Saturday, January 17, 2009

തസ്‌കരന്‍






















കള്ളന് സത്യം പറയാം.സമൂഹത്തിന്റെ കാപട്യത്തിനെ അവന് ഭയക്കേണ്ടതില്ല.മാന്യതയുടെ ഒരു മുഖംമൂടി ധരിക്കേണ്ട ആവശ്യം കള്ളനില്ല.ഒരര്‍‌ഥത്തില്‍ കള്ളന്‍ സ്വതന്ത്രനാണ്‌.

കപടന്‍‌മാര്‍ വാഴുന്ന സാഹിത്യലോകത്തേക്ക് ഒരു കള്ളന്‍ പ്രവേശിക്കുന്നു,ഒരു ആത്മകഥയിലൂടെ.മറ്റുള്ളവരെക്കൊണ്ട് എഴുതിച്ചും പുകഴ്‌ത്തിച്ചും ചിലര്‍ അവാര്‍‌ഡുകള്‍ വാരിക്കൂട്ടുന്നതു നാം കണ്ടു.കള്ളനു കഞ്ഞി വെക്കുന്നവര്‍ വലിയ നിലകളില്‍ വിലസുന്നതും നാം കണ്ടു.

സമൂഹത്തിന്റെ പരിഛേദവുമായി നമ്മുടെ മുന്നിലെത്തുന്ന തസ്‌കരനെ നാം കണ്ടില്ലെന്നു നടിക്കുന്നു.കേരളത്തിലെ കുപ്രസിദ്ധമോഷ്ടാവായിരുന്ന മണിയന്‍‌പിള്ളയുടെ സംഭവബഹുലവും സാഹസികവുമായ ജീവിതകഥയാണ്‌ 'തസ്കരന്‍'."ഈ പുസ്തകം‌‌..ഇതെന്റെ ജീവിതം വലിച്ചു കീറി ഉപ്പിട്ടു ഉണക്കി നിരത്തിയ കഥയാണ്‌"-മണിയന്‍‌പിള്ള ഇങ്ങനെ തുടങ്ങുന്നു.പ്രസിദ്ധപത്രപ്രവര്‍‌ത്തകനായ ജി.ആര്‍ ഇന്ദുഗോപനാണ്‌ ഈ പുസ്തകം തയ്യാറാക്കിയത് എന്നുള്ളതുകൊണ്ട് ഇത് മണിയന്‍‌പിള്ളയുടേതല്ലാതാകുന്നില്ല.കാര്യങ്ങള്‍ യഥാതഥമായിത്തന്നെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത് എന്ന ഇന്ദുഗോപന്റെ അവകാശവാദം അവിശ്വസിക്കേണ്ട ഒരവസരവും പുസ്തകം നമുക്ക് തരുന്നുമില്ല.

