Friday, January 21, 2022

ഇലക്ട്രോഹോമിയോപ്പതി

രാവിലെ അയാൾ ഓ പി യിൽ വന്ന്   ഒരു ഓ പി  ശീട്ടും  തുടർന്ന് ഒരു ലാബ് റിപ്പോർട്ടും  മേശപ്പുറത്ത് വെച്ചു .  എന്നിട്ട് പറഞ്ഞു -  കാലിനു തരിപ്പും പെരുപ്പും  ഇടക്ക് ഷോക്കടിച്ചതു പോലെയുള്ള ഒരു വേദനയും..  അയാൾ എന്ന് പറഞ്ഞാൽ ഒരു അറുപതു വയസുള്ള  ഒരാൾ . 

ലാബ് റിപ്പോർട്ട് കണ്ടപ്പോൾ  തരിപ്പിന്റെയും   വേദനയുടെയുമൊക്കെ കാരണം അയാൾക്ക് തന്നെ അറിയാമെന്നു തോന്നി.. ആരും പറയാതെ തന്നെ  ഷുഗർ  നോക്കി വന്നിരിക്കയാണ് . അത് നാനൂറിനു മുകളിൽ ഉണ്ട് .

''പ്രമേഹം മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല.'' അയാൾ പറഞ്ഞു . തുടർന്ന്  ഒച്ച കുറച്ച് താഴ്ത്തി പറഞ്ഞു - " ഇപ്പോൾ ഇലക്ട്രോ ഹോമിയോപ്പതി മരുന്നാണ് കഴിക്കുന്നത് " 

അത് വ്യക്തമായില്ല . എന്താണ് കഴിക്കുന്നത് എന്ന് ഞാൻ വീണ്ടും ചോദിച്ചു. അത് ഇലക്ട്രോ ഹോമിയോപ്പതിയാണ് . അയാൾ പറഞ്ഞു.

ഈ തരിപ്പിന്റെയും പെരുപ്പിന്റെയും ഒക്കെ കാരണം രക്തത്തിലെ  ഈ ഉയർന്ന പഞ്ചസാരയാണ് . ഞാൻ അയാളോട് പറഞ്ഞു. മരുന്ന് കഴിക്കാൻ അയാൾ തയ്യാറുമായിരുന്നു.  ഷോക്കടിച്ചതു പോലെയുള്ള ഈ വേദന ഇലക്ട്രോപ്പതി മരുന്ന് കഴിക്കുന്നത് കൊണ്ടാണോ  എന്ന് അയാൾ ചോദിച്ചപ്പോൾ   യാൽ തമാശ പറഞ്ഞതാണോ എന്നാണ് എനിക്ക് തോന്നിയത്..  

ഈ ഇലക്ട്രോ ഹോമിയോപ്പതി എന്ന് പറഞ്ഞാൽ ഹോമിയോപ്പതിയുടെ ഒരനിയനായി  വരും. 

ശരീരത്തിലെ ബയോ ഇലക്ടിക് എനർജിയുടെ സന്തുലനം നില നിർത്തുക എന്നതാണ് ഇലക്ട്രോഹോമിയോപ്പതിയുടെ  അടിസ്ഥാനം  എന്നാണ് പറയുന്നത്..

സസ്യങ്ങളുടെ സത്തുക്കളിൽ നിന്നാണ് ഇലക്ട്രോ ഹോമിയോപ്പതി ഔഷധങ്ങൾ ഉണ്ടാക്കുന്നത്. ഹോമിയോപ്പതി രീതിയിലുള്ള  നേർപ്പിക്കൽ വഴിയാണ്  ഈ മരുന്നുകൾ ഉണ്ടാക്കുന്നത്. നേർപ്പിക്കും തോറും ശക്തി കൂടുകയും  ചെയ്യും..

യഥാർത്ഥ ഹോമിയോക്കാരുടെ അഭിപ്രായത്തിൽ ഇലക്ട്രോ ഹോമിയോപ്പതി അശാസ്ത്രീയവും അബദ്ധവുമാണ് . ഏറ്റവും ശക്തമായി അതിനെ എതിർത്തതും ഹോമിയോപ്പതി ചികിത്സകരാണ്.  ഇലക്ട്രോ ഹോമിയോപ്പതിയിൽ തുടങ്ങിയ ബിരുദ കോഴ്‌സും അടച്ച് പൂട്ടിക്കാൻ വളരെയധികം പ്രയത്നിച്ചവർ  യഥാർത്ഥ ഹോമിയോപ്പതിക്കാർ ആയിരുന്നു. 



No comments: