Saturday, December 17, 2022

വിശ്വാസികളും യുക്തിവാദികളും.

അയാൾക്ക് അധികം കൂട്ടുകാരൊന്നുമുണ്ടായിരുന്നില്ല.  ഉള്ള ചില ചങ്ങാതിമാരോട്  അയാളുടെ  ബുദ്ധിമുട്ട് പറഞ്ഞപ്പോൾ  അവർ  ഒരു തമാശയായേ എടുത്തുള്ളൂ . പക്ഷെ അയാളെ സംബന്ധിച്ച് അത്  വലിയൊരു  പ്രശ്നമായിരുന്നു . നിരന്തരം അലട്ടിക്കൊണ്ടിരുന്നു ഒന്ന് .. ചുരുക്കിപ്പറഞ്ഞാൽ  ഒരു നായക്കാട്ടത്തിന്റെ പ്രശ്‍നം .

ദൈവത്തെപ്പറ്റി   വിചാരിക്കുമ്പോൾ  മനസ്സിൽ നായക്കാട്ടത്തിന്റെ  രൂപം വരും. അതായിരുന്നു പ്രശ്‍നം . ദൈവത്തെപ്പറ്റിയുള്ള എന്ത് കാര്യം ചിന്തിച്ചാലും  ഈ രൂപം മനസ്സിൽ തള്ളിക്കയറി വരും.  അതൊഴിവാക്കാൻ ശ്രമിച്ചാലും  വീണ്ടും വീണ്ടും തള്ളിക്കയറി വരും.  അയാളാണെങ്കിൽ മതനിഷ്ഠകൾ കര്ശനമായി പാലിക്കുന്ന ഒരാളുമായിരുന്നു.   ഒരു മദ്രസയിലെ അധ്യാപകനായിരുന്നു. .ജോലി ചെയ്തിരുന്ന സ്ഥാപനം   വീട്ടിൽ നിന്ന് ഏറെ അകലെയായിരുന്നു.അയാൾ  അവിടെ താമസിച്ച്  ജോലി ചെയ്ത് പോന്നു . വാരാന്ത്യങ്ങളിൽ വീട്ടിൽ പോയി.
കോവിഡ്  അടച്ചുപൂട്ടൽ സമയത്ത്   അയാൾക്ക് പണിയില്ലാതെയായി. വീട്ടിൽ തിരിച്ചു  വന്ന സമയത്താണ്  അയാളുടെ ബുദ്ധിമുട്ട്  വല്ലാതെ കൂടിയത്  . അയാൾക്ക് കൊടിയ കുറ്റബോധം തോന്നി . പടച്ചോനെപ്പറ്റി  വിചാരിക്കുമ്പോൾ  ഇങ്ങനെ തോന്നാൻ പാടുണ്ടോ ?  താൻ നരകത്തിന്  അവകാശിയാണെന്ന് അയാൾക്ക് തോന്നി. . കടുത്ത കുറ്റമാണ് താൻ ചെയ്യുന്നത്.  നിസ്കാരവും പ്രാർത്ഥനയുമൊക്കെ  അയാൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കി. രാത്രികളിൽ ഉറക്കമില്ലാതെയായി . ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതെയായി .

ഈ എടങ്ങേറ്  സഹിക്കാൻ പറ്റാതായപ്പോൾ  അയാൾ ഒരു മതപണ്ഡിതനെ കാണാൻ പോയി.  പണ്ഡിതൻ അയാളെ വിളിച്ചിരുത്തി.  ഇദ്ദേഹം തന്റെ പ്രശ്‍നം  അവതരിപ്പിച്ചു . 

പണ്ഡിതൻ അയാളോട് ചോദിച്ചു  - " നിങ്ങൾ ഈ നായക്കാട്ടത്തിന്റെ  കാര്യം വേണമെന്ന്  വിചാരിച്ച് ചിന്തിക്കുന്നതാണോ ?"

" അല്ല.  ആവശ്യമില്ലാതെ തലയിൽ കയറി വരുന്നതാണ് " - ഇദ്ദേഹം പറഞ്ഞു .

" അങ്ങനെ ചിന്ത വരുന്നത് കൊണ്ട്  നിങ്ങൾക്ക് എന്തെങ്കിലും സുഖം കിട്ടുന്നുണ്ടോ ?"

" ഇല്ല.. വിഷമമാണ് തോന്നുന്നത്.." - ഇദ്ദേഹം പറഞ്ഞു.

" എങ്കിൽ ആ ചിന്തകൾക്ക് നിങ്ങൾ ഉത്തരവാദിയല്ലല്ലോ .. നിങ്ങൾ എന്തിനാണ്  അതിൽ വിഷമിക്കുന്നത്?" - മതപണ്ഡിതൻ പറഞ്ഞു.

ഇത് കേട്ടപ്പോൾ  അയാൾക്ക് ആശ്വാസമായി .

തുടർന്ന് മതപണ്ഡിതൻ പറഞ്ഞു - " ഇതിന് നിങ്ങൾ ഒരു ഡോക്ടറെ കാണിച്ച്  മരുന്ന് കഴിക്കണം.. എങ്കിൽ മാത്രമേ ഇത് മാറുള്ളൂ .."

തുടർന്ന് അയാൾ ഒരു ഡോക്ടറെ കാണിച്ചതും  ഒരു മൂന്നു നാല് മാസം കൊണ്ട്  അത് പൂർണ്ണമായി മാറിയില്ലെങ്കിലും  നല്ലൊരളവിൽ കുറഞ്ഞതും  ഇതിന്റെ ശേഷഭാഗം.

സോഷ്യൽ മീഡിയയിൽ യുദ്ധം ചെയ്യുന്നത് പോലെയല്ല, ആളുകൾ ഈ ലോകത്ത് ജീവിക്കുന്നത് എന്ന് തോന്നുന്നു.   വിശ്വാസികളും യുക്തിവാദികളും. 




No comments: