'' പ്രഷറിനും ഷുഗറിനും ഞാൻ ഇവിടെ വന്ന് മരുന്ന് വാങ്ങും . വയറു വേദനക്ക് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് . ദിവസവും വൈകുന്നേരം ഒരു ഗോരോശനാധി (ഗോരോചനാദി) ഗുളിക കഴിക്കും ..'' കുറച്ചു കൊല്ലങ്ങൾക്ക് മുമ്പ് പി എച് സി യിൽ ഒരു സ്ത്രീ എന്നോട് പറഞ്ഞതാണ് . ഒരു എഴുപത് വയസുള്ള ആളാണ് . അവർ അതിനെപ്പറ്റി എന്നോട് അഭിപ്രായമൊന്നും ചോദിച്ചില്ല. ഞാൻ അവർക്ക് ഷുഗറിനും പ്രഷറിനും മരുന്നെഴുതി വിട്ടു .
രണ്ട് മരുന്നുകൾ ഒരുമിച്ച് കൊടുക്കുമ്പോഴുള്ള ഒരു പ്രശ്നം ഒന്ന് മറ്റേതിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കും എന്നതാണ് .
മോഡേൺ മെഡിസിനും ആയുർവേദവും ഹോമിയോപ്പതിയും ഒക്കെ ഒരേ സമയം ഉപയോഗിക്കുന്ന ആളുകൾ ധാരാളമുണ്ട് . ചിലർ ഡോക്ടറോട് അഭിപ്രായവും ചോദിക്കും . . ഒരു പിടിയുമില്ലാത്ത മരുന്നുകളെപ്പറ്റി എന്ത് അഭിപ്രായം പറയാനാണ് ?
എങ്കിലും ഞാൻ എല്ലാ പ്രിസ്‌ക്രിപ്‌ഷനുകളും വായിച്ചു നോക്കാറുണ്ട് . ആയുർവേദമായാലും ഹോമിയോപ്പതി ആയാലും സിദ്ധവൈദ്യമായാലും വായിച്ചു നോക്കും .
ഞാൻ കോഴിക്കോട് ജില്ലയിലെയും വയനാട് ജില്ലയിലെയും എല്ലാ പി എച് സി കളിലും സൈക്യാട്രി ക്യാംപുകൾക്ക് പല തവണ പോയിട്ടുണ്ട് . അപ്പോഴും ഒരു പാട് പ്രിസ്‌ക്രിപ്‌ഷനുകൾ വായിച്ചിട്ടുണ്ട് .
ഹോമിയോപ്പതി മരുന്നുകൾ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന ധാരണയോടെയാണ് നോക്കാറുള്ളത് . പക്ഷെ , ഒരു പാട് പ്രിസ്‌ക്രിപ്‌ഷനുകൾ കണ്ടപ്പോൾ ഒരു പാറ്റേൺ ശ്രദ്ധയിൽ പെട്ടു .
മൂന്നു നാല് മരുന്നുകൾ ഉണ്ടാകും . അക്കൂട്ടത്തിൽ ഒരു മരുന്ന് മിക്കവാറും മദർ ടിഞ്ചർ ആയിരിക്കും. അതായത് മാതൃ ദ്രവം . നേർപ്പിക്കാത്ത മരുന്ന് .
അല്ലെങ്കിൽ താഴ്ന്ന പൊട്ടൻസികൾ . അതായത് നേർപ്പിക്കൽ വളരെ കുറഞ്ഞത് .
ഹോമിയോ ലിറ്ററേച്ചർ അനുസരിച്ച് താണ പൊട്ടന്സി എന്നാൽ നേർപ്പിക്കൽ കുറഞ്ഞ പൊട്ടന്സികള് ആണ് . അതായത് പത്തിലൊന്നായി നേർപ്പിച്ചത് . അല്ലെങ്കിൽ ആയിരത്തിൽ ഒന്നായി നേർപ്പിച്ചത് .
നേർപ്പിക്കൽ കുറഞ്ഞ മരുന്നുകൾ ഹോമിയോ സിദ്ധാന്തങ്ങൾ അനുസരിച്ച് ശക്തി കുറഞ്ഞതാണ് .
പക്ഷെ, ശരിക്കും അങ്ങനെയല്ല എന്ന് നമുക്ക് ഇന്നറിയാം . ഉദാഹരണത്തിന് നക്‌സ് വോമിക്ക , അതായത് , കാഞ്ഞിരത്തിന്റെ , മാതൃ ദ്രവത്തിന്റെ ഒരു ഔൺസ് കൊണ്ട് ഒരു നായയെ കൊല്ലാം .
സർപ്പഗന്ധിയുടെ മാതൃ ദ്രവം രക്തസമ്മർദ്ധം കുറക്കുമെങ്കിലും ആളുകൾക്ക് ഉറക്കപ്രശ്നങ്ങളും വിഷാദവും ഉണ്ടാക്കും.
ഹോമിയോ ആചാര്യൻ തന്നെ വിലക്കിയിട്ടുള്ള കാര്യമാണ് മദർ ടിഞ്ചറിന്റെ ഉപയോഗം . അത് പോലെ ഒന്നിലധികം മരുന്നുകളുടെ ഒരുമിച്ചുള്ള ഉപയോഗവും ഹോമിയോ സിദ്ധാന്തങ്ങൾക്ക് എതിരാണ് . ഒരാൾക്ക് ഒരു മരുന്ന് മാത്രം , അതും ഉയർന്ന പൊട്ടന്സിയില് ഉള്ളത് , അതായത് വളരെ നേർപ്പിച്ചത് എന്നാണ് ഹോമിയോ തിയറി .
പക്ഷെ, പ്രാക്ടീസ് ചെയ്യപ്പെടുന്നത് ഇതാണ് . മാതൃ ദ്രവങ്ങളും താഴ്ന്ന പൊട്ടന്സികളും .
പ്ലസ് ടു വരെ സയൻസ് പഠിച്ചതിനു ശേഷം ഹോമിയോപ്പതി പഠിച്ചതിന്റെ ഒരു എഫക്ട് ആണെന്ന് തോന്നുന്നു ഇത് .
ഹോമിയോ മരുന്നുകൾ ഒരു പാർശ്വഫലവും ഉണ്ടാക്കില്ല എന്ന് ഒരു 'അലോപ്പതി' ഡോക്ടർ എഴുതിയത് കണ്ടു . ഇക്കാര്യം അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു .
See less
No comments:
Post a Comment