Wednesday, April 1, 2009

പച്ച വിരല്‍























ശരിയായ ധര്‍മപ്രവര്‍ത്തികള്‍ പ്രകടനപരതയില്ലാത്തതാണ്.സുനാമിത്തിരയടിക്കുമ്പോഴും ഭൂകമ്പമുണ്ടാകുമ്പോഴുമെല്ലാം തങ്ങളുടെ അളവറ്റ സമ്പത്തില്‍ നിന്ന് ഒരു ഭാഗമെടുത്ത് ധര്‍മ്മപ്രകടനങ്ങള്‍ നടത്തുന്ന ആള്‍‌ദൈവങ്ങള്‍ ദൈവത്തില്‍ നിന്ന് ഏറെ അകലെയാണ്.


യഥാര്‍ഥ ദൈവസ്നേഹം പാവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്നു തെളിയിച്ച ഒരു മഹദ്‌വ്യക്തിയുടെ ജീവിത കഥയാണ് 'പച്ചവിരല്‍'.കന്യാസ്ത്രീ മഠമുപേക്ഷിച്ച് കീഴാളമണ്ണിലെത്തിയ ദയാഭായിയുടെ ജീവിത കഥയാണ് ഇത്.തയ്യാറാക്കിയിരിക്കുന്നത് വില്‍‌സണ്‍ ഐസക്ക് എന്ന പോലീസ് കോണ്‍‌സ്റ്റബ്‌ള്‍ ആണ്.

പാലാകടുത്ത പൂവരണിയില്‍ ജനിച്ച മേഴ്‌സി മാത്യു ആണ് പാവങ്ങള്‍ല്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദയാഭായി ആയി മാറിയത്.കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിനിടയില്‍ അവര്‍ കോണ്‍‌വെന്റുപേക്ഷിച്ച് ഗോത്രവര്‍ഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു.

യഥാര്‍ഥ മിഷണറി പ്രവര്‍ത്തനമെന്നത് ,കാറ്റും വെയിലും കൂസാതെ,ദുരിതം ജീവിതമായവരുടെ കൂടെ അവരുടെ ജീവിതം പങ്കിട്ടെടുക്കുകയാണെന്ന് ബോധ്യമുണ്ടായിരുന്ന അവര്‍ക്ക്,ആഘോഷങ്ങളുടെയും നിറപ്പകിട്ടിന്റേയും കോണ്‍‌വെന്റ് ഉപേക്ഷിക്കാതെ വയ്യായിരുന്നു.



ബി.എസ്.സി ബിരുദ ധാരിയായിരുന്ന അവര്‍ എം.എസ്.ഡബ്ല്യൂ ,എല്‍.എല്‍.ബി എന്നീ ബിരുദങ്ങള്‍ നേടിയത് അശരണര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഇടയിലാണ്.ബോംബെയിലെ ചേരിപ്രദേശങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അവര്‍ യുദ്ധകാല ദുരിത പ്രവര്‍ത്തനങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1981ല്‍ മദ്ധ്യപ്രദേശിലെ ചിന്ത്‌വാഡാ ജില്ലയിലെ തിന്‍സൈ എന്ന ഗോത്രവര്‍ഗ ഗ്രാമത്തിലെത്തിയ അവര്‍ ,പതിനഞ്ചു വര്‍ഷത്തോളം തിന്‍സൈയിലെ ആദിവാസികളോടൊപ്പം അവരിലൊരാളായി ജീവിച്ചു.അവരുടെ അവകാശങ്ങളും അഭിമാനവും സം‌രക്ഷിക്കുന്നതിനു വേണ്ടി പോരാടുകയും അവരുടെ ശാക്തീകരണപ്രക്രിയയില്‍ പങ്കാളിയാകുകയും ചെയ്തു.

ഗോത്രവര്‍ഗഗ്രാമങ്ങളിലൂടെ നിരന്തരം രാത്രികാലങ്ങളില്‍ പോലും യാത്ര ചെയ്തിട്ടുള്ള ദയാഭായി ഹിംസജന്തുക്കളെ പല തവണ നേര്‍ക്കു നേര്‍ കണ്ടു.പക്ഷെ,അവര്‍ പറയുന്നത് മനുഷ്യരെ മാത്രമാണ് ഭയപ്പെടേണ്ടതെന്നാണ്.ഫോറസ്റ്റിലും പോലീസിലും പഞ്ചായത്തിലും വിദ്യാഭ്യാസവകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഉദ്യോഗസ്ഥരുടെ നീതി നിര്‍‌വഹണം അവര്‍ വിവരിക്കുന്നത് നമ്മെ അസ്വസ്ഥരാക്കുന്നതാണ്.അധികാരകേന്ദ്രങ്ങളുടെ നേര്‍ക്കുള്ള നിരന്തരമായ പോരാട്ടത്തിന്റേയും അതിനനുഭവിച്ച യാതനകളുടേയും കൂടി കഥയാണ് പച്ചവിരല്‍.

3 comments:

kambarRm said...

അതേ..അതു തന്നെയാണു യഥാർത്ഥ സാമൂഹിക പ്രവർത്തനം..
ദാദാ ഭായിയെക്കുറിച്ച് ഇപ്പോഴാണു കേൾക്കുന്നത്..പകർന്ന് തന്ന പുതിയ അറിവുകൾക്ക് നന്ദി..
തുടരുക..,എല്ലാ ഭാവുകങ്ങളും നേരുന്നു.

SATHEESH T E said...

ദയാ ഭായി

Unknown said...

ഞാൻ രണ്ട് ദിവസം മുമ്പ് ഫ്ലവേഴ്സ് ചാനൽ പരിപാടിയായ കേമഡി ഉൾസവത്തിലാണ് ദയാഭായിയേ കുറിച്ച് അറിയുന്നത്.ദയാഭായി അറിയാൻ പറ്റിയി വളരെ നന്ദി അറിയിക്കുന്നു.