Tuesday, July 16, 2019

തല്ല്



" സാറിനെന്നെ ഓർമ്മയുണ്ടോ ? "
അയാൾ ചോദിച്ചു
നേരം രാവിലെയാണ് , സൈക്യാട്രി വിഭാഗം ഓ പി യിൽ തിരക്കായി തുടങ്ങിയിട്ടില്ല, ഒരു ചെറിയ നോട്ട് ബുക്കും ഒരു ഓ പി ടിക്കറ്റും അയാൾ മേശപ്പുറത്ത് വെച്ചു.
അതിനു ശേഷം സ്റ്റൂളിൽ ഇരുന്നു.
ഞാൻ അലസമായി ഒന്ന് മൂളിയതേയുള്ളൂ , അയാളെ ഞാൻ എങ്ങനെ മറക്കാനാണ് ?
" ഞാൻ നിങ്ങളെ തല്ലാൻ ഓടിയിരുന്നു " - തന്റെ കറുത്ത കട്ടിമീശയിൽ തടവിക്കൊണ്ട് അയാൾ പറഞ്ഞു.
എനിക്ക് അത് കൃത്യമായി ഓർമ്മയുണ്ടായിരുന്നു , എങ്കിലും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .
അയാളായിരുന്നില്ലല്ലോ , അയാളുടെ അസുഖമായിരുന്നല്ലോ എന്നെ തല്ലാൻ വന്നത് .
അന്ന് എന്റെ നെഞ്ചത്തുണ്ടായ ഇടിപ്പുകൾ ഞാൻ എങ്ങനെ മറക്കാനാണ്
ഒരു പത്തിരുപത്തിനാല് വയസുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ.
തടിച്ചുരുണ്ട് , നല്ലൊരു മീശക്കാരൻ , തികച്ചും അരോഗദൃഢഗാത്രൻ ।
അയാൾ എന്നെ തല്ലാൻ ഓങ്ങിയത് എന്തിനായിരിക്കും ? ശരിക്കും അത് അയാളോട് തന്നെ ചോദിക്കാമായിരുന്നു
അയാൾ അത് ഓർമ്മിക്കുന്നുണ്ടാകും. തല്ലാൻ ഓടിയ കാര്യം അയാൾക്ക് നല്ല ഓർമ്മയുണ്ടല്ലോ ...
അയാൾക്ക് ഇനി തല്ലേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല . അയാളും ഞാനുമായി ഒരു ബന്ധവുമില്ലായിരുന്നു . അയാളെ ചികിൽസിച്ച യൂണിറ്റിൽ ഞാൻ ഇല്ലായിരുന്നു . അയാൾ വേറെ യുണിറ്റിലായിരുന്നു .
പക്ഷെ, വാർഡിൽ കിടക്കുന്നതിനു മുമ്പ് തന്നെ എനിക്ക് അയാളെപ്പറ്റി അറിയാമായിരുന്നു , കലാകാരനായ ഒരു ചെറുപ്പക്കാരൻ , പോലീസുകാരിൽ നിന്നും ചില നാട്ടുകാരിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെപ്പറ്റി ഒരാൾ അതീവ വികാര നിർഭരമായി ഫേസ്‌ബുക്കിൽ എഴുതി ..
അയാൾ അന്ന് വാർഡിൽ എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ . ഉച്ചക്ക് ശേഷം ഞാൻ വാർഡിന്റെ സൈഡ് റൂമിലിരുന്ന് എന്തോ എഴുതുകയായിരുന്നു . അപ്പോഴാണ് ആ ചെറുപ്പക്കാരൻ ഒരു കൊടുങ്കാറ്റു പോലെ ഞാനിരിക്കുന്ന മുറിയിലേക്ക് ഓടി വന്നത് ..
അയാൾ ആദ്യം ചെയ്തത് വാതിൽ ഉള്ളിൽ നിന്ന് കൊളുത്തിടുകയായിരുന്നു . എനിക്ക് മനസിലായി , അയാൾ എന്നെ തല്ലാൻ പോകുന്നു . ഞാൻ ഓടി , മുറിക്ക് സാമാന്യം വലുപ്പമുണ്ട് . റൂമിനു മറ്റു രണ്ട് വാതിലുകളുണ്ട് . നിർഭാഗ്യമെന്നു പറയട്ടെ , രണ്ടും മറ്റേ വശത്ത് നിന്ന് കൊളുത്തിട്ടിരുന്നു ..
പിന്നീട് ഞാൻ നടുക്കുള്ള മേശക്കു ചുറ്റും ഓടാൻ തുടങ്ങി , അയാൾ പുറകെയും . സത്യത്തിൽ ആ മേശ അത്ര കനമുള്ളതൊന്നും ആയിരുന്നില്ല ,.അയാൾക്ക് നിഷ്പ്രയാസം അത് തള്ളി മാറ്റാവുന്നതേയുള്ളൂ .
ഒരു മൂന്നു നാല് പ്രാവശ്യം ഞങ്ങൾ മേശക്ക് ചുറ്റും കറങ്ങിക്കാണും , പെട്ടെന്ന് പുറത്ത് നിന്ന് ആരോ ഉച്ചത്തിൽ തുമ്മി , അയാളുടെ ശ്രദ്ധ ഒരു നിമിഷം തെറ്റി.
ആ പഴുതിന് ഞാൻ ഞാൻ വാതിലിന്റെ കൊളുത്ത് തുറന്ന് പുറത്തേക്ക് ഓടി , പുറത്തെത്തി , കൂൾ എന്ന് ഭാവിച്ച് , പതുക്കെ നടന്നു പോയി , ഇന്ത്യൻ കോഫീ ഹൗസിൽ പോയി , നിറയെ ബീറ്റ്‌റൂട്ട് ഉള്ള ഒരു മസാലദോശയും കഴിച്ച് , പിന്നീട് വീട്ടിൽ പോയി . വാർഡിലേക്ക് തിരിച്ചു പോയതേയില്ല
ഇക്കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ഒരു സുഹൃത്തിന്റെ വീട്ടു കൂടലിനു പോയി തിരിച്ച് വരുമ്പോൾ , പുല്പള്ളിക്കുള്ള ഒരു സൂപ്പര്ഫാസ്റ് ബസിൽ എന്റെ തൊട്ടിപ്പുറം അയാളെ കണ്ടു . അയാൾ എന്നോട് ജസ്റ് ലോഹ്യം പറയുക മാത്രം ചെയ്തു . അയാൾ നന്നായി പോകുന്നു . ക്രിയാത്മകമായ ഒരു ജീവിതം നയിക്കുന്നു എന്ന് എനിക്ക് തോന്നി ..
ചികിത്സയെടുക്കുന്നവരെ കാണുമ്പോൾ സൈക്യാട്രി ഒരു വിജയമാണെന്ന് തോന്നാറുണ്ട്
ആക്രമിക്കപ്പെടാവുന്ന റിസ്ക് ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു , മാനസികരോഗാരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാസം തോറും നൂറു രൂപ റിസ്ക് അലവൻസ് കൊടുക്കുന്നത് . സത്യത്തിൽ ഇപ്പോൾ ഡോക്ടർക്ക് തല്ലു കിട്ടാനുള്ള റിസ്ക് മറ്റു ആശുപത്രികളിലാണ് കൂടുതൽ ഉള്ളത്

No comments: