Monday, May 1, 2023

വിവർത്തനം

മലയാളത്തിലേക്ക്  വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന  ശാസ്ത്ര പുസ്തകങ്ങൾ  വായിച്ച് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതായി  പലപ്പോഴും തോന്നാറുണ്ട് . എന്താണ്  എഴുതിയ ആൾ ഉദ്ദേശിച്ചത് എന്ന്  ചിലപ്പോൾ പിടി കിട്ടില്ല. അങ്ങനെ പിടി കിട്ടണമെന്ന ഉദ്ദേശം  വിവർത്തകന്  ഉണ്ടാകേണ്ടതാണ്. 

നല്ലൊരു വിവർത്തകനും  കേരളത്തിലെ  സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ  ശ്രീ സി രവിചന്ദ്രൻ  സാർ  നടത്തിയ ഒരു പ്രഭാഷണം കേൾക്കുകയായിരുന്നു.  ശാസ്ത്ര തർജ്ജമയാണ് വിഷയം. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി  നടത്തിയത്. കോളേജ് വിദ്യാർത്ഥികൾ ശാസ്ത്ര തർജ്ജമയിലേക്ക് ഇറങ്ങണമെന്ന്  അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.

ഇതിൽ താൻ വിവർത്തനം ചെയ്യുന്ന രീതി അദ്ദേഹം വിശദീകരിക്കുന്നു. പേന  വെച്ചും പേപ്പർ  വെച്ചും ചെയ്യാനിരുന്നാൽ സമയത്തിന് തീരില്ല. കംപ്യുട്ടർ ഉപയോഗിച്ച് ടൈപ്പ് ചെയ്യാനാണ് അദ്ദേഹം കുട്ടികളോട് പറയുന്നത്. ഐ എസ് എം ഉപയോഗിച്ച് ടൈപ്പ് ചെയ്യണം. മംഗ്ലീഷ്  ടൈപ്പിംഗ് ഒക്കെ ഒഴിവാക്കണം. ഐ എസ് എം രണ്ട് മണിക്കൂർ കൊണ്ട് പഠിക്കാം. അദ്ദേഹം പറയുന്നു - "  ഞാനൊക്കെ ചെയ്തിരുന്നത് ,  ഒരു പേജ് മേക്കറിന്റെ ഒരു പേജ് എടുത്തിട്ട്  , ആ പേജിൽ ഈ ഇംഗ്ലീഷ് വർക്ക്  അഞ്ഞൂറ് പേജുണ്ടെങ്കിൽ അഞ്ഞൂറ്  പേജ്  അതുകൊണ്ടങ്ങ് നിറയ്ക്കും. അതിനു ശേഷം , ഞാൻ ആദ്യത്തെ പേജിലെ ആദ്യത്തെ ലെറ്ററിന്റടുത്ത് കൊണ്ട് വന്നിട്ട് ക്ലിക്ക് ചെയ്തിട്ട്  മലയാളം ഫോണ്ടവിടെ അപ്ലൈ ചെയ്തിട്ട് ടൈപ്പ് ചെയ്ത തുടങ്ങും. ആദ്യത്തെ ഇംഗിഷ് സെന്റൻസ് ഞാൻ ടൈപ്പ് ചെയ്തിട്ട് ആദ്യത്തെ  സെന്റൻസ് ഡിലീറ്റ് ചെയ്യും. എന്നിട്ട് രണ്ടാമത്തെ ഇംഗ്ലീഷ് സെന്റൻസ്  മലയാളത്തിലാക്കി ടൈപ്പ് ചെയ്തിട്ട്  ആ സെന്റൻസ് ഡിലീറ്റ് ചെയ്യും.  ആദ്യത്തെ പാരഗ്രാഫ് മുഴുവൻ ടൈപ്പ് ചെയ്തിട്ട് ആദ്യത്തെ പാരഗ്രാഫ് മൊത്തം ഡിലീറ്റ്  ചെയ്യും. ഇംഗ്ലീഷ് ഭാഗം ഡിലീറ്റ് ചെയ്യും. മലയാളം ഭാഗം നില നിൽക്കും. അവസാനം ഇറങ്ങി ഇറങ്ങി വരുമ്പോൾ ഇംഗ്ലീഷ് പുസ്തകം പുറത്ത് പോകും. മലയാളം പുസ്തകം മാത്രമായി മാറും. .." 

തർജ്ജമയുടെ  ഈ രീതി മോശമെന്ന് പറയുന്നില്ല  പക്ഷെ , നമ്മൾ പുസ്തകം പൈസ കൊടുത്ത് വാങ്ങുന്നതാണ് . ഒറിജിനൽ പുസ്തകത്തിൽ  രചയിതാവ് ഉദ്ദേശിക്കുന്നത് തന്നെയാണ്  തർജ്ജമയിൽ ഉള്ളതെന്ന്  വിവർത്തകൻ ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ് .   വിവർത്തനം കാരണം ആശയക്കുഴപ്പം ഉണ്ടാകരുത്. 

ഉദാഹരണം  പറയാം.  വാങ്ങിയ പുസ്തകങ്ങൾ  നഷ്ടപ്പെട്ടതിനാൽ ഓർമ്മയിൽ നിന്ന്  എടുത്തെഴുതുന്നതാണ് .  

'ഗുളികക്കുശേഷമുള്ള പ്രഭാതമാണ് ഒരു ശിശുപീഢകന്റെ ഏറ്റവും ഉത്തമസുഹ്രൃത്ത് '- നാസ്തികനായ ദൈവം എന്ന പുസ്തകത്തിലെ വരികളാണ് . വായിച്ചപ്പോൾ അർഥം മനസിലായില്ല . അതിനാൽ ഡോക്കിൻസ് എന്താണ് എഴുതിയത് എന്ന് നോക്കിയതാണ് .' The morning after pill is a pedophile's best friend' എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ morning -after pill എന്ന ഗർഭ നിരോധനമാർഗ്ഗത്തെയാണ് ഡോകിൻസ് സൂചിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഗുളികയാണ് , വിവർത്തകൻ എഴുതിയത് പോലെ പ്രഭാതമായിരിക്കാൻ ഇടയില്ല.

പുസ്തകത്തിൽ Recurrent Laryngeal nerve എന്നത് ആവര്ത്തിത ലാരിഞ്ച്യല് നാഡി എന്നാണ് മുഴുവൻ ഇടത്തും മൊഴിമാറ്റം നടത്തിയിട്ടുള്ളത് . നേർവിൻറെ  പേര്  അതെ പടി  എഴുതിയാൽ മതിയായിരുന്നു.  ഇവിടെ Recurrent  എന്നത്  ആവർത്തിതം എന്ന്  മൊഴിമാറ്റം നടത്തുന്നത് ശരിയെന്ന്  തോന്നിയില്ല.   അവിടെ ഒന്നും ആവർത്തിക്കുന്നില്ലല്ലോ .  ആ നാഡിയുടെ  കോഴ്സ്  അല്ലേ അത് സൂചിപ്പിക്കുന്നത് ?  Laryngeal  എന്നത്  സ്വന നാഡി  എന്നൊക്കെ പറയാം. 

തലച്ചോറിന്റെ PONS  എന്ന ഭാഗത്തിന്  പോണുകൾ  എന്ന്  വിവർത്തനം വന്നതും ഇത് പോലെയുള്ള മൊഴിമാറ്റം കൊണ്ടാകാം.  

" ലോകത്തെ  ഏറ്റവും ശ്രേഷ്ഠമായ  വൈദഗ്ദ്യത്തിന്റെ അനന്തരഫലം എങ്ങനെയാണ് ഇത് ഇടിക്കുന്നത് ? " - എൻജിൻ മുറിയിലൂടെ  ചുറ്റിത്തിരിയുന്നതിനിടയിൽ  നീരാവി ചോദിച്ചു -  മറ്റൊരാളുടെ വിവർത്തനമാണ് .  ഒറിജിനൽ എന്തായിരിക്കും ? 





 


No comments: