Friday, July 25, 2008

ബ്ലോഗര്‍ ആയി ആറു മാസം

ഞാന്‍ ഒരു ബ്ലോഗര്‍ ആയിട്ട് ആറ് മാസം കഴിഞ്ഞു.ഒരു ബ്ലോഗര്‍ ഒന്നാം വാര്‍‌ഷികം ആഘോഷിക്കുന്നത് കണ്ടപ്പോഴാണ്‌ ഇതെഴുതാന്‍ തോന്നിയത്.ബ്ലോഗ് എന്ന് ആദ്യമായി കേള്‍‌ക്കുന്നത് രണ്ട് വര്‍‌ഷം മുമ്പാണ്‌.ഒരു പുസ്തകത്തില്‍ നിന്നാണ്‌ ഈ വാക്ക് കേള്‍‌ക്കുന്നത്. 'എന്റെ യൂറോപ്പ് സ്വപ്‌നങ്ങള്‍' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്‍.ഇത് ബ്ലോഗ് സാഹിത്യമാണ്‌ എന്ന് ആ പുസ്തകത്തിന്റെ ആമുഖത്തില്‍ കണ്ടതായി ഓര്‍‌ക്കുന്നു. ഞാന്‍ കരുതിയത് സാഹിത്യത്തിന്റെ പുതിയ രൂപമെന്തോ ആണ്‌ ബ്ലോഗ് എന്നാണ്‌.എന്തായാലും ബ്ലോഗറായ കുറുമാന്‍ എഴുതിയ ആ പുസ്തകം വളരെ ഇഷ്ടപ്പെട്ടു. കുളൂസ് പറയുന്നതിനെയാണോ ബ്ലോഗ് എന്ന് പറയുന്നത് എന്നും തോന്നാതിരുന്നില്ല. നാലു കൊല്ലമായി ഒരു കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും അതിന്റെ പ്രവര്‍‌ത്തനത്തില്‍ വലിയ പരിജ്ഞാനമൊന്നുമില്ലാത്ത വ്യക്തിയാണ്‌ ഞാന്‍.സിനിമ കാണാനും സി.ഡി. കോപി ചെയ്യാനും മാത്രമാണ്‌ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാറുള്ളത്. കഴ്‌സര്‍ എന്തിന്റെയുമൊക്കെ നേരെ പിടിച്ച് രണ്ട് പ്രാവശ്യം ക്ലിക്ക് ചെയ്‌താല്‍ എന്തെങ്കിലുമൊക്കെ ചാടി വരുമെന്നത് ആസ്വദിച്ചിരിക്കലായിരുന്നു പണി.അങ്ങനെയിരിക്കെയാണ്‌ ഇന്റെര്‍‌നെറ്റിനെക്കുറിച്ച് മലയാളത്തില്‍ ഒരു ചെറുപുസ്തകം ലഭിച്ചത്.ഏതോ ഒരു തൊടുപുഴക്കാരന്‍ ബ്ലോഗര്‍ ആണ്‌ അത് രചിച്ചത് എന്ന് മാത്രമേ ഇപ്പോള്‍ ഓര്‍‌ക്കുന്നുള്ളൂ. ബ്ലോഗിങ്ങിനെക്കുറിച്ച് അതില്‍ ഒരധ്യായമുണ്ടായിരുന്നു.നിങ്ങള്‍‌ക്കും ബ്ലോഗര്‍ ആകാമെന്നൊരു കുറിപ്പും.അപ്പോഴാണ്‌ ബ്ലോഗ് എന്താണെന്ന് മനസ്സിലായത്.വേണമെങ്കില്‍ മലയാളത്തിലും ചെയ്യാമെന്നും മനസ്സിലായി. ഞാന്‍ ഒരു ബ്ലോഗര്‍ ആകാന്‍ തീരുമാനിച്ചു.എന്റെ കുറച്ച് അനുഭവങ്ങളും നിരീക്ഷണങ്ങളും എഴുതണമെന്നായിരുന്നു ഉദ്ദേശ്യം.ഞാന്‍ എഴുതുന്നത് ഒരു സ്ഥലത്തും അച്ചടിച്ച് വരില്ലെന്ന് പൂര്‍‌ണബോധ്യമുള്ളതിനാല്‍ ബ്ലോഗ് എന്ന സ്വന്തം പത്രം തുടങ്ങാന്‍ തീരുമാനിച്ചു.
ആദ്യത്തെ പ്രശ്‌നം-ഇന്റര്‍‌നെറ്റ് കണക്ഷനില്ല.ഒരു ഡയല്‍ അപ് കണക്ഷന്‍ ശരിയാക്കി.ആദ്യത്തെ ദിവസം തന്നെ മനസ്സിലായി-ഇതു കൊണ്ട് കാര്യം നടക്കില്ല. പിറ്റേ ദിവസം തന്നെ ബ്രോ‌ഡ്‌ബാന്റിന് അപേക്‌ഷിച്ചു.നാലഞ്ച് മാസം കാത്തിരിപ്പ്.ഒരു ദിവസം എക്സ്‌ചേഞ്ചില്‍ നിന്ന് വിളിച്ചു‌‌ ‌- നാളെ നിങ്ങള്‍‌ക്ക് കണക്‌ഷന്‍ തരാം.പിറ്റേന്ന് അവര്‍ വന്ന് കണക്‌ഷന്‍ തന്നു.പക്ഷെ ഞാന്‍ നോക്കിയിട്ട് കിട്ടുന്നില്ല.ഒരാഴ്ച വീണ്ടും കാത്തിരുന്നു. എക്സ്‌ചേഞ്ചുകാര്‍ വന്ന് ചില സാങ്കേതികതടസങ്ങള്‍ ശരിയാക്കി.നല്ല പറക്കുന്ന സ്പീഡില്‍ ഇന്റര്‍‌നെറ്റ് .. അപ്പോള്‍ തന്നെ ബ്ലോഗര്‍ തുറന്നു.ഒരു ബ്ലോഗ് ഉണ്ടാക്കി.ബ്ലോഗ് എങ്ങിനെയിരിക്കുമെന്ന് മനസ്സിലാക്കണമല്ലോ.ഒരു ബ്ലോഗ് കാണാന്‍ തീരുമാനിച്ചു.അതാ വരുന്നു, ഒരു മനോഹരമായ ബ്ലോഗ്.വായിച്ചു നോക്കി.മനോഹരമായ ലേ ഔട് ,മാത്രമല്ല നല്ല ഉള്ളടക്കവും. ആ ബ്ലോഗ് ഇന്നും എന്റെ പ്രിയപ്പെട്ട ബ്ലോഗ് ആണ്‌. BOTTLE BARBIES AND BOYS ആണ്‌ ആ ബ്ലോഗ്.ഇന്നും ഞാന്‍ അത് വായിക്കാറുണ്ട്. പിറ്റേന്ന് ഞാന്‍ ബ്ലോഗ് തുറന്ന് എന്തെങ്കിലും പോസ്‌റ്റ് ചെയ്യാന്‍ തീരുമാനിച്ചു.പക്ഷെ അഡ്രസ് മറന്നിരിക്കുന്നു.പുതിയ ബ്ലോഗ് ഉണ്ടാക്കാന്‍ തുടങ്ങി.അപ്പോള്‍ മെമ്മറിയില്‍ നിന്ന് പഴയ ഐ.ഡി. തെളിഞ്ഞു വന്നു. അടുത്ത പ്രശ്നം,മലയാളം എങ്ങനെ എഴുതും?ആദ്യം ആരെങ്കിലും എഴുതിയത് വായിച്ചു നോക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌ മനസ്സിലായത് ,മലയാളം അക്ഷരങ്ങള്‍‌ക്ക് പകരം ചതുരക്കട്ടകള്‍ ആണ്‌ കാണുന്നത്.ചതുരക്കട്ടകള്‍ക്കു പകരം മലയാളം വരണമല്ലോ.അന്ന് ബ്ലോഗ് അക്കാദമിയൊന്നുമില്ല.നേരെ ഗൂഗിളില്‍ പോയി സെര്‍‌ച് ചെയ്തു.എന്തൊക്കെയോ ചെയ്തു.അവസാനം സംഗതി ശരിയായി.,ഭാഗ്യത്തിന്‌.അതൊക്കെ വീണ്ടും ചെയ്യാന്‍ പറഞ്ഞാല്‍ പറ്റുമെന്നു തോന്നുന്നില്ല. മലയാളം എഴുതണമല്ലോ.പല കളികളും കളിച്ചു നോക്കി.വീണ്ടും സെര്‍‌ച്ച് എഞ്ചിന്‍.മലയാളം ഓണ്‍ ലൈനില്‍ എത്തിപ്പെട്ടു.അതു തന്നെയാണ്‌ ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.അതു മാത്രമേ അറിയുകയുള്ളൂ.അതെങ്ങാന്‍ പണിമുടക്കിയാല്‍ എന്റെ മലയാളം ബ്ലോഗിങ്ങ് നിലക്കും. പ്രാഥമികപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.അടുത്ത പ്രശ്നം.എഴുതിത്തുടങ്ങിയപ്പോള്‍ മനസ്സിലായി,എനിക്ക് എഴുതാനൊന്നുമറിയില്ല.നല്ല ഭാഷയില്ല,എഴുതുന്നത് ശക്തമായി എഴുതാനും അറിയില്ല.എഴുതിപഠിക്കുന്നതിന്‌ ഞാന്‍ അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തെപറ്റി എഴുതാന്‍ തീരുമാനിച്ചു.അങ്ങനെയാണ്‌ ഞാന്‍ ബ്ലോഗിങ് തുടങ്ങിയത്. ഒരു ആവേശത്തിനു മുകളിലാണ്‌ ബ്ലോഗിങ്ങ് തുടങ്ങിയത്.ആറ് മാസത്തിനു ശേഷം ആവേശം കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു.ഇനി നിര്‍‌ത്താം. ആറ് മാസത്തിനിടയില്‍ ഒരുപാട് നല്ല പോസ്റ്റുകള്‍ കണ്ടു.പക്ഷെ മിക്ക ബ്ലോഗുകളും ഉപരിപ്ലവമായിരുന്നു.കന്യാസ്ത്രീയും ഡ്രൈവറുമൊക്കെയായിരുന്നു ബ്ലോഗിലെ പ്രധാനപ്രശ്‌നങ്ങള്‍.വര്‍‌ഗീയതയ്ക്കും ബ്ലോഗ് നല്ല ആയുധമാണെന്ന് മനസ്സിലായി. ഇടക്ക് ഒരു കരിവാരം വന്നിരുന്നു,അതെന്തിനെന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാനായില്ല.ഞാന്‍ കരിയാക്കാതിരുന്നത് അതുകൊണ്ടൊന്നുമായിരുന്നില്ല,എനിക്ക് കരിയാക്കാന്‍ അറിയുമായിരുന്നില്ല.അഥവാ കഷ്ടപ്പെട്ട് കരിയാക്കിയാല്‍ ,കരി കഴുകിക്കളയാന്‍ പറ്റാതിരുന്നാലോ എന്ന പേടിയുമുണ്ടായിരുന്നു.എന്റെ മോളുടെ പേരിലുള്ള എന്റെ ബ്ലോഗ് സ്ഥിരമായി കരിപിടിച്ചു കിടന്നാലോ...

Friday, July 18, 2008

സ്വാശ്രയ മെഡിക്കല്‍കോളേജുകളും പോസ്‌റ്റ്മോര്‍ട്ടവും

രണ്ട് സ്വാശ്രയമെഡിക്കല്‍കോളേജുകളില്‍ പോസ്‌റ്റ്മോര്‍ട്ടം പരിശോധന നടത്താന്‍ ഗവണ്‍‌മെന്റ് അനുവാദം നല്‍കുന്നു.ഈ തീരുമാനം പ്രതിഷേധാര്‍‌ഹമാണ്‌. നിഷ്‌പക്ഷവും നീതിപൂര്‍‌വവുമായി നടത്തേണ്ടതാണ്‌ പോസ്റ്റ്മോര്‍ട്ടം പരിശോധന.അത് ഒരു ശാസ്‌ത്രീയപരിശോധനയാണ്‌.അത് സ്വകാര്യമെഡിക്കല്‍കോളേജുകളില്‍ നടത്തുന്നത് അതിന്റെ വിശ്വാസ്യത നഷ്‌ടപ്പെടുത്തും. സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ കുട്ടികള്‍‌ക്ക് പഠിക്കാന്‍ വേണ്ടിയാണ്‌ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്നത്.മെഡിക്കല്‍ കൗണ്‍‌സിലിന്റെ അംഗീകാരം നിലനിര്‍‌ത്തുന്നതിനു വേണ്ടിയാണ്‌ ഇത്. മെ‌ഡിക്കല്‍കൗണ്‍‌സിലിന്റെ വ്യവസ്ഥകള്‍ പാലിക്കാതെ അംഗീകാരം നേടിയെടുക്കുന്നത് എങ്ങിനെയെന്ന് അധികം ആലോചിക്കാതെ നമുക്ക് മനസ്സിലാക്കാം.പക്ഷെ, സര്‍‌ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവയാണ്‌ സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍.ഒരു തരത്തിലും ഗവണ്‍മെന്റിനു വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുന്നവയാണ്‌ അവ.അത്തരം സ്ഥാപനങ്ങളെ സര്‍‌ക്കാര്‍ സഹായിക്കുന്നത് ദുരൂഹമാണ്‌.

കുറുമാന്‍ ദി ഗ്രേറ്റ്

Friday, July 11, 2008

GOOGLE DOCTOR

ഗൂഗ്‌ള്‍ ഡോക്‌റ്റര്‍ എന്ന പേരില്‍ ഒരു ബ്ലോഗിനെപറ്റി ഒരു നിരൂപണം കണ്ടിരുന്നു.ഗൂഗിളിന്റെ കുഴപ്പങ്ങള്‍ പരിഹരിക്കാനുള്ള ഒരു ബ്ലോഗാണെന്നാണ്‌ ആദ്യം കരുതിയത്. വായിച്ചു നോക്കിയപ്പോള്‍ ആണ്‌ മനസ്സിലായത് അതല്ല ,ശരിക്കുള്ള ഡോക്‌റ്റര്‍ തന്നെയാണെന്ന്‌. ആരോഗ്യത്തെയും വൈദ്യശാസ്‌ത്രത്തെയും പറ്റിയുള്ള ഒരു നല്ല ബ്ലോഗാണ്‌ ഇത്.വളരെ വിജ്ഞാനപ്രദമാണ്‌.ഏറ്റവും പ്രധാനം ആധികാരികതയുള്ള പഠനങ്ങളെ അടിസ്ഥാനമാകിയാണ്‌ ഇതിലെ ലേഖനങ്ങള്‍ എന്നതാണ്‌.
ആ നിലക്ക് ഇത് നമ്മുടെ ആരോഗ്യമാസികകളില്‍ നിന്ന് വ്യത്യസ്തമാണ്‌.ഇത്തരം വിഷയങ്ങളെപറ്റി പഠിക്കാന്‍ ശ്രമിക്കുന്നവര്‍‌ക്ക് ഉപയോഗപ്രദമായതാണ്‌ ഈ ബ്ലോഗ്. ...Dr.Razavi's Good To Know Info.

Wednesday, July 9, 2008

ബ്രഹ്മപുത്രയിലെ വീട്
ബീന കണ്ട റഷ്യ ' എന്ന കൃതിയിലൂടെ കെ.എ.ബീന വായനക്കര്‍‌ക്ക് സുപരിചിതയാണ്‌.സ്കൂള്വിദ്യാര്‍‌ഥിയായിരിക്കെ ബിനോയ് വിശ്വം നയിച്ച ഒരു സംഘത്തില്‍ അംഗമായി നടത്തിയ റഷ്യന്‍ സന്ദര്‍‌ശനത്തിന്റെ കഥയായിരുന്നു 'ബീന കണ്ട റഷ്യ.' അത് വര്‍‌ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തായിരുന്നു.സോവിയറ്റ് യൂനിയന്‍ അപ്രത്യക്ഷമായതിനുശേഷവും പുസ്തകത്തിന്‌ പതിപ്പുകളിറങ്ങി.വീണ്ടും ഒരു യാത്രാവിവരണവുമായി ബീന വായനക്കാരുടെ അടുത്തെത്തുന്നു. കത്തിയെരിയുന്ന അസമിലേക്ക് ഭര്‍‌ത്താവിന്‌ സ്ഥലം‌മാറ്റം കിട്ടിയപ്പോള്‍ കൂടെ സ്ഥലം മാറിപ്പോയതാണ്‌ ആകാശവാണി ഉദ്യോഗസ്ഥയായ ബീന.കൂടെ മകന്‍ അപ്പുവും ഉണ്ടായിരുന്നു. അവിടുത്തെ കാഴ്‌ച്ചകള്‍ മനോഹരമായി ബീന നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.ഇതൊരു യാത്രാവിവരണമല്ല,യാത്രാനുഭവമാണെന്ന് ബീന ആമുഖത്തില്‍ നമ്മോട് പറയുന്നു.വായിച്ചു കഴിയുമ്പോള്‍ ഇത് നമ്മുടെയും അനുഭവമായി മാറുകയാണ്‌. ഹിന്ദു പുരാണപ്രകാരം ലോകത്തെ അപൂര്‍‌വം പുരുഷനദികളിലൊന്നായ ബ്രഹ്മപുത്രയുടെ തീരത്ത് ബീന താമസിച്ചത് രണ്ട് വര്‍‌ഷത്തോളമാണ്‌. ഗൗഹട്ടിയിലേക്കുള്ള തീവണ്ടിയാത്രയിലാണ്‌ യാത്രയുടെ തുടക്കം.തീവണ്ടി ബ്രഹ്മപുത്രയുടെ മുകളിലൂടെ ഗൗഹട്ടിയിലേക്ക് പ്രവേശിക്കുന്നത് സരയ്‌ഘട്ട് പാലത്തിലൂടെയാണ്‌.നഗരത്തിന്റെ ഭാഗമായി നില്‍‌ക്കുന്ന ബ്രഹ്മപുത്രയിലിറങ്ങി തൊട്ടു വന്ദിച്ചാണ്‌ ബീനയും,ബൈജുവും ,അപ്പുവും ഗൗഹട്ടിയില്‍ താമസമുറപ്പിക്കുന്നത്. കള്ളന്‍‌മാരെ പേടിച്ച് ,അതിലുപരി കള്ളന്‍‌മാരെ വല്ലാതെ ഭയക്കുകയും ,താമസക്കാരെ ഭീതിയിലാഴ്‌ത്തുകയും ചെയ്യുന്ന വീട്ടുടമസ്ഥരെ പേടിച്ച് രണ്ട് തവണ അവര്‍‌ക്ക് വീട് മാറേണ്ടി വരുന്നു. പുസ്തകത്തില്‍ 'വെള്ളപ്പൊക്കത്തില്‍' എന്നൊരു അധ്യായമുണ്ട്.നിരന്തരമുള്ള വെള്ളപ്പൊക്കമാണ്‌ അസമിലെ ഒരു പ്രധാനപ്രശ്‌നം.അസം വെള്ളപ്പൊക്കത്തിന്റെ നാടാണ്‌.അസമിലെ മഴ രൗദ്രവും വന്യവുമാണ്‌.ഏതാനും മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന മഴപോലും നാടിനെ വിഴുങ്ങുന്നു. വെള്ളം വീടുകളെ ,വാഹനങ്ങളെ,സസ്യലതാദികളെ ഒക്കെ കീഴ്‌പ്പെടുത്തുന്നു.റോഡാകെ നദിയാകുന്നു.ബ്രഹ്മപുത്ര നഗരത്തെ വിഴുങ്ങും.അശാസ്‌ത്രീയമായ ആസൂത്രണവും കനത്ത വനനശീകരണവുമാണ്‌ സ്ഥിതി ഇത്ര വഷളാക്കിയതെന്ന് ബീന പറയുന്നു.വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്നവര്‍ അസമില്‍ ഏറെയാണ്‌.അസമിന്റെ ഉല്‍‌സവമായ മാഘബിഹുവിനെപറ്റിയാണ്‌ പിന്നീട് ബീന വിവരിക്കുന്നത്.ബിഹു അസമിന്റെ ജീവിതതാളമാണ്‌.വിളവെടുപ്പുല്‍സവമായ മാഘബിഹുവും,നവവല്‍സരബിഹുവായ റൊംഗാലി ബിഹുവും,പിന്നെ പാവങ്ങളുടെ ബിഹുവായ കാത്തിബിഹുവും ഉണ്ട്. അസമിയ സംഗീതം ബിഹു സംഗീതമാണ്‌.നൃത്തം ബിഹുനൃത്തവും.മാഘബിഹു ആഘോഷിക്കുന്നത് തിന്നു കൊണ്ടാണ്‌.പുതിയ വിളവുകള്‍ കിട്ടിയ സന്തോഷം മതിവരുവോളം തിന്നു മദിച്ച് കൊണ്ടാടുകയാണ്‌. ഇതേവരെ തന്നതിനൊക്കെ നന്ദിപറയുന്ന ആഘോഷമാണ്‌ ബിഹു.ബിഹുവിന്‌ ജാതിമതഭേദങ്ങളില്ല.പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തെപറ്റിയാണ്‌ അടുത്ത അധ്യായം.ഗൗഹാട്ടിയില്‍നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്ത് നീലാചല്‍ എന്നറിയപ്പെടുന്ന നീലപര്‍‌വതത്തിലാണ്‌ കാമാഖ്യ ദേവിയുടെ ഇരിപ്പിടം.അവിടുത്തെ അനുഭവങ്ങള്‍ രസകരമായി ബീന വിവരിക്കുന്നു. അസമീസ് ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെപറ്റിയും ബീന എഴുതുന്നു.അസമീസ് പാചകരീതിയെക്കുറിച്ചും ഒരു കുറിപ്പുണ്ട്‌.ലാളിത്യമാണ്‌ അസമീസ് പാചകരീതിയുടെ മുഖമുദ്ര.കടുകെണ്ണയിലാണ്‌ അസമീസ് പാചകം.വെളിച്ചെണ്ണയുടെ മണം പോലും ഓക്കാനം വരുത്തുമത്രെ! കൂടാതെ നമുക്ക് പരീക്ഷിക്കാന്‍ ഒരു അസമീസ് കറിയുടെ പാചകരീതിയും കൊടുത്തിരിക്കുന്നു..കടുകെണ്ണക്ക് പകരം വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ഒന്നു പരീക്ഷിച്ചു നോക്കാമെന്നാണ്‌ എനിക്ക് തോന്നുന്നത്. അസമീസ് കലാപത്തിനു പുറകിലുള്ള കാരണങ്ങളെക്കുറിച്ച് ഒരു വിശകലനമുണ്ട്‌.'അയല്‍ രാജ്യത്തിലെ പ്രധാനമന്ത്രി വാജ്‌പേയ് 'എന്ന അധ്യായത്തിലാണ്‌ ഇത്.പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് കൊഹീമ സന്ദര്‍‌ശിച്ചപ്പോള്‍ ഒരു പത്രത്തില്‍ വന്ന തലക്കെട്ട് ഇങ്ങനെയായിരുന്നത്രെ:PRIME MINISTER FROM OUR NEIGHBOURING COUNTRY VISITS NAGALAND.അസമിലെ തീവ്രവാദികള്‍ സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവുമൊക്കെ ആഘോഷിക്കാറുള്ളത് അക്രമപരമ്പരകളിലൂടെയാണ്‌. ഒരു കാലത്ത് വീരനായകനായി ആരാധിക്കപ്പെട്ടിരുന്ന വിദ്യാര്‍‌ഥിനേതാവ് പ്രഫുല്ലകുമാര്‍ മൊഹന്തയെപറ്റി പറയുന്നു.മൊഹന്ത ഒരു കാലത്ത് നാടിന്റെ പ്രതീക്ഷയായിരുന്നു,അസമിനു പുറത്തുള്ളവര്‍‌ക്കുപോലും.ഒരു ദീര്‍‌ഘകാലസമരത്തില്‍ അദ്ദേഹം തന്റെ ജനതയെ നയിച്ചു.തങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ നിര്‍‌ദാക്ഷിണ്യം പൊരുതി. പിന്നീട് മൊഹന്ത തെരഞ്ഞെടുപ്പില്‍ വന്‍‌ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.പ്രതീക്ഷകള്‍ ആകെ അസ്‌തമിക്കുന്ന കാഴ്‌ചയാണ്‌ പിന്നീട് കണ്ടത്.ആദര്‍‌ശധീരന്‍‌മാര്‍ അഴിമതിവീരന്‍‌മാരായി.ഭരണകൂടം അഴിമതിയില്‍ മുങ്ങി. മാനത്തെ താരങ്ങള്‍ മണ്ണിലെ കരിക്കട്ടകളായി മാറിയെന്ന് ബീന പറയുന്നു.മൊഹന്തയുമായി ഒരു കൂടിക്കാഴ്‌ച്ചക്ക് ബീന ശ്രമിച്ചുവെങ്കിലും നടന്നില്ല. അസമിനെപ്പറ്റി പറയുന്നവര്‍ കാസിരംഗയെ വിസ്മരിക്കില്ല.ആനപ്പുറത്തിരുന്ന് കാസിരംഗ കണ്ട കഥ കേള്‍‌ക്കുമ്പോള്‍ വായനകാരിലും ആവേശം നിറയുന്നു. ഷില്ലോങ് യാത്ര,മഴ മറന്നുപോയ ചിറാപുഞ്ചിയിലേക്കുള്ള യാത്ര ,നാഥുലാപാസ്സിലേക്കുള്ള സാഹസികയാത്ര,കാഞ്ചന്‍‌ജംഗ,അരുണാചല്‍‌പ്രദേശ് യാത്രകള്‍ ഇവയെല്ലാം വായനക്കാരെ കൂടെ കൊണ്ട് പോകുന്നതാണ്‌. ധാരാളം മനോഹരചിത്രങ്ങളും കൊടുത്തിട്ടുള്ള ഈ പുസ്തകം കറന്റ് ബുക്സ് ആണ്‌ പുറത്തിറക്കിയിരിക്കുന്നത്.

Monday, July 7, 2008

RED RIBBON EXPRESS

RED RIBBON EXPRESS നാളെ കോഴിക്കോട്ട് എത്തുന്നു.എച്.ഐ.വി-എയിഡ്‌സ് ബോധവല്‍‌ക്കരണമാണ്‌ ലക്ഷ്യം.കോഴിക്കോട്ട് റെയില്‍‌വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ്‌ഫോമില്‍ ആണ്‌ വണ്ടി എത്തുന്നത്.പ്രവേശനം സൗജന്യമാണ്‌.പ്ലാറ്റ് ഫോം ടികറ്റ് എടുക്കേണ്ടതില്ല.ക്ലാസ്സുകള്‍,സ്ലൈഡ് -വീഡിയോ പ്രദര്‍‌ശനങ്ങള്‍ ,ചര്‍‌ച്ചകള്‍,രക്തപരിശോധന ,കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.രണ്ട് ദിവസം സം‌ഘം ജില്ലയില്‍ ഉണ്ടായിരിക്കും.
RED RIBBON EXPRESS-നെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.

Thursday, July 3, 2008

ആലാഹയുടെ പെണ്‍‌മക്കള്‍

സാറാ ജോസഫ് എഴുതിയ ' ആലാഹയുടെ പെണ്‍‌മക്കള്‍ ' എന്ന നോവലിന്റെ നല്ലൊരു പഠനം 'ലളിതം 'എന്ന നല്ലൊരു ബ്ലോഗില്‍.വായിക്കുക..

മരുന്നുകള്‍‌ക്കപ്പുറം
ഡോ.പി.എ.ലളിത എഴുതിയ പുസ്തകമാണ്‌ മരുന്നുകള്‍‌ക്കപ്പുറം.ഐ.എം.എ വനിതാവിഭാഗത്തിന്റെ നേതാവും കോഴിക്കോട്ടെ പ്രസിദ്ധമായ ഒരു ആശുപത്രിയുടെ ഡയറക്റ്ററുമായ ഡോക്‌റ്ററുടെ അനുഭവക്കുറിപ്പുകള്‍ ആണ്‌ ഇതില്‍.ഡോക്‌റ്റര്‍ എന്ന നിലയില്‍ തന്നെ സ്പര്‍‌ശിച്ച അനുഭവങ്ങളെപ്പറ്റി അവര്‍ ഹൃദയസ്പര്‍‌ശിയായ രീതിയില്‍ എഴുതുന്നു.ചികില്‍‌സക്ക് മരുന്നുകള്‍‌ക്കപ്പുറം ഒരു മാനമുണ്ടെന്ന് അവര്‍ കാണിച്ചു തരുന്നു.കോഴിക്കോട്ടെ വൃക്കവിവാദത്തെപ്പറ്റിയും അതിന്റെ പ്രത്യാഘാതങ്ങളെപറ്റിയും അവര്‍ വിശദമായി എഴുതുന്നു.വിവാദത്തില്‍ നമ്മുടെ മാധ്യമങ്ങളും ,സം‌ഘടനകളുമൊന്നും യുക്‌തിഭദ്രമായോ സത്യസന്ധമായോ അല്ല കാര്യങ്ങളെ കണ്ടതെന്ന് പറയുമ്പോള്‍ തന്നെ ഡോ.ലളിതയും പല സത്യങ്ങളും കാണാതിരിക്കുന്നുണ്ട്.

Tuesday, July 1, 2008

SEVEN SINS OF MEDICINE

Dear all,

The Seven Sins of Medicine, by Richard Asher, are a perspective on Medical Ethics first published in The Lancet in 1949.[1]
Considered as poor personal conduct by Doctors (or more typically, medical students) The Seven Sins describes behavior that in itself might not be grounds for professional complaint or discipline but would be considered discourteous, especially in any situation outside of the pompous doctor - sick patient scenario.
Still very relevant in medical study and practice, they are:

1. Obscurity: Asher endorses the use of clear communication and plain language whether writing or speaking. Obscurity may be used to cloak one's own ignorance, or due to an inability to communicate with those outside of the medical profession. "If you don't know, don't admit it. Instead, try to confuse your listeners." is not uncommon.
Regardless of the intention, whether to misdirect from incompetence or to foster a feeling of superiority, the patient and those surrounding them are often left confused and uncertain.

2. Cruelty: This sin is perhaps one of the most common perpetrations committed by doctors and medical students. Whether it be the physical thoughtlessness of a half-dozen students palpating a painful tumor mass, or loudly taking (or presenting) a patient's history in a crowded room, one of the first things that is unlearnt by a medical professional is to treat the patient as they themselves would like to be treated.

3. Bad Manners: Often overlooked, rudeness or poor taste in humor is condoned within the hospital setting. At the end of the day, many Doctors and students are simply rude to patients that do not suit them. Whether it is a snapping at an uncooperative patient or making a cruel joke about them after leaving the room, the impact of these "coping mechanisms" (as they are considered to be by many) must be taken into account.

4. Over Specialisation: In a growing trend by the medical establishment, over-specialisation and under-generalisation is a growing problem in the wider medical community. Ignoring aspects of one's education in favor of more interesting aspects is a behaviour that is pathological and outright negligent in a student. Failure to diagnose or to treat a patient because "their signs and differential fall outside of my field, let's turf them to another service" ought be a seriously considered Supervisory & Training issue.

5. Love of the Rare: (aka "If you hear hoof-beats, think horses. Not zebras") The desire for rare and interesting diseases causes many medical students and young doctors to seek the bizarre rather than seeing a mundane diagnosis.

6. Common Stupidity: As well as the standard definition for this sin, the specific example of "using empirical procedures rather than tailoring for the patient" or the young doctor "flying on autopilot" must be mentioned. Ordering another test that is redundant, and for which the results may already be interpreted from the history, before starting treatment is such a situation. For example: requesting a haemoglobin count before beginning transfusion, despite the fact that the patient appears obviously anaemic.

7. Sloth: Laziness. Also includes ordering excessive numbers of tests, rather than simply taking the time to take an adequate history.

(Article Courtesy - Wikipedia)

HAPPY DOCTORS DAY

നാര്‍‌കോ അനാലിസിസ്

നുണപരിശോധന അഥവാ നാര്‍കോ അനാലിസിസ് ആണ്‌ ഇപ്പോള്‍ നമ്മുടെ നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയം.എപ്പോഴും സത്യം കണ്ടെത്താവുന്ന ഒരു അത്‌ഭുതവിദ്യയായി നാര്‍ക്കോ അനാലിസിസ് കാണപ്പെടുന്നു.ഇതൊരു ശാസ്ത്രീയപരിശോധന ആണെന്നുള്ള കാര്യം പോലും മറന്നുകൊണ്ടാണ്‌ പലപ്പോഴും പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.

ചില മരുന്നുകളുടെ സഹായത്തോടെ വ്യക്തിയെ ഉറക്കം പോലുള്ള അവസ്ഥയിലാക്കി വസ്തുതകള്‍ കണ്ടു പിടിക്കുന്ന വിശകലനരീതിയാണ്‌ നാര്‍കോ അനാലിസിസ്.ഫിനോബാര്‍ബിറ്റോണ്‍ ഒക്കെ ഉള്‍പ്പെടുന്ന ബാര്‍ബിറ്റുറേറ്റ് വര്‍ഗത്തില്‍ പെടുന്ന മരുന്നുകളാണ്‌ നാര്‍കോ അനാലിസിസിന്‌ സാധാരണ ഉപയോഗിക്കുന്നത്.ബെന്‍‌സോഡയാസപിന്‍ വിഭാഗത്തില്‍ പെടുന്ന മരുന്നുകളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.വിധേയനാക്കപ്പെടുന്ന വ്യക്തി മയക്കത്തിലാകുമ്പോള്‍,ബോധപൂര്‍‌വമോ അല്ലാതെയോ അടക്കി വെച്ചിരിക്കുന്ന ഓര്‍‌മകളും ചിന്തകളും വികാരങ്ങളുമെല്ലാം പുറത്തു കൊണ്ടു വരുന്ന വിദ്യയാണ്‌ നാര്‍‌കോ അനാലിസിസ്.മാനസികരോഗചികില്‍‌സയിലും ഇതേ തന്ത്രം ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.

