ഐ ക്യൂ സ്‌കോർ അനുസരിച്ച് ബുദ്ധിമാന്ദ്യത്തെ നാല് വിഭാഗമായി തിരിച്ചിട്ടുണ്ട് . ലഘുവായ ബുദ്ധിമാന്ദ്യം, ഇടത്തരം ബുദ്ധിമാന്ദ്യം, കടുത്ത ബുദ്ധിമാന്ദ്യം, അതിതീവ്രമായ ബുദ്ധിമാന്ദ്യം എന്നിങ്ങനെ.
അമ്പതിനും എഴുപതിനും ഇടക്ക് ഐ ക്യൂ ഉള്ള കുട്ടികളെയാണ് ലഘുവായ ബുദ്ധിമാന്ദ്യം - Mild mental retardation - എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ളത്. ഈ വിഭാഗത്തിൽ പെട്ടവർക്ക് ഏകദേശം സാധാരണ ജീവിതം നയിക്കാൻ പറ്റുന്നു. സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി ആര്ജിക്കെടുക്കാനും പറ്റുന്നു. പരിശീലനത്തിന്റെ ആവശ്യം ചില കാര്യങ്ങളിൽ ഒരു സാധാരണ ബുദ്ധിശക്തി ഉള്ള കുട്ടിയേക്കാൾ ഉണ്ടാകാം. അത് പോലെ മറ്റുള്ളവരുടെ പിന്തുണയും കൂടുതലായി ആവശ്യമായി വരാം.
ഐ ക്യൂ 36 നും 49 നും ഇടയിൽ വരുന്ന കുട്ടികളാണ് ഇടത്തരം ബുദ്ധിമാന്ദ്യം- Moderate mental retardation - എന്ന വിഭാഗത്തിൽ വരുന്നത്. നിത്യ ജീവിത വൃത്തികൾ , അതായത്, ഭക്ഷണം കഴിക്കൽ, വസ്ത്രം ധരിക്കുന്നത് , ശരീരം ശുചിയാക്കുന്നത് ഇവർക്ക് പരിശീലനം ലഭിച്ചാൽ സാധിക്കും.
20 നും 35 നും ഇടയിൽ ഐ ക്യൂ ഉള്ളവരാണ് കടുത്ത ബുദ്ദ്ധിമാന്ദ്യം ഉള്ളവർ -Severe mental retardation -എന്ന വിഭാഗത്തിൽ പെടുന്നത് . ഈ വിഭാഗത്തിൽ പെടുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് വരെ മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നു.
ഇരുപതിൽ താഴെ ഐ ക്യൂ വരുന്നവർക്ക് - Profound mental retardation - എല്ലാ കാര്യങ്ങളിലും സഹായം വേണ്ടി വരും.
ബുദ്ധിമാന്ദ്യത്തിന്റെ കൂടെ പല പ്രശ്നങ്ങളും കാണാറുണ്ട് . കുട്ടികളിൽ പലപ്പോഴും അമിതമായ വികൃതി കാണപ്പെടുന്നു.
തലച്ചോറിന്റെ വളർച്ചയിലുണ്ടാകുന്ന തകരാറാണ് ബുദ്ധിമാന്ദ്യത്തിന്റെ പ്രധാന കാരണമെന്നതിനാൽ അപസ്മാരരോഗം ഉൾപ്പെടെ പല രോഗങ്ങളും ഇവരിൽ കാണാറുണ്ട് . സൈക്കോസിസ് ഉൾപ്പെടെ മനോരോഗങ്ങളും ഉണ്ടാകാം. വിഷാദത്തിനും ഉൽക്കണ്ഠാ രോഗങ്ങൾക്കും സാധ്യത കൂടുതലാണ് .
ബുദ്ധിമാന്ദ്യമുള്ളവർക്ക് എപ്പോഴും ശ്രദ്ധയും പരിചരണവും പരിശീലനവും വേണ്ട സ്ഥിതി രക്ഷിതാക്കൾക്ക് അതിയായ സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനോടൊപ്പം ബുദ്ധിമാന്ദ്യമുള്ളവരുടെ ഭാവിജീവിതത്തെപ്പറ്റിയുള്ള ചിന്തകൾ അടുപ്പമുള്ളവർക്ക് കടുത്ത വേവലാതി ഉണ്ടാക്കുന്നതാണ് .
നിർഭാഗ്യവശാൽ , നമ്മുടെ സമൂഹം , അഥവാ സർക്കാർ , ബുദ്ധിമാന്ദ്യമുള്ളവരുടെ പ്രശ്നങ്ങളിൽ ആവശ്യമുള്ള ഇടപെടലുകൾ നടത്തുന്നില്ല. ഉള്ള സൗകര്യങ്ങൾ പരിമിതമാണ് .
ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികളുടെ ബുദ്ധിമാന്ദ്യം ഒളിച്ചു വെക്കരുതെന്ന് നാം പറയുന്നതിൽ അർത്ഥമില്ല. ബുദ്ധിമാന്ദ്യം നേരത്തെ കണ്ടെത്തേണ്ടതിനാവശ്യമായ ബോധവൽക്കരണം പ്രധാനമാണ് . ആവശ്യമായ ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാകേണ്ടതാണ്. ബുദ്ധിമാന്ദ്യം ഉള്ള എല്ലാ കുട്ടികളുടെയും പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം ആയിരിക്കേണ്ടതാണ് .
1 comment:
നല്ലറിവുകൾ
ആശംസകൾ
Post a Comment