Wednesday, July 29, 2026

ഹോമിയോപ്പതി

 '' പ്രഷറിനും ഷുഗറിനും ഞാൻ ഇവിടെ വന്ന് മരുന്ന് വാങ്ങും . വയറു വേദനക്ക് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് . ദിവസവും വൈകുന്നേരം ഒരു ഗോരോശനാധി (ഗോരോചനാദി) ഗുളിക കഴിക്കും ..'' കുറച്ചു കൊല്ലങ്ങൾക്ക് മുമ്പ് പി എച് സി യിൽ ഒരു സ്ത്രീ എന്നോട് പറഞ്ഞതാണ് . ഒരു എഴുപത് വയസുള്ള ആളാണ് . അവർ അതിനെപ്പറ്റി എന്നോട് അഭിപ്രായമൊന്നും ചോദിച്ചില്ല. ഞാൻ അവർക്ക് ഷുഗറിനും പ്രഷറിനും മരുന്നെഴുതി വിട്ടു .

രണ്ട് മരുന്നുകൾ ഒരുമിച്ച് കൊടുക്കുമ്പോഴുള്ള ഒരു പ്രശ്നം ഒന്ന് മറ്റേതിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കും എന്നതാണ് .
മോഡേൺ മെഡിസിനും ആയുർവേദവും ഹോമിയോപ്പതിയും ഒക്കെ ഒരേ സമയം ഉപയോഗിക്കുന്ന ആളുകൾ ധാരാളമുണ്ട് . ചിലർ ഡോക്ടറോട് അഭിപ്രായവും ചോദിക്കും . . ഒരു പിടിയുമില്ലാത്ത മരുന്നുകളെപ്പറ്റി എന്ത് അഭിപ്രായം പറയാനാണ് ?
എങ്കിലും ഞാൻ എല്ലാ പ്രിസ്‌ക്രിപ്‌ഷനുകളും വായിച്ചു നോക്കാറുണ്ട് . ആയുർവേദമായാലും ഹോമിയോപ്പതി ആയാലും സിദ്ധവൈദ്യമായാലും വായിച്ചു നോക്കും .
ഞാൻ കോഴിക്കോട് ജില്ലയിലെയും വയനാട് ജില്ലയിലെയും എല്ലാ പി എച് സി കളിലും സൈക്യാട്രി ക്യാംപുകൾക്ക് പല തവണ പോയിട്ടുണ്ട് . അപ്പോഴും ഒരു പാട് പ്രിസ്‌ക്രിപ്‌ഷനുകൾ വായിച്ചിട്ടുണ്ട് .
ഹോമിയോപ്പതി മരുന്നുകൾ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന ധാരണയോടെയാണ് നോക്കാറുള്ളത് . പക്ഷെ , ഒരു പാട് പ്രിസ്‌ക്രിപ്‌ഷനുകൾ കണ്ടപ്പോൾ ഒരു പാറ്റേൺ ശ്രദ്ധയിൽ പെട്ടു .
മൂന്നു നാല് മരുന്നുകൾ ഉണ്ടാകും . അക്കൂട്ടത്തിൽ ഒരു മരുന്ന് മിക്കവാറും മദർ ടിഞ്ചർ ആയിരിക്കും. അതായത് മാതൃ ദ്രവം . നേർപ്പിക്കാത്ത മരുന്ന് .
അല്ലെങ്കിൽ താഴ്ന്ന പൊട്ടൻസികൾ . അതായത് നേർപ്പിക്കൽ വളരെ കുറഞ്ഞത് .
ഹോമിയോ ലിറ്ററേച്ചർ അനുസരിച്ച് താണ പൊട്ടന്സി എന്നാൽ നേർപ്പിക്കൽ കുറഞ്ഞ പൊട്ടന്സികള് ആണ് . അതായത് പത്തിലൊന്നായി നേർപ്പിച്ചത് . അല്ലെങ്കിൽ ആയിരത്തിൽ ഒന്നായി നേർപ്പിച്ചത് .
നേർപ്പിക്കൽ കുറഞ്ഞ മരുന്നുകൾ ഹോമിയോ സിദ്ധാന്തങ്ങൾ അനുസരിച്ച് ശക്തി കുറഞ്ഞതാണ് .
പക്ഷെ, ശരിക്കും അങ്ങനെയല്ല എന്ന് നമുക്ക് ഇന്നറിയാം . ഉദാഹരണത്തിന് നക്‌സ് വോമിക്ക , അതായത് , കാഞ്ഞിരത്തിന്റെ , മാതൃ ദ്രവത്തിന്റെ ഒരു ഔൺസ് കൊണ്ട് ഒരു നായയെ കൊല്ലാം .
സർപ്പഗന്ധിയുടെ മാതൃ ദ്രവം രക്തസമ്മർദ്ധം കുറക്കുമെങ്കിലും ആളുകൾക്ക് ഉറക്കപ്രശ്നങ്ങളും വിഷാദവും ഉണ്ടാക്കും.
ഹോമിയോ ആചാര്യൻ തന്നെ വിലക്കിയിട്ടുള്ള കാര്യമാണ് മദർ ടിഞ്ചറിന്റെ ഉപയോഗം . അത് പോലെ ഒന്നിലധികം മരുന്നുകളുടെ ഒരുമിച്ചുള്ള ഉപയോഗവും ഹോമിയോ സിദ്ധാന്തങ്ങൾക്ക് എതിരാണ് . ഒരാൾക്ക് ഒരു മരുന്ന് മാത്രം , അതും ഉയർന്ന പൊട്ടന്സിയില് ഉള്ളത് , അതായത് വളരെ നേർപ്പിച്ചത് എന്നാണ് ഹോമിയോ തിയറി .
പക്ഷെ, പ്രാക്ടീസ് ചെയ്യപ്പെടുന്നത് ഇതാണ് . മാതൃ ദ്രവങ്ങളും താഴ്ന്ന പൊട്ടന്സികളും .
പ്ലസ് ടു വരെ സയൻസ് പഠിച്ചതിനു ശേഷം ഹോമിയോപ്പതി പഠിച്ചതിന്റെ ഒരു എഫക്ട് ആണെന്ന് തോന്നുന്നു ഇത് .
ഹോമിയോ മരുന്നുകൾ ഒരു പാർശ്വഫലവും ഉണ്ടാക്കില്ല എന്ന് ഒരു 'അലോപ്പതി' ഡോക്ടർ എഴുതിയത് കണ്ടു . ഇക്കാര്യം അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു .
See less

Thursday, March 27, 2025

പാമ്പുകളെ വളർത്തുന്നത്

 '' അത് പിന്നെ നായക്കുട്ടിയെ പോറ്റിയാൽ  അത് ചിലപ്പോൾ നിങ്ങളെ കടിക്കില്ലേ ?"

എന്റെ ചോദ്യം തെറ്റിപ്പോയോ എന്ന് തോന്നി .

വയനാട്ടിലെ ഒരു സുഹൃത്താണ് . സുഹൃത്ത്  എന്ന്  പറയുന്നില്ല . ഒരു പരിചയക്കാരൻ . ഒരു ചെറുപ്പക്കാരൻ .   ആൾ ഇപ്പോൾ നാട്  വിട്ട് ദുബായിയിൽ ജോലി ചെയ്യുന്നു .

നമ്മളിൽ ചിലർ നായകളെ  പോറ്റുന്നു . ചിലർക്ക്   പൂച്ചയാണ്.ചിലർ തത്തകളെ . ചിലർ പ്രാവുകളെ .

പക്ഷെ, വയനാട്ടിലെ ഈ ചെറുപ്പക്കാരൻ  പോറ്റുന്നത് സർപ്പങ്ങളെയാണ് . ഉഗ്രവിഷമുള്ള രണ്ട് അണലി പാമ്പുകളെ  .  അവയ്ക്ക്  ചങ്ങാതി പേരുകളും ഇട്ടിരുന്നു . കണ്ണൻ എന്നോ സീത എന്നോ ഒക്കെ .

പാമ്പുകളെ പരിപാലിക്കുന്ന കാര്യം കേട്ടപ്പോൾ മേലുടുമ്പിച്ചു  . ആ പരിഭ്രമത്തിൽ ആണ്  ഞാൻ ചോദിച്ചത് . ഇത് കടിക്കില്ലേ ?

അപ്പോഴാണ് നായകുട്ടിയുടെ കാര്യം .

പിന്നൊന്നും ചോദിക്കാനില്ലാതെ ഞാൻ നിശബ്ദനായി .

അപ്പോൾ അയാൾ പറഞ്ഞു  . ശ്രദ്ധിക്കണം . ചിലപ്പോൾ  ഒക്കെ വലിയ വീര്യം കാണിക്കും . ഞാൻ സാധാരണ ചെയ്യുന്ന ഒരു പണിയുണ്ട് .

രാവിലെ ഇവർക്ക് ശൗര്യം കുറച്ച് കൂടുതലായിരിക്കും . ഒരു നീണ്ട വടി  എടുക്കും . അത് വെച്ച് ഒന്ന്  കുത്തും . വലിയ ശൗര്യത്തിലാണല്ലോ . ആഞ്ഞു കൊത്തും .  പിന്നെ ഒരു അഞ്ചു മിനിറ്റ് . പിന്നെയും ഒരു കുത്ത്  . അപ്പോഴും കൊത്തും .  പക്ഷെ , ഊർജം കുറച്ച് കുറവായിരിക്കും . 

അത് പോലെ അഞ്ച് മിനിറ്റ് കാത്തിരുന്ന്  ഒരിക്കൽ കൂടി കുത്തും . അപ്പോഴും പാമ്പ് കൊത്തും .  പക്ഷെ , അതിനു ശേഷം  ചങ്ങാതി വളരെ ശാന്തനായിരിക്കും . ചുമ്മാ കിടക്കുകയെ ഉള്ളൂ . പിന്നെ ഒരു പ്രശ്നവുമില്ല.

മനുഷ്യൻ മറ്റു ജീവികളെ ഒതുക്കാൻ ചെയ്യുന്ന അതേ  തന്ത്രങ്ങൾ  തന്നെയാണ്  മറ്റ് മനുഷ്യരെ ഒതുക്കാൻ ചെയ്യുന്നത് എന്ന്  തോന്നാറുണ്ട് .( സർവീസിലെ കാര്യങ്ങൾ പറഞ്ഞതല്ല)




Friday, April 19, 2024

ഇന്ത്യ

  പനി  കാണിക്കാൻ ധാരാളം ആളുകൾ വരും. ചിലർക്ക്  തലവേദനയുണ്ടാകും.ചിലർക്ക് ചുമയുണ്ടാകും.  നടുവേദന കാണിക്കാൻ കുറച്ച് പേര് .  ഗ്യാസ്, വയറെരിച്ചിൽ  , തരിപ്പ് , പെരുപ്പ്  എന്നൊക്കെ പറഞ്ഞ് കുറെ പേര് . പ്രഷറും പ്രമേഹവുമായി  സ്ഥിരമായി കാണിക്കുന്നവർ . സാധാരണ  ഒരു പി എച് സി യിൽ ഇത്തരം കേസുകളാണ് വരാറുള്ളത്. മുറിവുകൾ ഡ്രസ് ചെയ്യാനും കുറച്ച് പേരുണ്ടാകും.

പക്ഷെ, ഒരു ദിവസം ഒരാൾ ഓ പി യിൽ വന്ന്  എന്നോട് പറഞ്ഞത് ഇങ്ങനെയാണ് - '' എനിക്ക് ഭയങ്കര കോപമാണ് . അതിനെന്തെങ്കിലും മരുന്ന് തരണം." . അയാൾക്ക്  ദേഷ്യം കൂടുതലാണ് .  ഭാര്യയോട് ദേഷ്യം പിടിച്ച്  ഇടക്ക് അവരെ തല്ലും. ചിലപ്പോൾ കുട്ടികളെ തല്ലും. കൈയിൽ കിട്ടുന്ന സാധനമൊക്കെ വലിച്ചെറിയും. കൈ ചുമരിടിക്കും . കുടിയും വലിയും ഒന്നുമില്ലാത്ത മനുഷ്യനാണ് . മറ്റ്  ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.

അയാൾ ഇത് പറയുമ്പോഴാണ്  പാദത്തിന്റെ മുകൾഭാഗത്ത്  ഉരഞ്ഞത്  പോലുള്ള ഒരു മുറിവ്  ശ്രദ്ധയിൽ പെട്ടത് . അത് എന്ത് പറ്റിയതാണെന്ന് ചോദിച്ചു . അയാളുടെ ദേഷ്യവും ആ പരുക്കുമായി ബന്ധമുണ്ടെന്ന് തോന്നി. 

" ഓട്ടോറിക്ഷ മറിഞ്ഞതാണ് " -  അയാൾ  പറഞ്ഞു .

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ മറിഞ്ഞു .

ഇദ്ദേഹം നാട്ടിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്ക്  10000  രൂപ കടം കൊടുത്തു . ഒരു മാസം കഴിഞ്ഞ്  പലിശ ഒന്നുമില്ലാതെ തിരിച്ചു കൊടുക്കണം.  പക്ഷെ, പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുത്തില്ല.  നാളെ , പിന്നീട്  , എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറി . ആറു  മാസം കഴിഞ്ഞു  അതിനിടക്ക് ഇവർ തമ്മിലുള്ള ബന്ധം മോശമാക്കിയ മറ്റൊരു സംഭവവും ഉണ്ടായി.

ഒരു ദിവസം ഇദ്ദേഹം അങ്ങാടിയിലേക്കിറങ്ങിയപ്പോഴാണ്  ഓട്ടോറിക്ഷക്കാരൻ അവിടെ നിർത്തിയിരിക്കുന്നത് കണ്ടത് . നേരെ ഓട്ടോറിക്ഷയിൽ കയറി ഇരുന്നു. പൈസ കിട്ടാതെ താൻ ഇതിൽ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല.

ഓട്ടോറിക്ഷക്കാരൻ ആദ്യം അനുനയിപ്പിക്കാൻ ശ്രമിച്ചു . ഇദ്ദേഹം വഴങ്ങിയില്ല.  പിന്നീട് തർക്കമായി  . അതിനിടയിൽ  ഓട്ടോക്കാരൻ ഓട്ടോയുമെടുത്ത് ഓടിക്കാൻ  തുടങ്ങി. ഓടിക്കുന്നതിനിടയിൽ ഓട്ടോക്കാരൻ ഒരു തെറി വാക്ക് പറഞ്ഞു . നിന്റെ തന്ത പറഞ്ഞാലും പൈസ തരില്ലെന്നും പറഞ്ഞു .

ഇത് കേട്ടപ്പോൾ ഇയാൾ പുറകിലെ സീറ്റിൽ നിന്നും മുന്നോട്ടാഞ്ഞ്  മറ്റേയാളുടെ മോന്തക്ക് ഒന്ന്  പൊട്ടിച്ചു .  അതിന്റെ കൂടെ ഒന്ന് കൂടെ സംഭവിച്ചു . ഓട്ടോയുടെ നിയന്ത്രണം പോയി, അത് മറിഞ്ഞു .

ഇയാളുടെ കാലിൽ ചില മുറിവുകൾ ഉണ്ടായി . ഡ്രൈവർക്ക്  ഒന്നും പറ്റിയില്ല.  ഓട്ടോറിക്ഷക്ക്  കുറച്ച് ചതവും ഒടിവും  ഒക്കെ ഉണ്ടായി.

നാട്ടിലെ രാഷ്ട്രീയക്കാർ ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കി . അത് പ്രകാരം ഇയാൾ  ഓട്ടോ റിക്ഷാ ഡ്രൈവർക്ക് 10000 രൂപ കൊടുത്ത് , കേസൊന്നും വേണ്ടെന്ന്  വെച്ചു . അങ്ങനെ ആദ്യത്തെ പതിനായിരത്തിന്റെ കൂടെ , ഒരു പതിനായിരം കൂടെ പോയി.

' ഇതിൽ നിന്നും എന്ത് മനസിലായി ' - ഞാൻ ചോദിച്ചു . 

ഞാൻ വിചാരിച്ച മറുപടി അല്ല, അയാൾ പറഞ്ഞത് .

''ഓട്ടോറിക്ഷക്കാർക്ക് പൈസ കടം കൊടുക്കരുത് എന്ന് മനസിലായി ''

പിന്നെന്ത് മനസിലായെന്ന് വെച്ചാൽ  ഓടുന്ന വാഹനത്തിൽ വെച്ച് ഡ്രൈവറുമായി തല്ലു കൂടരുത് 

കുറെ മുന്നെ നടന്ന സംഭവമാണ് .  ഇന്ത്യ  മുന്നണി  എന്നൊരു സഖ്യമുണ്ടാക്കി അതിൽ  തല്ലു  കൂടുന്ന  നേതാക്കളുടെ വാർത്ത വായിച്ചപ്പോൾ എനിക്ക്  അയാളെ ഓർമ്മ വന്നു.  ഈ വാഹനം മറിയാതെ നോക്കുകയെങ്കിലും ചെയ്യുമല്ലോ .



Saturday, September 30, 2023

മൃഗശാല

   " അതിനെ  ആ കൂട്ടിൽ നിന്ന് തുറന്നു വിടൂ ..  അത് സ്വന്തം വീട്ടിലേക്ക് പോകട്ടെ.. " - ഇതാണ് ഒരാൾ എഴുതിയത്. അതിനു പുറകെ  കുറെ പേര്  ഇതും പറഞ്ഞ് ചീത്ത വിളിക്കുന്നുണ്ടായിരുന്നു.  എനിക്ക് എന്ത്  ചെയ്യാൻ പറ്റും ? അതിനെ കൂട്ടിൽ  പിടിച്ച് ഇട്ടത് ഞാനല്ലല്ലോ ..

തിരുവനന്തപുരം മൃഗശാലയിലെ  മലയണ്ണാന്റെ  ഒരു ഫോട്ടോ  എടുത്ത് ഞാൻ അത് ഒരു ബ്ലോഗിൽ പോസ്റ്റ് ചെയ്തതാണ്  സംഗതി.  എന്ത് കൊണ്ടോ  പ്രസിദ്ധനായ  ഒരു ഫോട്ടോ ബ്ലോഗർ  ഈ പോസ്റ്റിനെ ലിങ്ക് ചെയ്തു കൊണ്ട് ഒരു പോസ്റ്റ് ഇട്ടു . ഒരു പാട് വായനക്കാർ ഉള്ള ഒരു അമേരിക്കൻ ബ്ലോഗ് .. അങ്ങനെയാണ്  എന്റെ ഫോട്ടോ  ഒരു പാട് ആളുകൾ  കാണാൻ ഇടയായത്.  അമേരിക്കക്കാരന്  ഇവിടുത്തെ ജീവജാലങ്ങളോടുള്ള  താല്പര്യമാണ്  എന്റെ ബ്ലോഗ്  വായിക്കാൻ കാരണമായത്.  

ഒരു വന്യജീവിയെ കൂട്ടിൽ പിടിച്ച് വെച്ചത്  ആളുകൾക്ക്  പിടിച്ചില്ല എന്ന് തോന്നുന്നു.  

 പതിനാറ് പതിനേഴ്    കൊല്ലം മുന്നത്തെ കഥയാണ് .  ബ്ലോഗ് ആണ്  അന്നത്തെ ട്രെൻഡ്  . പലരും ബ്ലോഗ് തുടങ്ങുന്നു  ഞാനും തുടങ്ങി   ബ്ലോഗ് . ഒന്നല്ല , പല പ്ലാറ്റുഫോമുകളിലായി   പത്തിരുപത്  എണ്ണം . അന്ന്  എഴുതാനറിഞ്ഞു കൂടായിരുന്നു.  അതിനാൽ ഫോട്ടോകൾ  ആയിരുന്നു മെയിൻ .  ആ ബ്ലോഗുകൾ  ഇപ്പോൾ  എവിടെ  എന്നറിയില്ല..  ഇന്റർനെറ്റിന്റെ  വിശാലലോകത്ത്  കുറച്ച് കുഞ്ഞു ബ്ലോഗുകൾ  അതിന്റെ പിതാവിനെ തേടി  നടക്കുന്നുവോ  എന്തോ ? 

ഇതിനു പുറമെ  ഫോട്ടോകൾ  ഷെയർ ചെയ്യാൻ  ഉള്ള സംഗതികളിലെല്ലാം  അകൗണ്ട് ഉണ്ടായിരുന്നു.  യാഹൂവിലും റെഡിഫിലും  ഇ സ്നിപ്സിലും  യു ട്യൂബിലും ഒക്കെ അപ്ലോഡ്  ചെയ്തിട്ടുണ്ട് . പിന്നെ ഓർക്കൂട്ട് വന്നു  .  ട്വിറ്ററിലും  ചേർന്നിരുന്നു.  അതാരോ ഹാക്ക് ചെയ്തു കൊണ്ട് പോയി.  കുറച്ച് കാലത്തിനു ശേഷം തിരിച്ചു കിട്ടി.  അധികം ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല.  

കൂടുതൽ ഉപയോഗിച്ച സാധനം ഫേസ്ബുക് തന്നെ.  വാട്സാപ്പ്  ഇഷ്ടമില്ലാതിരുന്നെങ്കിലും ജീവിതത്തിന്റെ  അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു.  ഇപ്പോൾ  വാട്സാപ്പ് ചാനൽ  തുടങ്ങിയപ്പോൾ  അതിലും പോയി ചേരുകയാണ് ..  ചുമ്മാ  തുടങ്ങുകയാണ് .  കാര്യമായി ഒന്നും  ചെയ്യാൻ ഉദ്ദേശിക്കുന്നില്ല..  ഫോളോ  ചെയ്യാനുള്ള അഭ്യർത്ഥനയല്ല. 


https://whatsapp.com/channel/0029Va52lC5KrWQw7MC4iY23






Tuesday, September 5, 2023

മാസപൂജ


 ഒട്ടും നിനച്ചിരിക്കാതെയാണ്  ഒരു ശബരിമല  ഡ്യുട്ടി അടിച്ചു കിട്ടിയത്. പത്ത് പന്ത്രണ്ട്  വര്ഷം മുന്നത്തെ കഥയാണ് .  മാസപൂജയാണ് . ആറു  ദിവസത്തെ ഡ്യുട്ടി .

രാത്രി ട്രെയിനിന്  ടിക്കറ്റ്  കിട്ടി. ഒപ്പം ഡ്യുട്ടി ഉണ്ടായിരുന്ന  മൂന്നു പേരും വണ്ടിയിൽ ഉണ്ടായിരുന്നു. 

രാവിലെ ചെങ്ങന്നൂരിൽ വണ്ടിയിറങ്ങി.  ഒരു ബസ്സിൽ കയറി പത്തനംതിട്ടക്ക്  വിട്ടു.  ഒരു കാലിച്ചായ കുടിച്ച്  പമ്പയിലേക്കുള്ള  ബസ്സ്  കാത്തിരിപ്പായി. 

മാസപൂജക്കുള്ള  ഡ്യുട്ടി  കൂടുതൽ ദുരിതമയമാണ് . ഏറ്റവും ആദ്യത്തെ  പ്രശ്‍നം  അങ്ങോട്ടുള്ള ബസ്സുകൾ  കുറവായിരിക്കുമെന്നതാണ് .

അങ്ങനെ ഒരു മുക്കാൽ മണിക്കൂർ കാത്തിരുന്നപ്പോൾ  പമ്പ എന്ന ബോർഡ് വെച്ച  കെ എസ്  ആർ ടി സി ബസ്സ്  അവിടെ എത്തി. രാവിലെ  ആകെ ക്ഷീണത്തിലാണ്‌ . രാവിലത്തെ സ്ഥിരം കൃത്യങ്ങൾ ഒന്നും നടന്നിട്ടുമില്ല . എങ്കിലും  ബസ്സ്  കണ്ടപ്പോൾ അതിൽ ഓടിക്കയറി . ഒരുപാടാളുകൾ അതിൽ ഉണ്ടായിരുന്നു.

ഓടിക്കിതച്ച്  ബസ്സ്  പമ്പയിൽ എത്തി .  ബസ്സിൽ നിന്നിറങ്ങിയ പലരും  പല വഴിക്ക് പോയി. ഞങ്ങൾ  നാല്  ജീവാത്മാക്കൾ  അവിടെയുള്ള  ദേവസ്വം ബോർഡിന്റെ കെട്ടിടം കണ്ട്  അങ്ങോട്ട് നീങ്ങി  . അത് തുറന്നിട്ടിരിക്കുന്നു. പക്ഷെ, അവിടെയെങ്ങും  ഒരു മനുഷ്യനുമില്ല .

അവിടെയുള്ള  മുറികളിൽ ഒരു മുറി മാത്രം തുറന്നിട്ടിരിക്കുന്നു.   കെ . ജയകുമാർ  ഐ എ എസ്  എന്ന ഒരു ബോർഡ് റൂമിനു മുകളിൽ ഉണ്ട്.  സ്‌പെഷൽ ഓഫീസർ ആണെന്ന് തോന്നുന്നു.

ഞങ്ങൾ ഉള്ളിൽ കയറി . ബാഗുകൾ അവിടെ വെച്ചു . തിരക്കുള്ളവൻ തോർത്ത് മുണ്ടെടുത്ത്  ബാത്ത് റൂമിലേക്ക് നടന്നു. മറ്റുള്ളവർ ബ്രഷും പേസ്റ്റും എടുത്തു . 

അങ്ങനെ  ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ  ഒരു മനുഷ്യൻ അവിടെ പാഞ്ഞെത്തി. കുറച്ച് ദേഷ്യത്തിലാണ് . "നിങ്ങൾ എന്തിനാണ്  ഈ മുറിയിൽ കടന്നത് ? "  അയാൾ ചോദിച്ചു .

ഞാൻ വിശദീകരിച്ചു . കുഴപ്പക്കാരല്ല. ശബരിമല  ഡ്യുട്ടിക്ക്‌  വന്നവരാണ് . പ്രഭാതകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല.

''കെ  ജയകുമാർ ഐ എ എസ്   സാറിന്റെ മുറിയാണ് . സമ്മതം ചോദിക്കാതെ  അവിടെ  കടക്കാൻ പാടില്ല '' - 

അയാൾ കുറച്ച് തണുത്തിരുന്നു.  അങ്ങേര്  പറയുന്നത്  ആരും ശ്രദ്ധിക്കാനേ  പോയില്ല.

''  സാറിനോട് ഒരു ബഹുമാനമില്ലേ  .. സാറിന്റെ  ബാത്ത്റൂമൊക്കെ  ഉപയോഗിക്കുക എന്ന് വെച്ചാൽ .''  മെല്ലെ എന്നോട് പറഞ്ഞു . പിന്നെ അയാൾ ഒന്നും പറഞ്ഞില്ല.  കുറച്ച് കഴിഞ്ഞപ്പോൾ  നിങ്ങൾക്ക് ചായ വേണോ  എന്ന്  ചോദിക്കുകയും ചെയ്തു.  മാത്രമല്ല , ചായ സംഘടിപ്പിച്ച് തരികയും ചെയ്തു .   അവിടുത്തെ സ്ഥിതിയിൽ ചായ എന്ന് വെച്ചാൽ  വലിയ ഒരാശ്വാസമായിരുന്നു.  പിന്നീട്  മറ്റു ജീവനക്കാരും വന്നപ്പോൾ  ഓരോരുത്തരുടെയും സ്റ്റേഷനിലേക്ക്  പോയി.

ഇപ്പോഴൊക്കെ  ശബരിമല ഡ്യുട്ടിക്ക്  പോകുമ്പോൾ   പത്തനംതിട്ടയിലെ ഒരു സുഹൃത്ത്  കാറും ഡ്രൈവറെയുമൊക്കെ  അയച്ചു തരാറുള്ളത്  സമാധാനമാണ് .