സാമുവൽ ഹാനിമാന്റെ ഹോമിയോപ്പതി സിദ്ധാന്തമനുസരിച്ച് മൂന്ന് ' മിയാസങ്ങൾ ' ആണ് രോഗം വരുന്നതിന് അടിസ്ഥാനമായിരിക്കുന്നത്. സൈക്കോസിസ് , സോറ , സിഫിലിസ് എന്നിവയാണ് ഈ മിയാസങ്ങൾ . നമ്മൾ ഈ വാക്കുകൾക്ക് ഇന്നുപയോഗിക്കുന്ന അർത്ഥത്തിലല്ല ഹാനിമാൻ ഉപയോഗിക്കുന്നത് . ഏകദേശം ആയുർവേദത്തിലെ ത്രിദോഷ സിദ്ധാന്തം പോലെ തന്നെയാണ് ഇത്. ഹാനിമാന്റെ ജീവിതകാലത്ത് സാധാരണമായിരുന്ന സ്കാബീസ് , സിഫിലിസ് രോഗങ്ങളൊക്കെ അന്ന് പ്രയോഗത്തിലുണ്ടായിരുന്ന ചില മരുന്നുകളുടെ പ്രയോഗം മൂലം ശരീരത്തിൽ അടിച്ചമർത്തുന്നത് ചില രോഗങ്ങൾക്ക് കാരണമാകുമെന്ന് സാമുവൽ ഹാനിമാൻ കരുതി. ഈ മിയാസങ്ങളുടെ പ്രഭാവം ചില രോഗങ്ങൾക്ക് കാരണമാകുമെന്ന് ഹാനിമാൻ സിദ്ധാന്തിച്ചു . ഇത് കാരണം ജീവശക്തിയിലുണ്ടാകുന്ന കുഴപ്പങ്ങൾ കാരണമാണ് രോഗങ്ങൾ ഉണ്ടാകുന്നത്. ഹാനിമാന്റെ സിദ്ധാന്തങ്ങളനുസരിച്ച് രോഗനിർണയത്തിന് പ്രസക്തിയില്ല . അതിന്റെ ആവശ്യവുമില്ല. അതിനാൽ രോഗമുണ്ടാക്കുന്ന രോഗാണുവിന് ഹോമിയോപ്പതിയിൽ ഒരു പ്രസക്തിയുമില്ല. ആ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾക്കും . ഹോമിയോപ്പതിക്ക് വേണ്ടത് ഹോമിയോ ലക്ഷണങ്ങളാണ് .
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പകർച്ച വ്യാധികളുടെ രോഗനിര്ണയത്തിൽ ഹോമിയോപ്പതിക്ക് എന്താണ് റോൾ എന്നാണ് സംശയം . രോഗാണുജന്യ രോഗങ്ങളുടെ രോഗനിർണ്ണയരീതികൾ ആധുനിക ശാസ്ത്രമനുസരിച്ചാണ് . മിയാസങ്ങൾക്കോ ദോഷങ്ങൾക്കോ ഇതിൽ പങ്കുണ്ടെന്ന് തോന്നുന്നില്ല. അതിനാൽ രോഗമുക്തനായോ എന്ന് പറയേണ്ടതും ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നവർ തന്നെയല്ലേ ? പകർച്ച വ്യാധികളിൽ ലോകമെമ്പാടും നടക്കുന്ന പഠനങ്ങളും ആധുനിക വൈദ്യശാസ്ത്രം അനുസരിച്ചാണ് . ഹോമിയോപ്പതി രീതികൾ ഇതിനെ സഹായിക്കില്ല എന്ന് മാത്രമല്ല, ദോഷവും ചെയ്യും..
No comments:
Post a Comment