Sunday, April 22, 2018

കടപ്പുറത്ത്

കണ്ണൂരിലെ ഒരു കടപ്പുറത്ത് കാറ്റ് കൊള്ളാൻ പോയതാണ്.
ഒരു കൂട്ടുകാരനുമുണ്ടായിരുന്നു കൂടെ.--ഒരു ഫോട്ടോഗ്രാഫർ.
കടൽത്തീരത്ത് ആരുമുണ്ടായിരുന്നില്ല. അടുത്തുള്ള റിസോർട്ടിൽ നിന്നും ഇറങ്ങി വന്ന ഒരു സായിപ്പും മദാമ്മയും മാത്രമേയുള്ളു.
നേരം ഉച്ച കഴിഞ്ഞതേയുള്ളൂ.
തീരത്തു കൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു തോണിക്കാരനെ കണ്ടു. ഒരു ചെറിയ തോണിയാണ്. മദ്യപിച്ചതു പോലെ കാണപ്പെട്ട ഒരു സുഹൃത്തുമുണ്ട്.തോണിക്കാരൻ കുറച്ചു നേരം ഞങ്ങളെ നിരീക്ഷിച്ചു.
കുറച്ചു കഴിഞ്ഞ് തോണിക്കാരൻ ഞങ്ങളെ സമീപിച്ചു. തോണിയിൽ കടലിലൂടെ ഒരു മണിക്കൂർ കറങ്ങാം. 200 രൂപയേയുള്ളൂ.
ഞങ്ങൾക്ക് അത്തരം ഉദ്ദേശങ്ങളൊന്നുമില്ലെന്ന് തീർത്തു പറഞ്ഞു.ഞങ്ങൾ കടലു കാണാനും കാറ്റു കൊള്ളാനും മാത്രം വന്നവരാണ്.
തോണിക്കാരൻ വിടുന്നില്ല. അയാളുടെ സുഹൃത്തും അയാളുടെ കൂടെ കൂടി. കടൽ എത്ര മനോഹരമെന്നും കടൽ യാത്ര എത്ര രസകരമെന്നും വിവരിക്കാൻ തുടങ്ങി.റിസോർട്ടിൽ വരുന്നവർ സ്ഥിരമായി അങ്ങനെ പോകാറുണ്ട്.
എന്നിട്ടും ഞങ്ങൾ സമ്മതിച്ചില്ല.സുഹൃത്തിന്റെ ഗമണ്ടൻ ക്യാമറ കണ്ടെന്നു തോന്നുന്നു. അയാൾ പറഞ്ഞു - " കുറച്ചപ്പുറത്ത് ഒരു തുരുത്തുണ്ട്, അവിടെ പക്ഷികളൊക്കെയുണ്ട്".
എന്നിട്ടും ഞങ്ങൾക്ക് അവിടെ പോകണമെന്ന് തോന്നിയില്ല.. അവസാനം തോണീക്കാരൻ അലക്ഷ്യമായി കടലിലേക്ക് നോക്കിപ്പറഞ്ഞു - "ധൈര്യം ലേശം കുറവാണെന്നു തോന്നുന്നു."
ഇതു കേട്ടതും കൂട്ടുകാരൻ എന്നെയൊന്നു തോണ്ടി.- നമുക്ക് ആ തുരുത്തൊന്നു കണ്ടു വരാം. നല്ല സുന്ദരമായ തുരുത്തായിരിക്കും. ദേശാടനപ്പക്ഷികൾ വരുന്നുണ്ടാകും. വർണ്ണങ്ങളും വർണ്ണക്കൊക്കുകളുമുണ്ടാകും.
അങ്ങനെ ഞങ്ങൾ തോണിയിൽ കയറി പുറപ്പെട്ടു. കര അകന്നകലാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ തോണി ഒരു തുരുത്തായി മാറി.ആകെ വിയർക്കാനും നെഞ്ഞിടിക്കാനും തുടങ്ങി. ഞങ്ങൾ തോണിക്കാരനോട് പറഞ്ഞു - " ഇപ്പോൾ ഇത്ര മതി, ഇപ്പോൾ സമയമില്ല. തിരക്കുണ്ട്. തുരുത്തിൽ പിന്നീടൊരിക്കൽ പോകാം."
അങ്ങനെ ഞങ്ങൾ പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു - സമയമില്ലാത്തതുകൊണ്ടാണ്, അല്ലാതെ പേടിയുള്ളതു കൊണ്ടൊന്നുമല്ല. സമയമുണ്ടായിരുന്നെങ്കിൽ തീർച്ചയായും ആ തുരുത്തിൽ പോകുമായിരുന്നു. സത്യമായിട്ടും ഭയം കൊണ്ടല്ല."
വിരാമതിലകം - നമ്മെ കുപ്പിയിലിറക്കാനുള്ള സൈക്കോളജി ഈ ലോകത്തെ പലർക്കും നല്ല നിശ്ചയമുണ്ട്. കരുതിയിരുന്നില്ലെങ്കിൽ നമ്മുടെ പോക്കറ്റിലിരിക്കേണ്ട പൈസ മറ്റുള്ളവന്റെ പോക്കറ്റിൽ കിടക്കും.

No comments: