Thursday, November 3, 2022

നൈജീരിയ

 അറ്റവും തുമ്പുമില്ല ..  ഗ്രാമർ എന്ന സാധനമില്ല   ..  ഇതെന്ത് വിചിത്രമായ  ഇംഗ്ലീഷ്  എന്നാലോചിച്ചു  . . ഒരു പക്ഷെ എന്റെ  ഇംഗ്ലീഷിനെപ്പറ്റി  അവരും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. . പക്ഷെ, അവർ ഉദ്ദേശിക്കുന്നത് എനിക്ക് കൃത്യമായി മനസിലാകുന്നുണ്ടായിരുന്നു .. 

 ഒരു നൈജീരിയക്കാരി  ഫേസ്‌ബുക്കിൽ  ചാറ്റ് ചെയ്യാൻ  വന്നതിനെപ്പറ്റിയാണ്  .   ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ  നമുക്ക് കൃത്യമായി  മനസിലാകുമായിരിക്കും..  

ഒരു  രാത്രി  ഫേസ്‌ബുക്ക് തുറന്ന് നോക്കിയപ്പോഴാണ്  നൈജീരിയയിൽ നിന്ന് ഒരു ചെറുപ്പക്കാരിയുടെ  ഒരു ഫ്രണ്ട് റിക്വസ്റ് കണ്ടത്.  സുന്ദരമായ ഒരു പ്രൊഫൈൽ ഫോട്ടോ . ഒരു തട്ടിപ്പാണെന്ന  ബോധ്യത്തോടെ തന്നെയാണ്  ഫേസ്‌ബുക്ക് സുഹൃത്താക്കിയത്.  ഉറപ്പായിരുന്നു , ഇവർ എന്നോട് പൈസ ചോദിക്കും.  അതിനുള്ള  മെസേജുകൾ ഉടനെ തുടങ്ങും.. 

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല.. ഒരു ഹലോ മെസേജ്  വന്നു. അങ്ങനെ തന്നെ മറുപടിയും കൊടുത്തു.. തട്ടിപ്പാണെങ്കിൽ  തട്ടിപ്പ്. ഈ ഭൂമിമലയാളത്തിൽ  നമ്മളോടൊക്കെ  മിണ്ടാൻ വേറെ ആരാണ് ഉണ്ടാകുക..

എവിടെയാണ്  എന്ന്  ചോദ്യത്തിന്  പരീക്ഷക്ക് ഒരു ഷോർട്ട് നോട്ട് എഴുതുന്നത് പോലെ ഒരു മറുപടി കൊടുത്തു.  സർക്കാർ ജോലിക്കാരനാണ് .  വിവാഹിതനാണ് . രണ്ട് കുട്ടികളുണ്ട് .  യാത്രകൾ  ഇഷ്ടപ്പെടുന്നു. നൈജീരിയ കാണാൻ താല്പര്യമുണ്ട് .

അവർ  അവരെപ്പറ്റി പറഞ്ഞു . ഡിഗ്രി കഴിഞ്ഞതിനു ശേഷം ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന യുവതി.   വിവാഹം കഴിഞ്ഞിട്ടില്ല.  

പെട്ടെന്ന്  അവർ ചോദിച്ചു  - ' ഒരു സഹായം വേണം -"

എനിക്ക് മനസിലായി ..  എന്റെ  കൈയിലുള്ള കുറച്ച് പണം അവരുടെ കൈയിലെത്തിക്കാനുള്ള  ആശയം പ്രാവർത്തകമാക്കാൻ നോക്കുകയാണ് . അതൊന്നും നടക്കാൻ പോകുന്നില്ല .

അവർ ചോദിച്ച സഹായം  ഇതാണ് . അവർ  ഒരു യുവാവുമായി അടുപ്പത്തിലാണ് . പ്രണയത്തിലാണ്.  .   ഒന്ന് രണ്ട് മാസമായി അയാൾ അവരോട് അകൽച്ച കാണിക്കുന്നു . . അയാളെ നഷ്ടപ്പെടുമോ എന്ന് ഭയക്കുന്നു..

 - അതിന്  എനിക്കെന്ത് ചെയ്യാൻ പറ്റും ?

" നിങ്ങളുടെ നാട്ടിൽ  ചില പരിപാടികൾ ഉണ്ടല്ലോ , മന്ത്രവാദവും  പൂജയും..  ഇതിനൊക്കെ പറ്റുന്നത്..  തകരുന്ന ബന്ധങ്ങൾ കൂട്ടി ചേർക്കുന്നത് .."

അത് അവർക്ക് വേണ്ടി ചെയ്യാനുള്ള  എന്തെങ്കിലും ചെയ്യണം.   വളരെയധികം  മാനസിക വിഷമത്തിലാണ് .  സഹായിക്കണം ..

ഇങ്ങനെ കേട്ടാൽ ചിരി വരേണ്ടതാണ് . പക്ഷെ ചിരി വന്നില്ല.   അവർ വലിയ സങ്കടത്തിലാണ് . അതിന് എനിക്കൊന്നും ചെയ്യാനില്ല. എങ്കിലും അവരെയൊന്ന്  സന്തോഷിപ്പിക്കാം  . ഞാൻ  ഇവിടെ അടുത്ത ദിവസം തന്നെ ഒരു  കാര്യം ചെയ്യാമെന്ന് പറഞ്ഞു .. 

അത് കേട്ടപ്പോൾ അവർക്ക് സന്തോഷമായി . അതിനുള്ള പണം ഉടനെ അയച്ചു തരാമെന്നു പറഞ്ഞു . പൈസയൊന്നും വേണ്ടെന്ന് ഞാനും പറഞ്ഞു .  . ഞാൻ ഒരു  പൂജ  ചെയ്യിക്കും .. അടുത്ത ദിവസം തന്നെ.

അടുത്ത ദിവസം   ചെയ്തു എന്നൊരു മെസേജ് ഞാൻ അയച്ചു. . അവർക്ക് സന്തോഷമായി .. ചെലവായ പണം തരാമെന്നു പറഞ്ഞു . പണമൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു.   

പിറ്റേ ദിവസം  എനിക്ക് ചെറിയൊരു വിഷമം  തോന്നി.. ഞാൻ അവരെ പറ്റിച്ചതല്ലേ ? എനിക്കിതിൽ വിശ്വാസമില്ല എന്നത് വേറൊരു കാര്യം. എങ്കിലും  ഞാൻ  ഏറ്റ കാര്യം ചെയ്തില്ലല്ലോ ...  അതാലോച്ചിച്ചിരിക്കുമ്പോളാണ്   ഒരു അമ്പലത്തിലെ  ഒരു പൂജാരി ,  ഒരു നമ്പൂരി  , ഒരു കൺസൾട്ടേഷനു  വന്നത്.  അയാൾ  തന്ന ഫീസ്  അയാൾക്ക് തിരിച്ചു കൊടുത്തു.  എന്നിട്ടു പറഞ്ഞു - ഇത് കൊണ്ട് ഒരു പുഷ്‌പാഞ്‌ജലി  ചെയ്യണം.. 

പുഷ്‌പാഞ്‌ജലി എന്തിന്  ചെയ്യുന്നതാണെന്ന്  എനിക്ക് പിടിയൊന്നുമില്ല. ഞാൻ കേട്ട ഒന്ന് അത് മാത്രമേ ഉള്ളൂ .   പണ്ട്  ഒരു സുഹൃത്ത്  ഏല്പിച്ചിട്ട്  ചെയ്തിട്ടുണ്ട് .   അതും കുറെ എഴുതാനുണ്ട് ..

ഒരു പേപ്പറിൽ  അവരുടെ പേര്  എഴുതി നമ്പൂരിയെ  ഏൽപ്പിച്ചു .  നക്ഷത്രം ചോദിച്ചപ്പോൾ  എന്റെ നക്ഷത്രം  എഴുതിക്കൊടുത്തു .  ബാക്കി പൈസ അയാളുടെ കൈയിൽ വെച്ചോളാൻ പറഞ്ഞു. അയാൾ അതുമായി പോയി.

പിന്നീട് ചാറ്റിങ്  ഒന്നുമുണ്ടായില്ല.  ഫേസ്‌ബുക്ക് സുഹൃത്തും അല്ലാതായി.    അയ്യായിരം  സുഹൃത്തുക്കൾ ആയപ്പോൾ ഞാൻ അവരെ വെട്ടി. 

കഴിഞ്ഞ  മാസം  എനിക്ക് അവരുടെ മെസേജ് വീണ്ടും വന്നു. നന്ദി പറഞ്ഞു കൊണ്ട് .. അവരും സുഹൃത്തും ഒരുമിച്ച്  ജീവിക്കാൻ തുടങ്ങി എന്നും പറഞ്ഞു  . വിവാഹം കഴിഞ്ഞോ എന്ന് എനിക്ക് മനസിലായില്ല. 

നൈജീരിയക്കാരിക്ക് അറിയില്ലല്ലോ , ഇവിടെ ജ്യോൽസ്യന്മാരും  മന്ത്രവാദികളും  ആള്ദൈവങ്ങളുമെല്ലാം  മനുഷ്യനെ ഒന്നിപ്പിക്കാൻ നോക്കുന്നവരല്ല,  വേർ  പിരിക്കാനും കൊല്ലിക്കാനും   നോക്കുന്നവരാണെന്ന്.. ..








No comments: