തിങ്കളാഴ്ച ദിവസം രാവിലെ ആ പി എച് സി യുടെ മുറ്റം ഇങ്ങനെയായിരുന്നു. . ഞായറാഴ്ച കളിൽ മുറ്റം അടിച്ചു വാരാറില്ല.
പന്ത്രണ്ട് വര്ഷം മുമ്പ് ഇത് പോലെയുള്ള ഒരു മെയ് മാസം ഇരുപത്തിയാറിന് ഞാൻ ആ പി എച് സി യിൽ സർക്കാർ സർവീസിലേക്ക് കടന്നു ചെന്നു ..
ഇപ്പോൾ എന്റെ സഹപ്രവർത്തകനായ ബൈജു ഡോക്ടർ ആയിരുന്നു അവിടുത്തെ ചാർജ് ഓഫീസർ . അദ്ദേഹം നല്ലൊരു ഡോക്ടറും നല്ലൊരു സുഹൃത്തും സർവോപരി നല്ലൊരു മനുഷ്യനുമായിരുന്നു .. അത് ഏറെ ആശ്വാസകരമായിരുന്നു .
ആ പി എച് സി യെപ്പറ്റി ഞാൻ മുമ്പും പോസ്റ്റുകൾ ഇട്ടിരുന്നു. ആ സ്ഥലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. ഞാൻ കുറേക്കാലം അവിടെയുണ്ടായിരുന്നു താനും. . അഞ്ചു വർഷത്തോടടുത്ത് ..
ആ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുപാടും വാകമരങ്ങളായിരുന്നു. മറ്റു മരങ്ങളും ഉണ്ടായിരുന്നു. നിലം മുഴുവൻ ചുവന്ന വാകമരപ്പൂക്കൾ നിറഞ്ഞു നിൽക്കും.. അത് പൂവാണോ തളിരാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല.
അവിടെ ജോലി ചെയ്തിരുന്ന മൊയ്തു എന്ന പേരുള്ള ഒരു ജീവനക്കാരനാണ് പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് ആ മരങ്ങൾ കുഴിച്ചിട്ടതെന്നാണ് ആളുകൾ പറയുന്നത്. അദ്ദേഹം അവിടെ ജോലിയിൽ പ്രവേശിച്ച കാലമായിരുന്നു അത്.
ഫോറസ്ററ് ഓഫിസിൽ നിന്ന് മരത്തിന്റെ തൈകൾ വാങ്ങിക്കൊണ്ട് വന്ന അദ്ദേഹം പി എച് സി യുടെ പരിസരത്ത് നട്ടു . വേനൽക്കാലത്ത് കുറച്ചകലെയുള്ള കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ട് വന്നു നനച്ചു. .പിന്നീട് ആ മരങ്ങൾ വളരുകയും മുറ്റത്ത് തണൽ വിരിക്കുകയും പൂക്കൾ വിതറുകയും ചെയ്തു.
ചിലപ്പോഴൊക്കെ മരത്തിന്റെ കൊമ്പുകൾ പൊട്ടി വീണിട്ടില്ലെന്നും പറയുന്നില്ല.
സഹപ്രവർത്തകരും നാട്ടുകാരും മൊയ്തുക്ക എന്ന് വിളിച്ചിരുന്ന ഇദ്ദേഹം ഒരു സംഭവമായിരുന്നു. മൂന്നു പതിറ്റാണ്ടും മൂന്ന് വർഷവും നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ഈ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. മൂന്നോ നാലോ കൊല്ലം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.
ഈ മൊയ്തുക്കയുടെ ജോലി എന്ന് പറയുന്നത് ഒരു ടിപ്പിക്കൽ സർക്കാർ ജീവനക്കാരന്റെ ജോലി സമയങ്ങളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല. മിക്കവാറും നേരം ഇദ്ദേഹം സ്ഥാപനത്തിൽ തന്നെ ഉണ്ടാകും. വെള്ളിയാഴ്ചകളിൽ വീട്ടിൽ പോകുന്ന അദ്ദേഹം ശനിയാഴ്ച തിരിച്ചെത്തും.
രാത്രിയിൽ ഞങ്ങൾ മൊയ്തുക്കയുടെ ക്വർട്ടേഴ്‌സിൽ ചോറും പരിപ്പുകറിയും ചിലപ്പോഴൊക്കെ ചിക്കൻ കറിയും വെച്ചു ..
ഏത് അസമയത്ത് ആളുകൾ പി എച് സി യിൽ വന്നാലും അവരെ ആദ്യം അറ്റൻഡ് ചെയ്യുന്നത് മൊയ്തുക്ക ആയിരിക്കും. അദ്ദേഹമാണ് ഡോക്ടറേയും നഴ്‌സിനെയുമൊക്കെ വിളിച്ച് കൊണ്ട് വരുന്നത്. ഏത് സമയത്തും ജോലി ചെയ്യുന്നതിന് മൊയ്തുക്കക്ക് ഒരു മടിയുമില്ലായിരുന്നു .
മിക്കവാറുമൊക്കെ മൊയ്തുക്ക രാത്രി പി എച് സി യിൽ തന്നെ തങ്ങുമായിരുന്നു. രാത്രി ആരെങ്കിലും പി എച് സി യിൽ വന്നാൽ പെട്ടെന്ന് കാര്യങ്ങൾ ചെയ്യും.
അവിടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം നിറഞ്ഞു നിന്നു . നഴ്‌സിംഗ് അസിസ്റ്റന്റ് എന്ന തന്റെ ജോലിയിൽ മാത്രമല്ല, പല ജോലികളിലും അദ്ദേഹം വിദഗ്ദനായിരുന്നു. ഫയലുകളെല്ലാം കൃത്യമായി അടുക്കിപ്പെറുക്കി വെക്കുന്ന അദ്ദേഹത്തിന്റെ ശീലം ഓഫീസ് കാര്യങ്ങൾ എളുപ്പമാക്കി. മൊയ്തുക്ക എന്ന പേര് എപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു ..
ഒരു ശ്മശാനത്തിന്റെ സ്ഥലത്താണ് ആ പി എച് സി പണിതിരിക്കുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്. അവിടെ ഒരു പാട് പ്രേതങ്ങൾ ഉണ്ടെന്നായിരുന്നു വിശ്വാസം. ഈ മൊയ്തുക്കക്ക് മാത്രമാണ് അവിടെ പ്രേതങ്ങളെ ഭയമില്ലാതിരുന്നത്. പ്രേതങ്ങൾ മാത്രമല്ല, ആനകളും കടുവകളുമൊക്കെ പരിസരത്ത് കറങ്ങാറുണ്ട്. മൊയ്തുക്ക ഇതിന്റെയൊന്നും മൈൻഡ് ചെയ്തില്ല.
ഏറെക്കാലം വൈദ്യുതിയില്ലാതിരുന്ന ആ പ്രദേശത്ത് വൈദ്യുതിയെത്തിയ ശേഷവും പല രാത്രികളിലും കറന്റുണ്ടാകില്ല.
നമ്മുടെ ജോലി ആണ് ഏറ്റവും വലിയ ആരാധന എന്ന് മൊയ്തുക്ക എന്നോട് ഒരിക്കൽ പറഞ്ഞു . അദ്ദേഹം അംഗമായ ഒരു വിഭാഗത്തിന്റെ ആദർശമാണ് അതെന്നാണ് ഞാൻ മനസിലാക്കുന്നത് . എന്തായാലും അദ്ദേഹം അത് സ്വന്തം ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തിയിരുന്നു.
പോലീസ് ടീമിന്റെ കൂടെ ഉത്തർ പ്രദേശ് , മധ്യപ്രദേശ് , ബീഹാർ എന്നിവടങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് പോയിരുന്ന അദ്ദേഹം അവിടങ്ങളിലെ കൗതുകകരങ്ങളായ അനുഭവങ്ങൾ പങ്കു വെക്കുമായിരുന്നു .
തന്റെ സുദീർഘമായ ഔദ്യോഗിക ജീവിതത്തിൽ രണ്ട് തവണ അദ്ദേഹത്തിന് ഗുഡ് സർവീസ് എൻട്രി കിട്ടിയിട്ടുണ്ട് . ( ഈ സാധനം കൊണ്ട് കിട്ടിയവന് ഒരു ഗുണവുമില്ലെന്നത് വേറൊരു കാര്യം)..
ഈ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഇവിടെ നിന്ന് തന്നെ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചു . ഇപ്പോൾ മലപ്പുറത്ത്
വിശ്രമജീവിതം നയിക്കുന്നു.
മൊയ്തുക്ക നട്ട ആ മരങ്ങൾ ഇപ്പോഴില്ല. സ്ഥാപനം വലുതാക്കി , ഫാമിലി ഹെൽത്ത് സെന്റർ ആക്കിയപ്പോൾ ആ മരങ്ങൾ വെട്ടി മാറ്റുകയും പുതിയ കെട്ടിടങ്ങൾ വരികയും ചെയ്തു..
ആ പ്രാഥമികാരോഗ്യകേന്ദ്രത്തെപ്പറ്റി ഞാൻ മുമ്പും പോസ്റ്റുകൾ ഇട്ടിട്ടുണ്ട് . മൊയ്തുക്കയെപ്പറ്റി എഴുതാതെ ആ എഴുത്തുകൾ പൂര്ണമാകുന്നില്ല. ഇപ്പോഴും ഞാൻ ഇടക്ക് അദ്ദേഹത്തെ കാണാൻ പോകാറുണ്ട്.
അവിടെ ജോലി ചെയ്തിരുന്ന ഒരു ഡോക്ടർ എഴുതിയ ഒരു ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് . മൊയ്തുക്കയെപ്പറ്റി വേറെ ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയാൻ സെർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് .
ഈ പടം അവിടെ അന്നുണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഹരികുമാർ തന്റെ മൊബൈലിൽ എടുത്തത് ..
No comments:
Post a Comment