Friday, January 21, 2022

കഥ .. കഥ.. കസ്തൂരി

  " അങ്ങേരോട്  പറഞ്ഞിട്ട് കേൾക്കുന്നില്ല..  എന്താണ്  ചെയ്യുക? .."

രാത്രി  ഒരു പതിനൊന്നു മണിക്ക്  ഒരു സ്വാമിയെയും കൊണ്ട് പി എച് സിയിൽ   വന്നിരിക്കുകയാണ്  രണ്ട് മൂന്നു ആളുകൾ  .  

സ്വാമി  എന്ന് പറഞ്ഞപ്പോൾ  ഒരു ആശ്രമത്തിലെ അന്തേവാസി  എന്നെ ഞാൻ അർത്ഥമാക്കുന്നുള്ളു .

സ്വാമിക്ക് വയറുവേദനയാണ് . രാത്രി പെട്ടെന്ന് തുടങ്ങി.  കൂടെയുള്ളവർ ഒരു ജീപ്പ് വിളിച്ച്  വന്നിരിക്കുകയാണ് .

" ബുദ്ധിമുട്ട്  ഡോക്ടർക്ക് മനസിലാകുമല്ലോ ? പെട്ടെന്നുള്ള വയറു വേദന..  വണ്ടികളൊന്നും കിട്ടാനുണ്ടാകില്ല. റോഡിലാണെങ്കിൽ  നിറയെ ആനകളും.."

ശരിയാണ് .  ബുദ്ധിമുട്ട് മനസിലാക്കാവുന്നതാണ് . 

സ്വാമിയുടെ പഴയ റിക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് .   കരുതിയിരുന്നതിലും  വലുതാണ് . വയറ്റിൽ  കാൻസർ ഉണ്ട്. അതിന് സർജറി ചെയ്തിട്ടുണ്ട് .   എങ്കിലും ചിലപ്പോഴൊക്കെ വേദന വരും. അപ്പോൾ ഇഞ്ചക്ഷൻ വേണ്ടി വരും..

" ഇദ്ദേഹം ഇവിടെ വന്നിട്ട് ഒരു കൊല്ലമൊക്കെ ആകുന്നേയുള്ളൂ.ഉദ്യോഗസ്ഥനായിരുന്നു.  റിട്ടയർ ചെയ്തപ്പോൾ ആധ്യാത്മികത്തിലേക്ക് തിരിഞ്ഞതാണ് .."

കൂടെ വന്ന സ്വാമി തുടർന്നു . -" നല്ല സാമ്പത്തിക സ്ഥിതി ഒക്കെയുണ്ട്. മകൻ നല്ല ഉദ്യോഗത്തിലാണ് .  ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ഞങ്ങൾ അങ്ങോട്ട് മടങ്ങിപ്പോകാൻ പലവട്ടം  പറഞ്ഞു നോക്കി. ഇദ്ദേഹം തയ്യാറല്ല. ഒരു കാരണവശാലും തിരിച്ചു പോകില്ല." -    .. ഇനി നിങ്ങളും കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ ...

ഒരു ഇഞ്ചക്ഷൻ കൊടുത്തു  . വേദന ശമനമായി. പക്ഷെ കൊണ്ട് വന്ന ജീപ്പുകാരൻ  ഒരു  അത്യാവശ്യം കാരണം  മടങ്ങിപ്പോയി.   അതിനാൽ സ്വാമിയെ രാവിലെ വരെ അവിടെ കിടത്തി.  ആനക്കാട്ടിലൊക്കെ  ജീപ്പുകാർ വലിയ സംഭവമത്രേ. 

രാവിലെ ആയപ്പോൾ  സ്വാമിയെയും കൂട്ടുകാരെയും വിട്ടു.

കുറച്ച് സമയം കഴിഞ്ഞു നോക്കിയപ്പോൾ  സ്വാമി കിടന്നിരുന്ന സ്ഥലത്ത് ഒരു പുസ്തകമുണ്ടായിരുന്നു . അദ്ദേഹം വായിച്ച്  മറന്നു പോയതായിരിക്കും.

ഭക്തിമാർഗങ്ങളെയും പ്രകൃതിയെയും  പ്രകൃതി ചികിത്സകളെയും പറ്റിയുള്ള  ഒരു ചെറു പുസ്തകമായിരുന്നു അത്..

ഞാൻ അത് വായിക്കാനെടുത്തു . പല അദ്‌ഭുത കഥകളും അതിൽ ഉണ്ടായിരുന്നു. പല പല ഗുരുക്കന്മാരും.

അതിൽ വാൽവാഴ്‌വ്  രാമകൃഷ്ണൻ എന്നൊരു ഗുരുവിനെപ്പറ്റി ഒരു കുറിപ്പും ഉണ്ടായിരുന്നു.  

അതിൽ സാധാരണ  ഗുരുക്കന്മാരൊന്നും പറയാത്ത ഒരാശയമുണ്ടായിരുന്നു -  രാമായണവും മഹാഭാരതവുമുൾപ്പെടെയുള്ള  ഇതിഹാസങ്ങളൊക്കെ അശുദ്ധമനസുകളുടെ സൃഷ്ടിയാണ്.  അത് കൊണ്ടാണ്  അത് യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും കഥകൾ ആയിരിക്കുന്നത്. അതൊന്നും വായിച്ച് നശിക്കരുത്.. അതിനെ പിന്തുടരുത്. ( കൃത്യമായ വാക്കുകൾ ഓർക്കുന്നില്ല)

ഇപ്പോൾ കഥ .. കഥ.. കസ്തൂരി   കേട്ടത് കൊണ്ടും  അതിന്റെ ഒരു വിമർശകൻ എഴുതിയത്  വായിച്ചതു കൊണ്ടും ഓർമ്മ വന്നതാണ് . 

ഇതിഹാസങ്ങൾ വ്യത്യസ്ത രീതിയിൽ വായിക്കേണ്ടവർ അങ്ങനെ വായിക്കട്ടെ.. പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നവർ അങ്ങനെ ചെയ്യട്ടെ..  അത് മനുഷ്യവിരുദ്ധമാണെന്ന്  വായിക്കുന്നവർ അങ്ങനെ ചെയ്യട്ടെ .. 

അല്ലാതെ അത് ഇങ്ങനെയേ വായിക്കാവൂ എന്ന്  നിര്ബന്ധിക്കുന്നവർ ലോകത്തുണ്ടാകുമെങ്കിലും ,  അത് കേൾക്കാൻ പോയാൽ കുഴപ്പമാണ് . 


No comments: