Sunday, July 19, 2009

മദ്യപന്റെ സുവിശേഷം

ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും വിലക്കപ്പെട്ട കാര്യങ്ങളിലൊന്നാണ്‌ മദ്യപാനം.മദ്യപാനമടക്കമുള്ള ലഹരികളാല്‍ നശിച്ചു കൊണ്ടിരുന്ന ഒരു ജനസമൂഹത്തില്‍ പിറന്നു വീണതു കൊണ്ടാകണം ഇസ്ലാം മദ്യത്തിനെതിരായത്.കൊള്ളക്കാരനേയും തട്ടിപ്പുകാരനേയുംകാള്‍ വെറുക്കപ്പെട്ടവനായി മദ്യപനെ നമ്മുടെ സമൂഹം കാണുന്നതിനു പുറകിലും ഇസ്ലാമിന്റെ സ്വാധീനമാകാം. ഒരു ഓണക്കാലത്ത് മദ്യപിച്ച് റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്നവരുടെ ഫോട്ടോയെടുത്ത് തങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് പരിഹസിച്ച ബ്ലോഗര്‍‌മാരുണ്ടായിരുന്നു.ഇ-മെയിലിലൂടെ അത് പ്രചരിപ്പിച്ച് തങ്ങളെന്തോ വലിയ കാര്യമാണ്‌ ചെയ്യുന്നതെന്ന് വിചാരിച്ചവരുമുണ്ട്.നിയമപരമായും ധാര്‍മികമായും തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന ബോധം ബ്ലോഗിലും നെറ്റിലുമെല്ലാം കളിക്കുന്ന വിദ്യാസമ്പന്നര്‍ക്കില്ലാതെ പോയത് ദു:ഖകരമാണ്‌.മദ്യപന്റെ അന്തസ്സിനെ ആക്രമിക്കാനുള്ള ശ്രമത്തില്‍ ഇവര്‍ അറിയാതെ പോയതോ അവഗണിച്ചതോ ആയ ഒരു കാര്യമുണ്ട്.മദ്യപാനാസക്തി ഒരു രോഗമാണെന്നത്. മദ്യത്തിന്റെ ഉല്‍‌പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്.ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്‌ ഭാരതമെന്നത് ഇതിന്‌ ഒരു കാരണമാകാം.പല കാര്യങ്ങളിലും മുന്നിലായ കേരളത്തിന്‌ മദ്യത്തിന്റെ ഉപഭോഗത്തിലും ഒന്നാം സ്ഥാനമുണ്ട്.അതിനാല്‍ തന്നെ മദ്യപാനം മൂലമുള്ള പ്രശ്നങ്ങള്‍ കേരളത്തില്‍ വളരെ കൂടുതലാണ്‌.ആരോഗ്യപ്രശ്നങ്ങളും മറ്റ് സാമൂഹ്യപ്രശ്‌നങ്ങളും ഇതില്‍ പെടുന്നു. മദ്യപാനിയെ സമൂഹം ഒരു കുറ്റവാളിയായി കാണുന്നു.റോഡപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നത് മദ്യപനെങ്കില്‍ അതൊരു വിചിത്രമായ കാര്യമായി സമൂഹം കാണുന്നു.മദ്യപാനത്തെ വലിയൊരു സദാചാരപ്രശ്‌നമായി കാണുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.പക്ഷെ,സദാചാരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സത്യസന്ധതയുള്ള പാശ്‌ചാത്യ സമൂഹമാണ്‌ ഇതൊരു രോഗമാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും പരിഹാരമാര്‍ഗങ്ങള്‍ തേടിയതും. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികില്‍സ ആവശ്യമുള്ള ഒരു രോഗമാണ്‌.ഈ രോഗം ബാധിക്കുന്നതില്‍ കൂടുതല്‍ പുരുഷന്‍‌മാരാണ്‌.