Thursday, February 15, 2018

സാക്ഷിക്കൂട്

 " ആ പെണ്ണുങ്ങളും ഞാനുമായി  എന്താണ് ബന്ധം ?"

" ആ പെണ്ണുങ്ങളും നിങ്ങളുമായി എന്താണ് ബന്ധം ? എനിക്കറിയില്ല.. "

കോടതിയിൽ മൊഴി കൊടുത്തിറങ്ങി  , ഓഫീസിൽ ചെന്ന്  വന്നതിന്റെ സർട്ടിഫിക്കറ്റ് വാങ്ങി പുറത്തേക്ക് നടന്നതാണ് . കോടതിയിൽ നിന്നിറങ്ങി ഒരു ചായ കുടിക്കണമെന്ന് തോന്നി. സത്യത്തിൽ ഒരു മഗ്‌ തണുത്ത ബിയർ കുടിക്കണമെന്നാണ് തോന്നിയത്. വിയർത്തൊലിക്കുന്നുണ്ടായിരുന്നു.

സമൻസ് കിട്ടി ദൂരെ നിന്ന് വന്നതാണ് .

അപ്പോഴാണ് അയാൾ പുറകെ ഓടി വന്ന ചോദിക്കുന്നത്.. - അവരും ഞാനുമായി എന്ത് ബന്ധം ?

അയാളെ ഞാൻ പ്രതിക്കൂട്ടിൽ കണ്ടിരുന്നു. മുഖത്ത് നിറയെ ആകാംക്ഷയായിരുന്നു. പ്രതിക്കൂട്ടിൽ നിന്നിറങ്ങി എന്റെ പുറകെ വന്നപ്പോഴും  അയാൾ അസ്വസ്ഥനായിരുന്നു.


 " ആ പെണ്ണുങ്ങളെ ഞാൻ ഇത് വരെ കണ്ടിട്ടു പോലുമില്ലല്ലോ ? പിന്നെന്തിനാണ്  എന്റെ കേസിൽ ആ പെണ്ണുങ്ങൾ കോടതിയിൽ വന്നത് ? "


ശാരീരികമായി കുറച്ച്  അവശതകളുള്ള ആ സ്ത്രീ എനിക്ക് ശേഷം സാക്ഷിക്കൂട്ടിലേക്ക് പതുക്കെ നടന്നു നീങ്ങുന്നത്  ഞാനും കണ്ടിരുന്നു. അവർ ആരെന്ന് എനിക്കും അറിയില്ലായിരുന്നു. 


എങ്കിലും ഞാൻ ഊഹിച്ചു. വീട് കേറി ആക്രമിച്ചു എന്നതായിരുന്നല്ലോ അയാളുടെ പേരിലുള്ള കേസ് . " വീട്  സാക്ഷ്യപ്പെടുത്താൻ വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ  വന്നതായിരിക്കാം അവർ ". ഞാൻ പറഞ്ഞു . അപ്പോഴും അയാൾക്ക് അത് ബോധ്യപ്പെട്ടതായി തോന്നിയില്ല.


അവരെ പിന്നീടൊരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറി ആയിരുന്നു അവർ .

കോടതിയിൽ ഹാജരാകണമെന്ന്  അറിയിപ്പ് കിട്ടിയത് മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. . കോടതിയിൽ  പോകുമ്പോൾ ഒരിക്കലും സ്വസ്ഥത കിട്ടാറില്ല. എന്തൊക്കെ കുരിശാണ് ഉണ്ടാകുക എന്നറിയില്ലല്ലോ . എഴുതിയിരുന്ന സർട്ടിഫിക്കറ്റിൽ കുഴപ്പമുള്ളതായി എനിക്ക് തന്നെ തോന്നിയിരുന്നു.

 ദൈവാനുഗ്രഹം. എന്നെ ക്രോസ് ചെയ്യാൻ പ്രതിഭാഗം വക്കീൽ ഉണ്ടായിരുന്നില്ല. ആരാണ്  ഹാജരാകുന്നതെന്ന് മജിസ്‌ട്രേട്  ഇഗ്ളീഷില്  ചോദിച്ചു. വെളുത്ത് കൊലുന്നനെയുള്ള  ഒരു പെൺകുട്ടി വക്കീൽ മടിച്ച് മടിച്ച് എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു - അഡ്വേക്കറ്റു  രാമൻ കുട്ടിയാണ് പ്രതിക്ക് വേണ്ടി ഹാജരാകുന്നത്.

എവിടെ രാമൻ കുട്ടി ?  പുച്ഛം  നിറഞ്ഞ ഒരു ചിരിയോടെ ജഡ്ജി ചോദിച്ചു.  അവിടെയുണ്ടായിരുന്ന വക്കീലന്മാരുടെയും  മുഖത്ത്  ചിരി പൊട്ടി. ആ പെൺകുട്ടി വക്കീലിന്റെ  മുഖം മാത്രം വിവർണ്ണമായി.

രാമൻ കുട്ടി വക്കീൽ  ബഞ്ചിനടിയിൽ നിന്നെങ്ങാൻ പൊങ്ങി വരുമോ എന്നായിരുന്നു എന്റെ പേടി. അങ്ങനെയൊന്നുമുണ്ടായില്ല.  രാമൻ കുട്ടി വക്കീൽ ഹാജറില്ല.


ആശ്വാസ നിശ്വാസങ്ങൾ വിട്ടു കൊണ്ട് ഞാൻ പുറത്തിറങ്ങി.
പ്രതിയോട്  എനിക്ക് സഹതാപം തോന്നിത്തുടങ്ങിയിരുന്നു.  വക്കീലില്ലാത്ത  ഒരാൾ കോടതിയിൽ   പ്രതിക്കൂട്ടിൽ ..


എന്നത്തേയും പോലെ തുടങ്ങിയ ഒരു ദിവസം. ഉച്ചക്ക് അയാളും അയൽക്കാരനും തമ്മിൽ  എന്തിനോ ഒരു കശപിശയുണ്ടായി . വൈകുന്നേരം വീട്ടിൽ നിന്ന് ഒരു കത്തിയെടുത്ത് അയാൾ അയൽക്കാരന്റെ വീട്ടിൽ ചെന്ന് അയാളുടെ തലക്ക് വെട്ടി.


ആശുപത്രിയിൽ കൊണ്ട് വരുമ്പോൾ അയാളുടെ തലയിൽ  ആഴത്തിലുള്ള  മുറിവുണ്ടായിരുന്നു. തലയോട്ടിയുടെ എല്ലു വരെ കാണാമായിരുന്നു.  എങ്കിലും വലിയ ബ്ലീഡിങ് ഒന്നുമുണ്ടായിരുന്നില്ല.

കുറച്ച് കഴിഞ്ഞപ്പോൾ മറ്റെയാളെയും കൊണ്ട് വന്നു. അയാൾക്കും എന്തൊക്കെയോ പരിക്ക് പറ്റിയിരുന്നു. ആരെങ്കിലും തല്ലിക്കാണും.

അയാളുടെ കോപം അപ്പോഴും അടങ്ങിയിരുന്നില്ല. അയാൾ ദേഷ്യത്തിൽ തുടർച്ചയായി പല്ലിറുമ്മിക്കൊണ്ടിരുന്നു. കൂടുതൽ കൂടുതൽ ആളുകൾ വന്ന് ആശുപത്രിയാകെ ബഹളമായപ്പോൾ  വെട്ടേറ്റയാളെ  റഫർ ചെയ്തു വിട്ടു.


 അന്നത്തെ  ആ ചൂടൻ മനുഷ്യനാണ്  ഒരു പാവത്തെപ്പോലെ  എന്റെ പുറകെ നടക്കുന്നത്.

ഞാൻ  അയാളോട്  അന്വേഷിച്ചു - " നിങ്ങൾ  വക്കീലിനെയൊന്നും കണ്ടിരുന്നില്ലേ ?"

" കണ്ടിരുന്നല്ലോ ? " നാലഞ്ചു ദിവസമായി ഷേവ് ചെയ്യാത്ത നരച്ച താടി തടവിക്കൊണ്ട് അയാൾ പറഞ്ഞു. " ഇന്നലെ കണ്ടു. ആയിരം രൂപ ഇന്നലെയും കൊടുത്തു.."

'' പക്ഷെ നിങ്ങൾക് വേണ്ടി വാദിക്കാൻ വക്കീലുണ്ടായിരുന്നില്ലല്ലോ ? " - ഞാൻ ചോദിച്ചു .

" ഉണ്ടായിരുന്നല്ലോ - സാർ  കണ്ടില്ലേ  ഒരു പെൺകുട്ടി വക്കീൽ  എഴുന്നേറ്റു നിന്ന് ഇഗ്ളീഷില്  വാദിക്കുന്നത് "

 വക്കീൽ ഹാജറില്ലെന്നാണ്  ഇൻഗ്ലീഷിൽ  വാദിച്ചതെന്ന് ഞാൻ പറയാൻ പോയില്ല.  എന്തിന് അയാളുടെ വിശ്വാസം നഷ്ടപ്പെടുത്തണം ?

കുറേക്കാലത്തിനു ശേഷം ബസ്സിൽ വെച്ച് എന്നെ കണ്ട അയാൾ പരിചയം പുതുക്കി. ആ കേസിൽ അയാളെ വെറുതെ വിട്ടത്രേ.

ഇന്നലെ ഒരാൾ കോടതി അനുഭവം എഴുതിയത് കണ്ടപ്പോൾ  ഓർമ്മ വന്നതാണ് .
കണ്ട അലവലാതി ജനങ്ങളൊക്കെ  ഇംഗ്ലീഷ്  പഠിച്ചാൽ വക്കീലന്മാർക്കും ഡോക്ടർമാർക്കും കിട്ടുന്ന  പൈസ കുറയുമെന്ന് തോന്നുന്നു 

No comments: