Sunday, July 12, 2009

ജിം കോര്‍ബറ്റിന്റെ ഇന്ത്യ





















ഭാരതത്തിന്റെ അതിമഹനീയമായ സംസ്കാരം തിരിച്ചറിഞ്ഞവരില്‍ പലരും വിദേശികളായിരുന്നു.
ഗ്രാമങ്ങളിലാണ്‌ ഭാരതത്തിന്റെ സംസ്കാരം കുടികൊള്ളുന്നത് എന്ന് തിരിച്ചറിയുകയും അതിനെ ആദരിക്കുകയും ചെയ്തിരുന്ന മഹദ്‌വ്യക്തികളിലൊരാളായിരുന്നു ജിം കോര്‍‌ബറ്റ്.
കടുവാ വേട്ടക്കാരനെന്ന നിലയില്‍ ലോകപ്രശസ്തനായ ജിം കോര്‍‌ബറ്റ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഭാരതത്തിലാണ്‌ ചെലവഴിച്ചത്.
അദ്ദേഹം നല്ലൊരു സാഹിത്യകാരനുമായിരുന്നു.മൈ ഇന്ത്യ,മാന്‍ ഈറ്റേര്‍‌സ് ഓഫ് കുമ‌ഊണ്‍ തുടങ്ങിയ കൃതികള്‍ ഇതിനു തെളിവാണ്‌.
കേണല്‍ എഡ്‌വേര്‍‌ഡ് ജയിംസ് കോര്‍‌ബറ്റ് 1875 ല്‍ നൈനിറ്റാളിലാണ്‌ ജനിച്ചത്.
ദീര്‍‌ഘകാലത്തെ പട്ടാള സേവനത്തിനു ശേഷം അദ്ദേഹം നൈനിറ്റാളില്‍ സ്ഥിരതാമസമാക്കി.
ഭാരതത്തിലെ ഗ്രാമീണരെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നിസ്വാര്‍‌ഥമായി ശ്രമിച്ചു.
ഒരു പ്രകൃതിസ്നേഹിയായിരുന്ന കോര്‍‌ബറ്റ് തന്റെ റൈഫിളിനിരയാക്കിയത് നരഭോജികളായ കടുവകളെ മാത്രമായിരുന്നു.
നിരാശ്രയരായ ഗ്രാമീണരേയും അവരുടെ വളര്‍‌ത്തു മൃഗങ്ങളേയും രക്ഷിക്കുകയായിരുന്നു കോര്‍‌ബറ്റ് ചെയ്തിരുന്നത്.
ബഹുമുഖപ്രതിഭയായിരുന്ന ജിം കോര്‍‌ബറ്റ് നല്ലൊരു പക്ഷിനിരീക്ഷകനുമായിരുന്നു.
ചിത്രകാരന്‍,ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ജിം കോര്‍‌ബറ്റ് തിളങ്ങി.
നാട്ടു രാജാക്കന്‍‌മാരൊക്കെ വെറുമൊരു വിനോദത്തിനു വേണ്ടി കടുവകളെ വേട്ടയാടിയപ്പോള്‍ അതിനെതിരെ ജിം കോര്‍‌ബറ്റ് പ്രതികരിച്ചു.കടുവകള്‍ വംശനാശം നേരിടുന്നുവെന്ന് ആദ്യമായി മുന്നറിയിപ്പ് നല്‍‌കിയത് കോര്‍‌ബറ്റ് ആയിരുന്നു.കടുവകളുടെ നാശത്തില്‍ നിരാശിതനായ കോര്‍‌ബറ്റ് ഇനി കടുവളെ കൊല്ലുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയായിരുന്നു.അദ്ദേഹം തന്റെ പ്രിയപ്പെട്ട തോക്കുകളെല്ലാം കുഴിച്ചു മൂടി.
രാം ഗംഗാ നാഷണല്‍ പാര്‍‌ക്കിനെ കോര്‍‌ബറ്റ് നാഷണല്‍ പാര്‍ക്ക് എന്ന് നാമകരണം ചെയ്തത് ജിം കോര്‍‌ബറ്റിനോടുള്ള ആദരസൂചകമായാണ്‌.
മൈ ഇന്ത്യ എന്ന ലളിതവും ഹൃദ്യവുമായ പുസ്തകത്തില്‍ ജിം കോര്‍‌ബറ്റ് ഭാരതത്തിലെ ഗ്രാമീണജീവിതത്തിന്റെ ലാളിത്യവും സത്യസന്ധതയും ഉയര്‍‌ത്തിക്കാണിക്കുന്നു.താന്‍ ജീവിച്ചത് നിഷ്‌കളങ്കരും സത്യസന്ധരും വിശ്വസ്തരും പ്രയത്നശാലികളുമായ ഭാരതീയരുടെ ഇടയിലാണെന്ന് പറയുന്ന കോര്‍‌ബറ്റ് അവരെപ്പറ്റിയാണ്‌ നമ്മോടു പറയുന്നത്.ഒരു പാട് സാഹസികകഥകള്‍ കോര്‍‌ബറ്റ് പറയുന്നുണ്ട്.പക്ഷെ,ഇതിന്റെയെല്ലാം അന്തര്‍‌ധാര ആത്മാര്‍ഥതയും സഹാനുഭൂതിയുമാണ്‌.കോര്‍‌ബറ്റ് വിവരിക്കുന്ന അനുഭവങ്ങള്‍ മിക്കതും ഗ്രാമീണജീവിതത്തിന്റെ ദുര്‍‌വിധികളുടെ നേര്‍‌ക്കുള്ള പോരാട്ടങ്ങളുടെ കഥയാണ്‌-അസുഖങ്ങള്‍,ദാരിദ്ര്യം,വന്യമൃഗങ്ങള്‍ തുടങ്ങിയ പലതിന്റേയും നേര്‍‌ക്കുള്ള പച്ച മനുഷ്യന്റെ യുദ്ധങ്ങളുടെ കഥ.

6 comments:

ജിവി/JiVi said...

ജിം കോര്‍ബറ്റിന്റെ മൈ ഇന്‍ഡ്യയില്‍ നിന്നുള്ള ഭാഗമാണെന്ന് തോനുന്നു പണ്ട് സ്ക്കൂളില്‍ പഠിച്ചത്. രണ്ട് സുഹൃത്തുക്കളില്‍ ഒരാളെ കടുവ ആക്രമിക്കുന്നതും മറ്റേയാളുടെ സാഹസികത അവരെ രക്ഷിക്കുന്നതുമായ ഒരു അനുഭവകഥ. അത് പഠിച്ചതുമുതല്‍ ജിം കോര്‍ബറ്റിനോട് ആദരവുണ്ട്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയണമെന്നും ആഗ്രഹിച്ചിരുന്നു. ഒരു പ്രയോറിറ്റി അല്ലാത്തതുകൊണ്ട് ഇന്നുവരെ അതിന് ശ്രമിച്ചില്ല. ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.

പ്രശോബ് [Prashob] said...

ഞാന്‍ കഴിഞ്ഞ ഓണത്തിന് ഞാന്‍ ഈ ബുക്ക് വാങ്ങിയിരുന്നു.അദ്ധേഹത്തിന്റെ സാഹസികത വളരെയേറെ ഇഷ്ടപ്പെട്ടു.

anushka said...

ഹരിയയുടേയും നര്‍‌വയുടേയും കഥ ഈ പുസ്തകത്തില്‍ നിന്നു തന്നെ.പുസ്തകം മുഴുവനായി വായിച്ചപ്പോള്‍ മനുഷ്യസ്നേഹത്തിന്റെ തലത്തില്‍ നിന്നു കൂടി ആസ്വദിക്കാന്‍ പറ്റി.സ്കൂള്‍ പാഠപുസ്തകത്തില്‍ വായിച്ചപ്പോള്‍ ഇതൊരു സാഹസികകഥയായി മാത്രമേ മനസില്‍ പതിഞിരുന്നുള്ളൂ.

Anuroop Sunny said...

എങ്ങനെയും ചിലര്‍,,
ജിമ്മുമാര്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.
ആശംസകള്‍.

വെള്ളെഴുത്ത് said...

വായിക്കാനായി എടുത്ത് മാറ്റി വച്ച പുസ്തകമാണ്..ഇനി വച്ചു താമസിപ്പിക്കുന്നില്ല. ഉടന്‍ വായിക്കുന്നു !

Anonymous said...

ഇങ്ങേരൊരു ടിന്റുമോന്‍ തന്നെ