മനുഷ്യനെ തരം തിരിച്ചു കാണുകയല്ല വേണ്ടത്,മറിച്ച് മനുഷ്യത്വത്തോടെ അവന്റെ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കാണുകയാണ്‌ വേണ്ടത് എന്ന ദര്‍‌ശനമാണ്‌ ഈ പുസ്തകത്തിന്റെ ആധാരശില.ഈ ദര്‍‌ശനം ഉള്‍‌ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് ഈ പുസ്തകം അസഹ്യമായിരിക്കും.
കൊല്ലം ജില്ലയിലെ ഇരവിപുരം വാളത്തുംഗലില്‍ ജനിച്ച മണിയന്‍പിള്ളയുടെ ജീവിതകഥയാണ്‌ ഈ പുസ്തകം.ഇതെല്ലാം വായിച്ച് ആവേശം കൊള്ളരുതെന്ന് മണിയന്‍പിള്ള ആദ്യമേ തന്നെ മുന്നറിയിപ്പ് നല്‍‌കുന്നു.-കണ്ടവന്റേത് കക്കുന്നത് വായിക്കാന്‍ സുഖമുണ്ട്.പോയത് നമ്മുടേതാകുമ്പോള്‍ കള്ളന്‍ കാപാലികനാകുന്നു.തന്റെ ജീവിതം മുഴുവന്‍ ഭയത്തിലും അരക്ഷിതബോധത്തിലും അധിഷ്ടിതമായിരുന്നെന്ന് മണിയന്‍ പിള്ള.
ആത്മകഥയുടെ തുടക്കം സ്വാഭാവികമായും കുട്ടിക്കാലത്തുതന്നെ.പക്ഷെ കള്ളന്റെ തുടക്കം കഥയുടെ തുടക്കമല്ല.ഏതു കള്ളനേയും സൃഷ്ടിക്കുന്നത് സമൂഹമാണ്‌.തന്റെ ദുരിതപൂര്‍‌ണ്ണമായ ബാല്യകാലജീവിതം മണിയന്‍‌പിള്ള വരച്ചു കാണിക്കുന്നു.വിശപ്പ് എന്ന സത്യം ഒരു കള്ളന്‌ ജന്മം കൊടുക്കുന്നു.ഒരിക്കല്‍ കള്ളനായാല്‍ എന്നും കള്ളന്‍ തന്നെ.സമൂഹം അവനെ നന്നാകാന്‍ സമ്മതിക്കില്ല.അവന്‍ എന്നും കള്ളന്‍ തന്നെ.
കൂട്ടുകാരുമൊത്ത് അമ്പലത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയതിനാണ്‌ മണിയന്‍‌പിള്ള ആദ്യമായി അകത്താകുന്നത്.മുപ്പത് പൈസയായിരുന്നു തൊണ്ടി.അപമാനഭാരത്താല്‍ തലയുയര്‍‌ത്തി നടക്കാനാകാത്ത സ്ഥിതിയായി മടങ്ങിയെത്തിയപ്പോള്‍.കുറച്ചു നാളുകള്‍ക്കു ശേഷം ഒരു മോഷണക്കുറ്റമാരോപിച്ച് വീണ്ടും പോലീസ് പിടിക്കുന്നു.ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വന്ന മണിയന്‍‌പിള്ള വീണ്ടും ജയിലിലെത്തുന്നു.സംഭവബഹുലമായ തസ്കരജീവിതത്തിന്റെ തുടക്കം ഇവിടെയാണ്‌.ഒരു പാട് സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും മണിയന്‍‌പിള്ള നമ്മെ നയിക്കുന്നു.സമൂഹത്തില്‍ പല സ്ഥാനങ്ങളിലിരിക്കുന്നവരും ഇതില്‍ തുറന്നു കാണിക്കപ്പെടുന്നു.
മോഷണത്തിന്റെ ശാസ്ത്രവും പ്രയോഗവും ഇതില്‍ വിശകലനം ചെയ്യുന്നു.മനുഷ്യനുണ്ടാക്കിയ വീടാണെങ്കില്‍ അതിനൊരു ദുര്‍ബലവശവുമുണ്ടെന്ന് ലേഖകന്‍.പ്രണയവും ജീവിതവും ലഹരിയുമെല്ലാം നിറഞ്ഞ ഒരു ജീവിതമാണ്‌ നാം കാണുന്നത്.അതില്‍ നന്മയും തിന്മയുമെല്ലാമുണ്ട്.
പരോളിലിറങ്ങി മുങ്ങി കര്‍‌ണാടകയിലെത്തി,കഠിനാധ്വാനത്തിലൂടെ കോടീശ്വരനായി,വീണ്ടും എല്ലാം നഷ്ടപ്പെട്ട ഒരു കഥയുമുണ്ട്.എം.എല്‍.എ സ്ഥാനം കയ്യെത്തും ദൂരത്തില്‍ നഷ്ടപ്പെടുകയായിരുന്നു,മന്ത്രിയാകുമെന്നും കേട്ടിരുന്നു.മോഷ്‌ടിക്കാനിറങ്ങിയ വീട്ടില്‍ നഗ്നയായി കിടന്നു പുസ്തകം വായിക്കുകയായിരുന്ന പെണ്‍‌കുട്ടിയെ ബലാല്‍‌സംഗം ചെയ്‌ത കഥയൊക്കെ ഒരു മിഥ്യാഭ്രമം മാത്രമല്ലേ എന്നു സംശയം.

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

കള്ളനും കഞ്ഞി വെച്ചവനും ആശംസകള്‍.... :D

Anonymous said...

this is really a nice book
heard going to make movie

http://bloggersworld.forumotion.in