പക്ഷെ,സ്ത്രീകളിലും ഈ രോഗം കൂടി വരികയാണ്‌. മദ്യം പല രൂപത്തിലും പല ഭാവത്തിലും ലഭ്യമാണ്‌പക്ഷെ,എല്ലാ മദ്യത്തിന്റേയും അടിസ്ഥാന പദാര്‍ഥം ഈതൈല്‍ ആല്‍കഹോള്‍ അഥവാ എഥനോള്‍ ആണ്‌.ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങളായ വിസ്കി,ബ്രാണ്ടി,വോഡ്‌ക എന്നിവയില്‍ ഏകദേശം 40-45 ശതമാനം ആല്‍ക്കഹോളും ചാരായത്തില്‍ ഏകദേശം മുപ്പത്തഞ്ച് ശതമാനം ആല്‍‌ക്കഹോളും അടങ്ങിയിരിക്കുന്നു. ബിയറില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ്‌ ആല്‍‌ക്കഹോള്‍ ഘടകം.പനങ്കള്ള്,തെങ്ങിന്‍ കള്ള് എന്നിവയില്‍ ആല്‍‌ക്കഹോള്‍ ചെറിയ അളവിലേയുള്ളൂ. കഴിക്കുന്ന മദ്യത്തിന്റെ പത്തു ശതമാനം ആമാശയത്തില്‍ നിന്നും തൊണ്ണൂറു ശതമാനം ചെറുകുടലില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നു.കഴിച്ച ആഹാരത്തിന്റെ അളവ്,മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് തുടങ്ങി പല ഘടകങ്ങളും മദ്യത്തിന്റെ ആഗിരണത്തെ സ്വാധീനിക്കുന്നു.ഒരു മദ്യപാനത്തിനു ശേഷം 45 മുതല്‍ 60 മിനിട്ടിനുള്ളില്‍ മദ്യം ശരീരത്തില്‍ പരമാവധി അളവെത്തുന്നു.വെറും വയറ്റിലാണ്‌ മദ്യപാനമെങ്കില്‍ ആഗിരണം വേഗത്തില്‍ നടക്കുന്നു.രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന മദ്യം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നു.മിനിട്ടിനുള്ളില്‍ മദ്യം ശരീരത്തില്‍ പരമാവധി അളവെത്തുന്നു.വെറും വയറ്റിലാണ്‌ മദ്യപാനമെങ്കില്‍ ആഗിരണം വേഗത്തില്‍ നടക്കുന്നു.രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന മദ്യം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നു.മിനിട്ടിനുള്ളില്‍ മദ്യം ശരീരത്തില്‍ പരമാവധി അളവെത്തുന്നു.വെറും വയറ്റിലാണ്‌ മദ്യപാനമെങ്കില്‍ ആഗിരണം വേഗത്തില്‍ നടക്കുന്നു.രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന മദ്യം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നു.കരളാണ്‌ മദ്യത്തെ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.കഴിച്ച മദ്യത്തിന്റെ 90 ശതമാനവും കരള്‍ വിഘടിപ്പിച്ച് നിരുപദ്രവങ്ങളായ വസ്തുക്കളാക്കി ശരീരത്തില്‍ നിന്നും പുറം തള്ളുന്നു.പത്തു ശതമാനം ശ്വസനത്തിലൂടെയും മൂത്രത്തിലൂടെയും പുറത്തു പോകുന്നു. മദ്യം കുടലില്‍ നിന്ന് ആഗിരണം ചെയ്‌ത് രക്തത്തിലെത്തുമ്പോള്‍ കുറച്ചു സമയത്തേക്ക് സുഖകരമായ ഒരു അനുഭൂതിയുണ്ടാകുന്നു.തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ഏകാഗ്രത കുറയുകയും ചെയ്യുന്നു. മാംസപേശികളുടെ നിയന്ത്രണം കുറയുക,ചലനങ്ങള്‍ക്ക് നിയന്ത്രണം കുറയുക,സംസാരത്തിന്‌ കുഴച്ചില്‍ ഉണ്ടാകുക എന്നിവയും കാണുന്നു.മനസിന്റെ തടസങ്ങള്‍ കുറയുകയും നിയന്ത്രണം കുറയുകയും ചെയ്യും. മദ്യം ഒരു പാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.എല്ലാ അവയവങ്ങളേയും മദ്യം ബാധിക്കുന്നു.ദഹനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്‌.ആമാശയത്തിലേയും കുടലിലേയും സം‌രക്ഷണകവചങ്ങള്‍ക്ക് അമിതമദ്യപാനം നാശം വരുത്തുന്നു.അതിനാല്‍ വയറ്റിലെ പുണ്ണ് സ്ഥിരം മദ്യപാനികളില്‍ കൂടുതലായി കണ്ടു വരുന്നു. ഇത് രക്തം ഛര്‍ദ്ദിക്കല്‍ തുടങ്ങിയ സങ്കീര്‍‌ണതകളിലേക്ക് നയിച്ചേക്കാം.കുടലിലെ പുണ്ണ് ദ്വാരമായി മാറി വയറ്റില്‍ അണുബാധയുണ്ടാകുന്ന അവസ്ഥ അതീവ ഗുരുതരമാണ്‌.ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.മദ്യം കാര്യമായി ബാധിക്കുന്ന മറ്റൊരവയവം കരളാണ്‌. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന ഫാറ്റി ലിവര്‍ തുടക്കത്തിലുള്ള ഒരവസ്ഥയാണ്‌.പഴകിയ മദ്യപാനികളില്‍ കരളിലെ കോശങ്ങളുടെ നാശം കാരണം കരള്‍‌വീക്കം എന്ന ഗുരുതരമായ സ്ഥിതിയുണ്ടാകുന്നു.കരളിലെ രക്തപ്രവാഹത്തിനു തടസ്സം വരുന്ന സിറോസിസ് എന്ന ഗുരുതരാവസ്ഥയിലേക്ക് കരള്‍ വീക്കം നീങ്ങുന്നു.ഇത് ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു.സ്ഥിരമായി മദ്യപിക്കുന്നവരില്‍ പത്തു ശതമാനം മുതല്‍ മുപ്പതു ശതമാനം വരെ പേര്‍ക്ക് കരള്‍ രോഗം ബാധിക്കുന്നു.അതില്‍ പത്തു ശതമാനം പേര്‍ക്ക് മഹോദരം വരുന്നു. പന്‍‌ക്രിയാറ്റൈറ്റിസ് എന്ന ആഗ്നേയ ഗ്രന്ഥി വീക്കത്തിന്‌ പ്രധാനകാരണം അമിതമദ്യപാനം ആണ്.പാന്‍‌ക്രിയാറ്റൈറ്റിസ് ഗുരുതരമായ രോഗമാണ്‌.ശക്തിയായ വയറുവേദനയാണ്‌ പാന്‍‌ക്രിയാറ്റൈറ്റിസിന്റെ പ്രധാനലക്ഷണം.പനി,രക്തസമര്‍ദ്ദത്തിലുള്ള വ്യതിയാനം എന്നിവയും കണ്ടേക്കാം.ചിലര്‍ക്ക് ഇത് വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു.
സ്ഥിരമായി മദ്യപിക്കുന്നവരില്‍ ശരീരത്തിനാവശ്യമായ വിറ്റമിനുകളുടെ കുറവും രക്തക്കുറവും കാണുന്നു.മദ്യപാനം ഭക്ഷണത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ കാര്യമായി ബാധിക്കുന്നു.അതിനോടൊപ്പം ഭക്ഷണത്തെ അവഗണിക്കുന്ന മദ്യാസക്തരുടെ സ്വഭാവവും സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.ഇക്കാരണങ്ങളാല്‍ മദ്യപരില്‍ പ്രതിരോധശക്തി കുറവായി കാണപ്പെടുന്നു.അണുബാധകള്‍ മദ്യപരില്‍ കൂടുതലായി കാണപ്പെടാന്‍ ഒരു കാരണം ഇതാണ്‌.
ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപതി,മാംസപേശികളെ ബാധിക്കുന്ന മയോപതി,പേശികളുടെ ബലക്കുറവ് എന്നിവയും മദ്യപരില്‍ കൂടുതലായി കണപ്പെടുന്നു.അബോധാവസ്ഥയില്‍ ഛര്‍ദ്ദിക്കുന്നതു മൂലം ശ്വാസകോശത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ കടന്നുണ്ടാകുന്ന തരം ന്യൂമോണിയയും മദ്യപരില്‍ കൂടുതലായി കാണപ്പെടുന്നു.തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷി കുറയുന്നു.ഞരമ്പുകളെ മദ്യം ബാധിക്കുന്നതു മൂലവും വിറ്റമിന്‍ കുറവുകള്‍ മൂലവും തരിപ്പ്,കൈ കാല്‍ പുകച്ചില്‍ എന്നിവ പലരിലും കാണുന്നു. മദ്യം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പലരും കരുതുന്നു.മനസ്സിന്റെ തടസങ്ങളെ അതിജീവിക്കാന്‍ മദ്യം സഹായിച്ചേക്കാം.എന്നാല്‍ സ്ഥിരമായ മദ്യപാനം ലൈംഗികശേഷിയില്‍ കാര്യമായ ആഘാതം ഏല്‍‌പ്പിക്കുന്നു. ശാരീരിക രോഗങ്ങളെപ്പോലെ മാനസികരോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കാണുന്നു.ആത്മഹത്യാനിരക്ക് പൊതുസമൂഹത്തെക്കാള്‍ മദ്യപിക്കുന്നവരില്‍ കൂടുതലാണ്‌.വിഷാദരോഗം,ജീവിതപങ്കാളിയെപ്പറ്റിയുള്ള സംശയത്തോടുകൂടിയുള്ള സംശയരോഗം എന്നിവ മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടു വരുന്നു. ഗര്‍ഭിണികളുടെ മദ്യപാനം കുഞ്ഞുങ്ങളെ ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.കുഞ്ഞുങ്ങളില്‍ പല തരം ശാരീരിക വൈകല്യങ്ങള്‍ക്ക് അത് കാരണമാകുന്നു. മദ്യപാനശീലം രോഗമായി മാറുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘട്ടം മദ്യത്തിനോടുള്ള അടിമത്തമാണ്‌.മദ്യപിക്കാനുള്ള ശക്തിയായ ആഗ്രഹം,സ്വന്തം ഇഷ്‌ടപ്രകാരം മദ്യം നിര്‍ത്താനോ അളവ് കുറക്കാനോ കഴിയാത്ത അവസ്ഥ,മദ്യം കിട്ടാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അവശതകള്‍,കഴിച്ചു കൊണ്ടിരിക്കുന്ന മദ്യം കൊണ്ട് കിട്ടുന്ന ലഹരി കുറഞ്ഞു വരികയും അതിനാല്‍ മദ്യത്തിന്റെ അളവ് കൂട്ടേണ്ടി വരികയും ചെയ്യുക,മറ്റു കാര്യങ്ങളൊന്നും ജീവിതത്തില്‍ സന്തോഷം നല്‍‌കാതിരിക്കുകയും മദ്യം മാത്രം ആനന്ദം നല്‍കുകയും ചെയ്യുക,മദ്യപാനം കൊണ്ട് പ്രകടമായ ദോഷങ്ങള്‍ ഉണ്ടാകുമ്പോഴും മദ്യം തുടരേണ്ടി വരിക എന്നിവ മദ്യത്തോടുള്ള അടിമത്തത്തിന്റെ ചില ലക്ഷണങ്ങളാണ്‌.എല്ലാ ലക്ഷണങ്ങളും കണ്ട് കൊള്ളണമെന്നില്ല.കുറേക്കാലമായി മദ്യം ഉപയോഗിച്ചു കൊണ്ടിരുന്നയാള്‍ മദ്യം നിര്‍ത്തുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കുന്നു.ചിലപ്പോഴൊക്കെ മദ്യത്തിന്റെ അളവ് കുറക്കുമ്പോഴും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നു.ഉറക്കക്കുറവ്,ദേഷ്യം പിടിക്കല്‍,തലവേദന,ക്ഷീണം,വിറയല്‍,അശരീരി ശബ്ദങ്ങള്‍ കേള്‍ക്കല്‍ തുടങ്ങിയ മിഥ്യാഭ്രമങ്ങള്‍,മായക്കാഴ്ചകള്‍,അപസ്മാരം തുടങ്ങിയവയെല്ലാമുണ്ടാകാം. മദ്യപാനം നിര്‍ത്തുന്നവരില്‍ ഉണ്ടാകുന്ന ഗുരുതരമായ ഒരു പ്രശ്‌നമാണ്‌ ഡലീറിയം ട്രമന്‍‌സ്.സാധാരണ മദ്യം നിര്‍ത്തി മൂന്ന് ദിവസത്തിനു ശേഷമാണ്‌ ഇതുണ്ടാകുന്നത്.സ്ഥലകാല വിഭ്രാന്തിയാണ്‌ ഇതിന്റെ പ്രധാന ലക്ഷണം.അശരീരി ശബ്‌ദങ്ങള്‍ കേള്‍ക്കല്‍,മായക്കാഴ്ചകള്‍ കാണല്‍,ഉയര്‍ന്ന രക്തസമര്‍ദ്ദം,അമിത വിയര്‍ക്കല്‍ എന്നിവ ഇതില്‍ കാണാം.നന്നായി ചികില്‍സിച്ചില്ലെങ്കില്‍ മരണകാരണം ആയേക്കാവുന്ന അവസ്ഥയാണ്‌ ഇത്.മദ്യമുപയോഗിക്കുന്ന ആളുകള്‍ കേസുകളിലകപ്പെട്ട് ജയിലില്‍ കിടക്കുമ്പോള്‍ ഡലീറിയം ട്രമന്‍സ് ബാധിച്ച് മരിക്കുന്നത് സാധാരണ സംഭവമാണ്‌.ലോക്കപ് മര്‍ദ്ദനത്തിന്റെ ഫലമായി തടവുകാരന്‍ മരിച്ചു എന്നു ചിത്രീകരിക്കപ്പെടുകയും ജയിലുകളില്‍ ആവശ്യത്തിന്‌ ചികില്‍സാ സൗകര്യങ്ങളില്ല എന്ന അവസ്ഥ അവഗണിക്കപ്പെടുകയും ചെയ്യുന്നതാണ്‌ സാധാരണ സംഭവിക്കാറുള്ളത്.. യൗവനത്തിന്റെ തുടക്കത്തിലാണ്‌ മിക്കവാറും പേര്‍ മദ്യം ഉപയോഗിച്ച് തുടങ്ങാറുള്ളത്.കൂട്ടുകാരുടെ കൂടെയോ,പാര്‍ട്ടികളിലോ കുടുംബപരിപാടികളിലോ ആണ്‌ സാധാരണ മദ്യപാനത്തിന്റെ തുടക്കം.ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടി വരുന്നതാണ്‌ മദ്യപാനരോഗത്തിന്റെ ആദ്യ ഘട്ടം.കഴിക്കുന്ന അളവും കുടിക്കുന്ന ദിവസങ്ങളും കൂടിക്കൂടി വരുന്നു.മദ്യപിച്ച സമയത്ത് ചെയ്‌തു കൂട്ടിയ കാര്യങ്ങള്‍ ബോധമുള്ള സമയത്ത് ഓര്‍ക്കാനാകാത്ത അവസ്ഥ പലരിലുമുണ്ടാകുന്നു.സ്വന്തം മദ്യപാനത്തിന്‌ കാരണം കണ്ടെത്തി ന്യായീകരിക്കുക,മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള സംഭാഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുക തുടങ്ങിയവ കാണാറുണ്ട്.തൊഴിലിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിത്തത്തിലും പ്രശ്‌നങ്ങള്‍ മദ്യപാനം കൊണ്ടുണ്ടാകുന്നു.ചിലപ്പോഴൊക്കെ കുറച്ചു കാലത്തേക്ക് മദ്യം നിര്‍ത്തി വീണ്ടും തുടങ്ങുന്നത് കാണാറുണ്ട്.സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥ,ദിവസത്തില്‍ പല പ്രാവശ്യം മദ്യപിക്കേണ്ടി വരിക,മദ്യപിക്കാന്‍ വേണ്ടി കളവു പറയുക,മദ്യപിക്കാന്‍ വേണ്ടി കളവു നടത്തുക,മദ്യപിക്കാന്‍ വേണ്ടി കടം വാങ്ങുക തുടങ്ങിയവയെല്ലാം സാരമായ ലക്ഷണങ്ങളാണ്‌. പുരുഷന്‍‌മാരിലാണ്‌ മദ്യപാനം കൂടുതലായി കാണപ്പെടുന്നത്.എന്നാല്‍ സ്ത്രീകളുടെ മദ്യപാനം കൂടി വരുന്നതായി കാണപ്പെടുന്നു.മദ്യം സ്ത്രീകളേയും പുരുഷന്‍‌മാരേയും ഒരു പോലെ ബാധിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്നതു കൊണ്ടു തന്നെ അതിന്‌ ചികില്‍സയുമുണ്ട്.ഇത് ഒരു അസുഖമാണെന്നുള്ള തോന്നല്‍ പൊതുവെ സമൂഹത്തിലില്ലാത്തതു തന്നെയാണ്‌ ഫലപ്രദമായ ചികില്‍സയ്ക്കുള്ള പ്രധാനതടസം.മദ്യപാനം ഒരു പ്രശ്‌നമല്ലെന്നുള്ള നിലപാട് രോഗിയെടുക്കുകയും അതിനാല്‍ തന്നെ സഹായം തേടാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു.കുറ്റബോധം,സമൂഹം തന്നെ എങ്ങിനെ കാണുന്നുവെന്ന ചിന്ത എന്നിവയും രോഗിയെ ബാധിക്കുന്നു.മദ്യപാനചികില്‍സയുടെ ലക്‌ഷ്യം ഈ ശീലം പൂര്‍ണ്ണമായി മാറ്റുക എന്നതാണ്‌.രോഗിയുടെ കുടുംബപ്രശ്‌നങ്ങളേയും സാമൂഹികപ്രശ്‌നങ്ങളേയും സാമ്പത്തികപ്രശ്‌നങ്ങളെയും കുറിച്ച് വിശകലനം ചെയ്യുന്നത് ഫലപ്രദമായ ചികില്‍സക്ക് അത്യന്താപേക്ഷിതമാണ്‌.ചികില്‍സക്ക് പല ഘട്ടങ്ങളുണ്ട്.മദ്യപാനം നിര്‍ത്തുമ്പോഴുള്ള ശാരീരികവും മാനസികവുമായ വിഷമതകളെ തടഞ്ഞു നിര്‍ത്തുകയാണ്‌ ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികില്‍സയാണ്‌ കൂടുതല്‍ നല്ലത്.മദ്യം കഴിക്കാനുള്ള പ്രേരണ കുറക്കാനും ശാരീരിക വിഷമതകള്‍ കുറക്കാനും ഇത് സഹായിക്കുന്നു. ഡയാസപാം വര്‍ഗത്തില്‍ പെട്ട മരുന്നുകളും വിറ്റമിനുകളുമാണ്‌ ഈ ഘട്ടത്തില്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്.മദ്യപാനം നിര്‍ത്തിയതിനു ശേഷവും തുടര്‍ ചികില്‍സ ആവശ്യമാണ്‌.സാമൂഹികവും മാനവികവും വ്യക്തിപരവുമായ പല ഘടകങ്ങളും മദ്യപാനത്തെ ബാധിക്കുന്നതിനാല്‍ അത്തരത്തിലുള്ള സമീപനവും ആവശ്യമായി വരുന്നു.വീണ്ടും മദ്യപാനം തുടങ്ങുന്നത് ഒഴിവാക്കുക എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം,ഏറ്റവും വിഷമകരമായതും.മദ്യത്തോടുള്ള ആസക്തി കുറക്കാന്‍ അകാമ്പ്രസേറ്റ്,നാല്‍‌ട്രക്സോണ്‍ തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമാണ്‌.മദ്യം കഴിച്ചാല്‍ രൂക്ഷമായ ഛര്‍ദ്ദിയും അസ്വസ്ഥതകളുമുണ്ടാക്കുന്ന ഡൈസള്‍ഫിരാം എന്ന മരുന്ന് ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.മദ്യപിച്ചതിനു ശേഷമുള്ള ഛര്‍ദ്ദി മദ്യത്തോട് വിമുഖത ഉണ്ടാക്കുന്നു.ഡൈസള്‍ഫിറാം ആണ്‌ വ്യാജവൈദ്യന്‍‌മാര്‍ രോഗി അറിയാതെ ഭക്ഷണത്തില്‍ ചേര്‍ത്തു കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. മദ്യത്തില്‍ നിന്നും വിമുക്തി നേടിയവരുടെ കൂട്ടായ്മകള്‍ മദ്യത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹായകരമാണ്‌.മദ്യത്തില്‍ നിന്നും വിമുക്തി നേടിയവരുടെ പ്രസ്ഥാനമാണ്‌ ആല്‍‌ക്കഹോളിക് അനോനിമസ്.പ്രശ്‌നങ്ങളും അനുഭവങ്ങളുമെല്ലാം പങ്കു വെക്കപ്പെടുമ്പോള്‍ വൈകാരിക സുരക്ഷ കൂടുന്നു. മദ്യപിക്കുന്നവരെ കുറ്റവാളികളായും പരിഹാസ്യരായും കാണുന്ന നമ്മുടെ സമൂഹം തന്നെയാണ്‌ ഈ പ്രശ്നത്തിന്റെ പരിഹാരത്തിനുള്ള ഏറ്റവും വലിയ തടസ്സം.നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നവനും നിയന്ത്രണമില്ലാതെ ഭോഗിക്കുന്നവനും നിയന്ത്രണമില്ലാതെ പന്തയത്തിലേര്‍പ്പെടുന്നവനും നിയന്ത്രണമില്ലാതെ പ്രാര്‍ഥിക്കുന്നവനും അപകടത്തില്‍ ചാടുന്നതു പോലെ നിയന്ത്രണമില്ലാതെ മദ്യപിക്കുന്നവനും അപകടത്തില്‍ ചാടുന്നു.സമൂഹത്തിലെ മിക്കവാറും പേര്‍ മദ്യപിക്കുന്ന പടിഞ്ഞാറന്‍ നാടുകളില്‍ മദ്യാസക്തി താരതമ്യേന കുറവാണെന്നും മദ്യം ചെറിയ അളവുകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും കാണാം. സ്വയം നിയന്ത്രണമില്ലായ്മ നമ്മുടെ നാട്ടില്‍ മറ്റു സമൂഹങ്ങളെക്കാള്‍ കൂടുതലാണെന്നു കാണാം.മേലാള കീഴാള വ്യവസ്ഥ നില നിര്‍ത്താന്‍ വേണ്ടി പലതരം വലകള്‍ നെയ്ത് അംഗങ്ങളെ ശ്വാസം മുട്ടിക്കുകയും നൈസര്‍ഗികത നശിപ്പിക്കുകയും കാപട്യങ്ങള്‍ പരത്തുകയും ചെയ്യുന്ന നമ്മുടെ സമൂഹം തന്നെയാണ്‌ ഇതിന്‌ പ്രധാനകാരണം.പ്രതികരിക്കാന്‍ അവസരമില്ലാത്ത ഒരുത്തനെ പരിഹസിച്ച് ആനന്ദം കൊള്ളാന്‍ ബ്ലോഗര്‍മാരെ പ്രേരിപ്പിക്കുന്നതും ഇതേ കാപട്യമാണ്‌.
മദ്യപിച്ച് റോഡില്‍ ബോധമില്ലാതെ കിടന്ന ഒരാളുടെ ചെവിയില്‍ മൂത്രമൊഴിച്ച ഒരു ഡോക്‌ടറെ അറിയാം.അതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമായ ഒന്നല്ല,അബോധാവസ്ഥയില്‍ കിടന്ന മദ്യപരുടെ പടം തന്റെ ബ്ലോഗിലിട്ട ഇസ്ലാമികബ്ലോഗര്‍ ചെയ്തത്,ഒരു പക്ഷെ അതിനെക്കാള്‍ ക്രൂരമായത്.ഇതാണ് മതമെങ്കില്‍ ഞാന്‍ അതിന്റെ ആരാധകനല്ല.നീ വിധിക്കരുതെന്ന് യേശുദേവന്‍ പറഞ്ഞിട്ടുണ്ട്.ഹിന്ദുക്കളുടെ ദൈവവും മുസ്ലീങ്ങളുടെ ദൈവവും ഇതു തന്നെയാണ്‌ പറഞ്ഞിരിക്കുന്നത്.
കടപ്പാട്-harrisons textbook of medicine,lawrence and bennet,krishnadas,imhans

5 comments:

മാണിക്യം said...

വളരെ വിശദമായി മദ്യപാനത്തിന്റെ
ദൂഷ്യവശങ്ങള്‍ വിവരിച്ച നല്ലൊരു ലേഖനം ..

നാട്ടുകാരന്‍ said...

നല്ലൊരു ലേഖനം ..

vrajesh said...

കമന്റുകള്‍ക്ക് നന്ദി.
ഡൈസള്‍ഫിരാമിനെപ്പറ്റി ഒരാള്‍ അന്വേഷിച്ചിരുന്നു.
മദ്യപാനം നിര്‍ത്തണമെന്ന് ആഗ്രഹമില്ലെങ്കില്‍ ഒരു ചികില്‍സയും ഫലപ്രദമല്ല.ഡൈസള്‍ഫിരാമിന് എല്ലാ മരുന്നുകളെയും പോലെ അതിന്റേതായ ദോഷഫലങ്ങളുണ്ട്.
എന്റെ അനുഭവത്തില്‍ ഈ മരുന്ന് ഫലപ്രദമായി കണ്ടിരുന്നു.

thabarak rahman said...

മദ്യപന്റെ സുവിശേഷം വായിച്ചു നന്നായിരിക്കുന്നു.
വീണ്ടും എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

shibu said...

Dear Vrajesh,
That was well said.
Now that modern medicine has a fair understanding about alcoholism as an illness, this understanding has to translate into changes in societal attitudes as well as measures to control the problem. One pathetic sight is that of drunken persons lying on the footpaths. Unless for alcoholism being seen as a moral problem, these people would have received the sympathy and medical attention that they deserved. (There has been even instances of people who fell unconscious because of other illnesses and neglected and died because everyone thought that the person was just drunken). I think there is the need for a system whereby persons lying unresponsive on the footpaths are taken to hospital and given treatment.

Shibu.