ഫേസ്ബുക്കിനും ഓർക്കൂട്ടുകൾക്കും മുമ്പ് വയനാട്ടിലെ ഒരാശുപത്രിയിൽ പണി ചെയ്തു കൊണ്ടിരുന്ന കാലത്ത് ഞാൻ യോഗാ ക്ലാസിനു പോകാറുണ്ടായിരുന്നു. എന്തുകൊണ്ടെന്നറിയില്ല, അതിന്റെ മാഷിന് എന്നോട് വലിയ സ്നേഹമായിരുന്നു. അതിനാൽ പവനമുക്താസനം ചെയ്യുമ്പോൾ വളയാൻ സഹായിക്കുക, സർവാംഗാസനം ചെയ്യുമ്പോൾ കാൽ പിടിച്ച് ഉയർത്തുക തുടങ്ങിയ ശല്യങ്ങൾ അദ്ദേഹം ചെയ്തു ..
ഒരു ദിവസം ക്ലാസ് കഴിഞ്ഞ ഉടനെ മാഷ് എന്റെയടുത്ത് വന്ന ഒരു പുസ്തകം തന്നു. നീളവും വീതിയും കൂടിയ ഒരിരുനൂറ് പേജുള്ള ഒന്ന് . " നിങ്ങളിതൊന്നു വായിച്ചോളൂ .. പിന്നീട് തിരിച്ചു തന്നാൽ മതി '' - അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു .
ഞാനത് ആശുപത്രിയുടെ ക്വർട്ടേഴ്‌സിലെ ഞാൻ താമസിക്കുന്ന മുറിയിൽ കൊണ്ട് പോയി വായിക്കാൻ തുടങ്ങി. യോഗയുടെ ഗുണങ്ങളെപ്പറ്റി വിദഗ്ദർ എഴുതിയ പുസ്തകമായിരുന്നു അത് . യോഗ മാത്രമല്ല , ധ്യാനവും ഉണ്ട് .
ഗവേഷണങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ഒന്നായിരുന്നു അത്. എ ഐ ഐ എം എസ് വകുപ്പ് തലവൻ അടക്കമുള്ള വിദഗ്ദർ അതിൽ എഴുതിയിരുന്നു .
യോഗയും സാധനയും ശരീരത്തെയും മനസിനെയും എങ്ങനെ ഗുണകരമായി സ്വാധീനിക്കുന്നു എന്ന് അതിൽ വിവരിക്കുന്നു . ചാർട്ടുകളും ഗ്രാഫുകളും ഫോട്ടോകളും ഒക്കെ ഉണ്ട്.
ഓർമ്മ ശക്തിയെ യോഗ എങ്ങനെ ഗുണകരമായി സ്വാധീനിക്കുന്നു ഒന്നൊരു അദ്ധ്യായം അതിൽ ഉണ്ടായിരുന്നു .
അതിലെ ഒരു ഫോട്ടോ ഞാൻ ഇപ്പോഴും ഓർക്കുന്നു . തലയിൽ ഇലക്ട്രോഡുകളൊക്കെ പിടിപ്പിച്ച് സുന്ദരിയായ ഒരു യുവതി ധ്യാനത്തിലിരിക്കുന്ന ഫോട്ടോ .
ഇന്നാലോചിക്കുമ്പോൾ അതൊരു കോമാളി ഫോട്ടോ ആയി തോന്നുന്നു .. പക്ഷെ , അന്ന് ഞാൻ ഒരു സൗന്ദര്യാരാധകനായിരുന്നു..
അത് എഴുതിയത് നഴ്‌സിംഗ് കോളേജ് ഫാക്കൽറ്റി ആയിരുന്നു . പടം നഴ്‌സിന്റെയോ നഴ്‌സിംഗ് വിദ്യാര്ഥിനിയുടെയോ എന്തോ ?
ഒരിടത്ത് ' premise ' എന്ന വാക്കിന്റെ അടിയിൽ വരയിട്ട് 'പരിസരം ' എന്ന് ബ്രാക്കറ്റിൽ പെൻസിൽ കൊണ്ട് മാഷ് എഴുതി വെച്ചിട്ടുണ്ടെന്നും ഓർക്കുന്നു . ഡിക്ഷണറി നോക്കി എഴുതി വെച്ചതാകും.
ഒരു രണ്ടാഴ്ച കഴിഞ്ഞ് പുസ്തകം ഞാൻ തിരിച്ചു കൊടുക്കാൻ പോയതാണ് . അപ്പോൾ മാഷ് പറയുകയാണ് -
" നിങ്ങൾക്ക് ഭയങ്കര മറവിയാണല്ലോ ? നിങ്ങൾ അതിന്റെ പൈസ മുന്നൂറു രൂപ എനിക്ക് തന്നു കഴിഞ്ഞു . നിങ്ങളുടേതാണ് ആ പുസ്തകം ".
പൈസ കൊടുത്തില്ലെന്ന് പറഞ്ഞിട്ട് മൂപ്പർ സമ്മതിക്കുന്നേയില്ല. മുന്നൂറു രൂപ കൊടുത്തതായി മൂപ്പർക്ക് ഉറപ്പാണ് . ഞാൻ കുറച്ച് നേരം കൂടെ തർക്കിച്ചു നോക്കി . ഒരു സഹതാപത്തോടെ അദ്ദേഹം എന്നെ ഒന്ന് നോക്കി .
അവസാനം ഞാൻ വിചാരിച്ചു . ഇങ്ങേര് കുറേക്കാലമായി യോഗയും സാധനയും ചെയ്യുന്നു . അങ്ങേര് പറയുന്നതായിരിക്കും ശരി . ഇതൊന്നും ചെയ്യാത്ത എന്റെ ഓർമ്മക്കായിരിക്കും കുഴപ്പം .
ഞാൻ കുഴപ്പത്തിലായത് പിന്നീടാണ് . ആ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി ഞാൻ ഒരു ചെറിയ ക്ലാസ് എടുക്കണമെന്നാവശ്യപ്പെട്ടു. യോഗ പഠിക്കാൻ വരുന്നവർക്കായി.
അടുത്ത ആഴ്ച ചെയ്യാമെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു . പിന്നീട് അങ്ങോട്ട് പോയില്ല .
എനിക്ക് ബോധ്യമില്ലാത്ത കാര്യങ്ങളെപ്പറ്റി ഞാൻ എന്ത് പറയാനാണ് ? ഞാൻ സത്യത്തിൽ കാര്യമായി അതൊന്നും വായിച്ചിട്ടുമില്ല.
പിന്നീട് ഞാൻ ആ വഴി പോയതേയില്ല .
കുറെ വർഷങ്ങൾ കഴിഞ്ഞ് മാഷിനെ ഞാൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ട് മുട്ടി . എന്നെ ഓർക്കുന്നുവെങ്കിലും പേര് മറന്നു എന്ന് പറഞ്ഞു . പേര് പറഞ്ഞു കൊടുത്തു . മാഷുടെ മക്കളുടെ പേര് പറഞ്ഞ് ഇപ്പോൾ എവിടെയാണ് എന്ന് ചോദിച്ചതാണ് . മാഷ് അത് പറഞ്ഞിട്ട് എന്നോട് പറഞ്ഞു - നിങ്ങൾക്ക് നല്ല ഓർമ്മ ശക്തിയാണല്ലോ ?
ഞാൻ അത് എന്ത് കൊണ്ട് ഓർത്തിരിക്കുന്നു എന്ന് മാഷിന് പിടി കിട്ടിയിരുന്നില്ല .
No comments:
Post a Comment