നാര്‍‌കോ അനാലിസിസ് നടത്തുമ്പോള്‍ ചെറുഡോസുകളില്‍ ആണ്‌ ഈ മരുന്നുകള്‍ നല്‍‌കുന്നത്.ഇത്തരം മാത്രകളില്‍ ഈ പ്രക്രിയക്ക് വിധേയനാക്കപ്പെടുന്ന വ്യക്തി മയക്കത്തിലെത്തുകയും അതേ സമയം പ്രതിരോധം കുറഞ്ഞ് കൂടുതല്‍ ആശയവിനിമയത്തിന്‌ സന്നദ്ധനാകുകയും ചെയ്യുന്നു.അതിനാല്‍ തന്നെ സത്യം പുറത്തു വരാനുള്ള സാധ്യത കൂടുന്നു എന്നാണ്‌ സിദ്ധാന്തം.

ലോകത്ത് മനുഷ്യരാശി ഉണ്ടായതു മുതല്‍ കുറ്റകൃത്യങ്ങളുണ്ട്.കുറ്റാന്വേഷണത്തിനും അത്ര തന്നെ പഴക്കമുണ്ട്.കുറ്റാന്വേഷണത്തിനു കുറുക്കു വഴികള്‍ പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നു.അന്വേഷണവുമായി ആരോപണവിധേയന്‍ നിസ്സഹകരിക്കുന്നു എന്നു തോന്നുമ്പോഴാണ്‌ കുറുക്കു വഴികള്‍ കൂടുതലായി പ്രയോഗിക്കപ്പെട്ടത്.നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടു വന്നിരുന്ന മൂന്നാം മുറ ഇതിന്‌ ഒരു ഉദാഹരണമാണ്‌.വ്യാപകമായും ആഴത്തിലും അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരുന്നതിനു പകരമുള്ള ഒരു എളുപ്പവഴിയായാണ്‌ ഇത് പ്രയോഗിക്കപ്പെടുന്നത്.അതായത് തന്റെ കസേരയിലിരുന്ന് സത്യം കണ്ടു പിടിക്കാനുള്ള കുറ്റാന്വേഷകന്റെ ശ്രമം.അതിനാല്‍ തന്നെ പലപ്പോഴും തെറ്റുകള്‍ പറ്റാറുമുണ്ടായിരുന്നു.

കുറ്റാന്വേഷണത്തിന്‌ ശാസ്ത്രത്തിന്റെ സഹായം തേടാനുള്ള ശ്രമം പുതിയതൊന്നുമല്ല.നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുടെ കുറ്റാന്വേഷണരീതികള്‍ വളരെയധികം ശാസ്ത്രീയമായിക്കഴിഞ്ഞിരിക്കുന്നു.ഇതില്‍ വൈദ്യശാസ്ത്രവും വളരെക്കാലമായി പ്രയോഗിക്കപ്പെട്ടിരുന്നു.അത്തരം ഒരു പ്രയോഗമാണ്‌ നാര്‍കോ അനാലിസിസ്.പക്ഷെ ഇതിന്റെ ധാര്‍‌മിക,മാനുഷിക വശങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.


നാര്‍കോ അനാലിസിസ് അത്ര പുതിയതൊന്നുമല്ല.മാനസികരോഗവിദഗ്ദര്‍ അവരുടെ ചികില്‍സയുടെ ഭാഗമായി ഇത് ഉപയോഗിച്ചു വന്നിരുന്നു.രോഗനിര്‍ണ്ണയത്തിനും ചികില്‍സയ്ക്കും ഇത് പ്രയോജനകരമായി കണ്ടിട്ടുണ്ട്.

കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കാന്‍ നാര്‍കോ അനാലിസിസ് ഉപയോഗിക്കുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങളില്‍ മാത്രമാണ്‌ മാറ്റമുള്ളത്.മാനസികരോഗത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ മിഥ്യാഭ്രമങ്ങളും സങ്കല്‍‌പങ്ങളും വളരെ പ്രാധാന്യമുള്ളതാണെങ്കില്‍ ,നാര്‍കോ അനാലിസിസില്‍ വസ്തുനിഷ്ടയാഥാര്‍ഥ്യത്തിനാണ്‌ പ്രാധാന്യം.

നാര്‍കോ അനാലിസിസിന്റെ ആദ്യത്തെ പ്രയോഗം കുറ്റവാളിയെ ശിക്ഷിക്കുന്നതിനല്ല,കുറ്റാരോപിതനെ കുറ്റവിമുക്തനാക്കുന്നതിനാണ്‌ ഉപകരിച്ചത്.റോബര്‍ട്ട് ഹൗസ് എന്ന ഡോക്റ്റര്‍ ആണ്‌ ഇത് ആദ്യമായി പരീക്ഷിച്ചത്.അദ്ദേഹം ഡള്ളാസിലെ ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു.പ്രസവസമയത്ത് അക്കാലത്ത് ഉപയോഗിച്ചിരുന്ന 'സ്കോപ്പോളമിന്‍' ആണ്‌ ആദ്യം ഉപയോഗിക്കപ്പെട്ടത്.ഈ മരുന്നിന്റെ ഫലങ്ങള്‍ നിരീക്ഷിച്ച ഡോക്‌ടര്‍ ഹൗസ് ,ഇത് നുണപരിശോധനയ്ക്കും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചു.ആദ്യമായി പ്രയോഗിക്കപ്പെട്ടത് ഡള്ളാസ് ജയിലിലെ രണ്ട് തടവുപുള്ളികളിലായിരുന്നു.അവരാകട്ടെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടവരും ആയിരുന്നു.പക്ഷെ,'സ്കോപ്പോളമീന്‍' മയക്കത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ആരോപിതമായ കുറ്റകൃത്യങ്ങള്‍ നിഷേധിച്ചു.വിചാരണയില്‍ അവര്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു.മരുന്നിന്റെ സ്വാധീനത്തില്‍ യുക്തിഭദ്രമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്നതിനാല്‍ കളവു പറയാന്‍ സാധിക്കുന്നില്ല എന്ന ലളിതമായ നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തി.ഈ നിരീക്ഷണം വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.പിന്നീട് പല വട്ടം സ്കോപോളമീന്‍ ഈ ആവശ്യത്തിനുപയോഗിച്ചു.
പക്ഷെ ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന സ്കോപോളമിന്‍ ഈ ഉപയോഗത്തിനു യോഗ്യമല്ലെന്ന് വിധിയെഴുതപ്പെട്ടു.മനോവിഭ്രമങ്ങളും മിഥ്യാഭ്രമങ്ങളും അടക്കമുള്ള ധാരാളം പാര്‍ശ്വഫലങ്ങള്‍ സ്കോപോളമീന്‌ ഉണ്ടായിരുന്നു.

അപസ്മാരത്തിനും നിദ്രാരാഹിത്യത്തിനും ഉപയോഗിക്കുന്ന ബാര്‍ബിറ്റുറേറ്റ് വിഭാഗത്തില്‍ പെട്ട ഔഷധങ്ങളാണ്‌ പിന്നീട് ഈ ആവശ്യത്തിനുപയോഗിച്ചത്.ഫിനോബാര്‍ബിറ്റോണിന്റെയൊക്കെ അടുത്ത ബന്ധുവായ തയോപെന്റോണ്‍ ആണ്‌ കൂടുതല്‍ ഉപയോഗിച്ചത്.എങ്കിലും ഇതിന്‌ അധികം പ്രചാരമൊന്നും ലഭിച്ചില്ല.ഔഷധങ്ങളുടെ സ്വാധീനത്തിലുള്ള കുറ്റസമ്മതം തെളിവായെടുക്കാന്‍ കോടതികള്‍ പൊതുവെ വിമുഖരായിരുന്നു.ഈ പ്രക്രിയയുടെ ധാര്‍മികവശങ്ങളും ചോദ്യം ചെയ്യപ്പെട്ടു.
പിന്നീട് ധാരാളം പഠനങ്ങളും നിരീക്ഷണങ്ങളും നാര്‍കോ അനാലിസിസിനെപ്പറ്റി നടക്കുകയുണ്ടായി.കുറ്റാന്വേഷണത്തിന്‌ അത്ര സഹായകരമായ ഒന്നല്ല നാര്‍കോ അനാലിസിസ് എന്നായിരുന്നു ശാസ്ത്രജ്ഞന്‍‌മാരുടെ പൊതുവേയുള്ള അഭിപ്രായം.നാര്‍കോ അനാലിസിസിന്‌ വിധേയരാക്കപ്പെട്ട വ്യക്തികള്‍ സത്യം പറയാതിരിക്കുന്നതും കള്ളം പറയുന്നതും ധാരാളം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തുവെന്ന് സമ്മതിക്കുന്നവരുമുണ്ടായിരുന്നു.

നാര്‍കോ അനാലിസിസ് ഗൗരവമുള്ള ഒരു കാര്യമാണ്‌.രാജ്യത്ത് ധാരാളം നുണപരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഒരു മന്ത്രി കുറച്ചു കാലം മുമ്പ് പറയുകയുണ്ടായി.ഒരു വിദഗ്ദസംഘത്തിന്റെ മേല്‍‌നോട്ടത്തിലാണ്‌ ഈ പരിശോധന നടത്തുന്നത്.ഒരു സൈക്യാട്രിസ്റ്റ്,ഒരു അനസ്തേഷ്യോളജിസ്റ്റ്,ഒരു ഫോറന്‍‌സിക് സൈക്കോളജിസ്റ്റ്,നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘം ജീവന്‍ രക്ഷാസജ്ജീകരണങ്ങളെല്ലാമുള്ള തിയേറ്ററില്‍ ആണ്‌ ടെസ്റ്റ് നടത്തുന്നത്.
സാധാരണ ഉപയോഗിക്കുന്ന പെന്റോത്താല്‍ പാര്‍‌ശ്വഫലങ്ങള്‍ ഉള്ള ഒന്നാണ്‌.ചില രോഗങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്‌.പാര്‍ശ്വഫലങ്ങളില്‍ മരണവും ഉള്‍‌പ്പെടുന്നു,അത്തരം ദുരന്തങ്ങള്‍ അത്യപൂര്‍‌വമാണെങ്കിലും.അത്ര ലളിതമായി കാണേണ്ട ഒന്നല്ല നാര്‍കോ അനാലിസിസ് എന്നാണ്‌ പറയുന്നത്.വെടിയുണ്ട വിവാദത്തില്‍ പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നൊക്കെ ഒരു നേതാവ് പ്രസംഗിക്കുന്നത് കേട്ടിരുന്നു.

ഈ കുറിപ്പ് എഴുതിയിരിക്കുന്നത് ചില ഫാര്‍‌മകോളജി പുസ്തകങ്ങളും സൈബര്‍ ക്രൈം വിദഗ്ദനായ എം.ശിവാനന്ദറെഡ്ഡി എഴുതിയ ലേഖനങ്ങളും അടിസ്ഥാനമാക്കിയാണ്‌.നാര്‍കോ അനാലിസിസിനെപ്പറ്റി എഴുതുകയായിരുന്നില്ല ഉദ്ദേശ്യം.അഭയ കേസിനെപ്പറ്റി എഴുതാനായിരുന്നു ഉദ്ദേശിച്ചത്.നാര്‍കോ അനാലിസിസിന്റെ ധാര്‍മികവശങ്ങളെപ്പറ്റിയും എഴുതണമെന്നുണ്ടായിരുന്നു.അത് തല്‍ക്കാലം മാറ്റി വെക്കുന്നു.

നാര്‍കോ അനാലിസിസ് പരിശോധനയുടെ പേരില്‍ സി.ബി.ഐ യെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ്‌ തോന്നുന്നത്.കാരണം അവര്‍ക്കതില്‍ വലിയ റോളൊന്നുമില്ല.