Sunday, May 9, 2021

ദാമോദർ അങ്കിൾ

    " ഹലോ .. ഇത് ബാംഗ്ലൂരിൽ നിന്ന് ദാമോദർ അങ്കിൾ ആണ് വിളിക്കുന്നത് ..."

ദാമോദർ അങ്കിൾ ഫോൺ വിളിക്കുമ്പോൾ  എപ്പോഴും ഇങ്ങനെയാണ് തുടങ്ങിയിരുന്നത്.

ആദ്യമൊന്നും എനിക്കിഷ്ടപ്പെടുന്നുണ്ടായിരുന്നില്ല . എന്റെ അമ്മാവൻ ആകാൻ ഇങ്ങേര്  ആര് ?  ഞാൻ ആണെങ്കിൽ  ഇയാളെ ഒരിക്കൽ പോലും കണ്ടിട്ടു പോലുമില്ല. 

പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം മധുരമായിരുന്നു.   ശബ്ദത്തിൽ സ്നേഹമുണ്ടായിരുന്നു.  സംസാരത്തിൽ  മറ്റൊരാളോടുള്ള കരുതൽ ഉണ്ടായിരുന്നു.. അല്ലെങ്കിൽ എനിക്കങ്ങനെ തോന്നി..

എട്ടു പത്ത്  കൊല്ലങ്ങളായല്ലോ .. എങ്കിലും  ആ  ശബ്ദം ഇപ്പോഴും ഓർക്കുന്നു. 

അന്ന് ഞാൻ വയനാട്ടിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്  ജോലി ചെയ്യുന്നത്.

ആദ്യമായി ദാമോദർ അങ്കിൾ  വിളിച്ചത്  മഴക്കാലത്തെ ഒരുച്ചക്കായിരുന്നു ..     ആ ദിവസം  മഴ പെയ്യുണ്ടായിരുന്നില്ല . പക്ഷെ  മാനത്ത് കാർ മേഘങ്ങൾ തൂങ്ങി നിന്നിരുന്നു . ഇപ്പോൾ വീഴുമെന്ന മട്ടിൽ .

ഞാൻ ഒരു ട്രൈബൽ മെഡിക്കൽ കാമ്പ്  കഴിഞ്ഞ്  തിരിച്ചെത്തി  ,  ചോറ്  കഴിക്കാൻ എവിടെ  പോകണം എന്നാലോച്ചിരിക്കുകയായിരുന്നു . ഉച്ചക്ക് ഭക്ഷണം കിട്ടാത്ത ഒരു സ്ഥലമായിരുന്നു അത് .

അപ്പോഴാണ്  നല്ല കട്ടിയുള്ളതും  അതെ സമയം മധുരവുമായ ഒരു  ശബ്ദം മഴമേഘങ്ങൾക്കിടയിലൂടെ  എന്റെ മൊബൈൽ ഫോണിൽ എത്തിച്ചേർന്നത് ..

" എന്റെ പേര് ദാമോദർ .. " അദ്ദേഹം പറഞ്ഞു .  മലയാളിയാണ് , എങ്കിലും കുറേക്കാലങ്ങളായി  ബാംഗ്ലൂരിലാണ്  സ്ഥിരതാമസം. ജോലിയിൽ നിന്ന് റിട്ടയർ ചെയ്തതിനു ശേഷം  കുറച്ച് പത്രപ്രവർത്തനവുമായി  കൂടുകയാണ് ..."

" നിങ്ങളെഴുതിയ വയനാട്ടിലെ ആ വൈദ്യനെപ്പറ്റിയുള്ള  പോസ്റ്റ് വായിച്ച്  വിളിക്കുകയാണ് " -  അദ്ദേഹം തുടർന്നു.

" വൈദ്യരെപ്പറ്റിയുള്ള ആ പോസ്റ്റ് , എനിക്ക്  വളരെ ഇഷ്ടപ്പെട്ടു .. അത് നന്നായിരുന്നു .." 

     ഒരാൾ ഇങ്ങനെ പറയുമ്പോൾ  സന്തോഷം തോന്നുമല്ലോ .. സത്യം പറഞ്ഞാൽ എനിക്കും തോന്നി..

പിന്നെയും  ദാമോദർ  എന്ന അയാൾ  വർത്തമാനം തുടർന്നു . 

പക്ഷെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്കാകെ ഒരു വിഭ്രമം അനുഭവപ്പെട്ടു .. കാരണം  ഈ ദാമോദർ സാർ  വൈദ്യരുടെ വലിയ ഒരു ആരാധകനാണ് . ഒരു കട്ട ആരാധകൻ ...

അദ്ദേഹം വൈദ്യരുടെ അടുത്തേക്ക്  രോഗികളെ അയക്കാറുണ്ട് . അവർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കാറുണ്ട് .  വൈദ്യരുടെ അടുത്ത്  എങ്ങനെയാണ് എത്തുക എന്ന്  വഴി പറഞ്ഞു കൊടുക്കാറുണ്ട് ..  എത്രയോ പേരെ  വൈദ്യരെക്കൊണ്ട്  ചികിൽസിപ്പിച്ചിട്ടുണ്ട് 

അദ്ദേഹത്തിന്റെ  ഭാര്യയുടെ കാൻസർ മാറ്റിക്കൊടുത്തത്  ഈ വൈദ്യർ ആണത്രേ.. അതും സ്റ്റേജ് 4  കാൻസർ ..  അവർ പിന്നെയും വളരെക്കാലം ജീവിച്ചു..

പിന്നെ അദ്ദേഹം പറഞ്ഞതൊന്നും എന്റെ തലയിലേക്ക്  കേറിയില്ല.  കാരണം ഞാൻ ആലോചിക്കുകയായിരുന്നു . ഞാൻ എഴുതിയ  പോസ്ടിനെതെങ്കിലും കുഴപ്പമുണ്ടോ ? ഇനി ഞാൻ വൈദ്യരെ പിന്തുണച്ച് കൊണ്ട്  എന്തെങ്കിലും എഴുതിയോ ? അതിനു സാധ്യതയില്ലല്ലോ ..

അവസാനം ദാമോദർ സാർ പറഞ്ഞു . "എനിക്ക് നിങ്ങളെ കാണണമെന്നുണ്ട് . നിങ്ങളോട് സംസാരിക്കണം. ബാംഗ്‌ളൂരിൽ വരുമ്പോൾ  തീർച്ചയായും വിളിക്കണം.  ഞാൻ നമ്പർ തരാം."

തുടർന്ന്  അദ്ദേഹം ഒരു നമ്പർ പറഞ്ഞു. അത് സേവ് ചെയ്യാൻ പറഞ്ഞു.  അതിൽ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ  ഇതിൽ വിളിക്കണമെന്ന് പറഞ്ഞു വേറൊരു നമ്പർ പറഞ്ഞു. അതും  ഞാൻ എഴുതിയെടുത്തു . അവസാനം മൂന്നാമതൊരു നമ്പർ പറഞ്ഞു.  എന്നിട്ടു പറഞ്ഞു - " രാത്രിയിലാണെങ്കിൽ ഇതിൽ വിളിക്കണം"

ഞാൻ ഈ നമ്പർ എല്ലാം സേവ് ചെയ്തു. പക്ഷെ , എനിക്കുറപ്പായിരുന്നു . ഞാൻ ഇദ്ദേഹത്തെ വിളിക്കില്ല. ഇദ്ദേഹം എന്നെയും ഇനി വിളിക്കാൻ പോകുന്നില്ല. 

വൈകിട്ട്  വീട്ടിൽ  എത്തിയ ഉടനെ ഞാൻ ഫേസ്‌ബുക്ക് തുറന്നു . ആ പോസ്റ്റ് വീണ്ടും എടുത്ത്  വായിച്ചു  . ഞാൻ വൈദ്യരെപ്പറ്റി  എന്താണ് എഴുതിയത്? അയാളെ അനുകൂലിച്ചെങ്ങാനുമാണോ ?

ദൈവമേ - അത് അങ്ങനെയും  വായിക്കാവുന്നതാണ് ..


അതിനടിയിൽ ഒരു ഡോക്ടർ ഇട്ട കമന്റും  അതിനു  മറ്റൊരാൾ ഇട്ട മറുപടിയും പോസ്റ്റിനെ എങ്ങോട്ടോ വലിച്ച് കൊണ്ട് പോയിരുന്നു..  പിന്നെയും ആരൊക്കെയോ അതിൽ കമന്റുകൾ ഇട്ടിരുന്നു.  രണ്ട്  ഡോക്ടർമാർ ..  ദുബായിയിൽ നിന്ന് ഒരു വെറ്റിനറി ഡോക്ടർ  ..  അമേരിക്കയിൽ നിന്ന്  ഒരാൾ - ഒരു ആരോഗ്യപ്രവർത്തകൻ -  ..  ഗോവക്ക്  സിനിമാ ഫെസ്റ്റിന് പോകുന്ന ഒരാൾ  ..  പേരിൽ സ്ഥലപ്പേരുള്ള ഒരാൾ .. എല്ലാവരും കൂടെ കമന്റിട്ടു  അത് ഒരു വഴിക്കാക്കിയിരുന്നു. .

ഞാൻ ആ പോസ്റ്റ് ഉടൻ ഡെലീറ്റ്  ചെയ്തു കളഞ്ഞു. ഇനിയാരും വായിച്ച്  തെറ്റിദ്ധരിക്കപ്പെടരുതല്ലോ ... 

 ഈ ദാമോദർ വീണ്ടും വിളിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല ..

പക്ഷെ  ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിച്ചു  . ഏകദേശം ഒരു മാസം കഴിഞ്ഞ്  ഈ ദാമോദർ എന്നയാൾ  വീണ്ടും വിളിച്ചു - 

 " ഹലോ  .. ഇത് ബാംഗ്ലൂരിൽ നിന്ന്  ദാമോദർ അങ്കിൾ ആണ്  വിളിക്കുന്നത് ..." . ഇങ്ങനെയായിരുന്നു തുടങ്ങിയത് .

പിന്നെ അങ്കിൾ എന്നെപ്പറ്റിയൊക്കെ  ചോദിച്ചു - വിശേഷങ്ങൾ ചോദിച്ചു ..  ജോലി സുഖമായി പോകുന്നില്ലേ .. കുഞ്ഞിന് സുഖമല്ലേ ..  ഭാര്യയുടെ ജോലി ദൂരസ്ഥലത്താണോ ..  ബാംഗ്ലൂരിൽ വരാറുണ്ടോ ..

ഇടക്ക്  കോഴിക്കോട്ടുമായി  ദാമോദർ സാറിനുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു.   കോഴിക്കോട് കുറച്ച് നാൾ ഉണ്ടായിരുന്നു . വളരെ പണ്ട് .. അവിടെയൊരു കൂട്ടുകാരനുണ്ടായിരുന്നു . ബാലുശേരിയിലെ അയാളുടെ വീട്ടിൽ പോയിട്ടുണ്ട്  . നിറയെ തെളിനീരൊഴുകുന്ന ഒരു തോടിന്റെ വക്കത്തായിരുന്നു അയാളുടെ വീട് .  അവിടെ ഓല മേഞ്ഞ ഒരു ആലയും  അതിൽ രണ്ട് പൈക്കളുമുണ്ടായിരുന്നു.   ഇപ്പോൾ എന്തുണ്ട് എന്നറിയില്ല..

അവസാനം ദാമോദർ അങ്കിൾ പറഞ്ഞു .. " എനിക്ക്  നിങ്ങളെ തീർച്ചയായും കാണണം. ബാംഗ്ലൂരിൽ വരുമ്പോൾ  വിളിക്കണം . നമ്പർ കൈയിലുണ്ടല്ലോ അല്ലേ ?"

ദാമോദർ അങ്കിൾ പിന്നെയും പിന്നെയും വിളിച്ചു .   എപ്പോഴുമൊന്നുമില്ല.  മാസത്തിലൊരിക്കൽ , അല്ലെങ്കിൽ രണ്ട് മാസത്തിലൊരിക്കൽ ..

 എപ്പോഴും അവസാനിപ്പിക്കുന്നത്  എന്നെ കാണാൻ താല്പര്യമുണ്ടെന്ന്  പറഞ്ഞായിരുന്നു .  ബാംഗ്ലൂരിൽ  വരുകയാണെങ്കിൽ വിളിക്കണം ....   

അന്നൊന്നും  ഞാൻ ബാംഗ്ലൂരിൽ പോയില്ല .. വിളിക്കുകയും  ചെയ്തില്ല..

പിന്നീട്  എപ്പോഴോ  അങ്കിളിന്റെ വിളി നിന്നു  .  ഞാൻ അതിനെപ്പറ്റിയൊന്നും ആലോചിച്ചില്ല.

സത്യത്തിൽ ഞാൻ ആകെ ചെയ്ത കാര്യം  അദ്ദേഹം  ചോദിക്കുന്ന കാര്യത്തിന്  ചുരുങ്ങിയ വാക്കുകളിൽ  മറുപടി പറയുക എന്നതായിരുന്നു . എനിക്ക്  പകരം  ഒരു യന്ത്രം വെച്ചാലും  മതിയായിരുന്നു.  ദാമോദർ അങ്കിൾ  എന്റെയും  കുഞ്ഞിന്റെയും   കുടുംബത്തിന്റെയും  ഒക്കെ വിശേഷങ്ങൾ ചോദിച്ചു.  പക്ഷെ , ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ  മക്കളെപ്പറ്റിയോ പേരക്കുട്ടികളെപ്പറ്റിയോ  അന്വേഷിച്ചില്ലല്ലോ. അദ്ദേഹത്തിന് സുഖമാണോ എന്ന്  പോലും ചോദിച്ചില്ല .. പിന്നെന്തിന് അദ്ദേഹം എന്നെ വിളിക്കണം ? .. 

അന്നെനിക്ക് ഫേസ്‌ബുക്കിൽ  ഒരു മുന്നൂറു സുഹൃത്തുക്കളുണ്ടാകും.  ഹൃദയബന്ധങ്ങളുണ്ടായിരുന്നെന്നൊന്നും  പറയുന്നില്ല..  പക്ഷെ പലരും എന്നെ ഇടക്കിടക്ക് വിളിക്കുമായിരുന്നു .   ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള  വൈൽഡ് ലൈഫ് മാഗസിനുകൾ അയച്ചു തന്നവർ ഉണ്ടായിരുന്നു.. പുസ്തകങ്ങൾ തന്നവർ ഉണ്ടായിരുന്നു . തപാൽ സ്റ്റാമ്പുകൾ  അയച്ചു തന്നവർ ഉണ്ടായിരുന്നു.. കത്തുകൾ അയച്ചവർ പോലുമുണ്ടായിരുന്നു..  പിന്നെ വയനാട്ടിലെ  ആനകൾ .. മയിലുകൾ .. മാനുകൾ .. അതിന്റെ ഫോട്ടോയെടുപ്പ് ..   ഇതിനെല്ലാമിടയിൽ  ഞാൻ ദാമോദർ അങ്കിളിനെ അത്ര ശ്രദ്ധിച്ചില്ല ..  അങ്കിളിന്റെ കാര്യം എന്റെ മനസിലെ വന്നില്ല.  

അങ്ങേരെ ഞാൻ ഫേസ്‌ബുക്കിൽ ഒരിടത്തും  കണ്ടിട്ടുമില്ല .

ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞു  ഞാൻ ബാംഗ്ലൂരിൽ ഒരിക്കൽ  പോയി.  ഒരു സ്വകാര്യ ആവശ്യത്തിന് .  അത് കഴിഞ്ഞപ്പോൾ ഉച്ചക്ക്    ഞാൻ ദാമോദർ അങ്കിളിനെ ഒന്ന് കാണാൻ തീരുമാനിച്ചു. ബാംഗ്ലൂരിൽ  വരുമ്പോൾ തീർച്ചയായും വിളിക്കണമെന്ന്  പറഞ്ഞിരുന്നല്ലോ.. ആദ്യം വിളിച്ചിട്ട്  എവിടെയാണെന്നറിഞ്ഞിട്ട്  ഒരു ടാക്സി വിളിച്ച് പോകാം..

ഫോണെടുത്ത്  ദാമോദർ എന്നെഴുതിയ നമ്പർ തപ്പിപ്പിടിച്ച്  വിളിച്ചു . അപ്പുറത്ത് നിന്ന് ഫോൺ എടുത്തു . അതേ  മധുരമായ ശബ്ദം.  

ഞാൻ സ്വയം പരിചയപ്പെടുത്തി .  ഇന്നയാളാണ് . കാണണമെന്നുണ്ട് .

" ഞാൻ ഇവിടെയില്ലല്ലോ ..  ഡൽഹിയിലുള്ള  മകന്റെ അടുത്താണ്   ഉള്ളത് .."  - അദ്ദേഹം പറഞ്ഞു..

" എനിക്ക് നിങ്ങളെ മനസിലായില്ല കേട്ടോ " - തുടർന്ന്  അദ്ദേഹം പറഞ്ഞു. 

അത് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നല്ലോ .   എന്റെ മനസ്സിൽ  ഒരു നിരാശ വന്നു കയറി .  ഞാൻ ഓർമ്മിപ്പിച്ചു - മുമ്പ് വിളിക്കാറുണ്ടായിരുന്നു - ഇവിടെ വരുമ്പോൾ  കാണണമെന്ന്  പറഞ്ഞിരുന്നു ..

തുടർന്ന്  കുറച്ച് നിമിഷങ്ങളുടെ നിശബ്ദത. അപ്പുറത്ത് നിന്നും ഒന്നും പറയുന്നില്ല. ഞാനും ഒന്നും മിണ്ടുന്നില്ല.

പിന്നെ  ദാമോദർ അങ്കിൾ  എന്റെ പേര്  വിളിച്ചു .. അത്  തെറ്റാതെ കൃത്യമായി  വിളിച്ചു .. അത് കേട്ടപ്പോൾ എനിക്ക് തോന്നി -  അങ്ങേർക്ക് എന്നെ ഓർമ്മ വന്നു കാണും.

തുടർന്ന് അദ്ദേഹം ചോദിച്ചു - " എനിക്ക് എത്ര  വയസായി എന്ന്  അറിയാമോ ?"

ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ എന്തിന് ഇങ്ങേരുടെ വയസ്സറിയണം ?

" എനിക്ക്  തൊണ്ണൂറു വയസു കഴിഞ്ഞു.  ശാരീരികമായ അസുഖങ്ങൾ ഉണ്ട് .. ഓർമ്മ നിൽക്കുന്നുമില്ല.     ഇപ്പോൾ മകന്റെ കൂടെയാണ്  താമസിക്കുന്നത് . ഡൽഹിയിലാണ് , കുറച്ച് കാലമായി "

പിന്നീട്  നമുക്ക് കാണാം - തിരിച്ച് ഞാൻ ബാംഗ്ലൂരിൽ വരും . അദ്ദേഹം പറഞ്ഞു .  ഞങ്ങൾ സംസാരം നിർത്തി.

എനിക്കൊരു നിരാശ തോന്നി.  അതിനു മാത്രം എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഒന്നുമില്ലായിരുന്നു  .   അയാളെ കാണാൻ പോകുന്നില്ലേയെന്നു കൂടെയുണ്ടായിരുന്നയാൾ ചോദിച്ചപ്പോൾ  ഞാൻ അസ്വസ്ഥനായി .  ഫോൺ എടുത്ത്  അയാളുടെ നമ്പർ അപ്പോൾ തന്നെ ഡെലീറ്റ്  ചെയ്തു .. ദാമോദർ എന്ന് പേരുള്ള എല്ലാ നമ്പറും മായ്ച്ചു കളഞ്ഞു. 

പിന്നെ വർഷങ്ങൾ പോയി . ദാമോദർ അങ്കിളിനെപ്പറ്റി  ഞാൻ ഒന്നും ആലോചിച്ചതേയില്ല . പല തവണ ഞാൻ  ബാംഗ്ലൂരിൽ പോയിരുന്നു  . പല കോണ്ഫറന്സുകള്ക്ക് .. ട്രെയിനിങ്ങിന്റെ ഭാഗമായി കുറച്ച് മാസങ്ങൾ .. അന്നൊക്കെ ബാംഗ്ലൂർ മൊത്തം കറങ്ങി.  ബസുകൾ .. ഓല- യൂബർ  ടാക്‌സികൾ .. മെട്രോ .. മൈസൂർക്കും തുംകൂറിനും ഉള്ള ട്രെയിനുകൾ ..  ബാറുകൾ  ..  ബസ് സ്റ്റാൻഡുകൾ  .. പക്ഷെ ദാമോദർ അങ്കിൾ ഒരിക്കൽ പോലും മനസ്സിൽ കയറി  വന്നില്ല.

പക്ഷെ , ഇക്കഴിഞ്ഞ ദിവസം , ഡെമൻഷ്യയെപ്പറ്റി  ഒരാൾ ഫേസ്‌ബുക്കിൽ  എഴുതിയ ലേഖനം വായിച്ചപ്പോൾ  എനിക്ക്  പെട്ടെന്ന് ദാമോദർ അങ്കിളിനെ ഓർമ്മ വന്നു.   നമ്പർ  ബ്ലോക്ക് ചെയ്താലും ഹൃദയത്തിലുള്ളത്  അങ്ങനെ പോകില്ലായിരിക്കും..

ദാമോദർ അങ്കിൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും.. ?  വിളിച്ച് നോക്കണമെങ്കിൽ കൈയിൽ നമ്പറുമില്ലല്ലോ ..

ദാമോദർ അങ്കിളിനു  ഡെമൻഷ്യയായിരുന്നോ ? എനിക്കറിയില്ല..  ആയിരിക്കാം. അല്ലായിരിക്കാം..  ലളിതമായ ഒരു ഫേസ്‌ബുക്ക് പോസ്റ്റ്  തെറ്റായി മനസിലാക്കിയത്..  ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ തന്നെ പിന്നെയും പിന്നെയും പറഞ്ഞത്..  

എന്തായാലും  അദ്ദേഹത്തെപ്പറ്റി ആലോചിച്ചപ്പോൾ ഹൃദയത്തിൽ ചെറിയൊരു നനവ്  തോന്നാതിരുന്നില്ല . ഒന്നുമില്ലെങ്കിലും  എന്നോട്  സ്നേഹത്തോടെ  കുറേ  നേരം സംസാരിച്ച ഒരാളാണല്ലോ  ദാമോദർ അങ്കിൾ ..

ഞാൻ മറ്റൊരു കാര്യമാണ് ആലോചിച്ചത്.  കുറച്ച്  കൊല്ലങ്ങൾ കഴിഞ്ഞാൽ  എന്റെ തലച്ചോറിലെയും  നാഡീഞരമ്പുകൾ  തളരാം.   അതിലൂടെ  സന്ദേശങ്ങൾ  ഒഴുകുന്നത് പതുക്കെയാകാം .   പശുവിന്റെ  ചാണകത്തിൽ  പ്ലൂട്ടോണിയം ഉണ്ടെന്നും  പശുവിന്റെ മൂത്രം കുടിച്ചാൽ കാൻസർ മാറുമെന്നും  പശുവിന്റെ കൊമ്പുകൾ റേഡിയോ ആക്ടിവിറ്റി  ആഗിരണം ചെയ്യുമെന്നും  പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്ത് വിടുമെന്നും    റേഡിയോ  പശുവിന്റെ കൊമ്പിനിടയിൽ പിടിച്ചാൽ ഓംകാരം കേൾക്കുമെന്നും  ആണ്മയിലിന്റെ  കണ്ണ് നീരിൽ നിന്നാണ്  പെണ്മയിൽ ഗര്ഭിണിയാകുന്നതെന്നും  മയിൽ ബ്രഹ്മചാരിയായതു കൊണ്ടാണ്  ദേശീയ പക്ഷിയായതെന്നും   അപ്പോൾ ഞാൻ പ്രചരിപ്പിക്കാൻ സാധ്യതയുണ്ട് .  അതിന്റെ  അർത്ഥം ഇയാൾക്ക് മേധാക്ഷയമാണെന്നാണ് .  ഇയാളുടെ  തലച്ചോർ ശരിക്ക് പ്രവർത്തിക്കുന്നില്ല എന്നാണ് .   ബോധമുള്ള  സമയത്ത് ഇങ്ങനെയായിരുന്നില്ല .



















No comments: