ഉപഭോഗം കുറക്കുക,ഭരണത്തിലെ വൃഥാവ്യയം കുറക്കുക ,കീഴ് മേല്‍ ബന്ധങ്ങളെ പരമാവധി ഇടം വലം ബന്ധങ്ങളാക്കി മാറ്റുക ഉടമാവകാശം എന്ന സങ്കല്‍‌പത്തിന്‌ മൗലികമായ മാറ്റം വരുത്തുക ,ആവശ്യങ്ങളെ ആര്‍ത്തിയില്‍ നിന്ന് വേര്‍ തിരിക്കുക,അഴിമതി നിര്‍‌മാര്‍ജനം ചെയ്യുക , ജാതി,മതം,രാഷ്‌ട്രീയം എന്നിവയുടെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക ,ചെറിയ സംഘങ്ങളുടെ പോലും ദേശീയതാവികാരങ്ങള്‍ മാനിക്കുക ,16 വയസ്സു വരെ നിര്‍‌ബന്ധസൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുക ,പരമാവധി സ്വാശ്രയത്ത്വം കൈവരിക്കുക ഇതൊക്കെ ചെയ്യേണ്‍റ്റതുണ്ട്എന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്‌.
ഇതിന്‌ ഒരു സമഗ്രലോകവീക്ഷണം ആവശ്യമായി വരുന്നു.ഇതിന്റെ സാരാംശം താഴെ പറയുന്നതാണ്‌.1..ഭൗതിക ഉപഭോഗത്തിന്‌ പരിമിതികളുണ്ട് എന്ന് മനസ്സിലാക്കുക.2..ചെറുതിനെ ശക്തമാക്കുകയും വന്‍‌സ്ഥാപനങ്ങളെ കഴിയുന്നത്ര ചെറുതാക്കുകയും ചെയ്യുക.3.. അനിയന്ത്രിതമായ നഗരവല്‍‌ക്കരണം തടയുക.3...തദ്ദേശ സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും ആഗോളസമ്പദ്വ്യവസ്ഥയുടെ ആക്രമണങ്ങള്‍ ചെറുത്ത് നില്‍ക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുക .4..അന്യരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തി യുദ്ധവും സൈനികചെലവും ഒഴിവാക്കുക.കൂടുതല്‍ ആഴത്തിലുള്ള പങ്കാളിത്തത്തോടെ സമൂഹത്തിന്റെ ജനാധിപത്യപരമായ അടിത്തറ ശക്തിപ്പെടുത്തുക.സുസ്ഥിരത ഉറപ്പുവരുത്തുക.മല്‍‌സരാത്മകസമൂഹത്തില്‍ നിന്ന് സഹരണാത്മകസമൂഹത്തിലേക്ക് മാറുക. ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ പരമാവധിപേരെ അണിനിരത്തുക.ഒരു വിമോചകനുവേണ്ടി കാത്തു നില്‍ക്കാതെ ചൂഷിതവര്‍‌ഗങ്ങളുടെ കൂട്ടായ്മയിലൂടെ ആവശ്യമായ നേതൃത്വം വളര്‍ത്തിയെടുക്കുക.ഏകാധിപത്യപരമായ സമരത്തിലൂടെ ജനാധിപത്യം സ്ഥാപിക്കാനാകില്ലെന്ന് മനസ്സിലാക്കുക.തുടര്‍‌ച്ചയായി ദരിദ്രവല്‍ക്കരിക്കപ്പെടുന്നവര്‍ പരസ്പരം പോരടിക്കുന്നതിനു പകരം ഒന്നിച്ചു ചേരണം.അധികാരഘടന കീഴ് മേല്‍ മറിയണം.പൗരന്‍‌മാര്‍ക്കായിരിക്കണം പരമാധികാരം.അടിസ്ഥാനഘടകങ്ങള്‍ക്ക് കൂടുതല്‍ വലിയ ഘടകങ്ങളെ എപ്പോള്‍ വേണമെങ്കിലും പുന:സംഘടിപ്പിക്കാന്‍ അധികാരമുണ്ടായിരിക്കും.കീഴ്ഘടകങ്ങളെ പിരിച്ചു വിടാനോ നിയന്ത്രിക്കാനോ വലിയ ഘടകങ്ങള്‍‌ക്ക് അധികാരമുണ്ടായിരിക്കില്ല.പൗരന്‍‌മാരുടെ അറിയാനുള്ള അവകാശവും പഠിക്കാനുള്ള ഉത്തരവാദിത്വവും മൗലികമായിരിക്കും.തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും തെരഞ്ഞെടുത്തവര്‍‌ക്ക് തിരിച്ചു വിളിക്കാന്‍ അവകാശമുണ്ടായിരിക്കും.ഭൗതികജീവിതഗുണത ,ഭൗതികേതരജീവിതഗുണത എന്നിവ തുടര്‍‌ച്ചയായി വര്‍‌ദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്‌ഷ്യം.അതിനാവശ്യമായ തോതില്‍ മാത്രമേ ഭൗതികോല്‍‌പ്പാദനം വര്‍ദ്ധിക്കേണ്ടതുള്ളു.

ഇപ്രകാരം ആധുനികസമൂഹനിര്‍‌മ്മാണത്തിനുള്ള പദ്ധതികളാണ്‌ ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.നിര്‍‌ഭാഗ്യവശാല്‍ വേണ്ട രീതിയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടില്ല.

നാലാം ലോകം-സ്വപ്നവും യാഥാര്‍ഥ്യവും
സോഷ്യലിസം എന്നും നമ്മുടെ ആവേശമായിരുന്നു,സ്വപ്നവും.ആ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവര്‍‌ത്തിച്ചവര്‍ ഒരുപാടുണ്ട്‌.മുതലാളിത്തം ലോകത്തെ അടക്കി ഭരിക്കുന്ന ഇക്കാലത്തുപോലും സമത്വസുന്ദരലോകം കെട്ടിപ്പടുക്കല്‍ ലക്ഷ്യമാക്കിയവര്‍ ധാരാളമാണ്‌.
മുതലാളിത്തവും ആഗോളവല്‍‌ക്കരണവും തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിന്‌ സ്തുതി പാടിക്കൊണ്ടിരിക്കുന്നവരേയാണ്‌ നമുക്ക് ചുറ്റും കാണുന്നത്.പണത്തെ ഏറ്റവും മുകളില്‍ പ്രതിഷ്‌ടിച്ചിരിക്കുന്നു.
പ്രധാനസ്ഥാനങ്ങളിലെല്ലാം മുതലാളിത്തത്തിന്റെ സ്തുതിപാഠകരാണ്‌.നമ്മുടെ എഴുത്തുകാരും മാധ്യമങ്ങളുമെല്ലാം മുതലാളിത്തത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു.മുതലാളിത്തത്തിന്റെ മൂടുതാങ്ങുന്ന വിധികളാണ്‌ നമ്മുടെ നീതിപീഠങ്ങള്‍ പോലും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്.അതിനെ എതിര്‍‌ത്താല്‍ വികസനവിരോധികളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
ദരിദ്രനാരായണന്‍‌മാര്‍ക്കു വേണ്ടി സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ പരിഹസിക്കപ്പെടുന്നു.സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്നവരുടെ വിമോചനത്തിനുള്ള ചിന്തകള്‍ക്ക് പ്രാധാന്യം നല്‍‌കിക്കൊണ്ടുള്ള ആശയങ്ങളാണ്‌ 'നാലാം ലോകം' എന്ന പുസ്തകം മുന്നോട്ടു വെക്കുന്നത്.മറ്റൊരു ലോകം സാധ്യമാണ്‌ എന്നു തന്നെയാണ്‌ ഗ്രന്ഥകാരന്‍ പറയുന്നത്.വെറുതെ പറയുകയല്ല,യുക്തിഭദ്രമായി വിശകലനം ചെയ്യുകയാണ്‌ ചെയ്യുന്നത്.
ശ്രീ എം.പി.പരമേശ്വരന്‍ ശാസ്‌ത്രജ്ഞനും ശാസ്‌ത്രപ്രചാരകനുമായിരുന്നു.വൈജ്ഞാനികസാഹിത്യരംഗത്ത് ഒട്ടനവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്‌.കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്‌ ജനകീയാടിത്തറ നല്‍‌കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്‌.
തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് ഇലക്‌ട്രികല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പരമേശ്വരന്‍ ബോംബെ അണുശക്‌തിഗവേഷണകേന്ദ്രത്തില്‍ ഗവേഷകനായിരുന്നു.അദ്ദേഹം നാലു വര്‍ഷം റഷ്യയില്‍ ഉപരിപഠനം നടത്തി ഡോക്റ്ററേറ്റ് ബിരുദം നേടി.
കണ്ടും വായിച്ചും താന്‍ മനസ്സിലാക്കിയ കാര്യങ്ങളെ സത്യസന്ധമായി അദ്ദേഹം വിശകലനം ചെയ്യുകയാണ്‌ ഈ പുസ്തകത്തില്‍.ഒപ്പം താന്‍ വിഭാവനം ചെയ്യുന്ന സോഷ്യലിസ്‌റ്റ് സമൂഹത്തിന്റെ സൃഷ്‌ടിയെപ്പറ്റിയുള്ള പദ്ധതികള്‍മുന്നോട്ട് വെക്കുകയും ചെയ്യുന്നു. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ഒന്നും നിഷ്‌പക്ഷമായി വിലയിരുത്തപ്പെടാറില്ല.ഒന്നുകില്‍ കമ്മ്യൂണീസ്‌റ്റ് വിരോധത്തിന്റെ തിമിരം ബാധിച്ചവരായിരിക്കും.അല്ലെങ്കില്‍ തീവ്രകമ്മ്യൂണിസ്റ്റ് ഭക്തന്‍‌മാരായിരിക്കും.ഒരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും ലേഖകന്‍ വിമര്‍‌ശനപരമായി കാര്യങ്ങളെ വിലയിരുത്തുന്നു.നല്ലൊരു പഠനമാണ്‌ പരമേശ്വരന്‍ നടത്തുന്നത്.
ഗ്രന്ഥകര്‍ത്താവ് 1962 മുതല്‍ 1965 വരെ മോസ്‌കോ പവര്‍ ഇന്‍‌സ്‌റ്റിറ്റൂട്ടില്‍ പി.എച്.ഡി വിദ്യാര്‍ഥിയായിരുന്നു.അക്കാലത്തെ അനുഭവങ്ങള്‍ ഉല്‍‌സാഹമുണ്ടാക്കുന്നവയും അതേ സമയം ഉല്‍‌കണ്ഠ ജനിപ്പിക്കുന്നതുമായിരുന്നു.തൊഴിലില്ലായ്മയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യുന്നതിലും എല്ലാവര്‍ക്കും ആഹാരവസ്ത്ര,പാര്‍‌പിടാദികളും ആരോഗ്യ വിദ്യാഭ്യാസ വിനോദ വിശ്രമസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സോവിയറ്റ് റഷ്യ അദ്‌ഭുതകരമായ വിജയം കൈവരിച്ചിരുന്നു.ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിരുന്നു.തന്റേയും കുട്ടികളുടേയും ഭാവിയെക്കുറിച്ച് ഒരു സോവിയറ്റ് പൗരന്‌ ഉല്‍‌കണ്ഠപ്പെടേണ്ടതായുണ്ടായിരുന്നില്ല.ഭരണകൂടം തന്നെ സം‌രക്ഷിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു.സ്വത്ത് സമ്പാദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.പലനിലക്കും മാതൃകാപരമായ കാര്യങ്ങള്‍ അവിടെ കണ്ടിരുന്നു.ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നിരുന്നു.രണ്ട് ലോകമഹായുദ്ധങ്ങളിലായി കനത്ത നാശം നേരിടേണ്ടി വന്ന ഒരു സമൂഹമായിരുന്നു അത്.‌
ലേഖകന്റെ അവിടെയുള്ള പഠനകാലത്ത് ഉല്‍‌കണ്ഠയുണ്ടാക്കുന്ന പലതും അവിടെ കണ്ടിരുന്നു.മറ്റൊരു സോഷ്യലിസ്‌റ്റ് രാജ്യമായ ചൈനയുമായുള്ള സം‌ഘര്‍‌ഷം വിശദീകരിക്കാന്‍ പ്രയാസമുള്ളതായിരുന്നു.ഭരണതലത്തില്‍ ചുവപ്പുനാടയുടെ അതിപ്രസരമുണ്ടായിരുന്നു.കമ്യൂണിസ്‌റ്റ് പാര്‍ടിയും ജനങ്ങളും തമ്മില്‍ കൂടുതല്‍ കൂടുതല്‍ അകല്‍‌ച്ച ഉണ്ടായിക്കൊണ്ടിരുന്നു.പാര്‍ട്ടി നേതാക്കള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സവിശേഷ ആനുകൂല്യങ്ങള്‍ ഈ അകല്‍ച്ച വര്‍‌ദ്ധിപ്പിച്ചു.അത് അനര്‍‌ഹമാണെന്ന് ജനങ്ങള്‍ കരുതി.

വിദേശനിര്‍‌മ്മിത വസ്‌തുക്കളോടുള്ള കമ്പം വര്‍ദ്ധിച്ചു വരികയായിരുന്നു.ഡോളര്‍ കരിഞ്ചന്ത വ്യാപകമായി.സങ്കുചിത റഷ്യന്‍ ദേശീയബോധത്തോട് മറ്റ് ദേശീയജനവിഭാഗങ്ങള്‍ക്ക് ശക്തമായ അമര്‍ഷം ഉണ്ടായിരുന്നു.സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്‌റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ സാര്‍‌വദേശീയകാഴ്‌ചപ്പാടിന്റെ അഭാവമുണ്ടായിരുന്നു. ഇത് മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അമര്‍ത്തി വെച്ച അമര്‍ഷത്തിന്‌ കാരണമായി.പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവ തിരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.നിര്‍‌ഭാഗ്യവശാല്‍ അത്തരം ശ്രമങ്ങള്‍ വിജയിച്ചില്ല.

ഭാവിലോകത്തെക്കുറിച്ചും ഭാവിഭാരതത്തെക്കുറിച്ചുമുള്ള ചിന്തയുടെ പ്രാഗ്‌രൂപങ്ങള്‍ ശ്രീ പരമെശ്വരന്റെ മനസ്സില്‍ രൂപം കൊണ്ടത് അവിടെ വെച്ചാണ്‌.അതിന്റെ മൂന്നു പ്രധാനഘടകങ്ങള്‍ ഇവയായിരുന്നു.
1...പങ്കാളിത്തജനാധിപത്യം.
2....വികസനത്തെക്കുറിച്ചുള്ള വികല്പവീക്ഷണം.
3....ശാസ്‌ത്രസാങ്കേതികവിദ്യകളടക്കമുള്ള ഉദ്‌പാദനശക്‌തികളുടെ വികാസത്തോടുള്ള ഒരു വ്യത്യസ്‌ത സമീപനം.
ഈ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍.

ചരക്കുകള്‍ക്ക് ഉപയോഗമൂല്യം,വിനിമയമൂല്യം എന്നിവക്കു പുറമെ ക്ഷേമമൂല്യം എന്നൊന്നു കൂടിയുണ്ടെന്ന് പരമേശ്വരന്‍ വിശദീകരിക്കുന്നു.ഇന്ന് മുതലാളിത്തലോകം ഉല്‍‌പാദിപ്പിക്കുന്ന ചരക്കുകളിലും സേവനങ്ങളിലും ഒരു തരത്തിലുള്ള ക്ഷേമമൂല്യവും ഇല്ലാത്തതാണ്‌ കൂടുതല്‍.ഇത് തിരിച്ചറിയാത്തതാണ്‌ കമ്യൂണിസ്‌റ്റ്കാര്‍ക്ക് പറ്റിയ ഒരു തെറ്റ്.മനുഷ്യന്റെ യഥാര്‍‌ഥആവശ്യങ്ങളും മുതലാളിത്തം സൃഷ്‌ടിക്കുന്ന കപട ആവശ്യങ്ങളും തമ്മില്‍ വേര്‍ തിരിവ് ഉണ്ടായില്ല.സമൂഹത്തില്‍ ആ തിരിച്ചറിവ് ഉണ്ടാക്കാനായില്ല.ഉപഭോഗചരക്കുകളുടെ ലഭ്യത അനന്തമായി വര്‍‌ദ്ധിപ്പിക്കുകയല്ല,ചരക്കുല്‍‌പാദനം യഥാര്‍ഥ ആവശ്യങ്ങളില്‍ പരിമിതപ്പെടുത്തുകയാണ്‌ കമ്യൂണിസ്‌റ്റ് സമൂഹം ലക്ഷ്യമാക്കേണ്ടത്.ഇത് വഴി അധ്വാനസമയം കുറക്കാനും ഒഴിവുസമയം വര്‍‌ദ്ധിപ്പിക്കാനും കഴിയും.പക്ഷെ ഈ വഴി സ്വീകരിക്കുന്നതില്‍ മുഖ്യധാരാമാര്‍‌ക്സി‌സ്‌റ്റുകാര്‍ പരാജയപ്പെട്ടു.       continued here

Thursday, June 12, 2008

കൊതുകുകള്‍ക്കെതിരെ

നാട്ടില്‍ പനി പടര്‍ന്നു പിടിക്കുകയും നമ്മുടെ പഞ്ചായത്തുകള്‍ കൊതുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയുമാണല്ലോ.കൊതുകുകളാണ്‌ ഈ ദുരിതത്തിനെല്ലാം കാരണം എന്ന മട്ടിലാണ്‌ പ്രചാരണം പോകുന്നത്.കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടില്‍ പല സ്ഥലങ്ങളിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.എങ്ങനെയെല്ലാം രോഗവാഹകരായ കൊതുകകളെ നേരിടാം എന്ന് വിശദമായി വിവരിക്കുന്ന ബോര്‍ഡുകള്‍ നന്നായിരുന്നു.പക്ഷെ ഈ ബോര്‍‌ഡുകളെല്ലാം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്.പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്‌ കൊതുകള്‍ ഇത്ര വര്ദ്ധിക്കാന്‍ കാരണമെന്നത് നമ്മള്‍ സൗകര്യപൂര്‍‌വം മറക്കുകയാണ്‌.കൊതുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ നാം പ്ലാസ്റ്റിക്കിനെതിരെ കൂടി യുദ്ധം ചെയ്യണം.പണം മാത്രമുപയോഗിച്ച് രാഷ്ടീയപ്രവര്‍ത്തനം നടത്തുന്ന നമ്മുടെ സംസ്കാരത്തിന്റെ സൃഷ്ടിയാണ്‌ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ എന്നത് മറക്കുന്നില്ല.

Monday, June 9, 2008

EARN MONEY

mGinger is the first of its kind opt-in permission-based mobile marketing platform in India.

mGinger is a service providing targeted advertisements on mobile phones. The advertisements are targeted on a consumer base who have opted-in to this service. The consumer base is built through a registration process in which the consumers specify their commercial interests, maximum number of ads they would like to receive in a day, convenient time-slots and their demographic information. Apart from getting information related to their particular interests, the consumers also receive monetary incentives for every ad they themselves receive and for each ad received in their network upto two levels of referrals.

Advertisers leverage the service to search for and select consumers based on their commercial interests, location, demographics and other criteria and send specific advertisements to their target audience. And all this without the fear of incurring even a single consumer's wrath. The mGinger platform solves critical problems like content composition, cost of campaign and return on investment measurability for advertisers.

How did it all start?

mGinger.com started when Veerendra Shivhare (COO) annoyed by the deluge of spam messages every day, hit upon the idea of targeted advertising. Registering on DNC is one way to save one self from SPAM advertisements, but what about the information that you really want to read and get to know about?

His alternative: Register with mGinger, submit a mobile number, choose the categories that you wish to receive ads about, and specify the number of ads and the time they ought to be sent and you can keep your self informed on the move! But how do we get the consumer profiles updated? Simple: provide an incentive which will keep pulling the consumers back to the website!

ഗുരുക്കന്‍‌മാര്‍ ദിവ്യരോ ദുര്‍‌വൃത്തരോ?


ആന്‍‌റ്റണി സ്‌റ്റോര്‍ എഴുതിയ FEET OF CLAY -A STUDY OF GURUS എന്ന കൃതിയുടെ വിവര്‍ത്തനമാണ്‌ ' ഗുരുക്കന്‍‌മാര്‍ ദിവ്യരോ ദുര്‍‌വൃത്തരോ? ' എന്ന പുസ്തകം.കെ. എം. ആര്‍ മോഹനനാണ്‌ ഡി.സി.ബുക്സ്-നു വേണ്ടി വിവര്‍‌ത്തനം ചെയ്തത്.
ആള്‍ദൈവങ്ങളും ആള്‍ക്കൂട്ടങ്ങളും സമൂഹത്തെ കീഴടക്കിയിരിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഈ പുസ്തകം ഏറെ പ്രസക്ത്തമാണ്‌.
മനുഷ്യജീവിതത്തിന്റെ പൊരുളിനെക്കുറിച്ച് പ്രത്യേക ജ്ഞാനമുണ്ടെന്നു കരുതുകയും ,അതുകൊണ്ടു തന്നെ എങ്ങനെ വേണം ജീവിക്കുകയെന്ന് മറ്റുള്ളവരോട് പറയാന്‍ യോഗ്യരെന്ന് സ്വയം കരുതുകയും ചെയ്യുന്ന പ്രബോധകരെയാണ്‌ ഈ പുസ്തകത്തില്‍ ഗുരു എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
പ്രത്യേക ആദ്ധ്യാത്മിക ദര്‍‌ശനം അവകാശപ്പെടുന്നവരാണ്‌ ഭൂരിപക്ഷം ഗുരുക്കന്‍‌മാരും.മോക്ഷത്തിലേക്കുള്ള പുതുവഴികള്‍ ഗുരുക്കന്‍‌മാര്‍ അനുയായികള്‍ക്ക് വാഗ്‌ദാനം ചെയ്തു.പലപ്പോഴും അനുയായികള്‍ ചൂഷണം ചെയ്യപ്പെട്ടു.ഇത്തരം ഗുരുക്കന്‍‌മാര്‍ ഇതില്‍ വിശകലനം ചെയ്യപ്പെടുന്നു.
നിസ്വാര്‍ഥതയും ആര്‍‌ജ്ജവും കാത്തു സൂക്ഷിച്ച ഗുരുക്കന്‍‌മാര്‍ കുറവായിരുന്നു.നേരായ ധര്‍മം പൊതുവെ പ്രകടനാത്മകമല്ല.എന്നാല്‍ നമ്മുടെ ഗുരുക്കള്‍ പ്രകടനപരതക്കാണ്‌ പ്രാധാന്യം നല്‍‌കിയത്.
വരേണ്യവാദവും ജനവിരുദ്ധതയുമാണ്‌ ഗുരുക്കന്‍‌മാര്‍ക്ക് പ്രിയം.വിമര്‍‌ശനങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല.
ഇത്തരം പ്രവണതകളുടെ മന:ശാസ്‌ത്രപരവും ,ദാര്‍‌ശനികവുമായ പഠനത്തിന്‌ ഈ പുസ്തകത്തില്‍ പ്രാധാന്യം നല്‍‌കിയിരിക്കുന്നു.
ഗുര്‍‌ജിഫ് ,ഓഷോ രജനീഷ് ,റുഡോള്‍ഫ് സ്റ്റൈനര്‍ തുടങ്ങി പല ഗുരുക്കന്‍‌മാരേയും വിശകലനം ചെയ്യുന്നു.
ഈ പുസ്തകം അത്ര എളുപ്പത്തില്‍ വായിച്ചു പോകാവുന്ന ഒന്നല്ല.ശ്രദ്ധാപൂര്‍ണ്ണമായ വായന ഈ പുസ്തകം ആവശ്യപ്പെടുന്നു.
ആള്‍ദൈവങ്ങള്‍ തുറന്നു കാണിക്കപ്പെടുന്ന ഇന്നത്തെ അവസ്ഥയില്‍ ഈ പുസ്തകത്തിന്റെ വായന രസകരവും വിജ്ഞാനപ്രദവുമായി അനുഭവപ്പെടുന്നു.Friday, June 6, 2008

എന്റെ ഹൃദയത്തിലെ ആദിവാസി
കെ.പാനൂര്‍ എഴുതിയ പുസ്തകമാണ്‌ 'എന്റെ ഹൃദയത്തിലെ ആദിവാസി' .ആദിവാസികള്‍ക്ക് വേണ്ടി സംസാരിക്കുകയും,പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനാണ്‌ കെ.പാനൂര്‍.ആദ്യം ഉദ്യോഗസ്ഥനായും ,പിന്നീട് സാമൂഹ്യപ്രവര്‍ത്തകനായും അദ്ദേഹം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു.അക്കാലത്തെ ചില അനുഭവങ്ങളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഭൂമിയുടെ യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ ലോകത്തൊരിടത്തും സം‌രക്ഷിക്കപ്പെടുന്നില്ല.ലോകമെമ്പാടൂം അവര്‍ ചൂഷണം ചെയ്യപ്പെടുന്നു.ഭരണകൂടവും, രാഷ്‌ട്രീയപാര്‍ട്ടികളും കോടതിയുമെല്ലാം ആദിവാസികള്‍ക്കെതിരാണ്‌.
റവന്യൂഉദ്യോഗസ്ഥനായിരുന്ന പാനൂരിന്‌ ആദിവാസിരംഗത്ത് പ്രവര്‍ത്തിക്കാനുള്ള പ്രചോദനമായത് ,ബംഗാളി നോവല്‍ ,വിഭൂതിഭൂഷന്റെ , 'ആരണ്യക് ' -ന്റെ വായനയാണ്‌.ആദിവാസികള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങിയ പാനൂരിന്‌ വളരെയേറെ ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്‌.ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങള്‍ നമുക്കിതില്‍ വായിക്കാം.ചൂഷണം ചെയ്യപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ സാമൂഹ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്‌ നാം ദര്‍ശിക്കുന്നത്.പനൂരിന്റെ പ്രസിദ്ധമായ ' കേരളത്തിലെ ആഫ്രിക്ക ' എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്‌.പള്ളിക്കാരും കുടിയേറ്റക്കാരും കൂടി അരുവിക്കല്‍ കോളണിയിലെ പണിയരോടും അവര്‍ക്ക് നേതൃത്വം നല്‍കിയ പണിയന്‍ മാത്യു എന്ന മാത്യുവിനോടും കാണിച്ച ക്രൂരതയുടെ കഥകള്‍ നമുക്ക് ഞെട്ടലോടെ മാത്രമേ വായിക്കാനാകൂ.Tuesday, June 3, 2008

ഘോഷയാത്രഒട്ടകങ്ങള്‍ മരുഭൂമിയില്‍ മാത്രം കാണുന്ന ഒരു സംഭവമാണെന്നാണ് കരുതിയിരുന്നത്.വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ടതാണ് ഈ ഘോഷയാത്ര.

കടല്‍‌മുത്ത്മല്‍‌സ്യബന്ധനജീവിതാനുഭവങ്ങളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.കടലിനെപ്പറ്റി ഒരു പാട് കാര്യങ്ങള്‍ ഗ്രന്ഥകാരന്‍ നമുക്ക് പറഞ്ഞു തരുന്നു.കൊല്ലത്തെ മല്‍സ്യത്തൊഴിലാളിയായ എ.ആന്‍‌ഡ്റൂസ് ആണ്‌ ഗ്രന്ഥകര്‍ത്താവ്.

നാല്‍‌പ്പത് വര്‍ഷത്തിലേറെ തുടര്‍ച്ചയായി കടലില്‍ പോയിരുന്നു പരമ്പരാഗത മല്‍സ്യത്തൊഴിലാളിയായ ആന്‍ഡ്രൂസ്.അദ്ദേഹം നിരന്തരം കടലിനെ പഠിച്ചു.അന്നന്നു കിട്ടിയ അറിവുകള്‍ എഴുതി വെച്ചു.മുപ്പതു വര്‍ഷത്തെ ഡയറിക്കുറിപ്പുകളാണ്‌ ഈ പുസ്തകത്തിന്റെ അടിസ്ഥാനം.


ഉപജീവനത്തിനായി കടലിന്റെ ആഴങ്ങളിലേക്ക് വലയെറിയുന്ന മല്‍സ്യബന്ധനത്തൊഴിലാളികള്‍ക്ക് മല്‍സ്യബന്ധനവേളകളില്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളുടെയും അദ്ധ്വാനത്തിന്റെയും സാഹസികപോരാട്ടങ്ങളുടെയും ചരിത്രമാണിത്.വില അന്‍പത്തഞ്ചു രൂപ. പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സ്.

കരുണാലയം


നോവല്‍.കെ.സുരേന്ദ്രന്‍ രചിച്ചത്.പൂര്‍ണാ പബ്ലികേഷന്‍സ് പുറത്തിറക്കി.വില എഴുപത്തഞ്ച് രൂപ.കരുണാലയം എന്ന ആതുരാലയത്തിന്റേയും അതിന്നകത്തെ ജീവനക്കാരുടെ സംഘര്‍ഷം നിറഞ്ഞ ജീവിതപരമ്പരകളുടെയും ചിത്രം വരച്ചുകാട്ടുന്നു ഈ നോവല്‍.

Sunday, June 1, 2008

കഥയുറങ്ങുന്ന വഴിയിലൂടെ


യാത്രാവിവരണം.പ്രസിദ്ധസാഹിത്യകാരനായ കെ.തായാട്ട് രചിച്ച ഈ കൃതി 1981 ലെ ചെറുകാട് സ്മാരക ശക്‌തി അവാര്‍‌ഡ് നേടിയിട്ടുള്ളതാണ്.
കുട്ടികള്‍ക്ക് വേണ്ടി എഴുതിയിട്ടുള്ളതാണ്‌ ഈ ഗ്രന്ഥം.എങ്കിലും മുതിര്‍ന്നവര്‍ക്കും ഇത് ആസ്വാദ്യകരമാണ്‌.
ദക്ഷിണേന്ത്യയിലെ ചരിത്രസ്മാരകങ്ങളിലൂടെയാണ്‌ യാത്ര.അനുഭവങ്ങളൂം വീക്ഷണങ്ങളും ചരിത്രസത്യങ്ങളുമെല്ലാം സരളമായ ഭാഷയില്‍ ഗ്രന്ഥകാരന്‍ ആവിഷ്‌കരിക്കുന്നു.