Sunday, September 19, 2021

സംഗീത ചികിത്സ

 കുറെ  വർഷങ്ങൾക്ക്  മുമ്പ് നടന്നതാണ്  . ഓർമ്മയിൽ  നിന്ന് എടുത്തെഴുതുന്നുന്നതാണ് .  ഞാൻ ധരിച്ചത് ശരിയായിക്കൊള്ളണമെന്നില്ല.

ഇവിടുത്തെ ഒരു മാനസികരോഗാശുപത്രിയിലെ  അന്തേവാസികൾക്ക്  സംഗീത ചികിത്സ കൊടുക്കാൻ  അനുമതി വേണമെന്ന് പറഞ്ഞ്   കേരളത്തിലെ  ഒരു വലിയ സംഗീതജ്ഞൻ  കോടതിയെ  സമീപിക്കുന്നു.  അനുമതി കൊടുത്തു കൊണ്ട്   കോടതി ആശുപത്രി സൂപ്രണ്ടിനു നിർദ്ദേശം നൽകുന്നു. 

അവിടെ ആകെ അറുനൂറോളം പേര്  ചികിത്സയിലുണ്ട് . ഇവർക്കെല്ലാവർക്കും  സംഗീത ചികിത്സ കൊടുക്കുക  പ്രായോഗികമല്ലല്ലോ . അതിനു പറ്റിയ പത്തിരുപത് പേരെ കണ്ടെത്താൻ  സൈക്യാട്രിസ്റ്  നടന്നു കൊണ്ടിരിക്കുകയാണ് . അങ്ങനെ കുറച്ച് പേരെ കണ്ടെത്തി.  ആഴ്ചയിലൊരു ദിവസം  സംഗീതജ്ഞൻ അവിടെ വരും.  പാട്ട് പഠിപ്പിക്കുകയും  പാട്ട് പഠിക്കുകയും ചെയ്യും . പാട്ടെന്ന്  പറഞ്ഞു കൂടാ. സംഗീതം. കുറച്ച് സെഷനുകൾ കാണാൻ ഞാനും പോയിരുന്നു. 

സംഗീതജ്ഞന്റെ  അനുചരനോട്  ഞാൻ ഒരു ദിവസം ചോദിച്ചു -  നമ്മൾ  ഇവരെ സംഗീതം  പഠിപ്പിക്കുന്നു . ഇത് അവർക്ക്  ഗുണം ചെയ്യുന്നുണ്ടെന്ന്  നമ്മൾ എങ്ങനെ  അനുമാനിക്കും? "

അദ്ദേഹം പറഞ്ഞു - "അത് നമുക്കറിയാമല്ലോ ..മാറ്റങ്ങൾ നമ്മൾ നമ്മുടെ മുന്നിൽ കാണുന്നതല്ലേ ?"

എനിക്കത് തൃപ്തികരമായി തോന്നാത്തതിനാൽ  ഞാൻ അത് സൈക്യാട്രസ്റ്റിനോട് തന്നെ ചോദിച്ചു -  " അത് ചെയ്യാമല്ലോ .. അതിനുപയോഗിക്കാൻ പറ്റിയ സ്കെയിലുകൾ ഉണ്ട്. തുടക്കത്തിൽ സ്കെയിലുകൾ പ്രയോഗിക്കുക. പിന്നീട് കൃത്യമായ ഇടവേളകളിലും.." 

എങ്കിലും  അത് ആരും ചെയ്തില്ല.   

അന്നെനിക്ക്  ഈ സ്കെയിലുകളെപ്പറ്റി  വലിയ പിടിയൊന്നുമുണ്ടായിരുന്നില്ല.  പിന്നീട്  ചില കോഴ്‌സുകൾ ചെയ്തപ്പോൾ  ഈ മാനകങ്ങളെപ്പറ്റി   മനസിലാക്കിയപ്പോഴാണ് , ഈ മാനകങ്ങൾ എങ്ങനെയാണ്  വികസിപ്പിക്കുന്നത്, സാധുതയും കൃത്യതയുമൊക്കെ എങ്ങനെയാണ്  പരീക്ഷിക്കുന്നത് ,  രോഗശമനം  നിർണയിക്കാനും  ഗവേഷണങ്ങൾ നടത്താനുമൊക്കെ അത് എങ്ങനെയാണ് ഉപയോഗിക്കുന്നത്  എന്ന്  കുറച്ചൊക്കെ  പിടി കിട്ടിയപ്പോഴാണ്  , ഇത് എത്രത്തോളം സഹായകരമാണ്  എന്ന് മനസിലായത്. 

ഇക്കാലത്ത് കോവിഡിനെപ്പറ്റി  ആളുകൾ പറയുമ്പോൾ   സർക്കാർ അനുഭാവികൾ സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണ്  എന്നും മറു വിഭാഗം എല്ലാം തെറ്റാണ്  എന്നും പറഞ്ഞു കൊണ്ടിരിക്കും.   പക്ഷെ അത്തരം കക്ഷി താല്പര്യങ്ങൾ ഇല്ലാത്തവർ പറയുന്നത്  മിക്കവാറും  ആത്മനിഷ്ഠമായ  നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്  തോന്നിയിട്ടുണ്ട്.  കൃത്യമായ  പഠനം നടന്ന കാര്യങ്ങളിൽ  നമുക്ക് വ്യക്തമായ  അഭിപ്രായം പറയാൻ സാധിക്കാറുണ്ട്.  ഉദാഹരണത്തിന്  കോവിഡ്  പ്രതിരോധത്തിന്  വാക്സിനുകൾ ഗുണം ചെയുന്നു  എന്ന കാര്യം. 





No comments: