Wednesday, April 21, 2021

ആളു മരിച്ചു കഴിഞ്ഞിരിക്കുന്നു.

 നാല്പത്തഞ്ച് - അമ്പത്  വയസുള്ള ഒരു മനുഷ്യൻ. രാവിലെ എഴുന്നേറ്റ് ഒരു ചായ കുടിക്കുമ്പോൾ കുഴഞ്ഞു വീഴുന്നു. അനക്കമില്ല. അടുത്ത വീട്ടുകാരെല്ലാം കൂടി  അയാളെ  ഒരു ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് പായുന്നു. കാഷ്വാലിറ്റിയിൽ ഡ്യുട്ടി ഡോക്റ്റർ അയാളെ പരിശോധിക്കുന്നു. പൾസില്ല. ഹൃദയമിടിപ്പില്ല. ശ്വാസമില്ല . ഒരനക്കവും ഇല്ല. കണ്ണിലെ  കൃഷ്ണമണി കൂടി പരിശോധിച്ച്  ഡോക്റ്റർ ബന്ധുക്കളെ അറിയിക്കുന്നു. ആളു മരിച്ചു കഴിഞ്ഞിരിക്കുന്നു.

ഉടനെ ഡോക്റ്റർ പോലീസിനുള്ള  അറിയിപ്പ് എഴുതി , പോലീസ് സ്റ്റേഷനിലേക്ക്  കൊടുത്തയക്കുന്നു. 

ഒരു പത്തു പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കുറേക്കൂടി ബന്ധുക്കൾ വരുന്നു. അവർ ഡോക്റ്ററെ ചെന്നു കാണുന്നു. അവർക്ക് മരണത്തിൽ ഒരു സംശയവുമില്ല. ഹാർട്ട് അറ്റാക്ക് തന്നെ .  ശരീരം വിട്ടു കൊടുക്കണം. ഡോക്റ്റർ  സമ്മതിക്കുന്നില്ല.  പോലീസാണ് അത് തീരുമാനിക്കേണ്ടത്. 

കുറച്ചു കഴിഞ്ഞ്  ചില രാഷ്ട്രീയ പ്രവർത്തകർ വരുന്നു. അവരും ആവശ്യപ്പെടുന്നു . ശരീരം ബന്ധുക്കൾക്ക് വിട്ടു കൊടുക്കണം . ബന്ധുക്കൾക്ക് പരാതിയില്ലെങ്കിൽ ഡോക്റ്റർക്ക് എന്താണ്  പ്രശ്നം. ഭീഷണിപ്പെടുത്തുന്നു. ഡോക്റ്റർ വഴങ്ങുന്നില്ല.  

ആളുകൾ പോലീസ് സ്റ്റേഷനിലേക്ക്  പോകുന്നു. പോസ്റ്റ് മോർട്ടത്തിൻ്റെ ആവശ്യമില്ല. പോലീസ് ബന്ധുക്കളോട് പറയുന്നു.  ഡോക്റ്റർ മൃതദേഹം വിട്ടു കൊടുക്കുന്നില്ല. 

പിന്നീട്   ജനപ്രതിനിധികൾ വഴി സമർദ്ദം ചെലുത്തി , ബന്ധുക്കൾ മൃതശരീരം ഏറ്റു വാങ്ങുന്നു. കൊണ്ടു പോയി ദഹിപ്പിക്കുന്നു.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞ്   നാട്ടിലാകെ കിംവദന്തികൾ പരക്കുന്നു. അയാൾക്ക്  വലിയ കടമുണ്ടായിരുന്നു . ആത്മഹത്യ ചെയ്തതാണ് അയാൾ . 

നമ്മുടെ ആശുപത്രികളിൽ , സർക്കാർ  ആയാലും സ്വകാര്യമായാലും , നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ഇത്. 

ഇങ്ങനെ സംസ്കരിക്കപ്പെടുന്ന ഒരാൾ ഒരു പക്ഷെ, ഒരു കൊലപാതകത്തിൻ്റെ ഇരയുമാകാം .  ആളുകളുടെ അജ്ഞത മൂലം തെളിവുകൾ ഒന്നും ശേഷിക്കപ്പെടാതിരിക്കുകയാണ്  ഇവിടെ സംഭവിക്കുന്നത് .


No comments: