നേരം വൈകിയ നേരം. ഒരു മെഡിക്കൽ റെപ്രസന്റേറ്റീവ് ഒരു മോട്ടോർ സൈക്കിൾ ഓടിച്ച് പെട്ടെന്ന് മുറ്റത്ത് വന്ന് നിർത്തി. പിന്നെ തന്റെ ബാഗുമെടുത്ത് റൂമിനകത്ത് വന്നു . ഓടിക്കിതച്ച് വന്നതിന്റെ ഒരങ്കലാപ്പ് ചങ്ങാതിയുടെ മുഖത്ത് ഉണ്ട് .
പിന്നീടയാൾ ഒരു ചാർട്ട് എടുത്ത് തന്റെ മരുന്നിനെക്കുറിച്ച് പറയാൻ തുടങ്ങി. എനിക്ക് ഒരു പൊരുത്തക്കേട് തോന്നി. സംഗതി മനസിലായപ്പോൾ ഞാൻ അയാളോട് പറഞ്ഞു -'' നിങ്ങൾ വേറൊരു കമ്പനിയുടെ പ്രൊഡക്ടിനെപ്പറ്റിയാണ് പറഞ്ഞു കൊണ്ടിരിക്കുന്നുന്നത് ..''
അയാൾ ഒന്ന് നിർത്തി . ചെറിയൊരു ചമ്മലോടെ തന്റെ കമ്പനിയുടെ മരുന്നിനെപ്പറ്റി പറയാൻ തുടങ്ങി.
അവസാനം അയാൾ പറഞ്ഞു - പന്ത്രണ്ട് കൊല്ലമായി അയാൾ ഒരു മരുന്ന് കമ്പനിയുടെ റെപ് ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം അയാളെ പിരിച്ച് വിട്ടു . ഒപ്പം മറ്റു പത്ത് പേരെയും.
കാരണം എന്തെന്ന് ഞാൻ ചോദിച്ചില്ല. ആ ചോദ്യം എന്റെ മനസിലുണ്ടാകുമെന്ന് തോന്നിയോ എന്തോ .. അയാൾ പറഞ്ഞു - 'We want young blood ' എന്നാണ് കാരണമായി പറഞ്ഞത്.
നാളെ തൊട്ട് നിങ്ങൾക്ക് ജോലി ഇല്ല എന്ന് പെട്ടെന്നൊരു ദിവസം കേട്ടാൽ ഞാൻ ആണെങ്കിൽ തകർന്ന് പോകും. ഇനിയുള്ള കാലത്ത് ജോലി സുരക്ഷിതത്വം എന്നത് ഇല്ലെന്നാണ് പറയപ്പെടുന്നത്. എങ്കിലും സുരക്ഷിതത്വ ബോധം നൽകുന്ന ഒന്നും ഇല്ലാതിരിക്കുമ്പോൾ മനുഷ്യന് എങ്ങനെ സമാധാനമായിരിക്കാൻ പറ്റും ?
കേരളത്തിലെ ചെറുപ്പക്കാർ പി എസ് സി ജോലിക്ക് പുറകെ നടക്കുന്നത് എന്തിനാണെന്നും എന്തൊരു മണ്ടന്മാർ ആണ് ഇവരെന്നും ഉള്ള ഒരു ചോദ്യം ഇവിടെ ഇടക്കിടക്ക് കേൾക്കാറുണ്ട് . ജോലി സുരക്ഷിതത്വത്തിനുള്ള ആഗ്രഹം ആയിരിക്കാം പി എസ് സി ജോലികൾക്കുള്ള കഠിന ശ്രമത്തിനു പുറകിൽ. ആ ചോദ്യം ചോദിക്കുന്നവർ എല്ലാം നല്ല നിലയിൽ കഴിയുന്നവരുമാണ് .
No comments:
Post a Comment