Saturday, January 10, 2009

മലയാളം ബ്ലോഗിങ്ങിന്‌ ഒരു വഴികാട്ടി























മലയാളത്തില്‍ ബ്ലോഗെഴുതുന്നത് വളരെ സങ്കീര്‍‌ണമാണെന്നും കമ്പ്യൂട്ടറിലൊക്കെ നല്ല ജ്ഞാനം വേണമെന്നും ധരിച്ചിരിക്കുന്ന ധാരാളം പേരുണ്ട്.ആ ധാരണയാണ്‌ പലരെയും ബ്ലോഗെഴുതുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
മലയാളത്തില്‍ ബ്ലോഗ് എഴുതാന്‍ താല്പര്യമുള്ളവര്‍ ധാരാളമുണ്ട്.അവര്‍ക്ക് വഴികാട്ടിയാകാന്‍ സംഘടിപ്പിച്ചിരുന്ന ബ്ലോഗ് അകാഡമി മീറ്റുകളില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു.അവിടെ ഉയര്‍ന്നു കേട്ട ഒരാശയമായിരുന്നു മലയാളത്തില്‍ ബ്ലോഗ് രചിക്കുന്നതിനെപ്പറ്റി ഒരു പുസ്തകം വേണമെന്നത്.
മികച്ച രീതിയില്‍ ബ്ലോഗ് ക്ലാസ്സുകള്‍ എടുത്തിരുന്ന ഒരു ബ്ലോഗര്‍ മലയാളം ബ്ലോഗിങ്ങിന്‌ വഴികാട്ടിയായി ഒരു പുസ്തകം എഴുതിയിരിക്കുന്നു.ലളിതമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളം ബ്ലോഗ് ലോകത്തേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ്‌.
ബ്ലോഗിനെപ്പറ്റി പറയുന്നവരെല്ലാം തന്നെ ബ്ലോഗിന്റെ ചരിത്രവും പ്രാധാന്യവും സാധ്യതകളും വിശദമായി പറയാറുണ്ട്.ഈ പുസ്തകത്തിലും അതെല്ലാം പറയുന്നുണ്ടെങ്കിലും ബ്ലോഗ് എങ്ങനെ ഉണ്ടാക്കാമെന്നും എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഉള്ള കാര്യങ്ങള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തിരിക്കുന്നത്.പുസ്തകത്തിന്റെ അവസാനഭാഗത്ത് ബ്ലോഗ് തുടങ്ങുന്നത് പടി പടിയായി സൂചിപ്പിച്ചിട്ടുള്ളതും നവാഗതര്‍ക്ക് ഏറെ സഹായകരമാണ്‌.
ബ്ലോഗറല്ലാത്ത മറ്റ് ബ്ലോഗ് പ്ലാറ്റ് ഫോറങ്ങള്‍,വീഡിയോ ബ്ലോഗിങ്ങ്,പോഡ് കാസ്റ്റിങ്ങ്,യൂ-ട്യൂബ്,ബ്ലോഗ് വായന എന്നിവയെപ്പറ്റിയും വിവരിക്കുന്നുണ്ട്.വിക്കി പീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശത്തെപ്പറ്റിയും നല്ലൊരു കുറിപ്പുണ്ട്.
ബ്ലോഗിനെപ്പറ്റി പറയുന്നവരെല്ലാം പറയുന്ന ഒരു കാര്യമാണ്‌ ബ്ലോഗ് ഒരു സ്വതന്ത്രമാധ്യമമാണെന്നും നമുക്ക് എന്തുമെഴുതാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നമ്മള്‍ തന്നെയാണ്‌ എഡിറ്റര്‍ എന്നതും.ഇത് ശരിയായ ഒരു ഉപദേശമാണെന്ന് തോന്നുന്നില്ല.നിയമങ്ങളും ധാര്‍മികമൂല്യങ്ങളുമെല്ലാം ബ്ലോഗിനും ബാധകമാണെന്ന സന്ദേശമാണ്‌ ബ്ലോഗര്‍‌മാര്‍ നല്‍‌കേണ്ടത്.
ഡി.സി ബുക്സ് അവതരിപ്പിക്കുന്ന ഐ.ടി സീരീസ് എന്ന പുസ്തകപരമ്പരയില്‍‌പ്പെട്ട ഒരു പുസ്തകമാണ്‌ ഇത്.ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള വഴികളടങ്ങിയ കെ.രവീന്ദ്രന്റെ 'വിവരശേഖരണം ഇന്റര്‍നെറ്റില്‍' ,സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങളെയും പ്രതിരോധമാര്‍‌ഗങ്ങളേയും പറ്റി പ്രതിപാദിക്കുന്ന കെ.അന്‍‌വര്‍ സാദത്തിന്റെ ' സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും',ഇ.വായനയെപ്പറ്റിയുള്ള വി.കെ ആദര്‍ശിന്റെ പുസ്തകം,ടി.വി സിജുവിന്റെ കമ്പ്യൂട്ടര്‍ കുട്ടികള്‍ക്ക് എന്നിവയാണ്‌ മറ്റു പുസ്തകങ്ങള്‍.ഡോ.ബി ഇക്‌ബാല്‍ ആണ്‌ ജനറല്‍ എഡിറ്റര്‍.




കണ്ണൂരാന്‍ മലപ്പുറം ബ്ലോഗ് മീറ്റില്‍ ക്ലാസ് എടുക്കുന്നു.

1 comment:

anushka said...

ഒന്നര കൊല്ലം ബ്ലോഗ് എഴുതിയിട്ടും വായിച്ചിട്ടും എനിക്ക് അറിയാതിരുന്ന ഒത്തിരി കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ നിന്നാണ് മനസ്സിലായത്.കണ്ണൂരാന് നന്ദി.