Saturday, May 8, 2021

  ഭീമമായ തുകയാണ്  മരുന്നുകൾ കണ്ട് പിടിക്കുന്നതിനും  അതിന്റെ ട്രയലിനും വേണ്ടി  ചെലവാക്കുന്നത്.  മിക്കവാറും  സ്വകാര്യമേഖലയിലാണ്  മരുന്ന് ഗവേഷണങ്ങൾ നടക്കുന്നത്.  ഇന്ത്യ  ഇത് വരെ  മൗലികമായ മരുന്നുകൾ ഒന്നും കണ്ട് പിടിച്ചിട്ടുള്ളതായി അറിയില്ല.

ഓരോ വർഷവും ലോകത്തിന്റെ പല ഭാഗത്തും  മരുന്നുകൾ വികസിപ്പിച്ചെടുക്കുകയും  ഉപയോഗിപ്പിക്കപ്പെടുകയും  ചെയ്യുന്നു.  കർശനമായ  മരുന്ന് പരീക്ഷണങ്ങൾക്ക്  ശേഷമാണ്  മരുന്നുകൾ  പൊതു ഉപയോഗത്തിലെത്തുന്നത്.  പക്ഷെ  ഇതിലുള്ള കടുത്ത ചെലവ് കാരണം   ഔഷധങ്ങൾക്ക്  മാർക്കറ്റിലെത്തുമ്പോൾ  വില വളരെ കൂടുതലായിരിക്കും.  അതിനാൽ  ഇപ്പോൾ  ചികിത്സയുടെ  ഫലം  അത്ര മികച്ചതല്ലാത്ത  അസുഖങ്ങൾക്കും  കൂടുതൽ മികച്ച മരുന്നുകൾ എത്തുമ്പോൾ  അത് നമുക്ക് ലഭ്യമല്ലാത്ത ഒരവസ്ഥ വരുന്നു.  നല്ല പൈസ കൈയിലുള്ള ചിലരെല്ലാം  വിദേശരാജ്യത്ത്  പോയി ചികിത്സയെടുക്കാറുമുണ്ട് .. ഉദാഹരണത്തിന്  ചില തരം  കാൻസറുകൾ .   നമ്മുടെ നാട്ടിലെ രോഗികളോട് , അവരുടെ ബന്ധുക്കളോട് ഡോക്ടർ പറയുന്നത്, ഇനിയൊന്നും ചെയ്യാനില്ല , വീട്ടിൽ കൊണ്ട് പൊയ്ക്കൊള്ളൂ  എന്നായിരിക്കും. അവർ അവസാനം ചില മോഹനൻ വൈദ്യരുടെ അടുത്തുമെത്തും. 


മുമ്പ്  ഇവിടുത്തെ ചില വൈദ്യഗവേഷണ സ്ഥാപനങ്ങൾ  മരുന്ന് പരീക്ഷണങ്ങളിൽ  പങ്കാളികളായിരുന്നു. അതിന്റെ ഭാഗമായി  കുറെ പേർക്ക് മരുന്നുകൾ സൗജന്യമായി ലഭിക്കുകയും  അതിന്റെ ഗുണങ്ങൾ കിട്ടുകയും ചെയ്തിരുന്നു.  രോഗശമനനിരക്ക് തീരെ കുറഞ്ഞ ചില  അവസ്ഥയിലാണ്  മരുന്നുകൾ ഉപയോഗിക്കപ്പെട്ടിരുന്നത് .

പക്ഷെ അതിൽ ഉൾപ്പെട്ട  സ്ഥാപനങ്ങളും ഡോക്ടർമാരും  തുടർച്ചയായി വിചാരണ  ചെയ്യപ്പെടുകയുണ്ടായി.  കോടതികളോടും  നിയമ നിര്മാണസഭകളോടും  മനുഷ്യാവകാശ കമ്മീഷനുകളോടും  മാധ്യമങ്ങളോടും  തുടർച്ചയായി  വിശദീകരണം കൊടുക്കേണ്ട സ്ഥിതിയിലായി . ഇപ്പോഴും തുടരുകയും ചെയ്യുന്നു. അതിനാൽ ഇപ്പോൾ മരുന്ന്  പരീക്ഷണങ്ങളിൽ പങ്കാളികളാകാൻ  നമ്മുടെ സ്ഥാപനങ്ങൾക്കും  ഡോക്ടർമാർക്കും  താല്പര്യമില്ല. 

മരുന്നുകളുടെ  വില കുറക്കാനുള്ള  ഒരു വഴി  അതിന്റെ ഗവേഷണത്തിന്  പൊതു പണം ഉപയോഗിക്കുക എന്നുള്ളതാണ് .   നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത്  സർക്കാർ ഫണ്ട് ഉപയോഗിക്കപ്പെടുന്നത്  മന്ത്രങ്ങളും  മന്ത്രവാദങ്ങളും ഉപയോഗിക്കുന്നതിലാണ് ... കോവിഡ്  19  ചികിത്സയിൽ  ഗായത്രീ മന്ത്രത്തിന്റെ  ഗുണങ്ങളെപ്പറ്റിയുള്ള  പഠനത്തിന്   ശാസ്ത്രമന്ത്രാലയം  ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്  ഫണ്ട് ചെയ്യുന്നതിനെപ്പറ്റിയുള്ള  വാർത്ത കഴിഞ്ഞ ദിവസം  വായിച്ചിരുന്നു. 


  

S

No comments: