ഒരു ഓട്ടോഡ്രൈവർ . കാലിൽ ഒരു വ്രണമുണ്ട് . വെരികോസ് വെയിനും ഉണ്ട് . അതിനാൽ അതിന് ഉണക്കം വരുന്നില്ല. അയാൾ ഇടക്ക് സർക്കാർ ആശുപത്രിയിലെ ഓ പി യിൽ വന്ന് മുറിവ് ഡ്രസ് ചെയ്തു പോകും. ഡോക്ടർ ആന്റിബയോട്ടിക്ക് എഴുതിക്കൊടുക്കും. അയാൾ അതുമായി പണിക്ക് പോകും. ഇതിങ്ങനെ നടന്നു കൊണ്ടിരിക്കുന്നു ..
" ദിവസവും ഓട്ടോറിക്ഷ ഓടിക്കണം. രാത്രി വരെ ഓടിച്ചാലേ എന്തെങ്കിലും കിട്ടുള്ളൂ . അതിൽ നിന്ന് ഓട്ടോ മുതലാളിക്ക് കൊടുക്കണം. ബാക്കിയുള്ളത് കൊണ്ട് മറ്റു ചെലവുകളെല്ലാം നടക്കണം. നഗരത്തിൽ ഓടിക്കുന്നത് കൊണ്ട് കൃത്യം പൈസയേ വാങ്ങിക്കാൻ പറ്റൂ. ഒരു ദിവസം പോലും ജോലിക്ക് പോകാതിരിക്കാൻ പറ്റില്ല."
നാല്പത്തഞ്ച് വയസുള്ള ഒരു സ്ത്രീ . രണ്ട് കാല് മുട്ടുകൾക്കും വേദനയാണ് . ഇടക്ക് ഓ പി യിൽ വന്ന് വേദനക്കുള്ള ഡൈക്ളോഫിനാക് ഗുളികകൾ വാങ്ങിപോകും. നഗരത്തിലെ ഒരു തുണിക്കടയിലാണ് അവരുടെ ജോലി. രാവിലെ ഒമ്പതു മണി തൊട്ട് രാത്രി ഒമ്പത് മണിക്ക് ഷോപ്പ് പൂട്ടുന്നത് വരെ നിൽക്കണം . ഭക്ഷണം കഴിക്കാനുള്ള അര മണിക്കൂർ ഇരിക്കാൻ പറ്റും . ശമ്പളമായി കിട്ടുന്നത് പതിനായിരം രൂപ. ബസ് യാത്രക്ക് വേണ്ടിയുള്ള ചെലവുകൾ ഒഴിവാക്കാൻ അവർ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഹോസ്റ്റലിൽ നിൽക്കുന്നു . കുട്ടികളെയൊക്കെ ഭർത്താവ് നോക്കിക്കൊള്ളും .
18 വയസുള്ള ഒരു പെൺകുട്ടി. ഇപ്പോൾ പ്ലസ് റ്റു കഴിഞ്ഞു . ഇടക്കിടക്ക് പെട്ടെന്ന് നെഞ്ചിടിപ്പ് കൂടി കുഴഞ്ഞു പോകും. സാമാന്യം നല്ല മാർക്ക് ഉണ്ട് . കുട്ടിക്ക് തുടർന്ന് പഠിക്കാൻ വലിയ താല്പര്യം ഉണ്ട് . ഉപ്പ പറഞ്ഞു - ഒരു കൊല്ലം കഴിഞ്ഞ് തുടർന്ന് പഠിക്കാം. മൂത്ത രണ്ട് കുട്ടികളും പഠിച്ച് കൊണ്ടിരിക്കുന്നു. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ് . കടമുണ്ട് . ബാങ്കിലും പുറത്തും. ആരും സഹായിക്കാനില്ല. അതിനാൽ വീട്ടിൽ കുറച്ച് കാലമിരുന്നിട്ട് പിന്നീട് പഠിക്കാം എന്നാണ് രക്ഷിതാക്കളുടെ പ്ലാൻ . കുട്ടി വിഷാദത്തിലായി. പഠനത്തെപ്പറ്റി ചിന്തിക്കുമ്പോൾ പെട്ടെന്ന് അസ്വസ്ഥത വരും. നെഞ്ചിടിപ്പ് കൂടും. ക്ഷീണം വരും. ആശുപത്രിയിൽ കൊണ്ട് വരും.ചെറിയ രക്തക്കുറവുണ്ട് . ഡോക്ടർ രക്തക്കുറവിനുള്ള ടോണിക്കും നെഞ്ചിടിപ്പ് കുറക്കാനുള്ള ഗുളികകളും കൊടുത്തിട്ടുണ്ട്.
പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള ധാരാളം പ്രശ്നങ്ങൾ ജനങ്ങൾക്കുണ്ട്. ദൈവങ്ങളോ വിശ്വാസങ്ങളോ മിത്തുകളോ ഒന്നും നിത്യ ജീവിതത്തിൽ ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യമാണെന്ന് തോന്നിയിട്ടില്ല..
No comments:
Post a Comment