' തോളിൽ ചെറിയൊരു മുഴ - ' ഡിഗ്രിക്ക് പഠിക്കുന്ന കോളേജ് കാരൻ പയ്യൻ സർജനെ കാണിക്കാൻ പോയതാണ് .
'' കുഴപ്പമില്ലാത്തതാണ് . പതുക്കെ ചെയ്‌താൽ മതി . പിന്നീട് ചെയ്യാം - '' ഡോക്ടർ അവനെ അറിയിച്ചു .
''പോരാ .. ഇപ്പോൾ തന്നെ ചെയ്യണം . ആ തടിപ്പിൽ കറുത്ത ഒരടയാളമുണ്ട് . അത് വഴി അടുത്ത വീട്ടിലെ ആൾ തന്റെ രഹസ്യങ്ങൾ ഒക്കെ ചോർത്തുകയാണ് ..പ്രശ്നമാണ് "
ഡോക്ടർ രണ്ട് ദിവസം കഴിഞ്ഞ് സർജറി ചെയ്തു . അവനെ വീട്ടിലേക്ക് വിട്ടു .
രണ്ടാഴ്ച കഴിഞ്ഞ് ചങ്ങാതി വീണ്ടും സർജന്റെ അടുത്ത് എത്തി . സർജറി ചെയ്തപ്പോൾ ഡോക്ടർ അതിനകത്ത് ഒരു ചിപ്പ് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇയാൾ ആരോപിക്കുന്നത് . ആ ചിപ്പ് വഴി ശത്രുക്കൾ തന്റെ നീക്കങ്ങൾ ചോർത്തുന്നു..അതിൽ നിന്ന് തരംഗങ്ങൾ പുറത്തേക്ക് പ്രസരിക്കുന്നുണ്ട് . വലിയ എടങ്ങേറാണ് ..
ഡോക്ടർ ചിപ്പ് എടുത്ത് കൊടുക്കാനൊന്നും നിന്നില്ല. നേരെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് വിട്ടു .
സർജനെ തല്ലണം എന്നാണ് ഇവൻ പറയുന്നത്. പ്രശ്‌നം മാനസികമാണെന്ന് പയ്യന്റെ പിതാവിന് മനസ്സിലായിട്ടുണ്ട് . പക്ഷെ അയാൾ ധരിച്ചിരിക്കുന്നത് സർജറിക്കിടെ പ്രധാനപ്പെട്ട ഒരു ഞരമ്പിന് തകരാറു പറ്റിയെന്നും അത് കൊണ്ടാണ് ഈ കുഴപ്പങ്ങൾ ഉണ്ടായതെന്നും.
ഹാലോപെരിഡോൾ ഗുളികകൾ ആണ് സർജനെ തല്ലു കിട്ടുന്നതിൽ നിന്നും രക്ഷിച്ചത് എന്ന് തോന്നുന്നു.
സർജൻമാർ കുഴപ്പം പിടിച്ച ഒരു ജീവിതമാണ് ജീവിക്കുന്നത് . ഏത് വഴിക്കാണ് ഗുലുമാലുകൾ വരുന്നത് എന്ന് പറയാൻ പറ്റില്ല.
No comments:
Post a Comment