Saturday, July 18, 2009

SEX LIES AND VIDEO TAPES

കോടതിയില്‍ നമ്മുടെ സര്‍‌ക്കാരുകള്‍ വീണ്ടും വീണ്ടും തോറ്റു കൊണ്ടിരിക്കുന്നു.വിഴിഞ്ഞം ടെന്ററിന്റെ കാര്യത്തിലും സര്‍‌ക്കാരിന് തിരിച്ചടിയെന്ന് പത്രങ്ങള്‍ അത്യാഹ്‌ളാദത്തോടെയാണ്‌ എഴുതിയത്.സര്‍‌ക്കാര്‍ ജനങ്ങളുടെ പ്രതിനിധിയാണ്‌.സര്‍‌ക്കാര്‍ തോല്‍‌ക്കുമ്പോള്‍ സത്യത്തില്‍ ജനങ്ങളാണ്‌ തോല്‍‌ക്കുന്നത്.പക്ഷെ,സര്‍ക്കാരിന്റെ തോല്‍‌വി എപ്പോഴും ആഘോഷിക്കപ്പെടുന്നു.
കുറച്ചു കാലങ്ങള്‍‌ക്കു മുമ്പ് ഡല്‍‌ഹി സര്‍‌ക്കാരിനും ആഘോഷിക്കപ്പെട്ട ഒരു തോല്‍‌വിയുണ്ടായി.താമസമേഖലയിലെ അനധികൃതവാണിജ്യ സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി ഡല്‍‌ഹി സര്‍‌ക്കാരിന്‌ നിര്‍‌ദ്ദേശം നല്‍‌കി.നഗരവികസനത്തിന്‌ അനിവാര്യമായ ഒരു നടപടിയായാണ്‌ ഇത് വിലയിരുത്തപ്പെട്ടത്.വളരെ വര്‍‌ഷങ്ങളായി കച്ചവടം നടത്തിക്കൊണ്ടിരുന്നവര്‍ പെട്ടെന്നൊരു ദിവസം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാല്‍ അത് വലിയൊരു സാമൂഹ്യപ്രശ്‌നമായി മാറുമെന്ന് മനസ്സിലാക്കിയ ഡല്‍ഹി സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീലുമായി പോയി.പക്ഷെ,വിധി കര്‍‌ശനമായി നടപ്പിലാക്കിയിരിക്കണം എന്ന് നിര്‍‌ദ്ദേശിക്കുകയാണ്‌ കോടതി ചെയ്തത്.ആ വഴിക്കുതന്നെ സര്‍‌ക്കാരിനു നീങ്ങേണ്ടിയും വന്നു.

വളരെയേറെ പേര്‍ കച്ചവടം നിര്‍‌ത്തേണ്ടി വന്നു.കെട്ടിടനികുതിയെല്ലാമടച്ച് തങ്ങള്‍ നടത്തി വന്ന കച്ചവടങ്ങള്‍ അനധികൃതമായിരുന്നെന്ന് പലരും തിരിച്ചറിഞ്ഞത് അടച്ചു പൂട്ടിയപ്പോള്‍ മാത്രമായിരുന്നു.
കച്ചവടസ്ഥാപങ്ങള്‍ അടച്ചു പൂട്ടിയാലും ജനങ്ങള്‍ക്ക് സാധനങ്ങള്‍ വങ്ങാതിരിക്കാനാകില്ലല്ലോ.ഭക്ഷണം കഴിക്കാതിരിക്കാനും വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാനും ആരും തയ്യാറാകുന്നില്ല.നഗരത്തിലെ വന്‍‌കിടസ്ഥാപങ്ങള്‍ക്കാണ്‌ ഈ സ്ഥിതി ഉപകാരപ്പെട്ടത്.
നഗരത്തിലെങ്ങും ഷോപ്പിങ്ങ് മാളുകള്‍ ഉയരുകയായിരുന്നു.ബഹുരാഷ്‌ട്രക്കമ്പനികള്‍ ആയിരുന്നു മിക്കവാറും മാളുകള്‍ നടത്തിയിരുന്നത്.ഡല്‍‌ഹിയിലെ കച്ചവടമെല്ലാം ബഹുനില കച്ചവടകേന്ദ്രങ്ങളിലേക്ക് നീങ്ങി.ഇത്തരം മാളുകളില്‍ കച്ചവടത്തിനായി മുറി കിട്ടാനുള്ള വാടക കുത്തനെ ഉയരുകയായിരുന്നു.മാള്‍ ഉടമകള്‍ കോടിക്കണക്കിന്‌ രൂപ ലാഭമുണ്ടാക്കി.
ഈ ഇടപാടില്‍ കോടികള്‍ മാറി മറിഞ്ഞുവെന്ന് ചില പത്രങ്ങള്‍ ആരോപണമുയര്‍‌ത്തി.ഏറ്റവും ശ്രദ്ധേയമായ റിപ്പോര്‍ട്ട് മിഡ് ഡേ പത്രത്തിന്റേതായിരുന്നു.അതിനവര്‍ കോടതി കയറേണ്ടിയും വന്നു.


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍‌വാളിന്റെ മക്കള്‍ ഈ ഇടപാടില്‍ കോടികള്‍ സമ്പാദിച്ചു എന്ന് മിഡ് ഡേ തെളിവു സഹിതം ആരോപിച്ചു.
മാത്രമല്ല ജസ്റ്റിസ് സബര്‍ബാളിന്റെ ചില നിലപാടുകള്‍ സംശയകരമാണെന്നും അവര്‍ പറഞ്ഞു.ഈ ആരോപണത്തിന്റെ പേരില്‍ അവരെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കുകയാണ്‌ ചെയ്‌തത്.എഡിറ്ററടക്കം നാലു പേര്‍ക്ക് നാലു മാസത്തെ തടവുശിക്ഷ ലഭിച്ചു.
ജസ്റ്റിസ് സബര്‍‌വാളിന്റെ മക്കള്‍ക്ക് മൂന്നു കമ്പനികള്‍ ആയിരുന്നു ഉണ്ടായിരുന്നത്.കമ്പനി റജിസ്റ്റര്‍ ചെയ്തപ്പോള്‍ റജിസ്റ്റേര്‍ഡ് ഓഫീസായി കാണിച്ചിരുന്നത് കുടുംബത്തിന്റെ സ്വന്തം വീടാണ്‌.പിന്നീട് ജസ്റ്റിസ് സബര്‍‌വാളിന്റെ ഔദ്യോഗിക വസതിയുടെ വിലാസമാക്കി കമ്പനിയുടെ വിലാസം.
ഡല്‍‌ഹിയിലെ വാണിജ്യസ്ഥാപങ്ങള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് സബര്‍ബാള്‍ മുന്‍ കൈയെടുത്ത് തന്റെ ബഞ്ചിലേക്ക് മാറ്റിയെന്നും മിഡ് ഡേ ആരോപിക്കുന്നു.തനിക്കില്ലാത്ത അധികാരമാണ്‌ ജസ്റ്റിസ് ഇതിനു വേണ്ടി ഉപയോഗിച്ചത് എന്നും അവര്‍ പറയുന്നു.

വന്‍‌കിട മാളുകളുമായി ഭൂമി ഇടപാടുകളുണ്ടായിരുന്ന പുരുഷോത്തം റഗേരിയ,കാബൂള്‍ ചൗള എന്നിവരുമായി സബര്‍‌വാളിന്റെ മക്കളായ ചേതനും നിതിനും പാര്‍‌ട്‌ണര്‍ഷിപ് ഉണ്ടായിരുന്നു.റഗേരിയയും ചൗളയും കൂടി കോടിക്കണക്കിന്‌ രൂപയുണ്ടാക്കി.അതിന്റെ വിഹിതം ജഡ്ജിയുടെ മക്കള്‍‌ക്കും കിട്ടി.ജസ്റ്റിസിന്റെ ഔദ്യോഗികവസതിയില്‍ തന്നെയായിരുന്നു അപ്പോഴും അവര്‍ താമസിച്ചിരുന്നത്.
അമര്‍‌സിംഹ് ടേപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സബര്‍‌ബാള്‍ പത്രങ്ങളെ വിലക്കിയതിലും മിഡ് ഡേ സംശയങ്ങളുയര്‍‌ത്തുന്നു.സബര്‍‌വാളിന്റെ മക്കള്‍‌ക്ക് ഉത്തര്‍‌പ്രദേശ് സര്‍‌ക്കാര്‍ നോയ്‌ഡയില്‍ നിസ്സാരവിലക്ക് ഭൂമി വിറ്റതുമായി ഇതിനെ കൂട്ടി വായിക്കുന്നു.
ഡല്‍ഹിയില്‍ ജസ്റ്റിസ് സബര്‍ബാളിന്റെ മക്കള്‍ പതിനാറു കോടി രൂപ മുടക്കി വീടു വാങ്ങിയിരുന്നു.ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കപ്പെട്ടിട്ടില്ല.മാത്രമല്ല,ഈ ഇടപാടിന്റെ രേഖകളില്‍ അച്ഛന്റെ പേര്‍ തെറ്റായാണ്‌ കൊടുത്തിരിക്കുന്നതെന്നും ഇത് ബോധപൂര്‍‌വമായിരുന്നെന്നും ആരോപണമുണ്ട്.

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തീര്‍ച്ചയായും അഴിമതിയില്‍ മുങ്ങിയതല്ല.പക്ഷെ,നീതിന്യായകോടതികള്‍ വിമര്‍‌ശനത്തിന്‌ അതീതരാണെന്ന സങ്കല്പം അതിനെത്തന്നെ ദുര്‍ബലപ്പെടുത്തുന്നു.ജനാധിപത്യം യഥാര്‍‌ഥ അര്‍‌ഥത്തില്‍ നില നില്‍‌ക്കണമെങ്കില്‍ എല്ലാ സ്ഥാപങ്ങളും വിലയിരുത്തലുകള്‍‌ക്ക് വിധേയമായിരിക്കണം.വിമര്‍‌ശനങ്ങള്‍ക്കുള്ള അവകാശമില്ലെങ്കില്‍ ജനാധിപത്യവുമില്ല.മിഡ് ഡേ പ്രവര്‍‌ത്തകര്‍ക്ക് തടവുശിക്ഷ വിധിച്ചുകൊണ്ട് കോടതിയുടെ നിലപാട് പക്ഷെ ഇതായിരുന്നില്ല.ആരോപണങ്ങള്‍ തന്നെ കോടതിയലക്ഷ്യമാണ്‌,അതിന്റെ വസ്തുതകള്‍ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.ഈ നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്‌.
കേരളത്തിലെ പത്രങ്ങളെപ്പോലെ സംശയങ്ങളുടെ പുകമറകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുക എന്നതല്ല മിഡ്- ഡേ ചെയ്‌തത്..അവര്‍ യഥാര്‍ഥ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ തെളിവുകള്‍ ശേഖരിച്ച് ആക്രമണം നടത്തുകയാണ്‌ ചെയ്തത്.ഔദ്യോഗികരേഖകളും ടെലഫോണ്‍ സംഭാഷണങ്ങളുടെ റിക്കോര്‍ഡുകളുമടക്കം ഒരു പാട് തെളിവുകളും അവര്‍ നിരത്തിയിരുന്നു.ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും അവര്‍ തയ്യാറായിരുന്നു.നമ്മുടെ പത്ര പ്രവര്‍ത്തകരെപ്പോലെ,എന്നെ ഒരു കോടി പേര്‍ വായിക്കുന്നു,അതുകൊണ്ട് ഞാന്‍ മഹാന്‍ എന്നു പറഞ്ഞവരുമായിരുന്നില്ല അവര്‍.

അവലംബം-വിക്കി പീഡിയ,സനല്‍ ഇടമറുക്,ദ ഹിന്ദു,ലോയേര്‍സ് ഗില്‍‌ഡ്











No comments: