Saturday, April 18, 2009

പരിഛേദനം മനുഷ്യത്വരഹിതം





യഹൂദരുടെയും മുസ്ലിങ്ങളുടെയും ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ലിംഗാഗ്രചര്‍മ്മ പരിഛേദനം കാലഹരണപ്പെട്ട പ്രാകൃതാചാരമാണ് എന്ന് ജോസഫ് ലെവിസ് ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
യാതൊരു മൂല്യവുമില്ലാത്ത,ആശ്വാസകരമായ യാതൊരു ഘടകവുമില്ലാത്ത അപകടകരമായ ഈ ആചാരം ശാസ്ത്രീയമാണെന്ന മതപ്രചരണം കാപട്യമാണ്.
മതപരമായ നിബന്ധനകള്‍ക്കു വേണ്ടി കരുണയില്ലാതെ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ നിന്നും വിവേകബുദ്ധിയുള്ള മാതാപിതാക്കള്‍ പിന്‍‌മാറണം.പ്രാകൃത യഹൂദന് രക്തമാലിന്യത്തെക്കുറിച്ചുള്ള ഭീതിയില്‍ നിന്നാണ് പരിഛേദനം എന്ന അനാചാരത്തിന്റെ തുടക്കം.രക്‌തം യഹൂദര്‍ക്ക് വിലക്കായിരുന്നു.രക്തമാലിന്യത്തിനു പ്രായശ്ചിത്തം അനിവാര്യമായിരുന്നു.
ദൈവത്തെ പ്രീണിപ്പിക്കുന്നതിനായുള്ള ബലിയുടെ അളവ് കൂടുന്നതനുസരിച്ച് പാപമോചനത്തിന്റെ സാധ്യതയേറുന്നു.ദൈവത്തിനു നല്‍‌കുന്നതിന്റെ അളവ് കൂടുംതോറും ദൈവത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളുടെയും അളവ് കൂടുന്നു.അര്‍ച്ചനാ വസ്തുവിന്റെ മൂല്യം കൂടിയിരുന്നാല്‍ ദേവപ്രീതി സുനിശ്ചിതമാകുന്നു.അതിനാല്‍ പ്രാകൃതമനുഷ്യന്‍ ആദ്യജാതനെ അസൂയാലുവും കോപിഷ്‌ടനുമായ ദൈവത്തിനു ബലിയര്‍പ്പിച്ചു.ജീവബലി കഴിഞ്ഞാല്‍ അടുത്ത പ്രധാനപ്പെട്ട ബലി രക്തബലി ആയിരുന്നു.രക്തം പ്രാണന്റെ ആധാരമാണെന്നായിരുന്നു ധാരണ.അതിനാല്‍ തന്നെ മനുഷ്യജീവനു പകരം രക്‌തം ബലിയര്‍പ്പിച്ചാലും മതിയാകുമെന്ന് കരുതപ്പെട്ടിരുന്നു.അതിനാലാണ് ഗോത്രവും ദൈവവും തമ്മിലുള്ള ഉടമ്പടി പാലിക്കാനായി സുന്നത്തു കര്‍മ്മത്തിലൂടെ ചിന്തുന്ന രക്തത്തെ പ്രാകൃത യഹൂദര്‍ ദൈവത്തിനു ബലിയര്‍പ്പിച്ചിരുന്നത്.അത് പ്രതീകാത്മകമായ ഒരു പ്രാണബലിയായിരുന്നു.
രക്‌തബലി എങ്ങിനെ സുന്നത്ത് എന്ന അനാചാരമായി മാറി എന്ന് ലെവിസ് വിശദീകരിക്കുന്നു.
യഹൂദരുടെ ഈ പ്രാകൃതാചാരത്തില്‍ നിന്നാണ് സുന്നത്തു കര്‍മ്മം മറ്റു മതവിഭാഗങ്ങളിലെത്തിയത്.
ചില രോഗങ്ങള്‍ക്കെന്ന പോലെ അന്ധവിശ്വാസത്തിന് സാംക്രമിക സ്വഭാവമാണുള്ളത്.ശാരീരിക ആരോഗ്യത്തിന് വൃത്തി അനിവാര്യമെന്നതു പോലെ മാനസികാരോരോഗ്യത്തിന് അറിവ് അനിവാര്യമാകുന്നു.പാപത്തിനുള്ള ശിക്ഷയാണ് രോഗം എന്ന് വിശ്വസിക്കപ്പെട്ടിരുന്നു.ഈയൊരു അന്ധവിശ്വാസം പ്രബലമായിരുന്ന മധ്യശതകങ്ങളില്‍ വൈദ്യശാസ്ത്രത്തില്‍ യാതൊരു മുന്നേറ്റവുമുണ്ടായില്ല.
മതമുഷ്‌കിനെ മറികടക്കാന്‍ യുക്തിപരവും ശാസ്ത്രീയവുമായ സമീപനത്തിനായില്ലെങ്കില്‍ പുരോഗതി പ്രാപ്യമാകില്ല.ശാസ്ത്രം സത്യത്തെയും അതിന്റെ പ്രയോജനാത്‌മകതയേയും അന്വേഷിക്കുന്നു.എന്നാല്‍ മതത്തിന്റെ ഡോഗ്‌മയാകട്ടെ മാറ്റത്തെ തടയുക മാത്രമല്ല,അനിഷേധ്യമായ സത്യത്തിന് എതിര്‍ നില്‍ക്കുന്നതായ അന്ധവിശ്വാസങ്ങള്‍ക്ക് പിന്‍‌ബലമായി ചില ഒഴികഴിവുകളും വ്യാഖ്യാനങ്ങളും അന്വേഷിക്കുകയും ചെയ്യുന്നു.
സുന്നത്താചാരം ഇന്നും തുടര്‍ന്നു കൊണ്ടു പോകുന്നവര്‍ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നിരത്തിവെക്കുന്ന സംഗതികള്‍ അതിന്റെ ഉദ്ഭവത്തിനു കാരണക്കാരായ ആളുകള്‍ തീരെ ഭാവന ചെയ്യാത്തവയാണ്.യഹൂദ ആചാരമനുസരിച്ച് ജീവനില്ലാതെ പിറക്കുന്ന ശിശുവിനും അന്ത്യ കര്‍മ്മത്തിനു മുമ്പ് പരിഛേദനം ചെയ്യണം.അതു പോലെ ലിംഗാഗ്രചര്‍മ്മമില്ലാതെ പിറക്കുന്ന പിറക്കുന്ന ശിശുവിന്റെ മറ്റേതെങ്കിലും ശരീരഭാഗത്തു നിന്ന് ചോരയിറ്റിച്ച് രക്തമാലിന്യത്തിന് പ്രായശ്ച്ചിത്തം കണ്ടെത്തണം.അഗ്രചര്‍മ്മം അനാരോഗ്യത്തിനു ഹേതുവെന്നും അതു കൊണ്ടാണ് അതിനെ നീക്കം ചെയ്യുന്നതെന്നും സുന്നത്തുകാര്‍ വീമ്പടിക്കുന്നത് അസംബന്ധമാണെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം.
ആരോഗ്യപരമായ ഒരു കാരണവും സുന്നത്തിനു പുറകിലില്ലെന്നതാണ് സത്യം.പ്രയോജമക്ഷമതയുടെ കാര്യത്തില്‍ തര്‍ക്കമേതും അവശേഷിക്കാത്ത വിധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആരോഗ്യപരിപാലന നിഷ്ഠകള്‍ ജനങ്ങളെക്കൊണ്ട് അനുവര്‍ത്തിപ്പിക്കാന്‍ ഭരണാധികാരികള്‍ പാടു പെടുമ്പോഴാണ് ,ഇത്തരം നിര്‍‌ദ്ദേശങ്ങളൊന്നും അനുസരിക്കാത്ത ആളുകള്‍ ആരോഗ്യസം‌രക്ഷണത്തിനായി സുന്നത്ത് അനുഷ്‌ടിക്കുന്നത്.
മതം പ്രചരിപ്പിക്കുന്ന മാനസികവിഭ്രമങ്ങളുടെ കൂട്ടത്തിലാണ് സുന്നത്ത് എന്ന അന്ധവിശ്വാസം.ഇതിന്റെ പ്രചാരവും കൂടുതല്‍ ആളുകള്‍ ഇത് അനുവര്‍ത്തിക്കാനായി മുന്നോട്ട് വരുന്നതും ഏതെങ്കിലും യുക്തിയുടെയോ തെളിയിക്കപ്പെട്ട മൂല്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല.സത്യാവസ്ഥയെക്കുറിച്ച് ആലോചിക്കാന്‍ മെനക്കെടാതെ കണ്ണുമടച്ച് ആളുകള്‍ ഇത് പിന്‍‌തുടരുന്നുവെന്നേയുള്ളൂ.
അവഹേളനാംശം അധികമുള്ള ആചാരങ്ങളെ സ്വീകരിക്കാന്‍ ആളുകള്‍ ചിലപ്പോള്‍ കൂടുതല്‍ ഉല്‍‌സാഹം പ്രകടിപ്പിച്ചു കാണാറുണ്ട്.ദൈവത്തോടുള്ള സ്നേഹത്തിന്റെ പ്രകടനമായാണ് അവഹേളനങ്ങള്‍ സഹിക്കാനവര്‍ തയ്യാറാകുന്നത്.
ഒരുവന്റെ മതവിശ്വാസം ഏറുന്നതോടെ അവന്‍ ദൈവത്തിനു വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാകുന്നു.അവന്റെ അര്‍പ്പണബോധമാണ് അവിടെ പ്രകടമാകുന്നത്.യഹൂദവിശ്വാസത്തിന്റെ തുടര്‍ച്ചയായിത്തന്നെയാണ് ഇസ്ലാം മതവും പരിഛേദനം അനുശാസിച്ചത്.ഒരു മതക്കാര്‍ മറ്റൊരു മതത്തിന്റെ അന്ധവിശ്വാസം സ്വീകരിച്ചു എന്നതു കൊണ്ട് അത് അന്ധവിശ്വാസമല്ലാതാകുന്നില്ല.
ആരോഗ്യത്തിനും ശരീരശുദ്ധിക്കും ഇടയാക്കുന്ന ഒരു പ്രവൃത്തിയാണ് സുന്നത്തെന്ന് പറഞ്ഞു കൊണ്ട് അതിനെ ന്യായീകരിക്കുന്നതില്‍ അര്‍ഥമില്ല.പകരം സോപ്പിന്റെയും വെള്ളത്തിന്റെയും പ്രയോഗം മാനഹാനിയോ അപകടമോ വരുത്തി വെക്കുന്നില്ല.അവയുടെ ശുദ്ധീകരണക്ഷമതയെക്കുറിച്ച് ആര്‍ക്കും തര്‍ക്കം പറയാനുമാകില്ല.
സുന്നത്തിനെക്കുറിച്ച് പലരും പറയുന്നത് അത് ഒരു വൈദ്യശാസ്ത്രപ്രശ്‌നമാണെന്നതാണ്.അത് ഒരു വൈദ്യശാസ്ത്ര പ്രശ്‌നമേയല്ല.മതകര്‍മ്മമനുസരിച്ച് ഒരു ശിശുവിനെ സുന്നത്തിനു വിധേയമാക്കിയതിനു ശേഷം മാത്രമേ അതൊരു വൈദ്യശാസ്ത്രപ്രശ്‌നമാകുന്നുള്ളൂ.കിരാതസ്വഭാവമാര്‍ന്ന ആചാരത്തെത്തുടര്‍ന്ന് ശിശുവിന് സഹിക്കേണ്ടി വരുന്ന വേദന ലഘൂകരിക്കാനും മുറിവുണക്കാനും പഠിപ്പും പരിചയവമുള്ള ഒരു ഭിഷഗ്വരന്റെ സേവനം ആവശ്യമായി വരുന്നു.
സുന്നത്തിനു വിധേയനാകുന്ന ശിശു ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ് ചെയ്യുന്നത്.പക്ഷെ,ചെയ്യുന്നയാള്‍ അതിന് യോഗ്യതയുള്ള ആളല്ല.സുന്നത്ത് ഒരു വൈദ്യശാസ്ത്രപ്രശ്‌നമാണെങ്കില്‍ അത് എന്തു കൊണ്ട് ഒരു മതകര്‍മ്മമായി ആചരിക്കപ്പെടുന്നു?ഇതിന്റെ ആരോഗ്യപരമായ വശങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത മതാചാരങ്ങളില്‍ മാത്രം പരിശീലനം നേടിയ ഒരുവനെക്കൊണ്ട് ഈ കൃത്യം നിര്‍‌വഹിപ്പിക്കുന്നതെന്തു കൊണ്ട്?
വളരെക്കുറിച്ച് കുട്ടികളുടെ കാര്യത്തില്‍ മാത്രമേ വൈദ്യശാസ്ത്രപരമായി സുന്നത്ത് ആവശ്യമായി വരുന്നുള്ളൂ.
മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം സുന്നത്തു കര്‍മ്മം ചെയ്യുന്ന ഡോക്‌റ്റര്‍മാര്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നത്.ഈ ശസ്ത്രക്രിയയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മാതാപിതാക്കളെ ബോധ്യപ്പെടുത്താതെ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്‌ടര്‍ വൈദ്യശാസ്ത്ര സദാചാരത്തെ കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്.അഗ്രചര്‍മ്മത്തെ പിന്നിലേക്ക് എളുപ്പത്തില്‍ നീക്കാനാകുന്ന പക്ഷം സുന്നത്തിന്റെ ആവശ്യമില്ല എന്നാണ് വൈദ്യശാസ്ത്രവിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നത്.
തലക്കും കൈകാലുകള്‍ക്കും മറ്റു ശരീരഭാഗങ്ങള്‍ക്കുമെന്ന പോലെ ലിംഗത്തിനും എന്തെങ്കിലും ന്യൂനത ഉണ്ടായി എന്നു വരാം.അപ്പോള്‍ മാത്രമേ ശസ്ത്രക്രിയാവിദഗ്ദന്റെ കത്തി പ്രയോഗിക്കാവൂ.
നഖത്തിനടിയില്‍ അഴുക്കു പറ്റി നില്‍ക്കുന്നു എന്നതിനാല്‍ നാം കുട്ടികളുടെ വിരല്‍നഖങ്ങളെ പിഴുതു കളയാറില്ല.നാമവരെ വൃത്തിയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കയാണ് ചെയ്യുന്നത്.വൃത്തിക്കു വേണ്ടി നഖങ്ങളെ പിഴുതെറിയണം എന്നു പറയുന്നതു പോലെ അസംബന്ധം നിറഞ്ഞ ഒരുപദേശമാണ് അഗ്രചര്‍മ്മത്തെ അറുത്തു കളയണം എന്നത്.
വസ്തുതകള്‍ സുന്നത്തിനു പ്രബലമായി എതിര്‍ നില്‍ക്കുന്നു.നല്ല രീതിയില്‍ അനുഷ്‌ടിക്കപ്പെട്ടാല്‍ അതൊരു അംഗവൈകല്യം മാത്രമാകും.അവിദഗ്ദമായി ചെയ്താല്‍ അതൊരു ദുരന്തവുമാകും.ശസ്ത്രക്രിയയ്ക്ക് വ്യക്തമായ കാരണങ്ങള്‍ ഉള്ളതായിക്കാണുന്ന വിദഗ്‌ദനായ ഒരു ഭിഷഗ്വരന്റെ ഉപദേശത്തില്‍ മാത്രമേ വൈദ്യശാസ്ത്രം അതിന് അനുശാസിക്കുന്നുള്ളൂ.അത്തരം സന്ദര്‍ഭങ്ങള്‍ വിരളമാണ്,ശിശുക്കളുടെ കാര്യത്തില്‍ തീരെ വിരളം.
സുന്നത്ത് ലൈംഗികരോഗങ്ങള്‍ക്ക് പ്രതിവിധിയാണെന്ന വിശ്വാസവും അടിസ്ഥാനരഹിതമാണ്.കാന്‍‌സറിന് പ്രതിരോധമാണെന്നതാണ് സുന്നത്തിനനുകൂലമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വാദം.ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ലിംഗത്തില്‍ കാന്‍‌സര്‍ ബാധിക്കുന്നത് തീരെ വിരളമാണ്.അതിനാല്‍ കാന്‍‌സര്‍ ബാധിക്കാതിരിക്കാന്‍ അഗ്രചര്‍മ്മം കത്രിച്ചു കളയണമെന്ന് പറയുന്നത് തീരെ ന്യായീകരിക്കാനാകാത്ത കാര്യമാണ്.ഒരുവന്റെ കാന്‍‌സര്‍ ബാധ തടയുന്നതിനായി ഒരു ദശലക്ഷം പേരെ സുന്നത്തിനു വിധേയനാക്കുന്നത് അസംബന്ധമാണ്.ലിംഗാഗ്രകാന്‍‌സറിന്റെ അമ്പതിരട്ടിയാണ് സ്ത്രീകളുടെ സ്തനാര്‍ബുദത്തിന്റെ നിരക്ക്.സ്തനങ്ങള്‍ നീക്കം ചെയ്ത് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാറില്ലല്ലോ?
സുന്നത്തു കര്‍മ്മം പലപ്പോഴും അപകടകരം കൂടിയാണ്.വൈദ്യശാസ്ത്രപരമായി ഒരു യോഗ്യതയുമില്ലാത്തവരാണ് ഈ ശസ്ത്രക്രിയാകര്‍മ്മം ചെയ്യുന്നത്.അവിദഗ്ദമായ കത്തി പ്രയോഗം മൂലം അപകടങ്ങളും അണുബാധയുമെല്ലാം സാധാരണമാണ്.ശിശുവിന് രക്തസ്രാവം ഉണ്ടാക്കാവുന്ന അസുഖങ്ങള്‍ വല്ലതുമുണ്ടോ എന്നും അന്വേഷിക്കാറില്ല.രക്തസ്രാവം മൂലം കുട്ടികള്‍ മരിച്ച സംഭവങ്ങള്‍ ധാരാളമുണ്ട്.
പിറവിയില്‍ ഛേദിച്ചു കളയാന്‍ വേണ്ടിയാണ് മനുഷ്യര്‍ അഗ്രചര്‍മ്മത്തോടെ പിറക്കുന്നതെന്ന് കരുതുന്നത് അസംബന്ധമാണ്.അഗ്രചര്‍മ്മത്തിന് ശാരീരിക ധര്‍മ്മങ്ങളുണ്ട്.ലിംഗത്തിന്റെ സം‌രക്ഷണം എന്ന പ്രധാനധര്‍മ്മത്തിനു പുറമെ സംഭോഗാനന്ദം വര്‍ദ്ധിപ്പിക്കുന്നതിനും അഗ്രചര്‍മ്മം ഉതകുന്നു.മതഭ്രാന്ത് മൂലം സ്വയം നിര്‍ണ്ണയാവകാശമില്ലാത്ത കുട്ടിയുടെ ലിംഗാഗ്രചര്‍മ്മം നീക്കം ചെയ്യുന്നത് ക്രൂരമല്ലേ?

3 comments:

Anonymous said...

vallavanum kandichukalayattaydoo thanikkenna prashnam

Unknown said...

your think is very wrong.pls change your maind or see a saicatrist.

Anonymous said...

സുന്നത്ത്, ചേലാകർമ്മം കുട്ടികളോട് ചെയ്യുന്ന ബലാത്സംഗ കുറ്റം ആണെന്ന് എന്റെ ജീവനും സർവ്വസ്വം പണയം വെച്ച് തെളിയിക്കാം!..ലോകമേ മനസ്സാക്ഷി ചിന്താശേഷി മനുഷ്യർക്കാണ് ഉണ്ടാകേണ്ടത് നീ തെറ്റുതിരുത്തുമോ?.