Wednesday, March 1, 2023

"എന്റെ ജീവിത നൈരാശ്യത്തിന്റെ നെല്ലിപ്പടി കണ്ടു തുടങ്ങിയിരിക്കുന്നു ." - ചങ്ങമ്പുഴ ഗദ്ഗദസ്വരം അടക്കിക്കൊണ്ട് പറഞ്ഞു , '' എന്റെ മനഃക്ലേശങ്ങൾക്കുള്ള ഒരേയൊരു മരുന്നാണ്  മദ്യം. ഞാൻ കുടിക്കുന്നുണ്ട് - കണക്കില്ലാതെ കുടിക്കുന്നുണ്ട് .മദ്യപാനം മാത്രമാണ് ഒരേയൊരു ആനന്ദം. എന്റെ ഭാര്യയും കുട്ടിയും എന്നെ ഉപേക്ഷിച്ച് പോയി.എന്റെ പെറ്റമ്മയും സഹോദരന്മാരും എനിക്കെതിരാണ് . അയല്പക്കക്കാരും പഴയ  കൂട്ടുകാരും  എല്ലാം എന്റെ ശത്രുക്കളായി മാറിയിരിക്കയാണ് .എന്നെപ്പറ്റി നാറുന്ന അപവാദങ്ങൾ പ്രചരിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാൻ ജീവിക്കുന്നത്.സാമ്പത്തിക ക്ലേശങ്ങളല്ല, വിഷാദാത്മകത്വമാണ്  എന്നെ വിരട്ടിക്കൊണ്ടിരിക്കുന്നത് . ദാരിദ്ര്യങ്ങളും കടങ്ങളും എന്നെ ആത്മഹത്യയുടെ വക്കോളമെത്തിച്ച ഒരു കാലമുണ്ടായിരുന്നു.

അക്കാലമെല്ലാം പോയി . ഇപ്പോൾ എന്റെ പേരിൽ പതിനാലായിരം രൂപ ബാങ്കിലുണ്ട് . പക്ഷെ, നീറിപ്പിടിക്കുന്ന മനസിന്  ആ പണം കൊണ്ടെന്ത് പ്രയോജനം ? ഞാനിനി അധിക കാലം ജീവിച്ചിരിക്കയില്ല. അടുത്ത കാലത്ത് മരിക്കും എന്നെനിക്കുറപ്പുണ്ട് .എന്നാലത് ആത്മഹത്യ ആയിരിക്കില്ല.. " 

എസ്  കെ പൊറ്റക്കാട് , കവി  ചങ്ങമ്പുഴ  കൃഷ്ണപിള്ളയെ കാണാൻ പോയ കാര്യമാണ്  അദ്ദേഹം എഴുതിയിരിക്കുന്നത്.

എന്നാൽ ആ മാനസിക കുഴപ്പങ്ങളിൽ നിന്ന് ചങ്ങമ്പുഴ വിമുക്തി നേടുക തന്നെ ചെയ്തു എന്നു പൊറ്റക്കാട് എഴുതുന്നു.   ചങ്ങമ്പുഴ  സ്വന്തം വീട് വാങ്ങി കുടുംബമൊന്നിച്ച്  സുഖമായി പാർത്തു വരുമ്പോൾ  പൊറ്റക്കാട് വീണ്ടും കാണാൻ പോയിരുന്നു .

കഴിഞ്ഞതെല്ലാം മറന്ന് , സമാധാനവും ആനന്ദവും കുടുംബസൗഖ്യവും അലയടിക്കുന്ന ഒരു നൂതന ജീവിതം കെട്ടിപ്പടുക്കുവാനുള്ള എന്റെ കവിസുഹൃത്തിന്റെ പരിശ്രമത്തിൽ  അദ്ദേഹത്തിന് വിജയം നേർന്ന് പിരിഞ്ഞു എന്നാണ് പൊറ്റക്കാട്ട്  എഴുതിയിരിക്കുന്നത്.

പക്ഷെ  വിഷാദാത്മകത്വത്തെ അകറ്റാൻ ശീലിച്ച മദ്യപാനം   ചങ്ങമ്പുഴ  തുടർന്നു .   അദ്ദേഹം  രോഗബാധിതനായി . മരിക്കുകയും ചെയ്തു.


വിഷാദത്തിന്റെയും  മറ്റു  മാനസിക അസ്വസ്ഥതകളുടെയും സ്വയം ചികിത്സ ആയി മദ്യം ഉപയോഗിക്കുന്നത്  ഇക്കാലത്തും തുടരുന്ന ഒരു കഥയാണ് .  മദ്യാസക്തിയിൽ എത്തുന്ന  ഒരു വിഭാഗം ഇങ്ങനെ അതിലേക്ക് എത്തുന്നതായിരിക്കും.  പലപ്പോഴും മദ്യം പ്രാഥമിക കാരണമായി മനസിലാക്കപ്പെടുകയും ചെയ്യാം. 

 ചങ്ങമ്പുഴയുടെ കാലത്ത്  സിറ്റലോപ്രം  ഗുളികകൾ  ഉണ്ടായിരുന്നെങ്കിൽ   ഒരു  പക്ഷെ  അദ്ദേഹത്തിന്  മദ്യമുപയോഗിച്ച്  വിഷാദം അകറ്റേണ്ടി  വരില്ലായിരുന്നിരിക്കാം...  അത് പോലെ ക്ഷയരോഗത്തിനുള്ള ഫലപ്രദമായ മരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ  അദ്ദേഹം നേരത്തെ മരിക്കുകയുമില്ലായിരിക്കാം.. 


No comments: