ഒട്ടും നിനച്ചിരിക്കാതെയാണ് ഒരു ശബരിമല ഡ്യുട്ടി അടിച്ചു കിട്ടിയത്. പത്ത് പന്ത്രണ്ട് വര്ഷം മുന്നത്തെ കഥയാണ് . മാസപൂജയാണ് . ആറു ദിവസത്തെ ഡ്യുട്ടി .
രാത്രി ട്രെയിനിന് ടിക്കറ്റ് കിട്ടി. ഒപ്പം ഡ്യുട്ടി ഉണ്ടായിരുന്ന മൂന്നു പേരും വണ്ടിയിൽ ഉണ്ടായിരുന്നു.
രാവിലെ ചെങ്ങന്നൂരിൽ വണ്ടിയിറങ്ങി. ഒരു ബസ്സിൽ കയറി പത്തനംതിട്ടക്ക് വിട്ടു. ഒരു കാലിച്ചായ കുടിച്ച് പമ്പയിലേക്കുള്ള ബസ്സ് കാത്തിരിപ്പായി.
മാസപൂജക്കുള്ള ഡ്യുട്ടി കൂടുതൽ ദുരിതമയമാണ് . ഏറ്റവും ആദ്യത്തെ പ്രശ്‍നം അങ്ങോട്ടുള്ള ബസ്സുകൾ കുറവായിരിക്കുമെന്നതാണ് .
അങ്ങനെ ഒരു മുക്കാൽ മണിക്കൂർ കാത്തിരുന്നപ്പോൾ പമ്പ എന്ന ബോർഡ് വെച്ച കെ എസ് ആർ ടി സി ബസ്സ് അവിടെ എത്തി. രാവിലെ ആകെ ക്ഷീണത്തിലാണ് . രാവിലത്തെ സ്ഥിരം കൃത്യങ്ങൾ ഒന്നും നടന്നിട്ടുമില്ല . എങ്കിലും ബസ്സ് കണ്ടപ്പോൾ അതിൽ ഓടിക്കയറി . ഒരുപാടാളുകൾ അതിൽ ഉണ്ടായിരുന്നു.
ഓടിക്കിതച്ച് ബസ്സ് പമ്പയിൽ എത്തി . ബസ്സിൽ നിന്നിറങ്ങിയ പലരും പല വഴിക്ക് പോയി. ഞങ്ങൾ നാല് ജീവാത്മാക്കൾ അവിടെയുള്ള ദേവസ്വം ബോർഡിന്റെ കെട്ടിടം കണ്ട് അങ്ങോട്ട് നീങ്ങി . അത് തുറന്നിട്ടിരിക്കുന്നു. പക്ഷെ, അവിടെയെങ്ങും ഒരു മനുഷ്യനുമില്ല .
അവിടെയുള്ള മുറികളിൽ ഒരു മുറി മാത്രം തുറന്നിട്ടിരിക്കുന്നു. കെ . ജയകുമാർ ഐ എ എസ് എന്ന ഒരു ബോർഡ് റൂമിനു മുകളിൽ ഉണ്ട്. സ്‌പെഷൽ ഓഫീസർ ആണെന്ന് തോന്നുന്നു.
ഞങ്ങൾ ഉള്ളിൽ കയറി . ബാഗുകൾ അവിടെ വെച്ചു . തിരക്കുള്ളവൻ തോർത്ത് മുണ്ടെടുത്ത് ബാത്ത് റൂമിലേക്ക് നടന്നു. മറ്റുള്ളവർ ബ്രഷും പേസ്റ്റും എടുത്തു .
അങ്ങനെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ അവിടെ പാഞ്ഞെത്തി. കുറച്ച് ദേഷ്യത്തിലാണ് . "നിങ്ങൾ എന്തിനാണ് ഈ മുറിയിൽ കടന്നത് ? " അയാൾ ചോദിച്ചു .
ഞാൻ വിശദീകരിച്ചു . കുഴപ്പക്കാരല്ല. ശബരിമല ഡ്യുട്ടിക്ക് വന്നവരാണ് . പ്രഭാതകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല.
''കെ ജയകുമാർ ഐ എ എസ് സാറിന്റെ മുറിയാണ് . സമ്മതം ചോദിക്കാതെ അവിടെ കടക്കാൻ പാടില്ല '' -
അയാൾ കുറച്ച് തണുത്തിരുന്നു. അങ്ങേര് പറയുന്നത് ആരും ശ്രദ്ധിക്കാനേ പോയില്ല.
'' സാറിനോട് ഒരു ബഹുമാനമില്ലേ .. സാറിന്റെ ബാത്ത്റൂമൊക്കെ ഉപയോഗിക്കുക എന്ന് വെച്ചാൽ .'' മെല്ലെ എന്നോട് പറഞ്ഞു . പിന്നെ അയാൾ ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ചായ വേണോ എന്ന് ചോദിക്കുകയും ചെയ്തു. മാത്രമല്ല , ചായ സംഘടിപ്പിച്ച് തരികയും ചെയ്തു . അവിടുത്തെ സ്ഥിതിയിൽ ചായ എന്ന് വെച്ചാൽ വലിയ ഒരാശ്വാസമായിരുന്നു. പിന്നീട് മറ്റു ജീവനക്കാരും വന്നപ്പോൾ ഓരോരുത്തരുടെയും സ്റ്റേഷനിലേക്ക് പോയി.
ഇപ്പോഴൊക്കെ ശബരിമല ഡ്യുട്ടിക്ക് പോകുമ്പോൾ പത്തനംതിട്ടയിലെ ഒരു സുഹൃത്ത് കാറും ഡ്രൈവറെയുമൊക്കെ അയച്ചു തരാറുള്ളത് സമാധാനമാണ് .
No comments:
Post a Comment