Thursday, October 28, 2021

  രാവിലെ തന്നെ എന്തൊരു പടയാണ്‌ ഇത്‌ എന്ന് വിചാരിച്ച്‌ ആ കറുത്ത ഗ്ലാസ്‌ ഡോർ തുറന്ന് നോക്കി. അപ്പോൾ കാണുന്നത്‌ ഒരാൾ സെക്യുറിറ്റി സ്റ്റാഫിനോട്‌ വഴക്കിടുന്നതാണ്‌.  സെക്യുറിറ്റിക്കാരനും  എന്തോ പറയുന്നുണ്ട്‌. പലപ്പോഴും നടക്കുന്നത്‌ പോലെ ഒരു വഴക്ക്‌ എന്നേ തോന്നിയുള്ളൂ. അയാളോട്‌ ശബ്ദം കുറച്ച്‌ കുറക്കാൻ പറഞ്ഞ്‌ ഞാൻ എന്റെ പണിയിലേക്ക്‌ മടങ്ങി.

ഞാൻ അന്ന് മെഡിക്കൽ കോളേജിൽ ഒരു ജൂനിയർ റെസിഡന്റ്‌ - പി ജി ട്രെയിനി ആയി ജോലി ചെയ്തുകൊണ്ടിരികുന്നു. തലേ ദിവസം രാത്രി വരെ ഇരുന്നിട്ടും പൂർത്തിയാക്കാൻ പറ്റാത്ത കേസ്‌ ഫയലുകൾ ശരിയാക്കാനാണ്‌ ഞാൻ കുറച്ച്‌ നേരത്തെ എത്തിയത്‌. ഒരു ഏഴര ഏഴേ മുക്കാലിന്‌..

പക്ഷെ കുറച്ചു കഴിഞ്ഞ്‌ കുറേക്കൂടി ബഹളമായി. അയാൾ നിർത്തുന്നില്ല. ബഹളം കേട്ട്‌ കുറേ ആളുകൾ ചുറ്റും കൂടിയിട്ടുണ്ട്‌ അവരും ബഹളം വെച്ചു കൊണ്ടിരിക്കുന്നു.

അയാളെ തലേ ദിവസവും വാർഡിലേക്ക്‌ നടന്ന് പോകുന്നത്‌ കണ്ടിരുന്നു. അയാൾ വസ്ത്രധാരണത്തിൽ കുറച്ച്‌ സവിശേഷതകൾ ഉള്ള ആളായിരുന്നു. ഒരു എഴുപത്‌ വയസുകാരൻ. കൃത്യമായി അലക്കിത്തേച്ച കറുത്ത പാന്റ്സും വെള്ള ഷർട്ടും.ഇൻ ചെയ്തിട്ടുണ്ട്‌. കൃത്യമായി ചീകി വെച്ച മുടി. കറുത്ത ഫ്രെയിമുള്ള കണ്ണട. മിക്കവാറുമൊക്കെ മെഡിക്കൽ കോളെജിലെ കൂട്ടിരുപ്പുകാർ  അലക്ഷ്യമായി വസ്ത്രം ധരിക്കുന്നവരായാണ്‌ കാണാറുള്ളത്‌. ഈ വ്യത്യസ്തതകൾ കാരണം മുന്നേ തന്നെ അയാളെ ശ്രദ്ധിച്ചിരുന്നു.

ഈ ബഹളമിങ്ങനെ തുടർന്നു കൊണ്ടിരിക്കുമ്പോഴാണ്‌ ഒരു എം എസ്‌ സി നഴ്സിംഗ്‌ റ്റ്രെയിനി ഞാൻ ഇരിക്കുന്ന റൂമിലേക്ക്‌ കടന്നു വന്നത്‌. അവർ ഏതോ തീസിസ്‌ വർക്കിന്റെ ഭാഗമായി കേസ്‌ ഷീറ്റ്‌ നോക്കി വന്നതാണ്‌. ഈ ബഹളം അവർക്കും ശല്യമായി എന്നു തോന്നുന്നു.. " ഒട്ടും സ്വയം നിയന്ത്രിക്കാനാകാത്ത ഒരു മനുഷ്യൻ.."  അവർ എന്നോട്‌ പറഞ്ഞു. എന്നിട്ട്‌ അവർ പോയി ആ ബഹളത്തിൽ നിന്നും ആ മനുഷ്യനെ വിളിച്ചു കൊണ്ടു വന്നു. അയാളെ ആ മുറിയിലുള്ള ഒരു കസേരയിൽ ഇരുത്തി.  " കുറച്ചു നേരം കണ്ണുകൾ അടച്ചു പിടിക്കൂ" -അവർ പറഞ്ഞു. അയാൾ അത്‌ അനുസരിച്ചു അപ്രകാരം ചെയ്തു. " ഇനിയൊരു അഞ്ചു തവണ ശ്വാസം നീട്ടി വലിച്ചു വിടൂ.." അയാൾ അതും ചെയ്തു. അപ്പോഴേക്കും അയാൾ ഒട്ടു മുക്കാലും ശാന്തനായിക്കഴിഞ്ഞിരുന്നു. ശ്വാസം വലിച്ചു വിട്ടതു കൊണ്ടോ അതോ അയാളോട്‌ ഒരാൾ സംസാരിച്ചതു കൊണ്ടോ.. എന്തോ..

പിന്നെ അയാൾ സംസാരിച്ചത്‌ കേട്ടപ്പോഴാണ്‌.. അയാൾ പറഞ്ഞതിലും കാര്യമുണ്ട്‌. അയാളുടെ മകളാണ്‌ ആ വാർഡിൽ കിടക്കുന്നത്‌. മാനസികരോഗത്തിന്റെ വാർഡാണ്‌. ഗൗരവമുള്ള ഒരു മനോരോഗമാണ്‌ അവർക്കുള്ളത്‌..

രാവിലെ അയാൾ മകളെ കാണാൻ വാർഡിലേക്ക്‌ വന്നപ്പോഴാണ്‌. മെല്ലെയാണ്‌ അയാൾ എപ്പോഴും നടക്കുന്നത്‌. വരാന്തയിലുള്ള സെക്യൂരൊറ്റി സ്റ്റാഫിനെ അയാൾ ശ്രദ്ധിച്ചില്ല. സെക്യൂരിറ്റി അയാളെയും കണ്ടില്ല എന്ന് തോന്നുന്നു. അയാൾ കടന്നു പോയ ഉടനെ സെക്യൂരിറ്റി അയാളെ പുറകിൽ നിന്നും ഷർട്ടിന്റെ കോളറിൽ പിടിച്ചു എന്നതാണ്‌ അയാളുടെ പരാതി. അതു പിന്നെ ആരായാലും ദേഷ്യം പിടിക്കില്ലെ? ഇദ്ദേഹമാണെങ്കിൽ ഷർട്ടിന്‌ ഒരു ചുളിവു പോലും പറ്റാതെ നോക്കുന്ന ഒരാളും.

അതിനെ തുടർന്നുണ്ടായ ബഹളമാണ്‌ അവിടെ കേട്ടത്‌.

അയളുടെ ഭാര്യ ഗുരുതരമായ ഒരസുഖത്തിനു ചികിൽസയിലാണ്‌. എങ്കിലും അവരാണ്‌ മകളുടെ കൂടെ നിൽക്കുന്നത്‌. സഹായിക്കാനൊന്നും വേറെ ആരുമില്ല. മകൾ വിവാഹമോചിതയോ വേർ പിരിഞ്ഞതോ എന്തോ ആണ്‌.

"എനിക്കൊരു മകൻ കൂടി ഉണ്ടായിരുന്നു.. അഞ്ചു കൊല്ലം മുമ്പ്‌ മരിച്ചു."

അതൊരു ആത്മഹത്യ ആണോ എന്നതായിരിക്കും സൈക്യാട്രി വാർഡിൽ നമ്മുടെ ചിന്ത പോകുക.

" തീവണ്ടി തട്ടിയാണ്‌ മരിച്ചത്‌" 

ഒരു നിമിഷം നിശബ്ദനായിരുന്ന് അദ്ദേഹം തുടർന്നു..

"പാളത്തിലൂടെ ഫോൺ ചെയ്ത്‌ നടന്നതാണ്‌."

ഒരു പാളത്തിലൂടെ നടന്നപ്പോൾ വണ്ടി വരുന്നത്‌ കണ്ട്‌ അടുത്ത പാളത്തിലേക്ക്‌ മാറിയതാണ്‌.  അതിലെ അതിവേഗതയിൽ വന്ന എൿസ്‌പ്രസ്സ്‌ വണ്ടി ഇടിച്ചു തെറിപ്പിച്ചു.

" വിവരമറിഞ്ഞ്‌ ഞാൻ അവിടെയെത്തി.  പിന്നെ പോലീസ്‌ വന്നു. ഇൻക്വസ്റ്റ്‌ നടത്തി."

" ഞാൻ തന്നെയാണ്‌ അടുത്തുള്ള ഒരു കടയിൽ നിന്നും ഒരു ചാക്ക്‌ വാങ്ങി അവന്റെ ചിതറിക്കിടക്കുന്ന കൈകളും കാലുകളുമെല്ലാം അതിലേക്ക്‌ മാറ്റിയത്‌. പിന്നെ പോസ്റ്റ്‌ മോർട്ടത്തിനു കൊണ്ടു പോയി.."

അതു കേട്ടപ്പോൾ ഒരു നടുക്കമാണ്‌ അനുഭവപ്പെട്ടത്‌. അതു കൊണ്ടായിരിക്കണം ഇത്രയും വർഷങ്ങൾക്ക്‌ ശേഷവും അത്‌ ഓർത്തിരിക്കുന്നത്‌.

ഇന്നു രാവിലെ ഒരു വഴക്ക്‌ കണ്ടപ്പോൾ , അതിനോടുള്ള ഒരു പ്രതികരണം കേട്ടപ്പോൾ ആ വഴക്ക്‌ ഓർമ്മ വന്നു.

ജീവിതം നീണ്ടതാണ്‌.  ചില സംഭവങ്ങൾ വെച്ചോ കുറച്ച്‌ സമയത്തെ അനുഭവങ്ങൾ വെച്ചോ ചിലപ്പോൾ ആളുകളെ വിലയിരുത്തേണ്ടി വരാം. അത്‌ അത്ര കൃത്യമായിക്കൊള്ളണമെന്നില്ല





No comments: