Saturday, November 21, 2020

ഒന്നും ചെയ്യാ സ്വാമി

 പണ്ടൊരു ദിവസം. ജോലിക്ക്  അവധിയായിരുന്നു. രാവിലെ പത്ത് മണി വരെ ഉറങ്ങി. കണ്ണ് തുറന്നു. എഴുന്നേൽക്കാൻ മടിച്ചു . കിടക്കയിൽ തന്നെ കിടന്നു. 

ഒരു പന്ത്രണ്ട് മണിയായപ്പോൾ  പതുക്കെ എഴുന്നേറ്റ്  , പല്ലു തേച്ച് , കുളിയും കഴിഞ്ഞ് , അവിടെയുള്ള ഹോട്ടലിൽ   ഭക്ഷണം കഴിക്കാൻ പോയി. 

അവിടെയപ്പോൾ  രണ്ട് സഹപ്രവർത്തകർ  ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു. ചോറ്  എത്തിയിട്ടില്ല. 

അതിൽ ആത്മീയ സാധനകളിൽ  വലിയ താല്പര്യമുള്ള  ചങ്ങാതി , മറ്റെയാളോട് പറയുകയാണ് -" ഒന്നും ചെയ്യാതിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല . വലിയ വിഷമമുള്ള കാര്യമാണ് .."


ഞാൻ പിടുത്തം കിട്ടാത്ത മട്ടിൽ നോക്കിയപ്പോൾ  അദ്ദേഹം എന്നോട് ചോദിച്ചു .. " നിങ്ങൾക്ക് പറ്റുമോ ? ഒന്നും ചെയ്യാതിരിക്കാൻ ?"

അദ്ദേഹം കൂട്ടുകാരനെ നോക്കി തുടർന്നു -" എന്റെ വീട്ടിനടുത്ത്  പഴയ ഒരമ്പലമുണ്ട് . അവിടെ സിദ്ധികളുള്ള ഒരു മനുഷ്യനുണ്ട് . അമ്പലത്തിനടുത്തുള്ള ഒരു ചായ്പ്പിലാണ്  ഉറങ്ങുന്നത്. രാവിലെ തന്നെ അമ്പലത്തിനു മുന്നിലുള്ള ആൽത്തറയിൽ വന്നിരിക്കും. വെറുതെ ഇരിക്കുകയേയുള്ളൂ . ഒന്നും ചെയ്യാറില്ല. ഒന്നും സംസാരിക്കുകയുമില്ല. വെറുതെ അങ്ങനെ ഇരിക്കും. രാത്രി വരെ. 'ഒന്നും ചെയ്യാ സ്വാമി' എന്നാണ്  ആളുകൾ അദ്ദേഹത്തെപ്പറ്റി പറയുന്നത്. പക്ഷെ സ്വാമി വലിയ സിദ്ധികൾ ഉള്ള ആളാണ് . ജനങ്ങൾ തങ്ങളുടെ  ജീവിതത്തിലെ പ്രശ്നങ്ങൾ അവിടെ പോയി പറയും.. സ്വാമി ഒന്നും പറയാറില്ല. പക്ഷെ പ്രശ്നങ്ങൾക്ക്  പരിഹാരങ്ങൾ താനെയുണ്ടാകും.  ആത്മീയ ചൈതന്യങ്ങൾ ഉള്ള ആളാണ് . വൈരാഗിയാണ് . വല്ലപ്പോഴും ജനങ്ങൾ അവിടെ വെക്കുന്ന പഴങ്ങളെ കഴിക്കുള്ളൂ .." 

അപ്പോഴേക്കും ചോറ് വന്നതിനാൽ  കൂടുതൽ സ്വാമിയെപ്പറ്റി അറിയാനായില്ല. ഇയാളാണെങ്കിൽ  ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാത്തവനുമാണ് .

പിന്നീടൊരിക്കൽ  ഈ സ്വാമിയെപ്പറ്റി കൂടുതൽ അറിയണമെന്ന് തോന്നിയപ്പോൾ   സഹപ്രവർത്തകനോട്  അന്വേഷിച്ചു .  അതിനൊരു കാരണമുണ്ടായിരുന്നു. 


ആ സ്വാമി അവിടെ നിന്ന് പോയെന്നാണ് പറഞ്ഞത്.  ഒരു ദിവസം അതിലെ പാഞ്ഞു പോയ ഒരു നായ  സ്വാമിയെ കടിച്ചു കീറിയത്രെ .  അപ്പോഴും അയാൾ  നിര്മമനായി  അത് സഹിച്ച്‌ നിന്നു  എന്നാണ് പറഞ്ഞത്.  നായ്ക്കറിയില്ലല്ലോ  സ്വാമിക്ക് സിദ്ധികളുള്ള കാര്യം.  പക്ഷെ , നാട്ടുകാർ   സ്വാമിയെ പൊക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി.  അവിടെ നിന്നും സ്വാമിയുടെ അനിയൻ വന്നു കൂട്ടിക്കൊണ്ടു പോയി  എന്നറിഞ്ഞു.


കുറെ മുമ്പ് നടന്നതാണ് . പക്ഷെ,  എല്ലാ പരീക്ഷകൾക്കും റാങ്ക് കിട്ടിയ , ഒന്നും ചെയ്തതായി കേട്ടിട്ടില്ലാത്ത  ഒരു  സിവിൽ സർവീസ് കാരനെ സ്തുതിച്ച് കൊണ്ട്  ഒരു  വാട്സാപ്പ് മെസേജ് ഇന്നലെ അയച്ചു കിട്ടിയപ്പോൾ  എനിക്ക് ഈ സ്വാമിയെ ഓർമ്മ വന്നു. എന്തുകൊണ്ടായിരിക്കും  ഒന്നും ചെയ്യാ സ്വാമിമാരെ  ജനങ്ങൾ ആരാധിക്കുന്നത് ? 



1 comment:

Cv Thankappan said...

ആർക്കുമൊരുപദ്രമില്ലാത്തവർ...
ആശംസകൾ