Monday, August 30, 2021

HOMOEOPATHY IN EMERGENCY

 മെഡിക്കൽ  എമർജൻസികൾ  രണ്ട്  തരമാണെന്ന്   ഒരു ഹോമിയോപ്പതി  പുസ്തകത്തിൽ കണ്ടിട്ടുണ്ട് - വേദന അനുഭവിക്കുന്ന രോഗിയും മരണത്തിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്ന രോഗിയും.  Homeopathy in emergency  എന്ന ചെറിയ ഒരു പുസ്തകമായിരുന്നു അത്.  

സത്യത്തിൽ  വൈദ്യ ശാസ്ത്ര  എമർജൻസികൾ  അതിൽ കൂടുതലുണ്ട് .    ഒരവയവത്തിലേക്കുള്ള  രക്തപ്രവാഹം തടസപ്പെടുന്നെങ്കിൽ  അത്  എമർജൻസി ആണ് . ആത്മഹത്യാ പ്രവണത കാണിക്കുന്ന രോഗി ഒരു എമർജൻസി ആണ് . അത് പോലെ പലതുമുണ്ട് .

പക്ഷെ  നമ്മുടെ ആശുപത്രികളിലെ  എമർജൻസി വിഭാഗത്തിൽ വരുന്ന മിക്കവാറും രോഗികൾ  ഇതിലൊന്നും പെടുന്നില്ല.  സർക്കാർ ആശുപത്രിയായാലും  സ്വകാര്യ ആശുപത്രി ആയാലും  അത് അങ്ങനെ തന്നെ. മിക്കവാറും യാതൊരു തരത്തിലുമുള്ള അടിയന്തിര  സ്വഭാവമില്ലാത്തതുമായിരിക്കും  അത്.  മുടി കൊഴിച്ചിൽ കാണിക്കാൻ വരെ അടിയന്തിര ചികിത്സാ വിഭാഗത്തിൽ വരുന്നവരുണ്ട് .  പ്രശ്നമെന്തെന്ന്  വെച്ചാൽ അടിയന്തിര ചികിത്സ ആവശ്യമുള്ള ആളുകളെയാണ് അത് ബാധിക്കുന്നത്.   

എന്ന് വെച്ചാലും ആളുകളെ സംബന്ധിച്ച്  അത് അടിയന്തിര സ്വഭാവമുള്ളതായിരിക്കാം. കുറേക്കാലം മുമ്പ് ഒരു രാവിലെ നേരം ശരിക്കും വെളുക്കും മുമ്പ്  ഒരു  ഭാര്യയും ഭർത്താവും കൂടെ കേഷ്വാലിറ്റിയിൽ  വന്നത് ഓർക്കുകയായിരുന്നു .   

കാര്യം വളരെ ലളിതമായിരുന്നു .  ഭാര്യക്ക് ഭർത്താവിനെ  സംശയമാണ് .  വേറൊരു സ്ത്രീയുമായി  ബന്ധമുണ്ടെന്ന സംശയം.  അങ്ങനെയൊന്നില്ലെന്ന്  ഭർത്താവ് എത്ര പറഞ്ഞിട്ടും  ഭാര്യ സമ്മതിക്കുന്നില്ല.  തലേ ദിവസം രാത്രി പന്ത്രണ്ട് മണിക്കാണ്  ഭാര്യ ഉറങ്ങിയത്.  രാവിലെ ഒരു അഞ്ചു മണിക്ക് എഴുന്നേൽക്കുകയും ചെയ്തു.  അതിനിടക്ക്  ഭർത്താവ് പുറത്ത് പോയി എന്തോ പണിയൊപ്പിച്ചു  എന്നാണ്  ഭാര്യ പറയുന്നത്.  രണ്ട് പേരും പറയുന്നത് ഒരു കാര്യമാണ് .  ആശുപത്രിയിൽ നിന്ന് ടെസ്റ്റ് ചെയ്ത്  അത് പറഞ്ഞു കൊടുക്കണം .  അത് കൊണ്ട് കുളിക്കുക പോലും ചെയ്തില്ല എന്നാണ്  ഭർത്താവ് പറഞ്ഞത്.   അവിടെ ടെസ്റ്റ് നടത്തി അതറിയാൻ വഴിയൊന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ അവർ സ്ഥലം വിട്ടു. 

No comments: