Tuesday, April 14, 2009

ഇരകള്‍ക്കു വേണ്ടി





















2002 ലെ ഗുജറാത്ത് കലാപത്തിന്റെ അന്തര്‍ നാടകങ്ങളേയും ഭരണകൂട ഇടപെടലുകളേയും കുറിച്ച് ഗുജറാത്തിലെ മുന്‍ അഡീഷണല്‍ ഡി.ജി.പി യുടെ വെളിപ്പെടുത്തലുകള്‍ ആണ്‌ ഇത്.
മലയാളിയായ ആര്‍.ബി.ശ്രീകുമാര്‍ ആണ്‌ ഈ ഉദ്യോഗസ്ഥന്‍.
ഭരണഘടനയോടാണ്‌ തന്റെ വിധേയത്വമെന്ന് വിശ്വസിച്ച ശ്രീകുമാര്‍ മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും നിയമവിരുദ്ധമായ നിര്‍‌ദ്ദേശങ്ങള്‍ അനുസരിച്ചില്ല.
അതിനദ്ദേഹം വേട്ടയാടപ്പെടുകയായിരുന്നു.
ഗോധ്റ സംഭവമുണ്ടായപ്പോള്‍ ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പി യായിരുന്നു ശ്രീകുമാര്‍.
അതൊരു ഗൂഢാലോചനയാണെന്ന മുന്‍ ധാരണയോടെയാണ്‌ ഭരണാധികാരികള്‍ പ്രശ്നത്തെ സമീപിച്ചത്.
പോലീസുകാര്‍ തുറന്ന മനസ്സോടെയും സത്യസന്ധമായും അന്വേഷണം നടത്തണമെന്നായിരുന്നു ശ്രീകുമാറിന്റെ നിര്‍ദ്ദേശം.
ഗോധ്ര സംഭവം പാക്കിസ്ഥാന്‍ ഗൂഢാലോചനയാണെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി അന്വേഷണം തുടങ്ങുന്നതിനു മുമ്പു തന്നെ പ്രഖ്യാപനം നടത്തി.
ഇന്റലിജന്‍സ് ബ്യൂറോ കൊടുത്ത വിവരമനുസരിച്ചായിരുന്നു അത്.
പര്യാപ്തമായ തെളിവുകളില്ലാതെയായിരുന്നു ചാടിക്കേറിയുള്ള ഈ നിഗമനം.
പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പറഞ്ഞത് ഹിന്ദു തിരിച്ചടിയുണ്ടാകുമെന്നാണ്‌.
പിറ്റേന്നത്തെ ബന്ദിനിടയില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിം ജനവിഭാഗത്തെ സംഘടിതമഅയി ആക്രമിക്കുകയായിരുന്നു.അതേ സമയം പോലീസ് നടപടിയൊന്നുമെടുക്കാതെ കാഴ്ചക്കാരായി ഇരിക്കുകയായിരുന്നു.സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത് ഹിന്ദുക്കളുടെ മനസ്സിനേറ്റ മുറിവ് പോലീസുകാര്‍ പങ്കു വെക്കുന്നുവെന്നും അതിനാല്‍ തന്നെ നടപടികളെടുക്കാന്‍ പോലീസിനു പരിമിതികളുണ്ടെന്നുമായിരുന്നു.
പോലീസിന്റെ മൗനാനുവാദത്തോടെ മുസ്ലിങ്ങളുടെ വംശീയ ഉന്മൂലനമാണ്‌ നടന്നത്.മുസ്ലിം സമുദായത്തിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സുരക്ഷിതരായിരുന്നില്ല.ഒരു മുന്‍ എം.പി ചുട്ടു കൊല്ലപ്പെട്ടു.
മൂന്നു ദിവസത്തേക്ക് ഹിന്ദുക്കളുടെ പ്രതികാരാഗ്നി കത്തിപ്പടരുമെന്നും അതില്‍ പോലീസ് ഇടപെടരുതെന്നും മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആരും മറുപടി പറഞ്ഞില്ല.ലഹള അടിച്ചമര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ആ നിര്‍ദ്ദേശം പിന്‍വലിച്ചു.പക്ഷെ,ഗോധ്രയില്‍ മരിച്ച അന്‍പത്തൊമ്പതു പേരുടേയും മൃതദേഹങ്ങള്‍ കത്തിയ ബോഗിയടക്കം ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ പ്രദര്‍‌ശിപ്പിക്കണമെന്ന ആശയം ഗോധ്ര ജില്ലാ കലക്‌ടര്‍ തന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് തടഞ്ഞു.തമിഴ് നാട്ടുകാരി ജയന്തി രവി ആയിരുന്നു നട്ടുല്ലുള്ള ആ ഉദ്യോഗസ്ഥ.

ബോഗി സഹിതം വിട്ടു കൊടുക്കാത്തതു കൊണ്ട് മൃതദേഹങ്ങള്‍ വാഹനത്തില്‍ കൊണ്ടു വന്ന് അഹമ്മദാബാദില്‍ പ്രദര്‍ശിപ്പിച്ചു.ദൈവത്തിനും മനുഷ്യനും നിരക്കാത്ത പ്രവര്‍ത്തിയായിരുന്നു അതെന്നാണ്‌ ശ്രീകുമാര്‍ പറയുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ വര്‍ഗീയലഹളകളില്‍ മരിച്ച ചരിത്രമുള്ള നഗരമാണ്‌ അഹമ്മദാബാദ്.പിറ്റേന്ന് അഹമ്മദാബാദില്‍ വ്യാപകമായ അക്രമം നടന്നു.പോലീസ് നോക്കി നില്‍ക്കുകയായിരുന്നു..മുകളില്‍ നിന്ന് ഓര്‍‌ഡര്‍ കിട്ടിയിട്ടില്ല..അക്രമികള്‍ ആ വിവരം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.പോലീസും നമ്മളും ഒന്നാണേയെന്ന മുദ്രാവാക്യം വ്യാപകമായി മുഴങ്ങി.നഗരത്തില്‍ കര്‍ഫ്യൂ ഏര്‍‌പ്പെടുത്താന്‍ പോലും പോലീസ് തയ്യാറായില്ല.
ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്നിട്ടും ശ്രീകുമാറിന് ഇതെല്ലാം നോക്കി നില്‍‌ക്കേണ്ടി വന്നു.ഇത് അദ്ദേഹത്തെ നിരാശയിലേക്കും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും നയിച്ചു.ഇതാണ്‌ അദ്ദേഹത്തെ നരേന്ദ്രമോഡി സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.സഹോദരസ്‌നേഹമാണ്‌ തന്നെ നിര്‍ഭയനാക്കിയതെന്ന് ശ്രീകുമാര്‍ പറയുന്നു.
നീതിപൂര്‍‌വം ശ്രീകുമാര്‍ തന്റെ ചുമതലകള്‍ നിര്‍‌വഹിച്ചു.അതിനദ്ദേഹം വേട്ടയാടപ്പെട്ടു.അതിന്റെ കഥകളാണ് ഈ പുസ്തകം.
read this blog also



6 comments:

അനില്‍@ബ്ലോഗ് // anil said...

ഇതൊന്നും വായിക്കാനുള്ള മനസ്സുറപ്പില്ലിപ്പോള്‍. ബി.പി കൂടിപ്പോകും.

anushka said...

ഇത്ര ഭീകരമായിരുന്നു സംഭവമെന്ന് ഈ പുസ്തകം വായിച്ചപ്പോഴാണ്‌ മനസ്സിലായത്.

പാവപ്പെട്ടവൻ said...

ബോഗി സഹിതം വിട്ടു കൊടുക്കാത്തതു കൊണ്ട് മൃതദേഹങ്ങള്‍ വാഹനത്തില്‍ കൊണ്ടു വന്ന് അഹമ്മദാബാദില്‍ പ്രദര്‍ശിപ്പിച്ചു.ദൈവത്തിനും മനുഷ്യനും നിരക്കാത്ത പ്രവര്‍ത്തിയായിരുന്നു
കിരാത വാഴ്ചയുടെ വിളഭു‌മിയാണ് ഗുജറാത്ത് ഇന്നും

വർക്കേഴ്‌സ്ഫോറം said...

ഇതു കൂടി നോക്കുക
http://workersforum.blogspot.com/2008/11/blog-post_16.html

വാഴക്കോടന്‍ ‍// vazhakodan said...

ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊന്നു തിന്നുന്ന കിരാതമായ ഒരു കാലം!
എന്ന് അവസാനിക്കും ഇത്. മനുഷ്യ സ്നേഹം എന്ന് പുലരും ആ ഭൂമിയില്‍!

ബിനോയ്//HariNav said...

പുസ്തകം വായിച്ചിട്ടില്ല. ശ്രീകുമാറുമായുള്ള വിശദമായ ഒരഭിമുഖം കഴിഞ്ഞ വര്‍ഷത്തെ മനോരമ ഓണപ്പതിപ്പില്‍ വായിച്ചിരുന്നു. മനസാക്ഷിയുള്ള ഏതൊരു മനുഷ്യനേയും ഞെട്ടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍. ഗുജറാത്തിലെ നരഭോജി സം‌ഘങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നരേന്ദ്രമോഡിയെന്ന നരാധമനാണത്രെ വികസനത്തിന്റെ അവതാരപുരുഷന്‍!