Tuesday, October 25, 2022

ആയുർ വേദം

 " ഈ ഗുളികയുടെ കൂടെ ആയുർവേദ മരുന്ന് കഴിക്കുന്നതിൽ പ്രശ്നമില്ലല്ലോ  സാർ ? "

രാവിലെ ഓ പി യിൽ  കഴുത്ത് വേദനക്ക് കാണിക്കാൻ വന്ന ഒരാളാണ് .  ഒരമ്പത് അമ്പത്തഞ്ചുകാരൻ. 

" നിങ്ങളെന്തിനാണ്  ഇപ്പോൾ ആയുർ വേദ മരുന്ന്  കഴിക്കുന്നത് ?" - ഞാൻ ചോദിച്ചു  . 

"അത് ഹാർട്ടിന്റെ ബ്ലോക്കിനാണ്  . ആറു  മാസമായി കഴിച്ച് കൊണ്ടിരിക്കുന്നു .." - അയാൾ പറഞ്ഞു .

" ഇതെന്താണ് സംഭവം ? ആരാണ്  ഈ ആയുർ വേദ ഡോക്ടർ ?" - സത്യത്തിൽ ഞാൻ കൗതുകം കൊണ്ട്  ചോദിച്ചതാണ് . നാട്ടിൽ നടക്കുന്ന സംഗതികൾ അറിഞ്ഞിരിക്കണമല്ലോ ..

''ഇന്നാട്ടുകാരനല്ല.  തിരുവനന്തപുരത്തെ കാട്ടാക്കടയിലുള്ള ഒരു ഡോക്ടറാണ് . ആയുർ വേദമരുന്നുകൾ ഉപയോഗിച്ച്  പലരുടെയും ഹൃദയത്തിലെ ബ്ലോക്കുകൾ  അലിയിപ്പിച്ചിട്ടുണ്ടത്രെ .''

കഴിഞ്ഞ കൊല്ലം ഇദ്ദേഹത്തിന്  നെഞ്ച് വേദന വന്നു. ആശുപത്രിയിൽ കൊണ്ടു  പോയി . ആഞ്ജിയോഗ്രാം ചെയ്തു  . ബ്ലോക്കുകൾ ഉണ്ടത്രേ. ഓപ്പറേഷൻ ചെയ്യണം.

''മക്കളാണ്  പലരോടും അന്വേഷിച്ച്  ഇതിൽ എത്തിയത്.  മാസത്തിലൊരിക്കൽ പോയി മരുന്ന് വാങ്ങണം. ഒരു  കൊല്ലം കൊണ്ട്  ബ്ലോക്കുകൾ അലിഞ്ഞു പോകും. ''

''ഒരു മാസം മരുന്നിന്  എത്ര രൂപയാകും ? ''ഞാൻ ചോദിച്ചു -

"നാലായിരം രൂപ. " അങ്ങനെ പന്ത്രണ്ട് മാസം.

അപ്പോൾ  കാര്ഡിയോളജിസ്റ് നിങ്ങൾക്കെഴുതിയ മരുന്നുകൾ ?

''അതെല്ലാം നിർത്തിക്കൊള്ളാൻ  പറഞ്ഞു.  നിർത്തിയതിനു ശേഷം കുഴപ്പമൊന്നുമില്ല. ''

" അപ്പോൾ മുഴുവൻ  മരുന്നുകളും നിർത്തി ?"

''അതെ. ഇപ്പോൾ ആയുർ വേദം മാത്രമേയുള്ളൂ .''


 ഇങ്ങനെയൊരു പരിപാടി ഇപ്പോൾ കേൾക്കുകയാണ് .   ഇനി ഇങ്ങനെയൊരു  സംഗതി  ചെയ്യണമെങ്കിൽ തന്നെ  ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന്  വ്യക്തമായി തെളിവുകളുള്ള  മരുന്നുകൾ  ആയുർവേദ ഡോക്ടർ നിർത്തി വെക്കുന്നത് എന്തിന് ?   

ഗുണം ചെയ്യുന്നില്ലെങ്കിൽ പോലും ദോഷം ഒന്നും ചെയ്യരുതല്ലോ .. 



 



No comments: