Thursday, August 18, 2022

വിവാഹം

 " സാറ്  കൂനിൻ മേൽ കുരു എന്ന് കേട്ടിട്ടില്ലേ ?"

''ങേ .."  എന്റെ  ശബ്ദത്തിൽ ഒരു പകപ്പു വന്നു പോയി എന്ന്  തോന്നുന്നു..

" അതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്.."

അവരുടെ  വിവാഹത്തെപ്പറ്റിയാണ് അവർ സൂചിപ്പിക്കുന്നത്.. 

ഒരു  പത്തുനാല്പത്തഞ്ച്  വയസുള്ള ഒരു ഉമ്മ ..  വയനാട്ടിലെ തണുത്തുറഞ്ഞ ഒരു പ്രഭാതത്തിൽ  തണുപ്പ് നിറഞ്ഞ ഒരു പി എച് സി യിൽ  രാവിലെ ഒമ്പതു മണിക്ക്  ആദ്യത്തെ ടോക്കൺ ആയി കാണിക്കാൻ വന്നിരിക്കുകയാണ് . .   മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന കുറച്ച് ലില്ലിപ്പൂക്കൾ മാത്രമേ ഊഷ്മളമായി അവിടെ ഉള്ളൂ .. അഡീഷണൽ ചാർജ് ഇട്ട്  എന്നെ അവിടെ ഇട്ടിരിക്കുകയാണ്.. 

മൂത്രക്കടച്ചിൽ  ആയിട്ട് അവർ  കാണിക്കാൻ വന്നിരിക്കുകയാണ് .  ഇടക്ക് മൂത്രത്തിൽ പഴുപ്പ് വരാറുണ്ട് . മൂത്രം പരിശോധിക്കാനൊന്നും നിന്നില്ല. നേരെ മരുന്നെഴുതാൻ ഒരുങ്ങി ..  

അവർക്ക്  കൂടുതൽ എന്തോ സംസാരിക്കാനുണ്ട്  എന്ന് തോന്നി . ഞാൻ എന്തോ ഒന്ന് അവരോട് വീണ്ടും ചോദിച്ചു.. അപ്പോഴാണ്  അവർ ജീവിതത്തിലെ കുറച്ച് കാര്യങ്ങൾ പറഞ്ഞത്.

അവർ ഒറ്റക്ക്  ഒരു വീട്ടിൽ കഴിയുന്നു.  ചെറിയ ശമ്പളം കിട്ടുന്ന ഒരു ജോലിയുണ്ട് .   അവർ വര്ഷങ്ങളായി വിഷാദരോഗത്തിന്  മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ തോതിൽ ഇല്ല. മരുന്നുകൾ തുടർന്ന്  കഴിച്ച് കൊണ്ടിരിക്കുന്നു. 

മുമ്പ് അവർക്ക്  ഗൾഫിൽ ഒരു ചെറിയ ജോലിയായിരുന്നു . ലീവിൽ വന്നപ്പോൾ ഉണ്ടായ  വ്യക്തിപരമായ  ഒരു പ്രശ്നമാണ്  വിഷാദത്തിലേക്ക്  തള്ളി വിട്ടത് എന്നാണ്  അവർ പറഞ്ഞത്.  പിന്നെ അവർ ഗൾഫിലേക്ക് തിരിച്ചു പോയില്ല.    അവർ ഒരു വനിതാ സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു .   വിഷാദം ഒരു വിധം അകന്നപ്പോൾ  അവരുടെ സൈക്യാട്രിസ്റ് അവരോട് പറഞ്ഞു - നിങ്ങൾക്ക് ഇപ്പോൾ ആവശ്യം ഒരു കൂട്ടാണ് .. അത് കൊണ്ട് ഒരു കല്യാണം കഴിക്കുകയാണ്  നല്ലത്.. 

അങ്ങനെയാണ്  അവർ ഒരു വിവാഹം കഴിച്ചത്.  ഒരാളുടെ  രണ്ടാം കെട്ട്  ആയിട്ട് .   ഈ കല്യാണത്തെപ്പറ്റിയാണ്  അവർ 'കൂനിൻ മേൽ കുരു' എന്ന് വിശേഷിപ്പിച്ചത്.  ഒരു തുണയാകുമെന്നാണ് കരുതിയിയത്‌  .. അങ്ങനെയായില്ലെന്നു മാത്രമല്ല  അയാൾ ഒരു അലമ്പുമായിരുന്നുവെന്ന് . വേറെയും  പെണ്ണുങ്ങളും ഉണ്ട് .  ഇതിനിടയിൽ  അവരുടെ മാതാവും ഈ ലോകം വിട്ടു പോയി .  അവർ ഒറ്റക്കായി. 

ഭർത്താവ് വല്ലപ്പോഴും വരും. അയാൾ വന്നു പോയാൽ  പിറ്റേന്ന്  അവർക്ക് മൂത്രക്കടച്ചിൽ  വരും. മൂത്രത്തിൽ പഴുപ്പ്. ഒരാഴ്ച മരുന്ന് കഴിച്ച്  സെറ്റാകും .. വീണ്ടും കഥ ആവർത്തിക്കും..

അങ്ങനെ വർഷങ്ങൾ കടന്നു പോയി .

ഇക്കാര്യങ്ങളൊക്കെ മെഡിക്കൽ കോളേജിൽ  കാണിക്കാൻ പോയപ്പോൾ അവിടുത്തെ ഒരു സൈക്യാട്രിസ്റ്റിനോട് പറഞ്ഞുവത്രേ.  അപ്പോൾ അവർ പറഞ്ഞു - നിങ്ങൾ  വിവാഹബന്ധം പിരിയുകയല്ലേ നല്ലത് ?  

--എന്ത് അലമ്പാണെങ്കിലും  എനിക്ക് സ്വന്തമെന്ന് പറയാൻ ഭർത്താവ് മാത്രമേയുള്ളൂ .  അയാളെക്കൂടി ഒഴിവാക്കിയാൽ എനിക്ക് ഈ ലോകത്ത് ആരുമില്ല..- 

അവർ എന്നോട് പറഞ്ഞു  .

'നിങ്ങളുടെ മറ്റു ബന്ധുക്കൾ .. ഉപ്പയുടെയും ഉമ്മയുടെയും  സഹോദരങ്ങൾ .. അവരുടെ മക്കൾ . ഇവരൊക്കെ എവിടെയാണ് ഉള്ളത്? '  - വെറുതെ ചോദിച്ചു..

"അത് ഒരു കഥയാണ് . എന്റെ ഉപ്പയും ഉമ്മയും  ഞാനുമെല്ലാം  എന്റെ ചെറുപ്പത്തിൽ മതം മാറിയതാണ്. ഒരു നായർ തറവാട്ടിലെയായിരുന്നു ഉപ്പ.   മതം മാറിയതിനു ശേഷം ഞങ്ങളെയെല്ലാം  ബന്ധുക്കൾ  തള്ളി .  ഞങ്ങളെ അകറ്റി നിർത്തി.  കുറച്ച് കാലത്തിനു ശേഷം ഉപ്പ മരിച്ചു .  അതിനു ശേഷം ഉമ്മ പണിക്ക് പോയി .  കുറെ ബുദ്ധിമുട്ടായിരുന്നു ..."    

പുറത്താരോ  ഡോക്ടറെ  കാണിക്കാൻ ഇരിക്കുന്നുണ്ടെന്ന്  കണ്ട്  അവർ വർത്തമാനം നിർത്തി , മരുന്നും വാങ്ങി പോയി..   

ഈ ലോകത്ത്  ആരുമില്ലാതെ ഒറ്റക്കായി പോകുന്നത്  അത്രയും വിഷമകരമാണ് .. പക്ഷെ , തങ്ങളുടെ അടുത്ത്  ചികിത്സക്ക് വരുന്ന ആളുകളെ വിവാഹം കഴിപ്പിക്കാനും വിവാഹമോചനം ചെയ്യിപ്പിക്കാനും  നോക്കുന്ന  ഡോക്ടർമാർ  അതിലും വലിയ പ്രശ്നങ്ങളാണ് ....

 






No comments: