തലക്കുള്ളിൽ കയറിപറ്റുന്ന ചില ബാധകൾ വഴിയാണ് മാനസികരോഗങ്ങൾ ഉണ്ടാകുന്നത് എന്ന ധാരണ പുരാതന കാലത്ത് പലയിടത്തും ഉണ്ടായിരുന്നു. ഈ ബാധകൾ ഒഴിവാക്കാൻ വേണ്ടി ദ്വാരങ്ങൾ ഉണ്ടാക്കിയ തലയോട്ടികൾ പലയിടത്തും കണ്ടെത്തിയിട്ടുണ്ട് . തലക്ക് ഓട്ടയുണ്ടാക്കാൻ ഉപയോഗിച്ച കല്ലുകളും ഉപകരണങ്ങളും കിട്ടിയിരുന്നു. പിന്നീട് കുറേക്കാലങ്ങൾ കഴിഞ്ഞപ്പോൾ മാനസികരോഗങ്ങൾക്ക് തല തണുപ്പിക്കുക എന്നിങ്ങനെയുള്ള ചികിത്സാ രീതികളും നിലവിൽ വന്നു. പക്ഷെ ഇതൊന്നും അത്ര ഫലപ്രദമായിരുന്നില്ല.
ഗുരുതരങ്ങളായ മാനസികരോഗങ്ങളുടെ ചികിത്സക്കായി 'ഭ്രാന്താലയങ്ങൾ ' ഉണ്ടാക്കുക എന്നതായി പിന്നീടുള്ള രീതി. ഇവിടങ്ങളിൽ രോഗം ബാധിച്ചവരെ കൂട്ടമായി പ്രവേശിപ്പിക്കുകയും അന്ന് നിലവിലുണ്ടായിരുന്ന ചികിത്സകൾ കൊടുക്കയും ചെയ്തു. ' വിശ്രമചികിത്സ ' ഫലപ്രദമാണെന്ന് അന്ന് കരുതപ്പെട്ടിരുന്നു.
വിവിധ തരാം മനോരോഗങ്ങളെപ്പറ്റിയും ലക്ഷണങ്ങളെപ്പറ്റിയും കൂടുതൽ ധാരണകൾ പിന്നീട് ഉണ്ടായി . മനസിന്റെ ഇരിപ്പിടം തലച്ചോറാണെന്നും മനുഷ്യൻ മനസിലാക്കി. മാനസികരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ അപ്പോഴും ഒരു പ്രശ്നമായി തുടർന്നു . തല തണുപ്പിക്കാൽ ചികിത്സയൊക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ പോലും ചെയ്യപ്പെട്ടിരുന്നു.
മാനസികരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ നിലവിൽ വന്നത് താരതമ്യേന അടുത്ത കാലത്താണ് . കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം. ഫിനോത യാസിൻ വിഭാഗത്തിലുള്ള ചില മരുന്നുകൾ ഗുരുതരമായ വിഭാഗത്തിൽ പെടുന്ന മനോരോഗങ്ങൾക്ക് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തി. 1952 ൽ സൈക്യാട്രി ചികിത്സയിൽ ക്ളോർപ്രോമസീൻ എന്ന മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയത് ഒരു വിപ്ലവം തന്നെയുണ്ടാക്കി. അത് വരെ പലരും സൈക്കോഅനാലിറ്റിക് രീതികളിൽ കറങ്ങുകയായിരുന്നു.
പിന്നീട് കൂടുതൽ മരുന്നുകൾ കണ്ട് പിടിക്കപ്പെട്ടു . തുടക്കത്തിലുണ്ടായിരുന്ന മരുന്നുകൾ പാർശ്വഫലങ്ങൾ കൂടുതൽ ഉള്ളതായിരുന്നെങ്കിൽ പിന്നീട് കൂടുതൽ ഫലപ്രദവും പാർശ്വഫലങ്ങൾ കുറവുമായ മരുന്നുകൾ കണ്ട് പിടിക്കപ്പെട്ടു. ഇത് വലിയ മാറ്റങ്ങളാണുണ്ടാക്കിയത് . മറ്റു അസുഖങ്ങൾ ചികില്സിക്കുന്നതു പോലെ മിക്കവാറും മാനസികരോഗങ്ങളും ഓ പി ചികിത്സ യിലൂടെ ചികില്സിക്കാവുന്ന ഒരു സ്ഥിതി ഉണ്ടായി. രോഗബാധിതർ ഒരു സാധാരണ ജീവിതം തന്നെ നയിക്കാൻ തുടങ്ങി.
മാനസികരോഗങ്ങളുടെ ചികിത്സയിൽ തുടക്കത്തിലുള്ള ചികിത്സ വളരെ പ്രധാനമാണ് . ചികിത്സ നേടുന്നത് വൈകുന്തോറും ഫലപ്രാപ്തിക്കുള്ള അവസരം കുറഞ്ഞു കുറഞ്ഞു വരുന്നു.
നമ്മുടെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേരാണ് ചികിത്സയിൽ ഉള്ളത്. മിക്കവാറും ആ സ്ഥാപനത്തിന് ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ . അതിനാൽ ആവശ്യത്തിന് ജീവനക്കാരെയോ മറ്റു സൗകര്യങ്ങളോ ലഭ്യമാകാനിടയില്ല.
മാനസികാരോഗ്യകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക എന്നത് അനിവാര്യമാണ് . കൂടുതൽ ജീവനക്കാരും സൗകര്യങ്ങളും റീ ഹാബിലിറ്റെഷൻ സൗകര്യങ്ങളും തീർച്ചയായും വേണം.
അതിനോടൊപ്പം പ്രധാനമാണ് ഇത്രയധികം രോഗികൾ മാനസികാരോഗ്യകേന്ദ്രങ്ങളിൽ എത്തിപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്നത്. സമൂഹത്തിൽ ആളുകൾക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യങ്ങൾ പലതുമുണ്ട്. മാനസികരോഗങ്ങളോടുള്ള സ്റ്റിഗ്മയും രോഗികളോടുള്ള വിവേചനവുമടക്കം. ആശുപത്രികൾ മാനസികരോഗങ്ങളുടെ ചികിത്സ അവഗണിക്കുന്നത് അതിലൊന്നാണ്.
താഴെയുള്ള ആശുപത്രികൾ കേന്ദ്രീകരിച്ച് മാനസികരോഗങ്ങളുടെ ചികിത്സക്കുള്ള സൗകര്യങ്ങൾ ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്. ഇപ്പോൾ സ്ഥിതി വ മോശമാണ് . താലൂക്ക് ആശുപത്രികളിൽ പോലും മാനസികരോഗചികിത്സ കിട്ടുന്നില്ല. കൂടുതൽ സൈക്യാട്രി യൂണിറ്റുകൾ തുടങ്ങാതെ മെന്റൽ ഹെൽത്ത് സെന്ററുകൾക്കും മെഡിക്കൽ കോളേജുകൾക്കും മാത്രം ഈ സ്ഥിതി കൈകാര്യം ചെയ്യാനാകുമെന്ന് തോന്നുന്നില്ല.
No comments:
Post a Comment