നമ്മുടെ നാട്ടിൽ രോഗമുള്ളവരുടെ പരിചരണത്തിന്റെ ഭാരം വന്നു വീഴുന്നത് ഏതാണ്ട് മുഴുവനും സ്ത്രീകളിലാണെന്ന് തോന്നുന്നു. വയനാട്ടിലും കോഴിക്കോട്ടുമൊക്കെ മെന്റൽ ഹെൽത്ത് ക്യാംപുകളിൽ പോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ അവിടെ കണ്ട് കൊണ്ടിരുന്ന ഒരു വിഭാഗം ബുദ്ധിമാന്ദ്യമുള്ള കുട്ടികളായിരുന്നു. കുട്ടികളെന്നു വെച്ചാൽ അവർ പലപ്പോഴും പ്രായം കൊണ്ട് കുട്ടികളായിരുന്നില്ല. മിക്കപ്പോഴും അമ്മമാരാണ് അവരെ കൊണ്ട് വരുന്നത്. എൻഡോ സൾഫാൻ ക്യാംപുകളിൽ അച്ഛന്മാരെ കാണാറുണ്ടായിരുന്നു.
ഈ അമ്മമാരുടെ കാര്യം വളരെ കഷ്ടമായിരുന്നു. മുഴുവൻ ദിവസവും മുഴുവൻ സമയവും ഇവർക്ക് കുട്ടികളെ പരിചരിക്കേണ്ടി വരുന്നു. ഒട്ടും വിശ്രമിക്കാനുള്ള അവസരം പോലും പലർക്കും കിട്ടാറില്ല. വര്ഷങ്ങളായി ഒരു ദിവസം പോലും വീട്ടിനു പുറത്ത് പോകാൻ പറ്റാത്ത അമ്മമാരും ഉണ്ട്.
ഇത് അവർക്ക് ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുന്നു. പലരോടും സംസാരിക്കുമ്പോൾ ഏറ്റവുമധികം അലട്ടുന്ന കാര്യം എന്താണെന്ന് വെച്ചാൽ തങ്ങളുടെ കാല ശേഷം കുട്ടികൾ എങ്ങനെ ജീവിക്കുമെന്ന ചിന്തയായിരിക്കും.
നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇത്തരം കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ചികിത്സാപരമായും സാമ്പത്തികമായും ആവശ്യമായ പിന്തുണ സമൂഹം അവർക്ക് കൊടുക്കേണ്ടതാണ് . മാതാപിതാക്കൾ അനുഭവിക്കുന്ന സമ്മർദ്ദം കുറക്കാനുള്ള വഴികളും കാണേണ്ടതാണ് .
എൻഡോസൾഫാൻ ക്യാംപുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഇക്കാര്യം കൂടെ ആവശ്യപ്പെടണമെന്ന് തോന്നുന്നു.
No comments:
Post a Comment