Sunday, January 25, 2009

ഇസ്ലാം മതം-ഒരു പ്രഭാഷണം

എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ഒരു പ്രഭാഷണത്തിന്റെ ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു.എനിക്ക് ഇതില്‍ മറ്റു താല്‍‌പര്യങ്ങള്‍ ഒന്നും ഇല്ല.വെറും കൗതുകം മാത്രം.

Saturday, January 24, 2009

നിങ്ങളുടെ ജാതി ഏത്?

കോടതികളില്‍ പല തവണ പോകേണ്ടി വന്നിട്ടുണ്ട്.കോടതി അത്ര സന്തോഷകരമായ അനുഭവമല്ല.

ആദ്യമൊക്കെ കോടതികളില്‍ പ്രതിക്കൂട്ടിലാണ്‌ നില്‍‌ക്കേണ്ടി വന്നത്.ഇപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍‌വഹണവുമായി ബന്ധപ്പെട്ട് സാക്ഷിക്കൂട്ടിലാണ്‌ നില്‍‌ക്കേണ്ടി വരുന്നത്.ആഴ്ചയിലൊരിക്കലെങ്കിലും മൊഴി കൊടുക്കാന്‍ കോടതിയിലെത്തേണ്ടി വരാറുണ്ട്.

കഴിഞ്ഞ ദിവസവും കോടതിയില്‍ പോയി മൊഴി കൊടുക്കേണ്ടി വന്നിരുന്നു.രാഷ്ട്രീയ സ്വാധീനമുള്ള ചില ഗുണ്ടകളും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘര്‍ഷമായിരുന്നു കേസിന്റെ അടിസ്ഥാനം.

വിസ്താരവും ക്രോസ് വിസ്താരവും കഴിഞ്ഞ് മജിസ്‌ട്രേറ്റ് സ്വന്തം കൈ കൊണ്ട് എഴുതിയ മൊഴി നമ്മള്‍ വായിച്ചു ശരിയെന്ന് ബോധ്യപ്പെടുത്തി ഒപ്പിട്ടു കൊടുക്കണം.
മൊഴിയുടെ അടിയില്‍ നമ്മള്‍ ചില വിവരങ്ങള്‍ എഴുതി പൂരിപ്പിക്കണം.നിങ്ങളുടെ പേര്‍,അച്ഛന്റെ പേര്,വില്ലേജ്,താലൂക്ക്,ഔദ്യോഗിക പദവി എന്നിവയാണ്‌ അവ.

ഏറ്റവും അവസാനം ഒരു കാര്യം കൂടി ചോദിക്കുന്നുണ്ട്:നിങ്ങളുടെ ജാതി ഏത്?

ഈ ചോദ്യത്തിന്റെ അര്‍ഥം മനസിലാകുന്നില്ല.നമ്മുടെ ജാതി നമ്മുടെ മൊഴിയെ ഒരു തരത്തിലും ബാധിക്കുന്നതല്ല.ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള കാര്യമായി ജാതിയെ ഉപയോഗിക്കാമെന്നും തോന്നുന്നില്ല
.ചില ജാതിക്കാരുടെ മൊഴിക്ക് വിശ്വാസ്യത കൂടുമെന്നോ,മറ്റു ചില ജാതിയില്‍ പെട്ടവരുടെ മൊഴിക്ക് വിശ്വാസ്യത കുറയുമെന്നോ ഒക്കെ പലരും കരുതുന്നുണ്ടാകാം.പക്ഷെ,ജാതിക്കും മതത്തിനും അതീതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ സംബന്ധിച്ച് ഇതിന് പ്രസക്തിയൊന്നുമില്ല.

ജാതിയും ജാതി വിവേചനവുമെല്ലാം ഇല്ലാതാക്കണമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭരണകൂടം ജാതി ചിന്ത എപ്പോഴും നില നിര്‍ത്താനുള്ള കാര്യങ്ങളാണ്‌ ചെയ്യുന്നത്.സം‌വരണമൊക്കെ ജാതിചിന്ത എന്നെന്നേക്കുമായി നില നിര്‍ത്താനുള്ള ചില സൂത്രപ്പണികള്‍ മാത്രം.


Saturday, January 17, 2009

തസ്‌കരന്‍






















കള്ളന് സത്യം പറയാം.സമൂഹത്തിന്റെ കാപട്യത്തിനെ അവന് ഭയക്കേണ്ടതില്ല.മാന്യതയുടെ ഒരു മുഖംമൂടി ധരിക്കേണ്ട ആവശ്യം കള്ളനില്ല.ഒരര്‍‌ഥത്തില്‍ കള്ളന്‍ സ്വതന്ത്രനാണ്‌.

കപടന്‍‌മാര്‍ വാഴുന്ന സാഹിത്യലോകത്തേക്ക് ഒരു കള്ളന്‍ പ്രവേശിക്കുന്നു,ഒരു ആത്മകഥയിലൂടെ.മറ്റുള്ളവരെക്കൊണ്ട് എഴുതിച്ചും പുകഴ്‌ത്തിച്ചും ചിലര്‍ അവാര്‍‌ഡുകള്‍ വാരിക്കൂട്ടുന്നതു നാം കണ്ടു.കള്ളനു കഞ്ഞി വെക്കുന്നവര്‍ വലിയ നിലകളില്‍ വിലസുന്നതും നാം കണ്ടു.

സമൂഹത്തിന്റെ പരിഛേദവുമായി നമ്മുടെ മുന്നിലെത്തുന്ന തസ്‌കരനെ നാം കണ്ടില്ലെന്നു നടിക്കുന്നു.കേരളത്തിലെ കുപ്രസിദ്ധമോഷ്ടാവായിരുന്ന മണിയന്‍‌പിള്ളയുടെ സംഭവബഹുലവും സാഹസികവുമായ ജീവിതകഥയാണ്‌ 'തസ്കരന്‍'."ഈ പുസ്തകം‌‌..ഇതെന്റെ ജീവിതം വലിച്ചു കീറി ഉപ്പിട്ടു ഉണക്കി നിരത്തിയ കഥയാണ്‌"-മണിയന്‍‌പിള്ള ഇങ്ങനെ തുടങ്ങുന്നു.പ്രസിദ്ധപത്രപ്രവര്‍‌ത്തകനായ ജി.ആര്‍ ഇന്ദുഗോപനാണ്‌ ഈ പുസ്തകം തയ്യാറാക്കിയത് എന്നുള്ളതുകൊണ്ട് ഇത് മണിയന്‍‌പിള്ളയുടേതല്ലാതാകുന്നില്ല.കാര്യങ്ങള്‍ യഥാതഥമായിത്തന്നെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത് എന്ന ഇന്ദുഗോപന്റെ അവകാശവാദം അവിശ്വസിക്കേണ്ട ഒരവസരവും പുസ്തകം നമുക്ക് തരുന്നുമില്ല.

മനുഷ്യനെ തരം തിരിച്ചു കാണുകയല്ല വേണ്ടത്,മറിച്ച് മനുഷ്യത്വത്തോടെ അവന്റെ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കാണുകയാണ്‌ വേണ്ടത് എന്ന ദര്‍‌ശനമാണ്‌ ഈ പുസ്തകത്തിന്റെ ആധാരശില.ഈ ദര്‍‌ശനം ഉള്‍‌ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് ഈ പുസ്തകം അസഹ്യമായിരിക്കും.
കൊല്ലം ജില്ലയിലെ ഇരവിപുരം വാളത്തുംഗലില്‍ ജനിച്ച മണിയന്‍പിള്ളയുടെ ജീവിതകഥയാണ്‌ ഈ പുസ്തകം.ഇതെല്ലാം വായിച്ച് ആവേശം കൊള്ളരുതെന്ന് മണിയന്‍പിള്ള ആദ്യമേ തന്നെ മുന്നറിയിപ്പ് നല്‍‌കുന്നു.-കണ്ടവന്റേത് കക്കുന്നത് വായിക്കാന്‍ സുഖമുണ്ട്.പോയത് നമ്മുടേതാകുമ്പോള്‍ കള്ളന്‍ കാപാലികനാകുന്നു.തന്റെ ജീവിതം മുഴുവന്‍ ഭയത്തിലും അരക്ഷിതബോധത്തിലും അധിഷ്ടിതമായിരുന്നെന്ന് മണിയന്‍ പിള്ള.
ആത്മകഥയുടെ തുടക്കം സ്വാഭാവികമായും കുട്ടിക്കാലത്തുതന്നെ.പക്ഷെ കള്ളന്റെ തുടക്കം കഥയുടെ തുടക്കമല്ല.ഏതു കള്ളനേയും സൃഷ്ടിക്കുന്നത് സമൂഹമാണ്‌.തന്റെ ദുരിതപൂര്‍‌ണ്ണമായ ബാല്യകാലജീവിതം മണിയന്‍‌പിള്ള വരച്ചു കാണിക്കുന്നു.വിശപ്പ് എന്ന സത്യം ഒരു കള്ളന്‌ ജന്മം കൊടുക്കുന്നു.ഒരിക്കല്‍ കള്ളനായാല്‍ എന്നും കള്ളന്‍ തന്നെ.സമൂഹം അവനെ നന്നാകാന്‍ സമ്മതിക്കില്ല.അവന്‍ എന്നും കള്ളന്‍ തന്നെ.
കൂട്ടുകാരുമൊത്ത് അമ്പലത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയതിനാണ്‌ മണിയന്‍‌പിള്ള ആദ്യമായി അകത്താകുന്നത്.മുപ്പത് പൈസയായിരുന്നു തൊണ്ടി.അപമാനഭാരത്താല്‍ തലയുയര്‍‌ത്തി നടക്കാനാകാത്ത സ്ഥിതിയായി മടങ്ങിയെത്തിയപ്പോള്‍.കുറച്ചു നാളുകള്‍ക്കു ശേഷം ഒരു മോഷണക്കുറ്റമാരോപിച്ച് വീണ്ടും പോലീസ് പിടിക്കുന്നു.ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വന്ന മണിയന്‍‌പിള്ള വീണ്ടും ജയിലിലെത്തുന്നു.സംഭവബഹുലമായ തസ്കരജീവിതത്തിന്റെ തുടക്കം ഇവിടെയാണ്‌.ഒരു പാട് സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും മണിയന്‍‌പിള്ള നമ്മെ നയിക്കുന്നു.സമൂഹത്തില്‍ പല സ്ഥാനങ്ങളിലിരിക്കുന്നവരും ഇതില്‍ തുറന്നു കാണിക്കപ്പെടുന്നു.
മോഷണത്തിന്റെ ശാസ്ത്രവും പ്രയോഗവും ഇതില്‍ വിശകലനം ചെയ്യുന്നു.മനുഷ്യനുണ്ടാക്കിയ വീടാണെങ്കില്‍ അതിനൊരു ദുര്‍ബലവശവുമുണ്ടെന്ന് ലേഖകന്‍.പ്രണയവും ജീവിതവും ലഹരിയുമെല്ലാം നിറഞ്ഞ ഒരു ജീവിതമാണ്‌ നാം കാണുന്നത്.അതില്‍ നന്മയും തിന്മയുമെല്ലാമുണ്ട്.
പരോളിലിറങ്ങി മുങ്ങി കര്‍‌ണാടകയിലെത്തി,കഠിനാധ്വാനത്തിലൂടെ കോടീശ്വരനായി,വീണ്ടും എല്ലാം നഷ്ടപ്പെട്ട ഒരു കഥയുമുണ്ട്.എം.എല്‍.എ സ്ഥാനം കയ്യെത്തും ദൂരത്തില്‍ നഷ്ടപ്പെടുകയായിരുന്നു,മന്ത്രിയാകുമെന്നും കേട്ടിരുന്നു.മോഷ്‌ടിക്കാനിറങ്ങിയ വീട്ടില്‍ നഗ്നയായി കിടന്നു പുസ്തകം വായിക്കുകയായിരുന്ന പെണ്‍‌കുട്ടിയെ ബലാല്‍‌സംഗം ചെയ്‌ത കഥയൊക്കെ ഒരു മിഥ്യാഭ്രമം മാത്രമല്ലേ എന്നു സംശയം.

Friday, January 16, 2009

സൈക്കിള്‍ റിക്ഷ

കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍ വന്നു.കാണ്‍‌പൂരില്‍ നിന്നാണ് വിളിക്കുന്നതെന്ന് വിളിച്ചയാള്‍ പറഞ്ഞു.ഹിന്ദിയാണോ ഇംഗ്ലീഷാണോ വേണ്ടതാണെന്നാണ് ആദ്യം തന്നെ ചോദിച്ചത്.എനിക്ക് ഹിന്ദിയറിയില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഒരു ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി.
ആള്‍ എന്റെ ബ്ലോഗില്‍ ഒരു സൈക്കിള്‍ റിക്‌ഷയുടെ ഫോട്ടൊ കണ്ട് വിളിച്ചതാണ്.ഹരിദ്വാറിലെ തെരുവില്‍ വെച്ച് എടുത്ത സൈക്കിള്‍ റിക്ഷയുടെ പടമാണ് അത്.എനിക്ക് സൈക്കിള്‍ റിക്ഷയുടെ ഇടപാട് ഉണ്ടോയെന്നാണ് അദ്ദേഹത്തിനറിയേണ്ടത്.എനിക്ക് അത്തരം പരിപാടിയൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സൈക്കിള്‍ റിക്ഷ വേണോയെന്നായി അയാള്‍.
അദ്ദേഹത്തിനു സൈക്കിള്‍ റിക്ഷയുടെ ഇടപാടത്രെ.സൈക്കിള്‍ റിക്ഷയും അതിന്റെ പാര്‍‌ട്സും അവിടെ ലഭ്യമാണ്.ആവശ്യമുണ്ടെങ്കില്‍ തപാല്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും ഓര്‍‌ഡര്‍ ചെയ്യാം.വെബ്സൈറ്റ് ഇതാണ്

ആദ്യം കേട്ടപ്പോള്‍ തമാശ തോന്നി.സൈക്കിള്‍ റിക്ഷയ്ക്ക് എന്താണ് കുഴപ്പമെന്ന് പിന്നീടാണ് ആലോചിച്ചത്.നാട്ടിലാകെ പുക തുപ്പുന്ന ഓട്ടോ റിക്‌ഷ പരിഷ്കൃതവും സൈക്കിള്‍ റിക്ഷ അപരിഷ്കൃതവുമായതെങ്ങിനെ?


Thursday, January 15, 2009

അമേരിക്കന്‍ കാക്ക

കോടിക്കണക്കിനു പേര്‍ ബ്ലോഗിക്കൊണ്ടിരിക്കുന്ന ബ്ലോഗുലകത്തില്‍ മലയാളികളുടെ ബ്ലോഗ് കാണുന്നതു ആഹ്ലാദകരമാണ്‌,അത് മലയാളത്തില്‍ അല്ലെങ്കില്‍ പോലും.അതൊരു മികച്ച ബ്ലോഗ് കൂടിയായാല്‍ നല്ല സന്തോഷം.അത്തരമൊരു നല്ല ബ്ലോഗാണ്‌ ടോമിന്റെ ബ്ലോഗ്.ഞാന്‍ ഈ ബ്ലോഗിന്റെ ഒരു ‌അനുയായിയാണ്‌..ഇംഗ്ലണ്ടിലെ ഒരു ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ ബ്ലോഗ് ആകര്‍‌ഷകമാണ്‌.ഈ ബ്ലോഗ് കാണുക.
ഒരു സായിപ്പ് അണ്ണാനെ ഈ കിടിലന്‍ അമേരിക്കന്‍ ബ്ലോഗില്‍ കാണുക.അമേരിക്കന്‍ കാക്ക പക്ഷെ കറുത്തിട്ടു തന്നെ.

Sunday, January 11, 2009

ഇംഗ്ലീഷ് ഭാഷയില്‍ ഒരു ലക്ഷം വാക്കുകള്‍

ലോകത്തെമ്പാടും ഒരു ബില്ല്യണ്‍ വാക്കുകള്‍ സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു ദശലക്ഷം വാക്കുകള്‍ ഈ വര്‍ഷം തികയുന്നു.ഭാഷാവിദഗ്ദര്‍ വെളിപ്പെടുത്തിയതാണ്‌ ഇത്.ഓരോ 98 മിനിട്ടിലും ഇംഗ്ലീഷ് ഭാഷയില്‍ ഒരു പുതിയ വാക്കുണ്ടാകുന്നു.ഭാഷകളില്‍ പ്രധാന സ്ഥാനം വഹിക്കുന്ന ഇംഗ്ലീഷ് ലോകത്തെമ്പാടുമായി 1.35 ബില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.അത് മാതൃഭാഷയായും സെക്കന്റ് ലാംഗേജായും ഇത്രയും ആളുകള്‍ ഉപയോഗിക്കുന്നു.വാക്കുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസൃതമായി വര്‍ദ്ധിക്കുകയാണെന്ന് ഗ്ലോബല്‍ ലാംഗേജ് മോണിറ്ററിന്റെ സ്ഥാപക പ്രസിഡണ്ട് പോള്‍ പേയാക് പറയുന്നു.വാക്കുകള്‍ ഉപയോഗിക്കുന്നതിനേയും ലഭ്യതയേയും കുറിച്ചും അത് തിരഞെടുക്കുന്നതിനെക്കുറിച്ചും ഗ്ലോബല്‍ ലാംഗേജ് മോണിറ്റര്‍ പഠനം നടത്തുന്നുണ്ട്.പ്രശസ്ത സര്‍‌വകലാശാലകളുമായി ചേര്‍ന്നാണ്‌ ഇത് സാധ്യമാക്കുന്നത്."എല്ലാ ഭാഷയില്‍ നിന്നും വാക്കുകള്‍ സ്വീകരിക്കുന്ന വേറൊരു ഭാഷ കാണില്ല.വാക്കുകളുടെ കാര്യത്തിലിലല്ല ,ആശയസം‌വിധാനമാണ് വേണ്ടത്".അദ്ദേഹം പറയുന്നു.ഹോളീവുഡ്,ബോളിവുഡ് ,ഹിപ് ഹോപ് എന്നീ വാക്കുകള്‍ ഉണ്ടാത് അങ്ങനെയാണ്‌.ഏതായാലും ഏപ്രില്‍ മാസത്തോടെ ദശലക്ഷമാകുമെന്നും അദ്ദേഹം പറയുന്നു.ഇനി ഇതെല്ലാം പഠിക്കാമെന്ന് ആരും കരുതണ്ട.കാരണം ഒരു വ്യക്തിയുടെ പദസമ്പത്ത് പതിനാലായിരം വാക്കുകളാണ്‌.
ഭാഷാപരമായി അനുഗ്രഹീതനായ വ്യക്തിക്ക് എഴുപതിനായിരം വാക്കുകള്‍ മാത്രമേ പരമാവധി ഉപയോഗിക്കാന്‍ കഴിയൂ.
report-new age

Saturday, January 10, 2009

മലയാളം ബ്ലോഗിങ്ങിന്‌ ഒരു വഴികാട്ടി























മലയാളത്തില്‍ ബ്ലോഗെഴുതുന്നത് വളരെ സങ്കീര്‍‌ണമാണെന്നും കമ്പ്യൂട്ടറിലൊക്കെ നല്ല ജ്ഞാനം വേണമെന്നും ധരിച്ചിരിക്കുന്ന ധാരാളം പേരുണ്ട്.ആ ധാരണയാണ്‌ പലരെയും ബ്ലോഗെഴുതുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
മലയാളത്തില്‍ ബ്ലോഗ് എഴുതാന്‍ താല്പര്യമുള്ളവര്‍ ധാരാളമുണ്ട്.അവര്‍ക്ക് വഴികാട്ടിയാകാന്‍ സംഘടിപ്പിച്ചിരുന്ന ബ്ലോഗ് അകാഡമി മീറ്റുകളില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു.അവിടെ ഉയര്‍ന്നു കേട്ട ഒരാശയമായിരുന്നു മലയാളത്തില്‍ ബ്ലോഗ് രചിക്കുന്നതിനെപ്പറ്റി ഒരു പുസ്തകം വേണമെന്നത്.
മികച്ച രീതിയില്‍ ബ്ലോഗ് ക്ലാസ്സുകള്‍ എടുത്തിരുന്ന ഒരു ബ്ലോഗര്‍ മലയാളം ബ്ലോഗിങ്ങിന്‌ വഴികാട്ടിയായി ഒരു പുസ്തകം എഴുതിയിരിക്കുന്നു.ലളിതമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളം ബ്ലോഗ് ലോകത്തേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ്‌.
ബ്ലോഗിനെപ്പറ്റി പറയുന്നവരെല്ലാം തന്നെ ബ്ലോഗിന്റെ ചരിത്രവും പ്രാധാന്യവും സാധ്യതകളും വിശദമായി പറയാറുണ്ട്.ഈ പുസ്തകത്തിലും അതെല്ലാം പറയുന്നുണ്ടെങ്കിലും ബ്ലോഗ് എങ്ങനെ ഉണ്ടാക്കാമെന്നും എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഉള്ള കാര്യങ്ങള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തിരിക്കുന്നത്.പുസ്തകത്തിന്റെ അവസാനഭാഗത്ത് ബ്ലോഗ് തുടങ്ങുന്നത് പടി പടിയായി സൂചിപ്പിച്ചിട്ടുള്ളതും നവാഗതര്‍ക്ക് ഏറെ സഹായകരമാണ്‌.
ബ്ലോഗറല്ലാത്ത മറ്റ് ബ്ലോഗ് പ്ലാറ്റ് ഫോറങ്ങള്‍,വീഡിയോ ബ്ലോഗിങ്ങ്,പോഡ് കാസ്റ്റിങ്ങ്,യൂ-ട്യൂബ്,ബ്ലോഗ് വായന എന്നിവയെപ്പറ്റിയും വിവരിക്കുന്നുണ്ട്.വിക്കി പീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശത്തെപ്പറ്റിയും നല്ലൊരു കുറിപ്പുണ്ട്.
ബ്ലോഗിനെപ്പറ്റി പറയുന്നവരെല്ലാം പറയുന്ന ഒരു കാര്യമാണ്‌ ബ്ലോഗ് ഒരു സ്വതന്ത്രമാധ്യമമാണെന്നും നമുക്ക് എന്തുമെഴുതാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നമ്മള്‍ തന്നെയാണ്‌ എഡിറ്റര്‍ എന്നതും.ഇത് ശരിയായ ഒരു ഉപദേശമാണെന്ന് തോന്നുന്നില്ല.നിയമങ്ങളും ധാര്‍മികമൂല്യങ്ങളുമെല്ലാം ബ്ലോഗിനും ബാധകമാണെന്ന സന്ദേശമാണ്‌ ബ്ലോഗര്‍‌മാര്‍ നല്‍‌കേണ്ടത്.
ഡി.സി ബുക്സ് അവതരിപ്പിക്കുന്ന ഐ.ടി സീരീസ് എന്ന പുസ്തകപരമ്പരയില്‍‌പ്പെട്ട ഒരു പുസ്തകമാണ്‌ ഇത്.ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള വഴികളടങ്ങിയ കെ.രവീന്ദ്രന്റെ 'വിവരശേഖരണം ഇന്റര്‍നെറ്റില്‍' ,സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങളെയും പ്രതിരോധമാര്‍‌ഗങ്ങളേയും പറ്റി പ്രതിപാദിക്കുന്ന കെ.അന്‍‌വര്‍ സാദത്തിന്റെ ' സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും',ഇ.വായനയെപ്പറ്റിയുള്ള വി.കെ ആദര്‍ശിന്റെ പുസ്തകം,ടി.വി സിജുവിന്റെ കമ്പ്യൂട്ടര്‍ കുട്ടികള്‍ക്ക് എന്നിവയാണ്‌ മറ്റു പുസ്തകങ്ങള്‍.ഡോ.ബി ഇക്‌ബാല്‍ ആണ്‌ ജനറല്‍ എഡിറ്റര്‍.




കണ്ണൂരാന്‍ മലപ്പുറം ബ്ലോഗ് മീറ്റില്‍ ക്ലാസ് എടുക്കുന്നു.