Sunday, June 19, 2022

 തമിഴ്‌നാട്ടിലെ  ചിദംബരം  ബസ് സ്റ്റാൻഡിൽ  രാവിലെ പത്ത് മണിക്ക്  ചെന്ന്  അവിടെ കണ്ട ഒരു ട്രാൻസ്‌പോർട്ട്  കണ്ടക്ടറോട്  പിച്ചാവരത്തേക്കുള്ള  ബസ് ചോദിച്ചു .  പറഞ്ഞു തന്ന  ബസ്സിൽ  ചെന്ന് ചോദിച്ചപ്പോൾ   വേറെ ബസ്സിൽ  ആണ്  പോകേണ്ടത്  എന്ന് പറഞ്ഞു . ഞാൻ ആ ബസ്സ്  അന്വേഷിച്ച് നടന്നപ്പോൾ   ആദ്യം കണ്ട  കണ്ടക്ടർ ഓടി വരികയും എന്നെ  ഒരു പ്രൈവറ്റ് ബസ്സിൽ കയറ്റി വിടുകയും  ചെയ്തു.   കൺഫ്യുഷൻ ഉണ്ടാകാനുള്ള കാരണം പിന്നീടാണ് മനസിലായത്.  പിച്ചാവരത്ത്  ടൂറിസ്റ്റുകൾ  പോകുന്ന  സ്ഥലവും  ടൂറിസ്റ്റു ഏരിയ അല്ലാത്ത സ്ഥലവും ഉണ്ട് . 


ബസ്സിൽ  ചെവിട് പൊട്ടിക്കുന്ന ഒച്ചയിൽ  തമിഴ്  അടിപൊളി പാട്ട് വെച്ചിരുന്നു .   പത്ത് കിലോമീറ്റർ ദൂരമാണ്  പിച്ചാവരത്തേക്കുള്ളത് .  ഗ്രാമങ്ങളിലൂടെ ഓടി ഓടി  ബസ്സ്  പിച്ചാവരത്ത് എത്തി .  റോഡരികിൽ നിറയെ നെൽ വയലുകളാണ് .


പിച്ചാവരം കണ്ടൽ  കാടുകളുടെ ഒരു കടലാണ് .  അത് കടലിന്റെ ഭാഗമാണോ , തടാകമാണോ , പുഴയാണോ  എന്നെനിക്ക് അറിയില്ല. എന്തായാലും കണ്ടൽ കൂട്ടങ്ങളുടെ  ഇടയിൽ ഇഷ്ടം പോലെ സ്ഥലമുണ്ട് .  ആ ഇടങ്ങളിലൂടെ  യാത്രികർ  തോണിയിലും സ്പീഡ് ബോട്ടിലും ബോട്ടിലുമെല്ലാം യാത്ര ചെയ്തു കൊണ്ടിരിക്കുന്നു.  ധാരാളം പക്ഷികളുടെ ഇടം. പക്ഷി നിരീക്ഷണക്കാർ ഗമണ്ടൻ  കാമറകളുമായി  നടക്കുന്നു. 


 ചെറിയ ബോട്ടിൽ യാത്ര ചെയ്യാൻ  നോക്കിയപ്പോൾ  റേറ്റ്  ആയിരം രൂപയാണ് . ഒരാളാണെങ്കിലും . കണ്ടലുകൾക്കിടയിലൂടെ  നമ്മെ കൊണ്ട് പോയി ഒരു മണിക്കൂർ കഴിഞ്ഞ്  തിരിച്ചിറക്കും. 


ആ യാത്ര ഞാൻ വേണ്ടെന്ന് വെച്ചു  . ആയിരം രൂപ മാത്രമായിരുന്നില്ല  പ്രശ്‍നം . എനിക്ക് കടുത്ത ക്ഷീണം തോന്നി.  ആ സമയത്തെ വെയില് കൊണ്ടാൽ  ഞാൻ തളർന്ന്  വീഴുമായിരുന്നു.   യാത്രാ ക്ഷീണമെന്നാണ്  ഞാൻ കരുതിയത്.  പക്ഷെ  തൊണ്ടവേദന കൂടെ  വന്നപ്പോൾ  അടുത്ത ദിവസം ടെസ്റ്റ് ചെയ്യുകയും  അത് കോവിഡ്  ആണെന്ന് മനസിലാക്കുകയും ചെയ്തു ..


ഇനിയൊരിക്കൽ  നേരം വെളുക്കാൻ നേരം അവിടെ  പോകുകയും  അതിലെ കറങ്ങുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.   അപ്പോൾ നല്ലൊരു കാമറ കൈയിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 


No comments: