Thursday, April 13, 2023

മൈക്രോസ്കോപ്പ്

ഞാൻ അത് എങ്ങനെ വരക്കാൻ നോക്കിയിട്ടും ശരിയാകുന്നില്ല . ഒരു മൈക്രോസ്കോപ്പ്  വരക്കാനാണ് .   മിക്കവരെയും പോലെ   പോലെ ഡോക്ടറാകാനാണ്  സെക്കൻഡ് ഗ്രൂപ്പ്  എടുത്ത്  പ്രീഡിഗ്രിക്ക്  ചേർന്നിരിക്കുന്നത് .  ആദ്യത്തെ  ആഴ്ച  ബോട്ടണിയിലെ ഒരു സാറ് വന്ന്  ഞങ്ങളെ  ലബോറട്ടറിയിലേക്ക് തെളിച്ചു . ഒരു കൂട്ടർ സുവോളജി ലാബിലേക്കും പോയി.

മൈക്രോസ്കോപ്പ്  ആണ്  ആദ്യത്തെ ക്ലാസിൽ .  മൈക്രോസ്കോപ്പിന്റെ  ഭാഗങ്ങൾ സാർ വിശദീകരിച്ചു തന്നു. ഒരു ചെടിത്തണ്ട്  വെട്ടി  അതെങ്ങനെ മൈക്രോസ്കോപ്പിൽ  പരിശോധിക്കണമെന്ന്  കാണിച്ചു .   അവസാനം  റെക്കോർഡ് ബുക്കിൽ ഒരു മൈക്രോസ്കോപ്പ്  വരച്ച് അടുത്തയാഴ്ച  സമർപ്പിക്കാൻ പറഞ്ഞു  .

ഞാനിത് എങ്ങനെ നോക്കിയിട്ടും നടക്കുന്നില്ല.  അവസാനം ഞാൻ  നാട്ടിലെ ഒരു ചിത്രകാരനെ   സമീപിച്ചു  . എന്റെ സുഹൃത്ത് കൂടെയാണ് .എന്റെ ആവശ്യം പറഞ്ഞതും  മൂപ്പർ സമ്മതിച്ചു .   ഞാൻ  മൈക്രോസ്കോപ്പിന്റെ പടമുള്ള പുസ്തകവും റിക്കോർഡ് ബുക്കും അങ്ങേരെ ഏൽപ്പിച്ചു .

  ചങ്ങാതി  ഒറ്റ ദിവസം കൊണ്ട്  വർക്ക് പൂർത്തിയാക്കി . സംഗതി   തിരിച്ച്‌  തന്നു.  മൈക്രോസ്കോപ്പ് നോക്കിയപ്പോഴാണ് , വളരെ കലാത്മകമായി  വരച്ചിട്ടുണ്ട് . സുന്ദരമായ ചിത്രം . പക്ഷെ അതിന്റെ  ഐ പീസ്  ലെന്സുകളും  ഒബ്ജക്ടീവ് ലെൻസും  ഒബ്ജക്റ്റുമെല്ലാം  വേറെ വേറെ ദിശകളിലേക്കാണ് .  അതിലെ നോക്കിയാൽ ഒന്നും കാണാനിടയില്ല.

എന്തായാലും  ഞാൻ റെക്കോർഡ് ബുക്കുമായി  സാറിന്റെ അടുത്ത് പോയി .. " എടോ , ഞാൻ തന്നോട് ടെലസ്കോപ്പ് വരക്കാനല്ല, മൈക്രോസ്കോപ്പ് വരക്കാനാണ് പറഞ്ഞത് .. ഇത് മാറ്റി വരച്ചു കൊണ്ട് വാ.. " എന്നും പറഞ്ഞ്  എന്നെ ഓടിച്ചു . സംഗതി ശരിയാണ് . അതിന്റെ ഐ പീസ്  നേരെ ആകാശത്തേക്കാണ്  നോക്കുന്നത് . 

ഞാൻ വീണ്ടും സുഹൃത്തിന്റെ അടുത്തേക്ക് വിട്ടു.  ഒരു ലെന്സിലൂടെ നോക്കിയാൽ മറ്റേ ലെൻസ്   വഴി കാണണം . നേരെ നേരെ ആയിരിക്കണം .   ചങ്ങാതി കാര്യങ്ങൾ മനസിലാക്കി , നല്ലൊരു പടം  വരച്ചു തന്നു .  

അതുമായി സാറിന്റെ അടുത്ത് പോയപ്പോൾ ശരിയിട്ടു  തന്നു എന്ന് മാത്രമല്ല , ഗുഡ് എന്നും  എഴുതി തന്നു. 







No comments: