Thursday, August 11, 2022

  ഒരു മാനസികരോഗത്തിന് ഡോക്ടർ  റിസ്പറിഡോൺ  എന്ന മരുന്നുപയോഗിച്ച് ചികില്സിച്ചു . ജനറിക് മരുന്നിൽ  രോഗം നിയന്ത്രണത്തിൽ  ആയി. പുറത്ത് നിന്ന്  ബ്രാൻഡഡ്  മരുന്ന്  ഉപയോഗിക്കേണ്ടി വന്നപ്പോൾ  , പക്ഷെ പാർശ്വഫലങ്ങൾ  ഉണ്ടായി. ഇതാണ് ആ ഡോക്ടറുടെ  ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന് മനസിലാക്കിയത്.    അദ്ദേഹം ഉദേശിച്ചത് വേറെ എന്തെങ്കിലും ആണോ എന്ന്  അറിയില്ല . എന്തായാലും  ഇങ്ങനെയുള്ള സംഭവങ്ങൾ   മുമ്പ് മാനസികരോഗവിഭാഗത്തിൽ  ജോലി ചെയ്യുമ്പോൾ  ചില സൈക്യാട്രിസ്റ്റുകൾ പറഞ്ഞു കേട്ടിട്ടുണ്ട് .   ഇപ്പോൾ  എനിക്കതുമായി കാര്യമായ ബന്ധമൊന്നുമില്ല. 

ഇത് കൊണ്ടർത്ഥമാക്കുന്നത്   ഗുളികയിൽ  അതിൽ പറയുന്നത്ര മരുന്നിന്റെ അംശം ഇല്ല എന്നതാകാം .  കൂടുതൽ ഡോസിൽ  മരുന്നു കൊടുത്താൽ ഉദ്ദേശിച്ച ഫലം കിട്ടുമായിരിക്കും.  

ചിലപ്പോഴൊക്കെ  അതിനത്ര  പ്രാധാന്യം ഉണ്ടാകില്ല.  സാധാരണ വൈറൽ  പനികൾക്ക്  ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നതൊക്കെ..  കൊടുത്താലും കൊടുത്തില്ലെങ്കിലും  രോഗം ഒരേ വഴിക്ക് പോകും.

പക്ഷെ ഗുരുതരമായ ചില  രോഗങ്ങൾക്ക്   മരുന്നുകളുടെ ഗുണനിലവാരം പ്രശ്നമാകാം .  മരുന്നിൽ ആവശ്യത്തിനുള്ള മരുന്നില്ലെങ്കിൽ  പ്രശ്നങ്ങൾ ഉണ്ടാകാം.   മെനിഞ്ചൈറ്റിസ്  , ന്യുമോണിയ , സർജറിക്ക്‌ ശേഷമുള്ള അണുബാധ  എന്നിങ്ങനെയുള്ള അവസ്ഥകൾ .

 ഇക്കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത്  കാറിൽ നിന്നിറങ്ങിയ    എനിക്ക് നേരെ ഒരു നായ  ചാടുകയും  പന്ത്രണ്ട്  നായകൾ  അതിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച്  മുന്നോട്ട് വരികയും ചെയ്തപ്പോൾ  ഞാൻ തിരിച്ച്  കാറിൽ കയറി ഓടിച്ച്   ഒരു കിലോമീറ്റർ ദൂരെ കാർ നിർത്തി വേറൊരു വഴിക്ക് ജോലി സ്ഥലത്തെത്തി  നായകളെ ചമ്മിക്കുകയുണ്ടായി. . 

 അപ്പോഴാണ്  റാബീസ്  വാക്സിന്  ഗുണനിലവാരമില്ലാതായാൽ  എന്തുണ്ടാകും   എന്ന ഭീതിദമായ ഒരു ചിന്ത മനസിൽ വന്നത്. 
റാബീസ് വാക്സിൻ  ഗുണനിലവാരമില്ലെന്ന്  ഞാൻ ഉദ്ദേശിച്ചില്ല.  അത് പോലെ ജനറിക് മരുന്നുകൾക്ക്  ഗുണനിലവാരമില്ലെന്ന് പറയാനും എന്റെ കൈയിൽ തെളിവുകൾ ഒന്നുമില്ല.   മരുന്നുകളുടെ നിലവാരം ഉറപ്പാക്കാൻ ഫലപ്രദമായ  നടപടികൾ ഉണ്ടാകേണ്ടതാണ് .



No comments: